Image

ജോർദാനിൽ പള്ളി ആക്രമിച്ചതിനെ ഇന്ത്യ അപലപിച്ചു; ഏഴു മരണം

Published on 24 October, 2026
ജോർദാനിൽ പള്ളി ആക്രമിച്ചതിനെ ഇന്ത്യ അപലപിച്ചു; ഏഴു മരണം

 ജോർദാനിലെ കാരക്കിൽ ചർച്ചിലുണ്ടായ  വെടിവയ്പ്പിൽ ഏഴു പേർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധത ആവർത്തിച്ച ഇന്ത്യ, ജോർദാൻ സർക്കാരിനും ജനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച ഒരു ശവസംസ്കാര ചടങ്ങിനിടെയാണ് തെക്കൻ ജോർദാനിലെ കാരക്കിൽ ആക്രമണമുണ്ടായത്. അജ്ഞാതരായ അക്രമികളാണ് സംഭവത്തിനു പിന്നിലെന്നും അന്വേഷണം ഊർജിതമായി തുടരുകയാണെന്നും ജോർദാൻ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. എല്ലാത്തരം ഭീകരവാദങ്ങളെയും അവയുടെ എല്ലാ രൂപങ്ങളെയും ചെറുക്കുന്നതിലുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും മന്ത്രാലയം ആവർത്തിച്ചു.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി. ജോർദാൻ സർക്കാരിനും ജനങ്ങൾക്കും ഈ ദുഷ്‌കരമായ ഘട്ടത്തിൽ ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ആക്രമണത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി ജാഫർ ഹസന്റെ അധ്യക്ഷതയിൽ കാരക്കിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും സർക്കാർ വക്താവ് മുഹമ്മദ് അൽ മൊമാനി അറിയിച്ചു.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആക്രമണത്തെ ശക്തമായി അപലപിച്ചു. സാധാരണക്കാർക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ആരാധനാലയങ്ങൾ എല്ലാവർക്കും സുരക്ഷിതമായ സമാധാനകേന്ദ്രങ്ങളായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ചു. മനുഷ്യ മൂല്യങ്ങളെ ലംഘിക്കുന്ന ഇത്തരം ക്രൂരമായ പ്രവൃത്തികളെ ഈജിപ്ത് പൂർണമായി അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക