Image

ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

ജിജി റ്റോം, ഫൊക്കാന പി. ആർ. ഓ Published on 25 October, 2026
ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

ന്യൂയോർക്ക്:  ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പതിനഞ്ചു സബ് കമ്മിറ്റികളിൽ ഒന്നായ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം നിലവിൽ വന്നതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.

പെൻസിൽവാനിയായിൽ നിന്നുള്ള മിലി ഫിലിപ്പ് ആണ് കമ്മിറ്റിയുടെ ചെയർപേഴ്സൺ. നാഷണൽ കമ്മിറ്റിയിൽ നിന്നുള്ള സുഷ്മ പ്രവീൺ, ആന്റണി മാത്യു എന്നിവർ അംഗങ്ങളായും, എക്സിക്യൂട്ടീവ് നിന്നുള്ള അജു ഉമ്മൻ അഡ്വൈസറായും പ്രവർത്തിക്കും

ഒന്നാം വർഷം പ്രാദേശിക യുവജനോത്സവങ്ങളുടെ ഘടനയ്ക്ക് രൂപം നൽകുക, ദേശീയ കൺവെൻഷൻ മത്സരം ആരംഭിക്കുക, ഹ്രസ്വചലച്ചിത്ര മത്സരം, സാംസ്കാരിക പൈതൃക ശിൽപ്പശാലകൾ എന്നിവയ്ക്ക് തുടക്കം കുറിക്കുക എന്നീ ലക്ഷ്യങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. 2027 മെയ് മാസത്തിന്റെ അവസാനത്തിലും ജൂൺ മാസത്തിലുമായി എല്ലാ മേഖലകളിലും യുവജനോത്സവങ്ങൾ സംഘടിപ്പിക്കുന്നതാണ്. എല്ലാ മേഖലകളിലെയും RVPമാർ നിശ്ചിത സമയത്തിനുള്ളിൽ യുവജനോത്സവങ്ങൾ സംഘടിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിലെ യുവജനോത്സവത്തിന്റെ മാതൃകയിൽ അമേരിക്കയിൽ ഒരു യുവജനോത്സവം സംഘടിപ്പിക്കുന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. കാരണം, ഇത്തരം ഒരു ഉത്സവം കേവലം മത്സരങ്ങൾക്കു മാത്രമുള്ള വേദിയല്ല. യുവപ്രതിഭകളെ കണ്ടെത്താനും അവരുടെ ആത്മവിശ്വാസം വളർത്താനും സൗഹൃദങ്ങൾ സൃഷ്ടിക്കാനും സർഗാത്മകതയെ പ്രോത്സാഹിപ്പിക്കാനും നമ്മുടെ യുവതലമുറയ്ക്ക് സ്വന്തം പൈതൃകം അടുത്തറിയാനും അതിനെ ആഘോഷിക്കാനും അവസരം നൽകുന്ന വേദിയാണിത്.

കഴിഞ്ഞകാലത്ത് നമ്മുടെ സംസ്കാരം എങ്ങനെയായിരുന്നോ അതേപടി സംരക്ഷിക്കുക എന്നതിൽ മാത്രം നമ്മുടെ ലക്ഷ്യം ഒതുങ്ങരുത്. നമ്മുടെ യുവതലമുറയ്ക്ക് ആ സംസ്കാരം പഠിക്കാനും ഉൾക്കൊള്ളാനും സ്വന്തം സർഗാത്മകതയിലൂടെ പുതുമയോടെ മുന്നോട്ടുകൊണ്ടുപോകാനും അവസരമൊരുക്കണം എന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി എന്നിവർ പറഞ്ഞു. ഇതിലൂടെ നമുക്ക് നമ്മുടെ പൈതൃകം സംരക്ഷിക്കാം, യുവതലമുറയെ ശാക്തീകരിക്കാം, കേരളത്തിന്റെ കലാ-സാംസ്കാരിക സമ്പന്നത അടുത്ത തലമുറയിലേക്ക് പകർന്നുനൽകാം.

ഇതിനോടൊപ്പം വളരെ സന്തോഷകരമായ ഒരു പ്രത്യേക വാർത്ത കൂടി അറിയിക്കുകയാണ്. ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറത്തിന്റെ അംബാസഡറായി പ്രവർത്തിക്കാൻ ബഹുമാനപ്പെട്ട സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് സമ്മതം അറിയിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ സിബി മലയിലും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും ഈ കമ്മിറ്റിയുടെ ഉപദേശകരായി പ്രവർത്തിക്കുന്നതാണ്.

