Image

പെരുന്നാൾ ഓർമ്മകൾ : അന്നാ പോൾ

Published on 23 October, 2026
പെരുന്നാൾ ഓർമ്മകൾ : അന്നാ പോൾ

കുട്ടിക്കാലത്തിന്റെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ് ഇടവകപ്പള്ളിയിലെ പെരുന്നാൾ.

അതിന്റെ പ്രധാന ഐറ്റം രാത്രിയിലെ ചെറിയ തോതിലുള്ള വെടിക്കെട്ടും പിന്നെ നാടകവും.

ഇടവകയിലെ ആസ്ഥാന കലാകാരന്മാരാണ്

ബേബിച്ചേട്ടൻ

കുട്ടപ്പൻ ചേട്ടൻ

ജോയിച്ചേട്ടൻ ജോണിച്ചേട്ടൻ തുടങ്ങിയവർ.

ഇവരിൽ ജോയിച്ചേട്ടനാണ് സ്ഥിരം സ്ത്രീ വേഷം.

സൗമ്യമായ മുഖഭാവവും തീരെ പതിഞ്ഞ ഒട്ടും മുഴക്കമില്ലാത്ത ശബ്ദവും: വിഷാദം തളം കെട്ടിയ, സ്ത്രൈണത തുളുമ്പുന്ന പുക ചുറ്റിയ കൺതടങ്ങളും സ്ത്രീ വേഷത്തിനു ചേരുന്നതായിരുന്നു. ജോയിച്ചേട്ടന്റെ ഉയരക്കൂടുതൽ ഒരു പ്രശ്നമാവിരുന്നു.

ഭർത്താവായി വേഷമിടുന്ന ബേബിച്ചേട്ടനു ഉയരം അത്രയ്ക്കില്ല.

വേറേ പെണ്ണിനെക്കിട്ടാത്തതു കൊണ്ട് adjust ചെയ്യുന്നു.

ജോയിച്ചേട്ടൻ ഇന്നില്ല. അമ്പതു പോലും തികയ്ക്ക് തെ... പോയി. അമ്മയില്ലാതെ വളർന്നതിന്റെ വ്യസനം എപ്പോഴും ആ മുഖത്തു കാണാമായിരുന്നു.

മുതിർന്നു കഴിഞ്ഞിട്ടും പണിയ്ക്കു ഒന്നും പോകാത്തതിനാൽ അപ്പന്റെ അടിയും ശകാരവും നിത്യവുമുണ്ട്. അടികൊ ണ്ട് ഒരിയ്ക്കൽ വായിൽ നിന്നും ചോര വാർന്ന തു ഓർക്കുന്നു... പഠിക്കാനും മിടുക്കനായിരുന്നില്ല. പാവം....ഡയലോഗ് പകർത്തി എഴുതിക്കൊടുക്കു ന്നത് അഞ്ചാം ക്ലാസ്സുകാരിയായ എൻറെ ജോലിയായിരുന്നു.

പിന്നീട് എത്രയോ കാലങ്ങൾ കഴിഞ്ഞ് ഞാൻ ഖസാക്കിന്റെ ഇതിഹാസം വായിച്ചപ്പോൾ നൈജാമലിയുടെ പുകചുറ്റിയ കണ്ണുകളും സ്ത്രൈണത തുളുമ്പുന്ന ശരീരവും വായനയിൽ കണ്ടുമുട്ടിയപ്പോൾ ഞാൻ ജോയിച്ചേട്ടനെ ഓർത്തു...

പിന്നെ കൊമ്പൻ മീശക്കാരനായ തൊമ്മൻ ചേട്ടൻ .

ചേട്ടനു നാടകത്തിൽ റോളൊന്നുമില്ല. പക്ഷേ റിഹേഴ്സലിനു പുളളി വരും. വരണ്ടാന്നു പറഞ്ഞാൽ പുളിച്ച ചീത്ത കേൾക്കേണ്ടിവരും.

മീശയെന്നു കുട്ടികൾ കളിയാക്കി വിളിക്കും. കേട്ടാൽ ഡോസു കുറഞ്ഞ ചീത്തവിളിക്കും...

വേദിയ്ക്കു പിന്നിലും

മേക്കപ്പിട്ടുന്നിടത്തുമെല്ലാം മീശയുടെ സാന്നിദ്ധ്യം ഉണ്ടാവും... അഞ്ചാറു കൊല്ലങ്ങൾക്കു മുൻപ് തൊമ്മൻ ചേട്ടനും സെമിത്തേരിയി ലേയ്ക്ക് താമസം മാറി.

നാടകം ആ കാലത്തു ഭയങ്കര സംഭവമാ. 60-70 കളിൽപ്പോലും ടൗണിൽ പോലും ഒന്നോ രണ്ടോ തിയേറ്ററുകൾ മാത്രം. ആരെങ്കിലും സിനിമ കണ്ടാൽ അതിന്റെ കഥപറഞ്ഞ് മറ്റുളവരെ കേൾപ്പിയ്ക്കും....കൂട്ടം കൂടിയിരുന്നു കേൾക്കുന്നതു ഒരു സന്തോഷമാ ..

നാടകം മിക്കവാറും ചീറ്റിപ്പോവാറാണ് പതിവ്.

സമയത്തു കർട്ടൻ താഴ്ത്താനാവാത്തതും ഡയലോഗ് തെറ്റിക്കുന്നതുമെല്ലാം പതിവാണ് .

പക്ഷേ ആരും കൂവാനും ബഹളം വെക്കാനും പോകില്ല. പള്ളി മുറ്റമാണെന്നുള്ള ബോധ്യമുണ്ട്. മാത്രമല്ല വികാരിയച്ചൻ ചുറ്റിക്കറങ്ങുന്നുണ്ടാവും.

പെരുന്നാളിന്റെ പ്രധാനഹൈലൈറ്റ് പ്രദക്ഷിണമാണ്.

ബാൻഡു സെറ്റുകാർ സ്ഥിരം പാടുന്ന പാട്ടാണ് " പെണ്ണാളേ പെണ്ണാളേ കരിമീൻ കണ്ണാളേ"...

സ്ഥിരം പാടുന്നത് സിനിമാ ഗാനങ്ങളാണ്. ഭക്തി ഗാനം പാടിയിട്ടുണ്ടോ?.. ഓർക്കുന്നില്ല.

പ്രദക്ഷിണ വഴികളിലെല്ലാം കുരുത്തോല തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടാവും. മെഴുകുതിരികളും മൺചെരാതുകളും കത്തുന്ന സൗമ്യ വെളിച്ചത്തിലൂടെ സാവധാനം നീങ്ങുന്ന പ്രദക്ഷിണം അല്പം അകലെയുള മാതാവിന്റെ കപ്പേള ചുറ്റി തിരികെ എത്തുമ്പോൾ ഇരുട്ടു പരക്കാൻ തുടങ്ങും.

മുത്തുക്കുട പിടിയ്ക്കാൻ ഉന്ത്യം തള്ളും.. ശണ്ഠകളും ഒക്കെ ഉണ്ടാവും.

പക്ഷേ രൂപക്കൂടു ചുമലിലേറ്റാൻ ആരോഗ്യ സ്വാമിമാരുണ്ട്.

അവിടേം മീശേടെ സാന്നിദ്ധ്യം ഉണ്ടാവും.

പക്ഷേ തോളു കൊടുക്കില്ല.

തന്നെയല്ല അച്ചൻ സമ്മതിക്കില്ല. "കള്ളും കുടിച്ചു ചീത്തേം പറഞ്ഞു നടക്കുന്നവരെക്കൊണ്ടു വിശുദ്ധന്മാരെ തൊടിയ്ക്കില്ല.

കൂട്ടത്തിൽ ഏറ്റവും ശാന്തനായ ഔസേപ്പിതാവ് , കൊച്ചുത്രേസ്യാ പുണ്യവതി,

സെബസ്ത്യാനോസ് , ഗീവർഗീസ് വിത്ത് പാമ്പ് ഇവരൊക്കെ പുറത്തിറങ്ങി നാടുകാണുന്ന വർഷത്തിലെ ഒരേ ഒരു ദിവസം അന്നാണ്.

 

പെരുന്നാൾ ഓർമ്മകൾ തുടരുന്നു...2

 

പ്രദക്ഷിണം കാണാനും തിരുസ്വരൂപങ്ങൾ വണങ്ങാനും റോഡിനിരുവശവും , വീടുകൾക്കു മുന്നിലും ആളുകൾ ഭക്തിയോടെ നിൽക്കും. ഇടവകക്കാരുടെ വീടിനു മുന്നിൽ തിരുക്കുടുബ ഫോട്ടോ പൂക്കളും വർണ്ണക്കടലാസുകളും കൊണ്ട് അലങ്കരിച്ച് മെഴുകുതിരി വെളിച്ചവുമായി പ്രദക്ഷിണം കാത്തിരിയ്ക്കും.

ഇത്രയൊന്നും കലുഷിതമല്ലാതിരുന്ന ആ കാലത്ത് ഇടവകക്കാർ മാത്രമല്ല ഇതര മതസ്ഥരും ഭക്തിപൂർവ്വം നിൽപ്പുണ്ടാവും.

എല്ലാ പ്രത്യയ ശാസ്ത്രങ്ങളേക്കാൾ മത ചിന്തകൾക്കുo അപ്പുറം മനസ്സിലും കയ്യിലും മഹത്തായ മാനവസ്നേഹത്തിന്റെ കൊടി പിടിച്ചിരുന്ന നമ്മുടെ പൂവ്വികർ!!

വിദ്യാഭ്യാസവും ലോക പരിചയവും ഒന്നുമില്ലാതിരുന്നവർ...

ഒത്തൊരുമയുടേയും സൗഹാർദ്ദങ്ങളുടേയും ശാദ്വല ഭൂമികകൾ എങ്ങനെ മാഞ്ഞു പോയി? ആരാണു മായ്ച്ചു കളഞ്ഞത്?

നടന്നു തളർന്നു വരുന്ന കുഞ്ഞുങ്ങൾക്ക് നാരങ്ങാ വെള്ളം,: വീട്ടിലുണ്ടാക്കുന്ന വട്ടയപ്പം ഉണ്ണിയപ്പം പോലുള്ള പലഹാരങ്ങൾ ഇടവകക്കാർ മാത്രമല്ല - എല്ലാവരും തരുമായിരുന്നു.

പണ്ടുപണ്ടു ദിനോസറുകൾക്കും മാമത്തുകൾക്കും മുൻപ്

... മാളുകളും Restaurent കളും Resort കളും ഉണ്ടാവുന്നതിനു മുൻപ് ... ആരെങ്കിലും വന്നാലെന്ന് വിചാരിച്ച് ചോറും കറികളും കരുതിയിരുന്ന അമ്മച്ചിമാർ : വഴി നടന്നു തളരുന്നവൻ വെള്ളം ചോദിച്ചാൽ .. തിന്നാനും കുടിക്കാനും കൊടുത്തിരുന്ന ഒരു കാലം....

ദീർഘ ദൂരം നടപ്പിന്റെ കാലം ... ചിലപ്പോൾ ഇരുട്ടായാൽ നടന്നു വീടെത്താനാവത്ത ആൾക്ക് പങ്കിട്ടുനൽകിയിരുന്ന അത്താഴവും തന്റെ കൊച്ചു വിടിന്റെ ഇത്തിരി സ്ഥലവും അന്തിയുറങ്ങാൻ....

മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചിരുന്ന , കരുതിയിരുന്ന ഒരു കാലം.

ഇന്ന് മതിലും ഗേറ്റുംതുറന്ന് വരാനാരുമില്ല... വന്നാൽത്തന്നെ അപരിചിതനെ ഭയമാണ്. സംശയമാണ്... മനുഷ്യൻ മനുഷ്യനെ ഭയക്കുന്ന കാലം!!

ആരുടേയും കുറ്റമല്ല.

ഇങ്ങനെ ഒക്കെ ആയിത്തീർന്നു... ആരാണുത്തരവാദി...മറുപടിയും മറുചോദ്യവുമല്ല വേണ്ടത് ... ആത്മപരിശോധന..''

പ്രദക്ഷിണത്തെക്കുറിച്ച് എഴുതാനിരുന്നിട്ട് ഞാനെന്തൊക്കെയാണ് എഴുതുന്നതു.

ആത്മരോഷങ്ങൾ നിയന്ത്രണം വിട്ട് പുറത്തുചാടി. ക്ഷമിക്കൂ പ്രിയ വായനക്കാരേ.

പരിശുദ്ധ മാതാവിന്റെ കപ്പേള ചുറ്റി - ലദീഞ്ഞ് കഴിഞ്ഞ് പ്രദക്ഷിണം പള്ളിയിലെത്താറായി. കൂട്ടമണി: പിന്നാലെ നാടിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് കുറേ കതിനവെടികൾ... കതിനയ്ക്കു തീ കൊളുത്താൻ വാസു ചേട്ടൻ ഓടി നടക്കുന്നു.

നിമിഷങ്ങൾ കൊണ്ട് പള്ളിയും പരിസരവും പുകയും വെടിയൊച്ചയും കരിമരുന്നു ഗന്ധവും കൊണ്ടു മൂടിക്കഴിഞ്ഞു.

എനിയ്ക്കാണെങ്കിൽ അന്നുമിന്നും ഭയങ്കര പേടിയാ... കണ്ണുകളടച്ച്ചെവിയും പൊത്തിപ്പിടിച്ച് ശ്വാസമാക്കി മരണവെപ്രാളം കാട്ടുന്ന എന്നെക്കണ്ടു കൂട്ടുകാരികൾ ചിരിയ്ക്കും അവരെല്ലാം കമ്പക്കെട്ടിൽ കമ്പക്കാരാണ്. അതിന്റെ സന്തോഷം കെടുത്തുന്ന എന്നെ എല്ലാരും ചേർന്ന് വഴക്കു പറയും.

മേരി: പ്രിയ ചങ്ങാതി കന്യാസ്ത്രിയായ് റോമിലാണ് കുഞ്ഞുഞ്ഞമ്മ മിഷനറി കന്യാസ്ത്രീ : ഒരിയ്ക്കൽ കണ്ടപ്പോൾ നാഗാലാന്റിലാണെന്നു പറഞ്ഞു.

പിന്നെ തെയ്യാമ ചേച്ചി ആലീസ് എത്സമ്മ ലിസി ലാലി ജയമ്മ സുന്ദരിയായ ആലീസു ചേച്ചി കൂട്ടത്തിൽ റൗഡിയായ ഏലമ്മ ചേച്ചി. നല്ല തമാശക്കാരിയാണ് നല്ല ധൈര്യവും.. അഞ്ച് ആങ്ങളമാർക്കൊപ്പം വളർന്നതുകൊണ്ടാവാം .നല്ല തന്റേടം.

സ്ക്കൂളിലും ഞങ്ങൾ ഒരുമിച്ചാണ് പോക്കും വരവും ഒരിയ്ക്കൽ ചേച്ചിയുടെ നേതൃത്വത്തിൽ ഒരു സ്ഥിരം ശല്യക്കാരനെ "ഷോമാൻ,... ഞങ്ങൾ കല്ലെറിഞ്ഞു ഓടിച്ചു. ടാറിടാത്ത റോഡിലാണോ കല്ലുകൾക്ക് പഞ്ഞം... വാരി തുരുതുരാ എറിഞ്ഞു....അയാൾ പിന്നെ ഒരിയ്ക്കലും ആ നാട്ടിലേ കണ്ടില്ല.

ഞങ്ങടെ ആദ്യത്തെ പ്രതിരോധ o വിജയിച്ചു

ചേച്ചിയെ ഒരിയ്ക്കൽക്കണ്ടിരുന്നു ആ തമാശകളാക്കെ തീർന്നിട്ടില്ല...

ചേച്ചീ എന്തുണ്ടുവിശേഷം? ഞാൻ

ചേച്ചി... പ്രേമമാടീ കൊച്ചേ... ങേ...

എ ടീ പ്രമേഹമാണെന്ന് - ഷുഗറേ പണ്ടാരം പിടിച്ച അസുഖം

ആ ചിരിയും തമാശയും എല്ലാം കേട്ടും കണ്ടും ഞാൻ പഴയ കുഞ്ഞുമോളായി നിൽക്കേ ചേച്ചിയ്ക്കുള്ള വണ്ടി വന്നു...

പിന്നെ എനിയ്ക്കും വണ്ടി കിട്ടി... രണ്ടു ദിശകളിലേയ്ക്ക്...

പഴയ കൂട്ടുകാർ എന്നെപ്പോലെ ഓർക്കുന്നുണ്ടാവുമോ ഇതൊക്കെ

അവരുടെ ഉള്ളിലെ സ്നേഹക്കലുകൾ അണഞ്ഞു കാണുമോ? കാലമെത്ര കഴിഞ്ഞിരിക്കുന്നു.

ആറു പതിറ്റാണ്ടുകൾ ഓടിപ്പോയ പോലെ... അന്നത്തെ കൗമാരക്കാരികൾ - വാർദ്ധക്യത്തെ ഭയപ്പെട്ടു തുടങ്ങി...

പലരും പറിച്ചുനടപ്പെട്ടതു ദൂരെ ദൂരെയാണ്.

പെണ്ണിന്റെ ജീവിതം പറിച്ചു നടലാണ്. ജനിച്ച വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേയ്ക്ക് .. പിന്നെ ജീവിതം മുഴുവൻ അവിടെ . അതിനിടയിൽ എന്തെല്ലാം... ചിലർക്ക് ലോട്ടറി അടിക്കും ... ചിലർക്ക് ... 

എന്നാലും ഭർത്താവു o കുഞ്ഞുങ്ങളും .. കുടുംബ ജീവിതം എത്ര മഹത്തരമാണ്.

പഴയ കൂട്ടുകാരെക്കുറിച്ചു പറഞ്ഞുപറഞ്ഞു എഴുത്തു നീണ്ടുപോയി. പ്രദക്ഷിണ വിശേഷത്തിന്റെ ഹൈലൈറ്റ് . ..

തുടരും ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക