Image

എന്റെ ബാല്യകാലം പാലക്കാട്ടുമലയില്‍ (ഗുരു കൂവള്ളൂര്‍ - നീതിയുടെ ജ്വാല: ഭാഗം: 18)

Published on 23 October, 2026
എന്റെ ബാല്യകാലം പാലക്കാട്ടുമലയില്‍  (ഗുരു കൂവള്ളൂര്‍ - നീതിയുടെ ജ്വാല: ഭാഗം: 18)

പി.വി. ആല്‍ബി


ബാല്യകാലസ്മരണകള്‍


സന്ധ്യക്കുമാനത്തു മലര്‍ന്നതാര -

ത്താരത്രയും കണ്ടുചെടിച്ചകണ്ണേ,

കുനിഞ്ഞിടാമൊന്നിനി നിന്റെ നോട്ടം

കുപ്പക്കുഴിക്കുള്ളിലും എത്തിടട്ടേ!


വൈലോപ്പിള്ളി ശ്രീധരമേനോന്‍

 

വായനക്കാരുടെ ശ്രദ്ധയ്ക്ക്;


കഴിഞ്ഞ ഏതാനും അധ്യായങ്ങളില്‍ ഗുരു കൂവള്ളൂര്‍ തന്റെ ബാല്യകാലത്തെപ്പറി സ്വന്തംഭാഷയില്‍തന്നെ വിവരിക്കുകയുണ്ടായല്ലോ. അദ്ദേഹത്തിന്റെ ജീവചരിത്രം ഒരു സംയുക്ത ജീവചരിത്രം (Joint Collaborative Biography), പരസ്പരം സഹകരിച്ചുള്ള ഒരു ജീവചരിത്രം ആണെന്നുള്ളകാര്യം തുറന്നുപറഞ്ഞുകൊള്ളട്ടെ. സ്വന്തമായി ആത്മകഥ എഴുതിയ, അമേരിക്കയിലും ലോകമെമ്പാടും അറിയപ്പെടുന്ന, ധാരാളം അവാര്‍ഡുകള്‍ നേടിയ, ജയന്‍ വര്‍ഗീസ് സാറിനെപ്പോലുള്ള പേരുകേട്ട ഒരു എഴുത്തുകാരന്‍ തന്റെ സംശയം എഴുതി ചോദിച്ചതുകൊണ്ടാണ് എഴുത്ത് ഒരു ഉപജീവനമാര്‍ഗ്ഗമാക്കി ജീവിക്കുന്ന ഞാന്‍ ഇക്കാര്യം ഇവിടെ സൂചിപ്പിക്കാന്‍ കാരണം. ഗുരു കൂവള്ളൂരിന്റെ സഹായമില്ലാതെ അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജീവചരിത്രം പൂര്‍ത്തീകരിക്കുക വളരെ ശ്രമകരമായ ഒരു കാര്യമാണ്. എന്നുതന്നെയല്ല, എഴുതാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടുതാനും. ഒടുവില്‍ ഞങ്ങള്‍ തീരുമാനമെടുത്തു, ഇത് ഒരു സഹകരിച്ചുള്ള ജീവചരിത്രമാക്കി മാറ്റാന്‍. അമേരിക്കയില്‍ സ്ഥിരമായി താമസക്കാരനായ കഥാപുരുഷന് പലകാര്യങ്ങളിലും എഴുത്തുകാരനായ എന്നെക്കാള്‍ കൂടുതല്‍ അറിവുണ്ടെന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതുപരിഗണിച്ച് അദ്ദേഹത്തിന്റെ ആശയങ്ങള്‍ പരമാവധി പുറത്തുകൊണ്ടുവരാനുള്ള ഒരു വേദിയാണ് ഇ മലയാളി ഒരുക്കിത്തന്നിരിക്കുന്നത്. ഇ മലയാളിയുടെ ആഴ്ചപ്പതിപ്പ് അതിനുള്ള വാതായാനം തുറന്നിട്ടത് ഈ സാഹചര്യത്തില്‍ അഭിനന്ദാര്‍ഹവുമാണ്. വായനക്കാരുടെ സംശയനിവാരണത്തിനാണ് എഴുത്തുകാരനായ ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്.


സ്‌നേഹപൂര്‍വ്വം

പി.വി. ആല്‍ബി.


എഴുപത്തിയേഴു വര്‍ഷങ്ങള്‍ പിന്നിട്ട എന്റെ ജീവിതത്തിന്റെ മൂന്നിലൊരുഭാഗം ഞാന്‍ എന്റെ മാതാപിതാക്കളോടൊപ്പമായിരുന്നു. അക്കാരണത്താല്‍ അവരില്‍ നിന്നും പഠിക്കാവുന്ന എല്ലാം ഞാന്‍ കരസ്ഥമാക്കി. 25 വര്‍ഷത്തിലേറെ ഞാന്‍ ആര്‍ക്കുംപിടികൊടുക്കാത്ത ഒരു വ്യക്തിത്വത്തിന് ഉടമയായി പലേടത്തും ജീവിച്ചു. എന്റെ യഥാര്‍ത്ഥ കുടുംബജീവിതം തുടങ്ങുന്നത് 1988 മുതലാണ്. ചുരുക്കിപ്പറഞ്ഞാല്‍ ശ്രീരാമന്‍ വനവാസത്തിനു പോയതിനോട് എന്റെ ജീവിതത്തിലെ 14 വര്‍ഷങ്ങള്‍ കണക്കാവുന്നതാണ്. ജീവിതം എന്താണെന്നും, ജീവിതലക്ഷ്യം എന്തായിരിക്കണമെന്നും, എങ്ങിനെ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കഴിയും എന്നും ഞാന്‍ പഠിച്ചു. വേണ്ടിവന്നാല്‍ ജീവിതത്തില്‍ എന്തു ചെയ്യണമെന്നറിയാതെ ഉഴലുന്നവര്‍ക്കുകൂടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുവരെയുള്ള അനുഭവജ്ഞാനം ഞാന്‍ അറിയാതെ, ഒരു യൂണിവേഴ്‌സിറ്റിയിലും പോകാതെ, എനിക്കു കൈവന്നു എന്നുവേണമെങ്കില്‍ പറയാം.