ദേശീയതലത്തിൽ കലാപ്രതിഭ, കലാതിലകം എന്നീ പുരസ്കാരങ്ങൾ ഏർപ്പെടുത്തുകയും വിജയികളായ പ്രതിഭകളെ മലയാള ചലച്ചിത്രമേഖലയിലെ പ്രമുഖ സംവിധായകർക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നതാണ് ലക്ഷ്യങ്ങളിലൊന്ന്.

കേരളത്തിന്റെ തനതായ കലാരൂപങ്ങളെയും സാംസ്കാരിക പൈതൃകത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും അവയ്ക്ക് അർഹമായ പ്രാധാന്യം നൽകുന്നതിനും ഫൊക്കാന പ്രത്യേക ശ്രദ്ധ ചെലുത്തും.

മാത്രമല്ല, മത്സരങ്ങളിൽ വിജയിക്കുന്ന എൻട്രികളിലെ അഭിനേതാക്കൾക്കും സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കും മലയാള സിനിമയുടെ ഭാഗമാകാനുള്ള ആവേശകരമായ അവസരം ലഭിച്ചേക്കാം. യുവപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ മലയാള സിനിമാലോകത്തെ പ്രമുഖർക്കു മുന്നിൽ അവതരിപ്പിക്കാനും സിനിമാരംഗത്ത് പുതിയ അവസരങ്ങൾ കണ്ടെത്താനും ഇതിലൂടെ സാധിക്കും

ചെയർപേഴ്സൺ ആയി പ്രവർത്തിക്കുന്ന മില്ലി ഫിലിപ്പ് പെൻസിൽവാനിയയിലെ സ്പെഷ്യൽ എജ്യുക്കേഷൻ വിഭാഗത്തിൽ ലേണിംഗ് സപ്പോർട്ട് ടീച്ചറായി സേവനമനുഷ്ഠിക്കുന്നു.

ഫൊക്കാനയുടെ മുൻ അസോസിയേറ്റ് ട്രഷററായിരുന്ന മില്ലി, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിക്കുന്നു. കൂടാതെ, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (MAP) വനിതാ ഫോറം ചെയർപേഴ്സൺ, WMC പെൻസിൽവാനിയ പ്രോവിൻസിന്റെ വനിതാ ഫോറം ചെയർപേഴ്സൺ തുടങ്ങി വിവിധ ഉത്തരവാദിത്വങ്ങളും വഹിച്ചിട്ടുണ്ട്.
നീതിക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജീവിതത്തിൽ എന്നും വലിയ പ്രാധാന്യം നൽകിയിട്ടുള്ള വ്യക്തിയാണ് മില്ലി.

ചെറുപ്പം മുതൽ പ്രസംഗരംഗത്തും കോളേജ് രാഷ്ട്രീയത്തിലും സജീവമായിരുന്ന മില്ലി നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും വിവിധ നേതൃത്വസ്ഥാനങ്ങൾ വഹിക്കുകയും ചെയ്തിട്ടുണ്ട്. 1995-ൽ എം.ജി. യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചു.
ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, ദൂരദർശൻ, ഗ്ലോബൽ റിപ്പോർട്ടർ തുടങ്ങിയ മാധ്യമങ്ങളിൽ അവതാരകയായും ന്യൂസ് റിപ്പോർട്ടറായും പ്രവർത്തിച്ചുകൊണ്ട് മില്ലി മാധ്യമരംഗത്തും ശ്രദ്ധേയമായ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അധ്യാപനം, സാമൂഹിക സേവനം, സംഘടനാ പ്രവർത്തനം, മാധ്യമരംഗം എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ മില്ലിക്ക് കഴിഞ്ഞിട്ടുണ്ട്.

ആർട്സ് ആൻഡ് കൾച്ചറൽ ഫോറം കമ്മിറ്റിയുടെ പ്രവർത്തനനങ്ങൾക്കു ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി ജെ. കാരക്കാട്ട്, അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കൻ, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി അജു ഉമ്മൻ, അസോസിയേറ്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ അസോസിയേറ്റ് ട്രഷറർ ഗ്രേസ് മരിയ ജോസഫ്, വുമൺസ് ഫോറം ചെയർ പേഴ്സൺ ഷൈനി രാജു എന്നിവർ ആശംസകളും പിന്തുണയും അറിയിച്ചു.

ഫൊക്കാനയുടെ ഈ പ്രവർത്തനത്തിലൂടെനമ്മുടെ പൈതൃകം സംരക്ഷിക്കാം, യുവപ്രതിഭകളെ വളർത്തിയെടുക്കാം, കേരളത്തിന്റെ കലയും സംസ്കാരവും ലോകമെമ്പാടും ഉയർത്തിപ്പിടിക്കാം!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക