
നീ സൃഷ്ടിച്ചതല്ലല്ലോ
നിശ്ശബ്ദ സംഗീതം
ഈ നിമിഷത്തിന്റെ
അതിരില്ലാത്തുരുത്തിൽ
നിശ്ശബ്ദതയുടെ
സൃഷ്ടിയല്ലേ നീ
നിശ്ശബ്ദതയുടെ
ഒരറ്റത്ത്
ഒഴിവും
മറ്റേ അറ്റത്ത്
നിറപൊലിമയും
ഒഴിവിനെയും
ഒഴിവാക്കിയാൽ
നീക്കാം
അപൂർണ്ണതയുടെ
ഒഴിയാബാധകളൊക്കെ
ആകസ്മികതയുടെയും
അനിശ്ചിതത്വത്തിന്റെയും
ജീവിതപ്പാതയിൽ
നീയെന്ന മാധ്യമത്തിലൂടെ
നിശ്ശബ്ദത കണ്ടു മുട്ടുക
നിശ്ശബ്ദതയെത്തന്നെയാകില്ലേ
നിന്റെ ശബ്ദങ്ങൾ
നിന്നെ മറച്ചു പിടിക്കുന്നു
നിശ്ശബ്ദതയാകട്ടെ നിന്റെ
മാസ്മരികതയെ അനാവൃതമാക്കുന്നു
നിന്റെ മരണത്തിന്റെ നിശ്ശബ്ദത
ഒരു സ്ഥിരനിദ്രയിലേക്കുള്ള
പിൻവാങ്ങലാണൊ
അതൊ അപരിചിതമായ
രണ്ട് നിശ്ശബ്ദതകൾക്കിടയിലെ
ഒരു നിലവിളിയൊ
നിശ്ശബ്ദതയ്ക്ക്
ഒരു ഉടമ ഉണ്ടാകാതിരിക്കട്ടെ
നിന്റെ നിർവൃതിയുടെ രസതന്ത്രത്തിന്
ഒരിക്കലും ഒരു അടിമ ഉണ്ടാകാതിരിക്കട്ടെ.