ചുരുക്കത്തില്‍ ആരോടും ചോദിക്കാതെ ഒരു പ്രസ്ഥാനമോ, വീടോ നയിക്കേണ്ടത് എങ്ങിനെയെന്ന് ഞാന്‍ സ്വയം പഠിച്ചു. ചെറുപ്പം മുതല്‍ ഡയറിക്കുറുപ്പുകള്‍ എഴുതുന്നതു ശീലമാക്കിയ ഞാന്‍ ആനുകാലിക സംഭവങ്ങളെപ്പറ്റി ചിന്തിക്കുകയും അപഗ്രഥിക്കുകയും ചെയ്യുമായിരുന്നു. എന്റെ ഡയറിക്കുറുപ്പുകള്‍ ഒരാള്‍ക്ക് ഈ ജന്മത്തില്‍വായിച്ചുതീര്‍ക്കാന്‍ പറ്റുകയില്ല. അത്രമാത്രം ഡയറികള്‍ എന്റെ വീടുപരിശോധിച്ചാല്‍ കാണാന്‍ കഴിയും. പക്ഷേ അവയൊന്നുംതന്നെ പുറംലോകം കണ്ടിട്ടില്ലെന്നുമാത്രം.

Guru Koovalloor sitting in the lap of maternal Grandfather Ouseph Ouseph Kulangara (76 years ago).

പാലക്കാട്ടുമലയിലെ എന്റെ വല്ല്യപ്പന്‍ ഔസേപ്പ് ഔസേപ്പ് കുളങ്ങരയോടൊപ്പം ജീവിച്ച നാളുകള്‍ ഞാനിന്നും ഓര്‍ത്തുപോകുന്നു. അദ്ദേഹത്തിന് ഒരു ഡസനിലധികം കന്നുകാലികളും, അരഡസനിലധികം ആടുകളും ഉണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ കറവയുള്ള പശുക്കളും ആടുകളുമുണ്ടായിരുന്നു. കുളങ്ങര വീട്ടിലെ എന്റെ അമ്മയുടെ നേരേ മൂത്ത ആങ്ങള പീലിപ്പാപ്പന്റെ അമ്മായിയെ ഒരിക്കലും മറക്കാന്‍ എനിക്കു കഴിയുകയില്ല. അവര്‍ വാസ്തവത്തില്‍ ഒരു ദേവകന്യകയായിരുന്നില്ലേ എന്നു ഞാനോര്‍ത്തുപോകുന്നു. കാരണം വിറകുകൊണ്ടുള്ള അടുപ്പില്‍ തീകത്തിച്ച് ഒരു ഡസനിലധികം കുടുംബാംഗങ്ങള്‍ക്കും അതിലേറെ പണിക്കാര്‍ക്കും ഭക്ഷണം നാലും അഞ്ചും നേരം കൊടുക്കുന്നതിനു പുറമെ പറമ്പില്‍ പണികള്‍ നോക്കണം, വെള്ളംകോരണം, പാത്രങ്ങള്‍ കഴുകണം, വിശ്രമമില്ലാതെ വെളുപ്പിനെ മുതല്‍ സന്ധ്യവരെ പണിയണം.

വീട്ടില്‍ വേലയ്ക്കു പണിക്കാരില്ലെന്ന് ഓര്‍ക്കണം. എന്റെ വല്ല്യമ്മ കൂട്ടിന് ഉണ്ടെങ്കില്‍ കൂടി അവര്‍ക്ക് പ്രായമായതിനാല്‍ പല പരിമിതികള്‍ ഉണ്ടായിരുന്നു. ആറുമക്കളുടെ അമ്മയായിരുന്ന അവര്‍ക്ക് എങ്ങിനെ മക്കള്‍ ഉണ്ടായി എന്നതുതന്നെ ഇന്നത്തെക്കാലത്ത് ചിന്തിച്ചാല്‍ പിടികിട്ടാത്തതാണ്. ഇന്നത്തെക്കാലത്ത് കുട്ടികള്‍ ഉണ്ടാകുന്നതിന് മുന്‍പ് എന്തെല്ലാം ടെസ്റ്റുകളാണ്. ഡോക്ടറെ കാണാന്‍ അപ്പോയിന്റ്‌മെന്റ് എടുക്കണം, വിവിധയിനം ടെസ്റ്റുകള്‍ക്ക് വിധേയരാകണം, പ്രസവത്തിന് മുന്‍പ് നിരവധി പരിശോധനകള്‍. ഇതൊന്നുമില്ലാതെ എന്റെ അമ്മായിക്ക് എങ്ങിനെ കുട്ടികള്‍ ഉണ്ടായി? അവര്‍ എങ്ങിനെ കുട്ടികളെ വളര്‍ത്തി ഇവയെപ്പറ്റിയെല്ലാം ഞാന്‍ ചിന്തിക്കുകയുണ്ടായി. ആ കുട്ടികളില്‍ ഏറ്റവും ഇളയ ആള്‍ ദീര്‍ഘകാലമായി ഇറ്റലിയില്‍ നേഴ്‌സായി ജോലി ചെയ്യുന്നു. എന്നെ ഇടയ്ക്കിടയ്ക്കു വിളിക്കാറുമുണ്ട്. കുഞ്ഞാങ്ങളേ എന്നാണ് എന്നെ വിളിക്കുന്നത്. കുഞ്ഞുമേരി എന്നു ഞാന്‍ വിളിക്കുന്ന അമ്മായിയുടെ ഇളയകുട്ടി അമ്മായിയെപ്പോലെ തന്നെ ഇരിക്കുന്നു. ഞാന്‍ അമേരിക്കയില്‍ എത്തി വളരെ വര്‍ഷങ്ങള്‍ക്കുശേഷം പാലക്കാട്ടു മലയില്‍ ഞങ്ങള്‍ അറിയുന്ന ചോളിയിലെ ടോമിയെ വിവാഹം കഴിച്ച് കഴിഞ്ഞ 25 വര്‍ഷത്തില്‍ ഏറെക്കാലം കുഞ്ഞുമേരി ഇറ്റലിയില്‍ കഴിയുന്നു. അവര്‍ക്ക് രണ്ടു ആണ്‍കുട്ടികളും. എല്ലാവരും ഇറ്റാലിയന്‍ സിറ്റിസണ്‍സുമാണ്. വിദൂരത്തിലാണെങ്കിലും എന്നെ എന്റെ കുഞ്ഞുപെങ്ങള്‍ ഇടയ്ക്കിടെ വിളിച്ച് ക്ഷേമകാര്യങ്ങള്‍ അന്വേഷിക്കാറുണ്ട് എന്നുള്ളത് ഇന്നത്തെ സമൂഹത്തില്‍ അതിശയോക്തമാണ്. കാരണം ഇന്നുള്ള തലമുറയില്‍ അധികംപേര്‍ക്കും തങ്ങളുടെ ഏറ്റവും അടുത്ത അങ്കിള്‍മാരുടെയും ആന്റിമാരുടെയും പേരുകള്‍പോലും അറിഞ്ഞുകൂടാ.

ഞാന്‍ ഇപ്പോള്‍ ഈ അദ്ധ്യായം എഴുതുന്നത് രാത്രിയുടെ ഏകാന്തയിലാണ്. രാത്രി 12.30 am. ഇന്ന് ഒക്‌ടോബര്‍ 19 ആണ്. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍. പുറത്തു നല്ല തണുപ്പുള്ള രാത്രി. ശീവീടുകളുടെ ശബ്ദം മാത്രം കേള്‍ക്കാം. എന്റെ അയല്‍പക്കത്തുള്ള വീട്ടുകാരെല്ലാം ഗാഢനിദ്രയിലാണ്. ഞാന്‍ മാത്രം അടുത്ത ആഴ്ചത്തേയ്ക്കുള്ള അദ്ധ്യായം എഴുതി തയ്യാറാക്കുന്ന ശ്രമത്തിലാണ്. അപ്പോള്‍ എനിക്കുതോന്നി എന്റെ അമ്മായിയുടെ വീട്ടുപേര് എന്താണെന്നറിയാന്‍. ഉടനെ ഞാന്‍ അമ്മായിയുടെ മൂത്തമകള്‍ ലില്ലിയെ വിളിച്ചു. അവള്‍ക്ക് രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. എല്ലാവരും വിവാഹിതരായി. പെണ്‍കുട്ടികള്‍ വിദേശത്തും, അവര്‍ കുടുംബസമേതം കുട്ടികളോടൊപ്പം താമസിക്കുന്നു. ഞാന്‍ വിളിച്ചാല്‍ അപ്പോള്‍തന്നെ മറുപടി.

അമ്മായിയുടെ വീട്ടുപേര് അതിരംപുഴ മുളവേലിക്കുന്നേല്‍. ലില്ലിയുടെ ചെറുപ്പകാലത്ത് അവള്‍ അതിരമ്പുഴയ്ക്കു പോയിരുന്നത് നടന്നായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് അതു വിശ്വസിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ചെരുപ്പ് പോലും ഇല്ലാത്തകാലം. ഒരു കൈയില്‍ അമ്മായിയുടെ രണ്ടാമത്തെ കുട്ടിയെ തോളിലേറ്റി, മൂത്തകുട്ടി ലില്ലിയുടെ കൈയില്‍പിടിച്ചുകൊണ്ടുള്ള, അഞ്ച് അടിപോലും ഉയരമില്ലാത്ത എന്റെ അമ്മായി പാലക്കാട്ടുമല കുളങ്ങര തറവാട്ടില്‍നിന്നും നടന്ന് അതിരമ്പുഴവരെപോയി അവിടെ നിന്നും തിരികെ കുളങ്ങര തറവാട്ടുവരെ നടക്കുന്നത് വായനക്കാര്‍ കോട്ടയംകാരാണെങ്കില്‍ ഒന്നു ചിന്തിച്ചുനോക്കുന്നതുകൊള്ളാം. എത്ര എളുപ്പവഴിക്കുപോയാലും ഇരുപതു മൈലില്‍ കൂടുതല്‍ ദൈര്‍ഘ്യമുണ്ടെന്നു നിസ്സംശയം പറയാം.

രാത്രിയുടെ ഏകാന്തതയില്‍ ഞാന്‍ ഒരേസമയം നിരവധിക്കാര്യങ്ങളെപ്പറ്റി ചിന്തിച്ചുപോയി. ഒന്നാമത്തെക്കാര്യം കുളങ്ങര തറവാട്ടിലെ എന്റെ ചെറുപ്പകാലത്തെ ഭക്ഷണ പദാര്‍ത്ഥങ്ങളെപ്പറ്റിയാണ്. രാവിലെ പാലൊഴിച്ചകാപ്പിയും, മധുരത്തിന് പനയുടെ മധുരക്കള്ള് വറ്റിച്ചുണ്ടാക്കിയ ശര്‍ക്കരയും. നെല്ലുകുത്തിയ അരി ഉരലില്‍ ഇടിച്ചുണ്ടാക്കിയ പൊടികൊണ്ട് ദോശ, തേങ്ങാ ചമ്മന്തി കടുകുപൊട്ടിച്ചത്, ചിലപ്പോള്‍ അരിപ്പൊടിക്കുപകരം ഈന്തങ്ങായുടെ പൊടികൊണ്ടുള്ള പുട്ട്, പഴം. പണിക്കാരുണ്ടെങ്കില്‍ പ്രത്യേക രീതിയില്‍കൊത്തി അരിഞ്ഞ് തേങ്ങായും ചേര്‍ത്ത ചക്കപ്പുഴുക്ക്, വീട്ടുകാര്‍ക്ക് നല്ല നെല്ലുകുത്തരിയുടെ ചോറ് രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് ഇവയൊന്നും യാതൊരു വിഷവും അടിക്കാത്തവയായിരുന്നു എന്നോര്‍ക്കണം. അന്നത്തെക്കാലത്ത് കേരളത്തില്‍ വിഷമരുന്നിന്റെ പ്രയോഗം ഒരിടത്തും തന്നെ ഇല്ലായിരുന്നു. കാച്ചില്‍, ചേമ്പ്, ചേന, പയറ്, കുമ്പളങ്ങാ, വെള്ളരിക്കാ, കൂര്‍ക്ക, കിഴങ്ങ്, ഇഷ്ടം പോലെ നേന്ത്രക്കായ്, മുളക് എന്നുവേണ്ട ഭക്ഷണത്തിന്റെ ഒരു സാധനങ്ങളും പുറത്തുനിന്നും വാങ്ങേണ്ടിവന്നിരുന്നില്ല. ഉപ്പും, മണ്ണെണ്ണയും ഒഴികെ. വീടുകളില്‍ എല്ലാം വിറക് അടുപ്പായിരുന്നു. ഇഷ്ടംപോലെ കോഴികള്‍ ഉണ്ടായിരുന്നതിനാല്‍ എന്നും മുട്ടയുമുണ്ട്. എന്റെ ചെറുപ്പകാലത്ത് എന്റെ വല്ല്യമ്മ എന്റെ തലയിലും ശരീരം മുഴുവനും നല്ല മായമില്ലാത്ത വെളിച്ചെണ്ണ അയല്‍പക്കത്തുള്ള മരച്ചക്കില്‍ ആട്ടിയത് തേച്ചിരുന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് അങ്ങിനെ ഒന്നിനെപ്പറ്റി അറിഞ്ഞുകൂടാ.

ചെറുപ്പക്കാലത്തെ സ്മരണകളില്‍ ഒരു പ്രധാനകാര്യം ഞാന്‍ ഓര്‍ക്കുന്നു. തൈരു കടഞ്ഞ് വെണ്ണ എടുക്കുന്നവിധം. വല്ല്യമ്മ ആയിരുന്നു മിക്കവാറും ആ ജോലി ചെയ്തിരുന്നത്. ഞാന്‍ ഉള്ളപ്പോള്‍ തടികൊണ്ടുള്ള കടകോല്‍കൊണ്ട് മണ്‍കലത്തില്‍ നല്ല കട്ടത്തൈര് ആകുമ്പോള്‍ കടകോലുകൊണ്ട് കടഞ്ഞ് കട്ടിയുള്ള വെണ്ണപതഞ്ഞുവരും. ആ വെണ്ണ വല്ല്യമ്മ ഉരുളകളായി മറ്റൊരുപാത്രത്തിലേക്ക് ഇടും. ആ വെണ്ണ തിന്നിട്ടുള്ളവര്‍ക്കറിയാം എന്തുകൊണ്ടാണ് ശ്രീകൃഷ്ണന്‍ വെണ്ണ മോഷ്ടിച്ചിരുന്നതെന്ന്. അന്നത്തെക്കാലത്ത് കയര്‍കൊണ്ടുള്ള ഉറിയിലായിരുന്നു തൈരും വെണ്ണയും സൂക്ഷിച്ചിരുന്നത്. ഇന്നത്തെ തലമുറയ്ക്ക് ഇതെല്ലാം അജ്ഞാതമാണെന്നു പറയാം.

Guru  Koovalloor with aunty late Annamma Philipose Kulangara ( Mulavelikunnel ) in the front ,eldest uncle late Ouseph Joseph Kulangara, youngest uncle late Ouseph Sebastian Kulangara, mother late Mary Joseph Kulangara and others. 

ചെറുപ്പത്തില്‍ പച്ചമുട്ട എനിക്ക് സ്‌പെഷ്യലായി വല്ല്യമ്മതന്നിരുന്നു. ഇന്നത്തെക്കാലത്ത് പച്ചമുട്ട കുടിച്ചാല്‍ ഉടനെ അടിയന്തരിമായി ഹോസ്പിറ്റലില്‍ കൊണ്ടുപേകേണ്ടിവരും. ഒന്നുകില്‍ മെനിഞ്ചൈറ്റിസ്, അല്ലെങ്കില്‍ വയറിളക്കം ആയിരിക്കും അനന്തരഫലം. ഇന്നേയ്ക്ക് 65 വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഭക്ഷണക്രമത്തെപ്പറ്റിയുള്ള ഒരു ഏകദേശരൂപം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ ഇത്രയുംകാര്യങ്ങള്‍ എഴുതിയത്. ഇന്ന് നാം കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിക്കുപോലും മാറ്റം വന്നു. ഒരുപക്ഷേ, ഭക്ഷണത്തില്‍ മാരകമായ വിഷം വന്നതുതന്നെ ആയിരിക്കണം മനുഷ്യന്റെ പ്രത്യുല്പാദനശേഷി കുറയാനുമുള്ള കാരണം എന്ന് ചിന്തിക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കും. ഇന്നത്തെ കുട്ടികള്‍ കൂടുതല്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കാന്‍ കാരണം അവരുടെ ഭക്ഷണക്രമത്തിലുണ്ടായ മാറ്റം അവരുടെ ലൈംഗികശേഷിയേയും ബാധിച്ചു എന്നതാവണം. ഒരു ശാസ്ത്രജ്ഞനല്ലെങ്കിലും വിഷം ചേര്‍ത്ത ഭക്ഷണം കഴിച്ചാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ സാധാരണ മനുഷ്യര്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതാണ്.

വിദേശത്തുപോയി പണമുണ്ടാക്കുന്ന യുവതലമുറ തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ഭൂരിഭാഗവും മാരകമായ വിഷമുള്ളതാണെന്ന് മനസ്സിലാക്കുന്ന ഒരുകാലം ഉണ്ടാവണമെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് ഗവണ്‍മെന്റുകളാണ്. നിര്‍ഭാഗ്യവശാല്‍ ഇന്‍ഡ്യയില്‍ ദീര്‍ഘകാലം അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ പ്രധാന നയങ്ങളിലൊന്ന് 'നാം രണ്ട് നമുക്ക് രണ്ട്' എന്നായിരുന്നുവല്ലോ. രാജീവ്ഗാന്ധിയുടെ സഹോദരന്‍ സന്‍ജ്ജീവ് ഗാന്ധി നിര്‍ബന്ധിതവന്ധീകരണം നടപ്പാക്കിയകാര്യം ഇന്നു ജീവിച്ചിരിക്കുന്ന ചുരുക്കം ചിലര്‍ക്കെങ്കിലും അറിവുണ്ടെന്നുകരുതുന്നു. അവരുടെ പിന്‍ഗാമികളാണല്ലോ രാഹുല്‍ ഗാന്ധിയും, പ്രിയങ്കഗാന്ധിയും. അവര്‍ ഇന്നും ഇന്‍ഡ്യയുടെ ഭരണചക്രം തങ്ങളുടെ കൈയില്‍ എടുക്കാനുള്ള ശ്രമം നടത്തുമ്പോള്‍ നല്ലൊരു ശതമാനം മലയാളികളും അവരെ പാടിപ്പുകഴ്ത്തുന്നതുകാണുമ്പോള്‍ അവരുടെ പോക്ക് നേരായ മാര്‍ഗ്ഗത്തിലേയ്ക്കല്ല എന്ന തിരിച്ചറിവ് എനിക്കുണ്ടായതാണ് ഇന്‍ഡ്യയിലെ ബിജെപി ഗവണ്‍മെന്റിനോട് എനിക്ക് മമതയുണ്ടാവാന്‍ കാരണമെന്ന് ഞാന്‍ ഒരിക്കല്‍കൂടി വ്യക്തമാക്കിക്കൊള്ളട്ടെ.

65 വര്‍ഷങ്ങള്‍ക്കുമുന്‍പ് ചാണകം, ചാരം, പച്ചില തുടങ്ങിയ ജൈവവളങ്ങള്‍ മാത്രമേ കര്‍ഷകര്‍, പ്രത്യേകിച്ച് കേരളത്തില്‍ ഉപയോഗിച്ചിരുന്നുള്ളൂ. രാസവളങ്ങളും, കീടനാശിനികളും ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പുതിയതലമുറയുടെ മൊത്തത്തിലുള്ള ഹോര്‍മോണുകളെയും, എന്തിനേറെ മനുഷ്യന്റെ ബ്രയിനെ വരെ ബാധിച്ചു എന്നുള്ളത് മനുഷ്യന്‍ മനസ്സിലാക്കി വരുന്നതേയുള്ളൂ. പണ്ട് കഴിച്ചിരുന്ന ഭക്ഷണം മാറിയതോടെ ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിന്‍ ഗുളികകളും കഴിക്കേണ്ട അവസ്ഥയാണ് ഇന്ന് മനുഷ്യന് വന്നുചേര്‍ന്നിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു.

ഇത്രയും എഴുതിയപ്പോള്‍ എന്റെ അമ്മയുടെ ഇളയ ആങ്ങള ദേവസ്യാച്ചന് ശക്തന്മാരായ ആറ് ആണ്‍മക്കളും ഒരു കുഞ്ഞുപെങ്ങളും ഉണ്ടായി എന്നും, അവര്‍ എന്റെ വല്ല്യപ്പന്‍ തന്നെ ആണ്ടൂര്‍ പാടത്തിനക്കരെയുള്ള കാക്കാനിക്കില്‍ എന്ന പുരയിടത്തിലാണ് താമസിക്കുന്നതെന്നും ഒരിക്കല്‍ക്കൂടി എടുത്തു പറഞ്ഞുകൊള്ളട്ടെ. സന്‍ജ്ജീവ് ഗാന്ധിയുടെ നിര്‍ബന്ധിത വന്ധീകരണത്തില്‍പ്പെടാത്ത ഒരു നസ്രാണിയായിരുന്നു എന്റെ 'കുഞ്ഞച്ചന്‍' എന്നു ഞാന്‍ വിളിച്ചിരുന്ന ഔസേപ്പ് സെബാസ്റ്റ്യന്‍ എന്ന അമ്മാവന്‍. എന്റെ അമ്മാവന് എന്നെ വലിയകാര്യമായിരുന്നു. ഞാന്‍ അമേരിക്കയിലെത്തിയശേഷം, ഓരോമാസവും അദ്ദേഹം എനിക്ക് കത്തുകള്‍ എഴുതാറുണ്ടായിരുന്നു. എല്ലാ കത്തിനും കൃത്യമായി ഞാന്‍ മറുപടിയും എഴുതിയിരുന്നു. അദ്ദേഹത്തിന് നല്ലപ്രായത്തില്‍ത്തന്നെ ഹൃദയസംബന്ധമായ ശസ്ത്രക്രിയ ചെയ്തിരുന്നു എങ്കിലും ഒരിക്കലും തന്റെ കുടുംബപ്രശ്‌നങ്ങളെപ്പറ്റി എഴുതുന്ന സ്വഭാവം ഇല്ലായിരുന്നു. എന്റെ അമ്മയ്ക്ക് ആറു ആണ്‍മക്കളും, രണ്ട് പെണ്‍മക്കളും. അവരില്‍ ഏറ്റവും മൂത്ത എന്നോട് കുഞ്ഞച്ചന് പ്രത്യേകം താല്‍പര്യമുണ്ടായിരുന്നു. അതുപോലെതന്നെ എന്റെ അമ്മയെക്കാണാന്‍ മാസത്തില്‍ ഒരിക്കലെങ്കിലും എന്റെ ഇളയച്ചന്‍ പാടവരമ്പുകളും, തൊണ്ടുകളും താണ്ടി ആണ്ടൂര്‍ നിന്നും കൂവള്ളൂര്‍ കുന്നിന്റെ മുകളിലുള്ള എന്റെ വീട്ടില്‍ വന്നിരുന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

വളരെയധികം സമ്പത്തുള്ള ഒരു കുടുംബത്തില്‍ നിന്നായിരുന്നു കുഞ്ഞച്ചന്‍ വിവാഹം കഴിച്ചത്. അതേസമയം കുളങ്ങര തറവാട്ടിലെ അമ്മാവന്‍ പീലിപ്പാപ്പന്‍ താരതമ്യേന സാമ്പത്തികമായി താഴ്ന്ന കുടുംബത്തില്‍ നിന്നായിരുന്നതിനാല്‍ പണിയെടുക്കുന്നതിന് യാതൊരു മടിയുമില്ലായിരുന്നു. ഈ രണ്ടു കുടുംബങ്ങളെയും ഇന്നു താരതമ്യപ്പെടുത്തിയാല്‍ കുളങ്ങര തറവാട് ഇന്നും മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന ഒരു വീടാണ് എന്നു നിസ്സംശയം പറയാം. വിശാലമായ രണ്ടു പുരയിടങ്ങള്‍ - കാക്കാനിക്കില്‍ പുരയിടവും താഴത്തുരുത്തി പുരയിടവും എന്റെ അമ്മാവന്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ കഷണം കഷണമായി മുറിച്ച് ആണ്‍മക്കള്‍ക്കു കൊടുക്കേണ്ട ഗതികേട് എന്റെ അമ്മാവനുണ്ടായി. ഒരുപക്ഷേ മക്കള്‍ എല്ലാവരും യോജിപ്പുള്ളവരായിരുന്നെങ്കില്‍ അവര്‍ക്ക് അങ്ങിനെ ഭൂമി മുറിച്ചുമുറിച്ചു കൊടുക്കാതെ അതിന്റെ ഇരട്ടിവസ്തുക്കള്‍ വാങ്ങാമായിരുന്നു.

അതേസമയം കുളങ്ങര തറവാട്ടിലെ അമ്മാവന്റെ മക്കള്‍ക്ക് അങ്ങിനെ വസ്തു വില്‍ക്കേണ്ടതായോ, മുറിച്ചുകൊടുക്കേണ്ടതായോ വന്നില്ല. ഇവിടെയാണ് ഭാര്യഭര്‍ത്താക്കന്മാര്‍ യോജിപ്പുള്ള കുടുംബങ്ങള്‍, പ്രത്യേകിച്ച് ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ മാനിക്കുന്നവരും ദൈവവിശ്വാസമുള്ളവരുമാണെങ്കില്‍ അത്തരംകുടുംബങ്ങള്‍ക്ക് നിലനില്‍പുണ്ടാവും എന്നു പറയുന്നത്. എന്റെ വല്ല്യപ്പന്റെ മരണശേഷം കുളങ്ങര തറവാട്ടിലെ അമ്മാവന്‍ പീലിപ്പാപ്പന് പക്ഷാഘാതം പിടിപെട്ട് കിടപ്പിലായി. മൂത്തമകള്‍ ലില്ലിക്കുട്ടിയെ വിവാഹം കഴിച്ചു വിട്ടശേഷം അതിന്റെ താഴെയുള്ള ജോസിനെയും വിവാഹം കഴിപ്പിച്ച് വേറെവിട്ടിരുന്നു. ഇതിനിടെ ഇളയമകന്‍ ഫിലിപ്പ് സെമിനാരിയിലും, ആലീസ് കോണ്‍വെന്റിലും തോമ്മാച്ചന്‍ ഫാര്‍മസിയില്‍ ഡോക്ടറേറ്റ് എടുക്കുന്നതിന് കര്‍ണ്ണാടകത്തിലെ രാജീവ് ഗാന്ധിയൂണിവേഴ്‌സിറ്റിയിലും കുഞ്ഞുമേരി നേഴ്‌സിങ്ങിനും ചേര്‍ന്നു. ഇത്തരത്തില്‍ ഒരു സാഹചര്യമുണ്ടായപ്പോള്‍ ആ വീടിന്റെ നായക ആയിമാറിയ അമ്മായിയുടെ അവസ്ഥ ചിന്തിക്കുന്നവര്‍ക്ക് ഊഹിക്കാമല്ലോ. തോമ്മാച്ചന്‍ ഡി ഫാം കഴിഞ്ഞ് രാമപുരം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ കംപൗണ്‍ഡറായി ജോലിക്കുംചേര്‍ന്നു. ഈ സാഹചര്യത്തില്‍ അമ്മായി തോമ്മാച്ചനോട് വീടിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. അനുസരണശീലമുള്ള ആ മകന്‍ അമ്മ പറഞ്ഞത് അതേപടി അനുസരിച്ചു. തോമ്മാച്ചന്‍ ജോലി ഉപേക്ഷിച്ച് വീടിന്റെയും കൃഷിസ്ഥലത്തിന്റെയും മാതാപിതാക്കളുടെയും ഉത്തരവാദിത്വം ഏറ്റെടുത്തു. തോമ്മാച്ചന്റെ അനുസരണശീലം ഇന്നത്തെ തലമുറയ്ക്ക് ഒരു മാര്‍ഗ്ഗദര്‍ശകം കൂടിയാണ്. ആര് മാതാപിതാക്കളെ അനുസരിക്കുന്നോ, അവര്‍ക്ക് നിലനില്‍പുണ്ടാവും. എന്റെ അമ്മാവന്‍ പീലിപ്പാപ്പന്‍ വളരെ സാധു ആണെങ്കില്‍ക്കൂടി ആ ഭര്‍ത്താവിനെ മരണംവരെ ഒരു ഭാര്യ എന്ന നിലയ്ക്ക് ശുശ്രൂഷിച്ച ഒരു പുണ്യവതിയായിരുന്നു എന്റെ അമ്മായി എന്നു ഞാന്‍ പറയും.

വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ അമേരിക്കയില്‍ ഇരുന്നുകൊണ്ട് ഇതെഴുതുമ്പോള്‍ എന്റെ അമ്മാവന്റെ ഭാര്യ ആയിരുന്ന അമ്മായിയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ മനസ്സില്‍ ഓടിയെത്തുന്നു. പാലക്കാട്ടുമലയിലെ താഴത്തുരുത്തി പുരയിടത്തില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ മരത്തിന്റെ പൊത്തില്‍ കൈയിട്ട എന്നെ മാരകവിഷമുള്ള 'ഇറുക്കുലി' കടിച്ച് ഞാന്‍ അബോധാവസ്ഥയിലായപ്പോള്‍ എന്നെ ചുമലിലേറ്റി വിഷകാരിയുടെ അടുക്കലേയ്ക്കുകൊണ്ടുപോയ അമ്മായിയെ എങ്ങിനെ എനിക്കു മറക്കാനാവും. ആ അമ്മായിയുടെ എല്ലാമക്കളും, ഒരാള്‍ റവ.ഫാ. ഫിലിപ്പ് കുളങ്ങര പാലാ രൂപതയ്ക്കുവേണ്ടി ഇടവക ഭരണത്തിലാണ്. സിസ്റ്റര്‍ ആലീസ് കുളങ്ങര DBS (ദീന ബന്ധുകുടീര്‍) എന്ന സഭയ്ക്കുവേണ്ടി വടക്കേ ഇന്‍ഡ്യയിലെ ആദിവാസികളുടെ ഇടയില്‍ ജോലി ചെയ്യുന്നു. ലില്ലി, ജോസ് എന്നിവര്‍ വിവാഹിതരമായി കുടുംബകാര്യങ്ങളില്‍ ഏര്‍പ്പെട്ടു കഴിയുന്നു. കുഞ്ഞുമേരി ഇറ്റലിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നു. തോമ്മാച്ചന്‍ കുളങ്ങര തറവാട്ടിന്റെ കാരണവരായി കൃഷിപ്പണിയുടെ മേല്‍നോട്ടവും വിവാഹിതനായി കുഞ്ഞുമക്കളോടൊപ്പം സന്തോഷകരമായി ജീവിക്കുന്നു.

