
ദേശങ്ങൾ ഏത് മാകട്ടെ സ്ത്രീകളുടെ സങ്കടങ്ങളും ,സ്വപ്നങ്ങളും ,വിചാരങ്ങളും സമാനങ്ങളാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ചില വായനകളുണ്ട്. അത്തരത്തിലൊന്നാണ് രതീദേവി എഴുതിയ "മഗ്ദലീനയുടെ (എന്റേയും )പെൺ സുവിശേഷം. "ഭൂത കാലത്തിലൂടെയുള്ള ഒരു യാത്രയിൽ മഗ്ദലീന എന്ന സ്ത്രീയുടെ മനോവിചാരങ്ങളിലൂടെ വെളിപ്പെടുന്ന നോവലിൽ മഗ്ദലീനയുടെ പ്രണയവും ,ആത്മീയതയും ,ഒറ്റപ്പെടലുമുണ്ട്. മനോഹരമായ ഭാഷയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട ഒരു കൃതിയാണിത്. ഒരു സമൂഹത്തിന്റെ മോചനത്തിനായി ജീസ്സ് നടത്തുന്ന ചരിത്രപരമായ യാത്രകളും അവനോടൊപ്പം നടന്ന് ചരിത്രം തീർത്ത മഗ്ദലീനയുടെ കഥയും എഴുത്ത്കാരി വരച്ചിടുന്നത് അനന്യമായ ഭാഷയിലൂടെയാണ്. മഗ്ദലീനയുടേയും ,ജീസസ്സിന്റേയും ബാല്യകാലവും,മാനസിക വ്യഥകളും വർത്തമാനകാലത്തിലേക്ക് ഇറക്കിവയ്ക്കുമ്പോഴും കൃത്യമായി യോജിക്കുന്നുണ്ടെന്നുള്ള വലിയൊരത്ഭുതം ഈ നോവൽ നമുക്ക് നൽകുന്നുണ്ട്. അധികാരവും അതിർത്തിയും നിർണ്ണയിക്കുവാൻ ഇരയാക്കപ്പെടുന്ന ജീവിതങ്ങൾ അന്നുമിന്നും ഒന്നു തന്നെയാണെന്ന് നമുക്കീവായനയിലൂടെ വെളിപ്പെടുന്നുണ്ട്. നസ്രേത്ത് മുതൽ ടിബറ്റ് വരെയുള്ള ദീർഘയാത്രയിൽ അദ്ദേഹം ബുദ്ധദർശനങ്ങളിൽ ആകൃഷ്ടനാകുന്നതും ,ദലൈലാമയുടെ പിൻഗാമിയായി ജീവിക്കുകയും പിന്നീട് തന്റെ ജനതയുടെ മോചനത്തിനായി ജന്മനാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു. മാനസിക പീഢകളാൽ സ്വയംമുറിവേല്പ്പിക്കുന്ന ജീസസിനെ ആശ്വസിപ്പിക്കുവാൻ മഗ്ദലീന നടത്തുന്ന ശ്രമങ്ങൾ ചരിത്രത്തെ പുനർനിർമ്മിക്കുകയല്ല മറിച്ച് പുതിയൊരു കഥാപ്രപഞ്ചം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. സ്ത്രീയുടെ മാനസിക വ്യാപാരങ്ങളെ അതീവ സൂക്ഷ്മതയോടെ വിവരിക്കുമ്പോൾ എഴുത്ത്കാരി തന്നെ കഥാപാത്രമായി മാറുന്ന അനുഭവം.
മഗ്ദലീനയുടെ ആത്മീയവും ഭൗതികവുമായ മാനസിക വ്യാപാരങ്ങളെ അവരുടെ നേർക്ക് പിടിച്ച ഒരു കണ്ണാടി പോൽ പ്രതിഫലിപ്പിക്കുന്നുണ്ട്. ചരിത്രത്തിനൊപ്പം നടന്ന് ജീസസ്സിന്റേയും മഗ്ദലീനയുടേയും ജീവിതം വിവരിക്കുമ്പോൾ വർത്തമാനകാലത്തിന്റെ വിനാശകരമായ ഇടപെടലുകൾ എത്രയോ കാലം മുമ്പേ മദ്ധ്യപൂർവേഷ്യയിൽ സംഭവിച്ചിരുന്നുവെന്ന് നാം ആശ്ചര്യത്തോടെ ഓർത്ത് പോകുന്നു. അധികാരം ഭൂമിയോടും പെണ്ണിനോടും പ്രവർത്തിച്ചിട്ടുള്ള എല്ലാ നീച കർമ്മങ്ങളേയും ഈ നോവൽ വെളിപ്പെടുത്തുന്നുണ്ട്. മഗ്ദലീന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവായി മാറുന്ന കാഴ്ചയും ഇതിലൂടെ നാം വായിച്ചെടുക്കുന്നു. സ്വയം തിരഞ്ഞെടുത്ത വഴികളിലൂടെ മാത്രമേ മഗ്ദലീന സഞ്ചരിക്കുന്നുള്ളു. ജീസസ്സിന്റെ അവഗണന പാകപ്പെടുത്തിയ മനസ്സുമായി ഹെരോദിനെ സ്വീകരിയ്ക്കുന്നു. സുഖസൗകര്യങ്ങൾ സ്വയം വെടിഞ്ഞ് നഗരവധുവാകാൻ തീരുമാനിക്കുന്നു. അപ്പോഴും അവർ അതിതീവ്രമായ ആത്മാന്വേഷണത്തിലായിരുന്നു. സുഖമെന്നത് കേവലം ശാരീരികമായ വേഴ്ചകളല്ലെന്നും അത് ആത്മീയമായ നിറവാണെന്നും തിരിച്ചറിയുമേപോൾ മഗ്ദലീന ജീസസ്സിനൊപ്പം സത്യം തേടി യാത്രയാകുന്നു. ജീസസ്സിന്റെ ജീവിതം അനാവൃതമാകുന്നത് മഗ്ദലീനയുടെ കണ്ണുകളിലൂടെയാണ്. അഭയം തേടിയുള്ള ഒരു തീർത്ഥയാത്രയായിരുന്നു ആ ജീവിതം. കാലത്തിന് മുമ്പേ സഞ്ചരിച്ച മനസ്സുമായി കാലത്തോട് പൊരുത്തപ്പെട്ട് പോകാനാകാതെ നിസ്സഹായതയിലും ,ഭയത്തിലും ജീവിതാന്വേഷണങ്ങൾക്കായി നീക്കി വച്ച ജീവിതം. ആത്മസംഘർങ്ങളുടെ തീക്കടൽ ചുറ്റിലും തിളയ്ക്കുമ്പോഴും അക്ഷോഭ്യനാകുവാൻ ശ്രമിച്ചു. മഗ്ദലീനയോടും ,യൂദാസ്സിനോടും മനസ്സ്തുറന്ന് സംവദിച്ചു. ഒറ്റുകാരനായി ചര്ത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വീണുപോയ യൂദായെ അതിന്പിന്നിലെ കാരണങ്ങൾ കണ്ടെത്തി ന്യായീകരിച്ചു.
മാനസിക സംഘർഷങ്ങളുടെ ഭൂമികയാണീ നോവൽ. ദൈവപുത്രനെന്ന് വാഴ്ത്തപ്പെടുമ്പോഴും മരണം അടുത്തെത്തിയെന്നറിയുമ്പോൾ ജീസസ്സ് അനുഭവിക്കുന്ന വേദനകൾ ഏതൊരു സാധാരണക്കാരനേയും പോലെയാണ്. ആ സങ്കടങ്ങളിലേക്ക് ഒട്ടനവധി ഹൃദയങ്ങൾ ഒന്നു ചേരുകയാണ്. അമ്മയായി ,സഹോദരിയായി ,കാമുകിയായി ,ഭാര്യയായി നൊടിയിചകൊണ്ട് ഭാവമാറ്റം നടത്തുന്ന സ്ത്രീയെന്ന പ്രതിഭാസത്തെ മഗ്ദലീനയിലൂടെ അടയാളപ്പെടുത്തുന്നുണ്ട് എഴുത്ത്കാരി. അവൻ പ്രവർത്തിച്ച എല്ലാ അത്ഭുത പ്രവർത്തികൾക്ക് പിന്നിലും യുക്തമായ കാരണങ്ങളുണ്ടായിരുന്നു. അവന്റെ കലാപ ശ്രമങ്ങൾക്ക് താളം തെറ്റിയ അടിസ്ഥാന ജീവിതങ്ങൾ നേരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. കടലിന് മീതേ സഞ്ചരിച്ചവൻ എന്നവനെ വാഴ്ത്തുമ്പോൾ ജീസസ്സ് സഞ്ചരിച്ചത് മനുഷ്യകുലത്തിന്റെ ആകെ വ്യഥകൾക്ക് മുകളിലൂടെയായിരുന്നു. അത് തിരിച്ചറിയുന്നവരാണ് മഗ്ദലീനയും ,യൂദായും. ചരിത്രവും ,വർത്തമാനവും കൂട്ടിക്കലർത്തി ഭാഷയുടെ അതീത വിസ്മയങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഈ കൃതി ഓരോ വായനയിലും പുത്തൻ അനുഭവമാകുന്നു. എന്റെ തൊട്ടയൽക്കാരിയാണ് രതീദേവിയെന്ന് ഞാനഭിമാനത്തോടെ ഓർത്തെടുക്കുന്നു. 2014ലെ ബുക്കർ പ്രൈസിനായി പരിഗണിക്കപ്പെട്ട ഈ കൃതി വേണ്ടത്രപരിഗണനയോടെ വായിക്കപ്പെട്ടിട്ടുണ്ടോ എന്ന സംശയം ബാക്കിയാണ്. അഞ്ജാതമായ ദേശങ്ങളിലെ ജീവിതങ്ങൾ ,അവരുടെ അതിജീവനങ്ങൾ ,പോരാട്ടങ്ങൾ ,സ്നേഹം ,വെറുപ്പ് ,ആസക്തികൾ എല്ലാംവെളിപ്പെടുത്തുന്നുണ്ടീ നോവൽ. ജീസസ്സിന്റേയും ,മഗ്ദലീനയുടെയും ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ പൊളിച്ചെഴുതുന്നുണ്ട് മഗ്ദലീനയുടെ സുവിശേഷം. കാലങ്ങളായി നമ്മൾ വിശ്വസിച്ച് പോന്ന പലതും നേരായിരുന്നില്ലെന്ന ഒരാശ്ചര്യം വായിച്ചു മടക്കിയാലും നമ്മെ പിൻതുടരും. സ്ത്രീയെന്ന ശക്തിയെ പല വീക്ഷണകോണിൽ നിന്നും നോക്കികാണുന്ന രീതിയാണിതിൽ. ചിലപ്പോഴൊക്കെ ദുർബലമായിപോകുന്ന ,മറ്റുചിലപ്പോൾ അപാരമായ ആത്മശക്തിയാൽ ചുറ്റുമുള്ളവരെ രക്ഷിക്കുന്ന ,സ്വന്തം കാമനകൾകൊണ്ട് എതിർലിംഗത്തിൽപ്പെട്ടവരെ വരുതിയിലാക്കുന്ന ,സ്നേഹം കൊണ്ട് വജ്രസമാനമായ പ്രതിരോധം തീർക്കുന്ന സ്ത്രീയെന്ന പ്രതിഭാസം.
ഈ നോവലിനെ നമ്മളിനി പല അടരുകളായി വായിച്ചെടുക്കേണ്ടിയിരിക്കുന്നു. മേരിയെ ,മഗ്ദലീനയെ ,മാർത്തയെ ,മറിയത്തെ അറിയാൻ. ജീസസ്സിനേയും ,യൂദാസ്സിനേയും അറിയാൻ. നമ്മെ പിൻതുടർന്നെത്തുന്ന വ്യഥകളുമായി ഒരു പറ്റം കഥാപാത്രങ്ങൾ. അവർ ശക്തരാണ്. ഒപ്പം അശക്തരും. നമ്മളറിയുന്ന മഗ്ദലീന ഇതിലില്ല. മഗ്ദലീനയുടെ സുവിശേഷങ്ങൾ വേറിട്ട വഴികളിലൂടെയാണ് അതാണീ നോവൽ മന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം. ജീസസ്സിനെ അറിഞ്ഞത് മഗ്ദലീന മാത്രമാണ്. തിരിച്ചും. സാമാന്യബോധങ്ങളെ തിരിച്ചിടുകയാണീ എഴുത്ത്.
അതാണിതിന്റെ പ്രസക്തിയും.
ജീസസിന്റെ ചരിത്രം പറഞ്ഞ വഴികളിൽ നിന്നും മാറി വർത്തമാനകാലത്തിലേക്കെത്തുമ്പോൾ മഗ്ദലീനയ്ക്ക് പകരം എഴുത്ത്കാരി തന്നെ കഥാപാത്രമാകുന്നു. മഗ്ദലീന കടന്നു പോയ അനുഭവങ്ങൾ ലക്ഷ്മിയുടേതുകൂടിയാകുന്നു. ദേശം ,വിദ്യാഭ്യാസം ,പ്രണയം ,പ്രവാസം ഓരോന്നിൽ കൂടിയും അവർ കടന്നു പോകുമ്പോൾ അവർ മഗ്ദലീനയെ ഓർക്കും. യാതനയുടെ ഓരോ നിമിഷങ്ങളിലും ആത്മീയമായും ഭൗതികമായും ജീസസിനൊപ്പം ചേർന്ന് നില്കാൻ ശ്രമിച്ച മഗ്ദലീനയെപ്പോലെ ഇവിടെ എഴുത്ത് കാരി സമൂഹത്തിന്റെ നാലതിരുകൾക്കുള്ളിൽ നിന്ന് പുറത്താക്കപ്പെട്ടവർക്കൊപ്പം നിന്നു. എല്ലാ അനീതികളേയും തന്നാലാവുംവിധം എതിർത്തു. തോറ്റു പോകുമെന്നറിഞ്ഞിട്ടും പൊരുതി കൊണ്ടിരുന്നു. അധികാരത്തിന്റെ വലിയ ഭാരങ്ങളെ വെല്ലു വിളിച്ചവളാണ് മഗ്ദലീന. ഭൗതികമായ എല്ലാ ആസക്തികളേയും ഒഴിവാക്കി ആത്മീയമായ വീണ്ടെടുക്കലിനായി അവൾ ജീസസിനൊപ്പം നടന്നു. ദൈവത്തെ അവൾ അറിഞ്ഞത് ജീസസിലൂടെയായിരുന്നു. അപാരമായൊരു മനഃസമാധാനത്തിന്റെ പാതയിലൂടെയാണ് മഗ്ദലീന ജീസസിനൊപ്പം സഞ്ചരിച്ചത്. അത് പ്രണയമായിരുന്നില്ല. രണ്ട് ജീവനുകളുടെ ആത്മീയമായ കൂടിച്ചേരലായിരുന്നു. തൊടാതെ തൊടുന്നൊരനുഭവമായിരുന്നു മഗ്ദലീനയ്ക്ക് ജീസസ്.
പഠനകാലത്ത് ഹോസ്റ്റൽ മുറിയിൽ നിന്നുണ്ടായ ഒരു മെന്റൽ ട്രോമയിൽ നിന്ന് ലക്ഷ്മി കരകയറിയത് സാമൂഹ്യ സേവനത്തിന്റെ പാതയിലൂടെയായിരുന്നു. അതവൾക്കും ഒരു തരം ആത്മീയ പ്രവർത്തനം ആയിരുന്നു. മഗ്ദലീനയെത്തേടി കാശ്മീരിലെത്തുന്ന ലക്ഷ്മി സമാനമായ രണ്ട് സ്ത്രീ മനസ്സുകളുടെ ഏകീകരണം കാട്ടിത്തരുന്നു. ഏതാൾക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ടുപോകുന്ന ഏതിനേയും നോക്കികാണുന്ന ഒരാളായി ലക്ഷ്മി മാറിയത് മഗ്ദലീനയോട് താദാത്മ്യം പ്രാപിച്ചത് കൊണ്ടാവും. കൊച്ചിനഗരത്തിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് നിരന്തരം സഞ്ചരിക്കുന്ന ഒരു മനസ്സുണ്ടായിരുന്നു ലക്ഷ്മിയ്ക്ക്. അമ്മയെന്നൊരു മഹാസത്യം ലക്ഷ്മിയെ നിരന്തരം അലട്ടിയിരുന്നു. അമേരിക്കൻ നഗരത്തിന്റെ ആഢംബരത്തിലേക്ക് ഒന്നും ചെയ്യുവാനില്ലാത്ത പകലുകളിലേക്ക് ലക്ഷ്മിയുടെ ജീവിതം പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ എഴുത്ത്കാരി താമരക്കുളത്ത്കാരിയായി. കൂട്ടിനായി മഗ്ദലീന വന്നു. നീയും ഞാനുമല്ല നീ ഞാനാണെന്ന ഒരു തിരിച്ചറിവിന്റെ ഉന്മാദത്തിലാണ് പിന്നെ എഴുത്ത് സംഭവിക്കുന്നത്. നമ്മൾ വിശ്വസിച്ചിരുന്നതല്ല സത്യമെന്നും അതിന് യുക്തിയുടെ മറ്റൊരു വശംകൂടിയുണ്ടെന്നും ലക്ഷ്മി എഴുതി വച്ചു. മതങ്ങൾ യുക്തി ചിന്തകളെ ഭയപ്പെടുന്നു എന്നതായിരുന്നു പിന്നീടുണ്ടായത്. അമേരിക്കയിൽ നിന്നുള്ള പലായനവും ,യാത്രകളും ,അനുഭവങ്ങളും എഴുത്ത്കാരിയെ കൂടുതൽ ശക്തയാക്കി. ചില ഘട്ടങ്ങളിൽ മഗ്ദലീന എടുത്ത തീരുമാനങ്ങൾ അവരുടെ ജീവിതത്തെ ആകെ മാറ്റിമറിച്ചിരുന്നു. എന്നിട്ടും ഗ്രാമം അവരെ വെറുത്തില്ല. ഭൗതികങ്ങളുടെ പരകോടിയിൽ നിന്നും കഠിനമായ ആത്മീയാന്വേക്ഷണങ്ങളിലേക്ക് അവർ ഇറങ്ങിപ്പോയത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. ലക്ഷ്മിയുടെ വൃക്തിത്വത്തിന്റേയും ആകെത്തുക സ്വാതന്ത്ര്യബോധമായിരുന്നു.
ആദിവാസികൾക്കിടയിൽ ,ഗതികേട് കൊണ്ട് സ്വന്തം ശരീരം വിൽക്കേണ്ടി വരുന്ന സ്ത്രീകൾക്കിടയിലുള്ള പ്രവർത്തനങ്ങളിൽ ,സ്വന്തം ജീവിതം പരീക്ഷണമാക്കിയ മഗ്ദലീനയെത്തേടിയുള്ള അലച്ചിലുകളിൽ ,കാശ്മീരിൽ മഗ്ദലീന അടക്കം ചെയ്യപ്പെട്ടു എന്ന് വിശ്വസിക്കുന്ന അവരോട് നടത്തുന്ന ആത്മഭാഷണങ്ങളിൽ നിന്ന് ലക്ഷ്മി അനുഭവിച്ചത് ആത്മീയമായൊരു ഉന്മാദമായിരുന്നു. ചരിത്രത്തെയും വർത്തമാനത്തേയും തുലനം ചെയ്ത് സ്വന്തം അനുഭവങ്ങളെ ചേർത്തെഴുതി ,ചരിത്രത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട കഥാപാത്രമായ മഗ്ദലീനയെ പുനർവായിക്കുന്നതിലൂടെ സ്ത്രീ ജീവിതങ്ങളുടെ മേൽ ആണധികാരത്തിന്റേയും ,രാഷ്ട്രീയ അധികാരത്തിന്റേയും അഹന്തകൾ തീർക്കുന്ന മുറിപ്പാടുകളേയും ,ആഘാതങ്ങളേയും അവർ രേഖപ്പെടുത്തുന്നു. ആത്മീയത ജീവിതത്തിൽ നിന്ന് വേർപെട്ട ഒന്നല്ല എന്നും അത് ജീവിതം തന്നെയാണെന്നും അത് നമ്മൾ സ്വയം തിരിച്ചറിയേണ്ട ഒന്നാണെന്നും രതീദേവി എന്ന എഴുത്ത്കാരി എഴുതി വയ്ക്കുന്നു.