
സംസ്ഥാന സ്‌ക്കൂള്‍ കായിക മേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്ട് നടക്കും. അത്‌ലറ്റിക്‌സ് ഉള്‍പ്പെടെ 13 സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ മത്സരമുണ്ട്. ദേശീയ സ്‌ക്കൂള്‍ ഗെയിംസില്‍ ചില ഇനങ്ങള്‍ നേരത്തെ നടക്കുന്നതിനാള്‍ അവയുടെ സംസ്ഥാന മത്സരങ്ങള്‍ പൂര്‍ത്തിയായി. ക്രിക്കറ്റ്, ഫുട്‌ബോള്‍ ഒക്കെ ഇതില്‍ ഉള്‍പ്പെടും. ആകെ 27 ഇനങ്ങള്‍ പൂര്‍ത്തിയായി.
നീന്തല്‍ മത്സരങ്ങള്‍ ഭാഗിഗമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
സംസ്ഥാന സ്കൂൾ കായികമേളയ്ക്കൊപ്പം ഭിന്നശേഷിക്കാര്‍ക്കായുള്ള ഇന്‍ക്‌ളൂസീവ് മത്സരങ്ങളും നടക്കും. ഗള്‍ഫിള്‍ നിന്ന് 48 വിദ്യാര്‍ത്ഥികള്‍ മത്സരിക്കും. ദീപശിഖയേന്തിയ ആനക്കുട്ടി "കുട്ടു" വാണ് ഭാഗ്യചിഹ്നം.
ആകര്‍ഷക ഇനമായ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റിക്‌സ് എന്‍.ഐ.ടിയിലാണ് നടക്കുക. അധികം അകലെയല്ലാതെയാണ് മറ്റുവേദികള്‍. എല്ലാ വര്‍ഷവും സംസ്ഥാന സ്‌ക്കൂള്‍ കായികമേളയ്ക്കു മുന്നോടിയായി ജില്ലാ സ്‌ക്കൂള്‍ മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ കായികാധ്യാപകരുടെ പ്രതിഷേധവും സമരവുമൊക്കെ പതിവാണ്. അതിനു കാരണവുമുണ്ട്. സംസ്ഥാനത്ത് ഏറ്റവും അധികം അവഗണന നേരിടുന്നവരാണ് സ്‌ക്കൂള്‍ കായികാധ്യാപകര്‍. കേരളത്തില്‍ സ്‌ക്കൂളുകളില്‍ കായികാധ്യാപകരുടെ കുറവ് ഏറെക്കാലമായുണ്ട്. തുല്യവേതനത്തിനായും അവര്‍ അപേക്ഷിക്കുന്നു. 2017 മുതല്‍ കായികാധ്യാപക സംഘടനകള്‍ പ്രതിഷേധിക്കുന്നെങ്കിലും ഫലം കണ്ടിട്ടില്ല. ലോവര്‍ പ്രൈമറിയിലെ ഏഴു ലക്ഷത്തോളം കുട്ടികള്‍ക്കും ഹയര്‍ സെക്കന്‍ഡറിയിലെ എട്ടുലക്ഷത്തോളം കുട്ടികള്‍ക്കും കായികാധ്യാപകരില്ല. കഴിഞ്ഞ വര്‍ഷത്തെ കണക്ക് അനുസരിച്ച് ഏതാണ്ട് 1400 കായികാധ്യാപകര്‍ മാത്രമാണ് സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍ ഉള്ളത്.
കൂടുതല്‍ കായികാധ്യാപകരെ നിയമിക്കുമെന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ പ്രസ്താവിച്ചത് അടുത്തകാലത്ത് കായികരംഗത്തുനിന്നുകേട്ട ഏററവും സന്തോഷകരമായ വാര്‍ത്തയാണ്. അതിനി എന്ന് എന്നു മാത്രമാണ് അറിയുവാനുള്ളത്. അഞ്ചു മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ആരോഗ്യ കായികവിദ്യാഭ്യാസം സംബന്ധിച്ച പാഠപ്പുസ്തകങ്ങളും പരീക്ഷയുമുണ്ട്. പഠിപ്പിക്കാന്‍ അധ്യാപകര്‍ക്കാണു ക്ഷാമം.
ഒരു വശത്ത് നല്ല സൂചനകള്‍ കാണുമ്പോള്‍ ഇത്തവണ വേറിട്ട വെല്ലുവിളികളാണ് ഉയരുന്നത്. അവ പുതിയതെന്നു പറയാനാവില്ല. പക്ഷേ, ഇത്തവണ ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാണ്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പലരും മത്സരിക്കുന്നു എന്നതാണ് ഒരു ആരോപണം. പ്രത്യേകിച്ച് ഇതരസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെ സ്‌ക്കൂളുകളില്‍ ചേര്‍ന്നു കായികപരിശീലനം നടത്തുന്നവര്‍. പലരും കഴിഞ്ഞ വര്‍ഷങ്ങളില്‍ പിടിക്കപ്പെട്ടു. ഇത്തവണ ജില്ലാ മത്സരങ്ങളില്‍ തന്നെ ചിലരുടെ പ്രായം ചോദ്യം ചെയ്യപ്പെട്ടു.
മറ്റൊന്ന് ഉത്തേജകമരുന്നുകള്‍ സ്‌ക്കൂള്‍ തലങ്ങളിലും ഉപയോഗിക്കപ്പെടുന്നു എന്നതാണ്. കായികാധ്യാപകരുടെയോ പരിശീലകരുടെയോ അറിവില്ലാതെ ഇതു സംഭവിക്കില്ല എന്നു വിശ്വസിക്കുന്നവരാണ് ഏറെയും. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി കൗമാര താരങ്ങളുടെ ആരോഗ്യവും ഭാവിയുമാണ് ഇക്കൂട്ടര്‍ നശിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ കര്‍ശന നടപടിവേണം. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം
സംസ്ഥാന സ്‌ക്കൂള്‍ കായികമേള നാളെയുടെ വാഗ്ദാനങ്ങളെ കണ്ടെത്താനുള്ള ആദ്യ വേദിയാണ്. അവിടെ മാറ്റുരയ്ക്കല്‍ കുറ്റമറ്റതാകണം; സുതാര്യമായിരിക്കണം. ഇവിടെ വ്യാജന്മാര്‍ കടന്നുവരുവാന്‍ യാതൊരു കാരണവശാലും അനുവദിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ കായിക കേരളത്തിന്റെ ഭാവിയാണ് ഇരുട്ടിലാകുക. ഇപ്പോള്‍ തന്നെ കായികരംഗത്ത് കേരളം പിന്നാക്കം പോയിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം എല്ലാവരും മനസ്സിലാക്കണം.