ഇതില്‍ നിന്നും ഞാന്‍ ഒരു പ്രധാനപ്പെട്ട കാര്യം പഠിച്ചു. അതായത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള കുടുംബജീവിതം വിജയകരമാകണമെങ്കില്‍ ഭാര്യ ഭര്‍ത്താവ് എത്ര കഴിവുകെട്ടവന്‍ ആണെങ്കില്‍കൂടി ഭര്‍ത്താവിനെ മാനിക്കണം. ഇതില്‍ നിന്നും ഉദ്ദേശിക്കുന്നത് ഭര്‍ത്താവിന് അടിമ ആയിരിക്കണമെന്നല്ല. അര്‍ഹിക്കുന്ന വിധത്തില്‍ ബഹുമാനിക്കണം. അങ്ങിനെ ചെയ്താല്‍ അതുവഴി കുടുംബജീവിതത്തിലെ ആനന്ദം അനുഭവിക്കാന്‍ കഴിയും. ഇന്നത്തെ മിക്ക ഭാര്യമാരും അവര്‍ കൂടുതല്‍ പണം ഉണ്ടാക്കുന്നവരാണെങ്കില്‍ മറ്റുള്ളവരുടെ മുമ്പില്‍വച്ചുവരെ ഭര്‍ത്താക്കന്മാരെ താഴ്ത്തിക്കെട്ടുന്ന ഒരു പ്രവണത വര്‍ദ്ധിച്ചുവരുന്നതായിക്കാണാം. ചില ഭാര്യമാര്‍ 'എടോ ഞാനാടോ പണിയെടുത്തു കാശുണ്ടാക്കുന്നത്, തന്റെ പണം എവിടെ പോയി, തന്റെ അമ്മയ്ക്കുകൊടുത്തോ' ഇങ്ങിനെയാതൊരു നാണവുമില്ലാതെ പച്ചയ്ക്കു പറയുന്നതു കേള്‍ക്കുമ്പോള്‍ ആ ഭര്‍ത്താവ് എത്ര കരുത്തനാണെങ്കില്‍ കൂടി അയാളുടെ മനസ്സ് കണ്ണാടിച്ചില്ല് ഉടയുന്നതുപോലെ പൊട്ടി മാനസികാവസ്ഥ വികലമാകുമെന്നുള്ള കാര്യം ഇത്തരത്തിലുള്ള പൂതനമാര്‍ അറിയുന്നില്ലേ എന്ന് തോന്നിപ്പോകും. ചിലര്‍ അറിഞ്ഞുകൊണ്ടുതന്നെ മനഃപൂര്‍വ്വം തങ്ങളുടെ ഭര്‍ത്താക്കന്മാരെ ഇടിച്ചുതാഴ്ത്താറുമുണ്ട് എന്ന് എനിക്കു നേരിട്ടനുഭവമുണ്ട്. അനേകം കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞ എനിക്ക് മറ്റുള്ളവര്‍ പറയാതെതന്നെ എനിക്കറിയാവുന്നതാണ്. ഇത്തരക്കാരുടെ കുട്ടികള്‍ നല്ലവരാണെങ്കില്‍കൂടി പില്‍ക്കാലത്ത് ശാപംകിട്ടിയതുപോലെ നാശത്തിലേയ്ക്കുപതിച്ചിട്ടുള്ളതും നേരിട്ടു കണ്ടിട്ടുള്ള വ്യക്തിയാണ് ഞാന്‍.

ചുരുക്കത്തില്‍ ചെറുപ്പക്കാലത്ത് നമുക്ക് മാതാപിതാക്കളില്‍ നിന്നും നല്ല ശിക്ഷണവും, ഉപദേശങ്ങളുംകിട്ടിയിട്ടുണ്ടെങ്കില്‍, അവര്‍ ഏതു മതക്കാരുമായികൊള്ളട്ടെ, അത്തരക്കാരുടെ മക്കള്‍ പില്‍ക്കാലത്ത് മറ്റുള്ളവര്‍ക്കുകൂടി മാതൃകയായി തീര്‍ന്നിട്ടുള്ളതായി കാണാം. അതേസമയം പൊതുവേ ഭര്‍ത്താക്കന്മാരെ മറ്റുള്ളവരുടെ മുമ്പിലും മക്കളുടെ മുമ്പിലും താറടിക്കുന്ന ഭാര്യമാരുടെ മക്കള്‍ പില്‍ക്കാലത്ത് മറ്റുള്ളവര്‍ക്കുകൂടി പാരയായിത്തീരുന്നതായും സമൂഹത്തില്‍ ഉപദ്രവകാരികളായി മാറുന്നതും കാണാന്‍ കഴിയും. ചുരുക്കത്തില്‍ കുളങ്ങര തറവാട് മാതൃക ആക്കാവുന്ന ഒരു നസ്രാണിക്കുടുംബമാണെന്നും, എന്റെ അമ്മയും, വല്ല്യമ്മയും അമ്മായിയുമെല്ലാം, അക്കാരണത്താല്‍ത്തന്നെ ജീവിച്ചിരുന്നപ്പോള്‍ മറ്റുള്ളവര്‍ക്കു പ്രകാശമായി ജീവിച്ചവരാണ് എന്നും അവരുടെ ജീവിതം മറ്റുള്ളവര്‍ക്കു മാതൃക ആക്കാവുന്നതാണെന്നും, അവരുടെ മാതൃക പിന്‍തുടര്‍ന്നവരുടെ കുടുംബങ്ങളും നിലനില്‍ക്കും എന്നും പറഞ്ഞുകൊള്ളട്ടെ.


തുടരും...


Read More: https://www.emalayalee.com/writer/114

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക