Image

മൂന്നാമൂഴം (നോവൽ) - എം. പി. ഷീല (പുസ്തക പരിചയം – 45: ബാജി ഓടംവേലി, ഡാലസ്)

Published on 24 October, 2026
മൂന്നാമൂഴം (നോവൽ) - എം. പി. ഷീല  (പുസ്തക പരിചയം – 45: ബാജി ഓടംവേലി, ഡാലസ്)

2022 ലെ ഫൊക്കാന ലളിതാംബിക അന്തർജ്ജനം നോവൽ അവാർഡ് ലഭിച്ച പുസ്തകമാണിത്. മഹാഭാരതത്തിൻ്റെയും പുരാണങ്ങളുടെയും രാജവീഥികളിലൂടെ ഇതിഹാസ കഥാപാത്രങ്ങൾക്കൊപ്പം എഴുത്തുകാരി നടത്തിയ മൗന സഞ്ചാരമാണ് ഈ നോവൽ. മൂലകൃതിയായ മഹാഭാരതത്തോട് നീതി പുലർത്തിക്കൊണ്ട് എഴുതിയിരിക്കുന്ന ഈ നോവലിൻ്റെ പശ്ചാത്തലം വായനക്കാരെ ദ്വാപരയുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും.

ഇതിഹാസകഥാപാത്രങ്ങൾക്ക് മരണമില്ല. വീണ്ടും വീണ്ടും ജനിച്ചു കൊണ്ടേയിരിക്കും. വേദവ്യാസൻ്റെ ബോധപൂർവ്വമായ മൗനത്തിൽ ഒളിച്ചുവച്ച പവിത്രമായ ഒരു രഹസ്യബന്ധം ഈ നോവലിലൂടെ വാചാലമാവുകയാണ്. സ്ത്രൈണഭാവനകളുടെ വ്യത്യസ്തമായ തലങ്ങളിലൂടെ ദ്രൗപതി എന്ന ഇതിഹാസനായികയെ കൊണ്ടുപോയിരിക്കുകയാണ് എഴുത്തുകാരി. ദ്രൗപദിയുടെ  മാനസികവികാരങ്ങൾ വായിക്കുമ്പോൾ നമുക്കതു വിശ്വസനീയമായി തോന്നും. നമുക്ക് പരിചയമുള്ള മഹാഭാരതത്തിന്റെ ഭൂമിക ഈ നോവലിലൂടെ ഒന്നുകൂടി വിശാലമാക്കിയിരിക്കുന്നു. 

ഭാരതേതിഹാസമായ മഹാഭാരതത്തിൻ്റെ ഏടുകളിൽ നിന്ന് ഒരു കഥയോ, ഒരു കഥാപാത്രത്തെയൊ അടർത്തിയെടുത്തു പുനരാവിഷ്കരിക്കുക എന്നത് ഏറെ ശ്രദ്ധയോടെ ചെയ്യേണ്ടതും ശ്രമകരവുമായ ഒരു കാര്യമാണ് എന്ന് അറിഞ്ഞിട്ടും ഒരു നിയോഗം പോലെ എം. പി. ഷീല ഇത് ഏറ്റെടുക്കുകയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ സാഹിത്യകൂട്ടങ്ങളിൽ ഈ നോവൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പുസ്തകത്തേക്കുറിച്ചുള്ള വിശദമായ പഠനങ്ങളും വായനാനുഭവങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ ലഭ്യമാണ്.   വായിച്ചവരൊക്കെ ഈ പുസ്തകത്തേക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്.

പാഞ്ചാലിയോട് കൃഷ്ണൻ പ്രകടിപ്പിക്കുന്ന പ്രത്യേക സ്നേഹവായ്പും കരുതലും കാണുമ്പോൾ ഇവർക്കിടയിൽ ഏതോ ഒരു രഹസ്യബന്ധം വേദവ്യാസൻ ഒളിപ്പിച്ചു വെച്ചിരിക്കുന്നതുപോലെ എഴുത്തുകാരിക്കു തോന്നി. ആ അന്വേഷണം സ്വർഗ്ഗാരോഹണ പർവ്വത്തിൽ എത്തിയപ്പോൾ ഒറ്റവരിയിൽ മഹർഷിവര്യൻ തന്നെ വെളിപ്പെടുത്തിയിക്കുന്നത് നോവലിസ്റ്റ് കണ്ടെത്തി.
 
കൂടുതൽ അറിയാൻ വേദവ്യാസൻ്റെ അനുബന്ധ പുരാണങ്ങളിലേക്കും ഷീലയുടെ വായന പടർന്നു. ശ്രീദേവിഭാഗവതം, ബ്രഹ്മവൈവർത്തപുരാണം, പത്മപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ നിന്ന് കണ്ടു കിട്ടിയ ചില സൂചനകളും വർണ്ണനകളും ഉത്തരവുമാണ് മൂന്നാമൂഴം. 

ശ്രീകൃഷ്ണാവതാരം (ഡോ. പി. ആർ കെ. നായർ) ഗീതാഗോവിന്ദം, ഭാഗവതവിവേകം (പ്രൊഫ. എം. കെ. എൻ. പോറ്റി), ഭാരതപര്യടനം തുടങ്ങിയ നിരവധി പുസ്തകങ്ങൾ ഈ നോവലിൻ്റെ രചനയ്‌ക്ക് സഹായകമായി എന്ന് എഴിത്തുകാരിതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വെട്ടം മാണിയുടെ പുരാണിക് എൻസൈക്ളോപീഡിയ ഇല്ലായിരുന്നുവെങ്കിൽ ഈ രചന പത്തുവർഷം കൂടി വൈകുമായിരുന്നു എന്നും പറയുന്നു. 

ഈ നോവലിന് ഈ പേരല്ലാതെ മറ്റൊരു പേരും ചേരുകയില്ല. പാണ്ഡവരുടെ ദാമ്പത്യജീവിതത്തിലെ ഭർത്താക്കന്മാരുടെ ഊഴക്കണക്കല്ല മൂന്നാമൂഴം. ദ്വാപരയുഗത്തിലെ ദ്രൗപതിയുടെ മൂന്നു ജന്മങ്ങളുടെ ചുരുൾ നിവർത്തുകയാണ് ഒപ്പം ശ്രീകൃഷ്ണൻ്റെയും പാഞ്ചാലിയുടെയും രഹസ്യ ബന്ധത്തിൻ്റെ ഉൾപ്പൊരുളും. 

പ്രൗഢമായ ഭാഷയിലൂടെയും ഭാവനയിലൂടെയും എഴുത്തിൻ്റെ സ്വാതന്ത്യം പ്രയോജനപ്പെടുത്തി സൃഷ്ടിച്ച ഈ നോവൽ മലയാള ഭാഷയ്ക്ക് ഒരു മുതൽക്കൂട്ടാണെന്ന് പ്രസാധകക്കുറിപ്പിൽ ജോജോ ജെയിംസ് അടിവരയിടുന്നു. കേരള ബുക്സ് സ്റ്റോർ.കോം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻ വലിയ സ്വീകാര്യതയാണ് വായനാലോകത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വിജയകരമായ വായനയുടെ നാലാം പതിപ്പ് ഉടൻ പുറത്തിറങ്ങും. keralabookstore.com ൽ നിന്നും പുസ്തകം ലഭിക്കും. ഏഴരവർഷങ്ങൾ കൊണ്ട് രചന പൂർത്തീകരിച്ച 302 പേജുകളിലായി  അൻപത്തിമൂന്ന് അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തിൻ്റെ വില 350 രൂപയാണ്.

എം. പി. ഷീല (ഷീലമോൻസ് മുരിക്കൻ)

അമേരിക്കൻ മലയാളി എഴുത്തുകാരിയായ എം. പി. ഷീല, കഥാകൃത്ത്, നോവലിസ്റ്റ്, കവി, ഗാനരചയിതാവ് എന്നീ നിലകളിൽ ശ്രദ്ദേയയാണ്. മച്ചിങ്കൽ എം. പി. പീറ്ററിൻ്റെയും എലിസബത്ത് പീറ്ററിൻ്റെയും നാലാമത്തെ പുത്രിയായി കോട്ടയത്ത് ജനിച്ചു. 
1984 ൽ കോട്ടയം ജില്ലാ സ്‌കൂൾ യുവജനോൽസവത്തിൽ കഥാരചനയ്ക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി വിദ്യാർത്ഥിനിയായിരിക്കുമ്പോൾതന്നെ രചനാപാടവം തെളിയിച്ചിട്ടുണ്ട്. കോട്ടയം സെൻ്റ് ആൻസ് ജി. എച്ച്. എസ്സിൽ ആയിരുന്നു ഹൈസ്ക്കൂൾ വിദ്യാഭ്യാസം. ധനതത്വശാസ്ത്രത്തിൽ കോട്ടയം ബസേലിയോസ് കോളേജിൽ നിന്ന് ബിരുദം നേടി. കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിൽ നിന്ന് ഹിന്ദിഭൂഷണും പാസ്സായി. 

ഇക്കാമല്ലി ഇക്കുട്ടാമല്ലി (കഥ), നീർമാതളപ്പൂ പറഞ്ഞ പിന്നാമ്പുറകഥകൾ (കഥ), പുറമ്പോക്കിൻ്റെ മക്കൾ (നോവൽ), പാതിവഴിയിൽ കണ്ടുമുട്ടിയ പക്ഷികൾ (കവിത), മൂന്നാമൂഴം (നോവൽ) എന്നിവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. മലയാള മലരുകൾ എന്ന ഓണപ്പാട്ട് ആൽബത്തിന് രചന നിർവ്വഹിച്ചു. നിരവധി അവാർഡുകൾ തേടിയെത്തിയിട്ടുണ്ട്. 

പെൻസിൽവാനിയയിലെ ഫിലഡൽഫിയയിൽ താമസിക്കുന്നു. അമേരിക്കയിലെ സാഹിത്യ സാംസ്കാരിക സംഘടനകളിലൊക്കെ സജീവസാന്നിദ്ധ്യമാണ്.
ഭർത്താവ് :- മോൻസ് തോമസ്, 
മക്കൾ :- ഡോ. നീനു മരിയ മോൻസ്, ടോമിൻ മോൻസ് മുരിക്കൻ, ജേക്കബ് മോൻസ് മുരിക്കൻ
ഇ-മെയിൽ: mpsheelawriter@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക