Image

ചരിത്രത്തിനു കാവൽക്കാരായ കൽമതിലുകൾ (കുഞ്ഞൂസ്)

Published on 23 October, 2026
ചരിത്രത്തിനു കാവൽക്കാരായ കൽമതിലുകൾ (കുഞ്ഞൂസ്)

ഒരു ദീർഘയാത്രയ്ക്കിടെ പോകേണ്ട സ്ഥലങ്ങളുടെ പട്ടികയിലെ ഒരിടമായിരുന്നു  ഗ്ലെൻഗറിയിലെ സെന്റ് റാഫേൽസ് പള്ളി.

ദൂരെ നിന്നു കാണുമ്പോൾ അതൊരു പഴയ കെട്ടിടത്തിന്റെ അസ്ഥികൂടമാണെന്ന് തോന്നി. മേൽക്കൂരയില്ലാത്ത കൽമതിലുകൾ... ആകാശത്തേക്ക് തുറന്നുകിടക്കുന്ന ജനാലകൾ... ചുറ്റും പരന്ന നിശ്ശബ്ദത... അതായിരുന്നു സെന്റ് റാഫേൽസ് പള്ളി.

പക്ഷേ, ആ നിശ്ശബ്ദതയ്ക്കുള്ളിൽ ഒരു ചരിത്രമുണ്ടായിരുന്നു.

സെന്റ് ലോറൻസ് നദിയിൽ നിന്ന് പിന്നിലേക്കു എണ്ണിയാൽ ഏഴാമത്  'കൺസെഷൻ' ഭൂവിഭജന മേഖലയിലെ, മുൻപ് ഷാർലറ്റൻബർഗ് ടൗൺഷിപ്പ് എന്നും ഇന്ന് സൗത്ത് ഗ്ലെൻഗറി എന്നും അറിയപ്പെടുന്ന പ്രദേശത്താണ് സെന്റ് റാഫേൽസ് പള്ളി സ്ഥിതി ചെയ്യുന്നത്.

1786-ൽ അപ്പർ കാനഡയുടെ കിഴക്കേ അറ്റത്ത് കുടിയേറിയ ഗാലിക് ഭാഷ സംസാരിക്കുന്ന സ്കോട്ടിഷ് കത്തോലിക്കാ ഹൈലാൻഡർമാരുടെ ആത്മീയകേന്ദ്രമായാണ് സെന്റ് റാഫേൽസിന്റെ കഥ ആരംഭിക്കുന്നത്. പിന്നീട് അപ്പർ കാനഡയിലെ റോമൻ കത്തോലിക്കാ ബിഷപ്പായ വികാർ ജനറൽ അലക്സാണ്ടർ മക്ഡോണലിന്റെ നേതൃത്വത്തിൽ ഈ വലിയ കൽപള്ളിയുടെ നിർമ്മാണം ആരംഭിച്ചു. കുറച്ചുകാലം അപ്പർ കാനഡയിലെ റോമൻ കത്തോലിക്കാ സഭയുടെ ഭരണസിരാകേന്ദ്രമായും പ്രവർത്തിച്ച സെന്റ് റാഫേൽസ്, ഇന്ന് ഒന്റാറിയോയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന കത്തോലിക്കരുടെ ആദ്യകാല പള്ളിയായും (founding church) അംഗീകരിക്കപ്പെടുന്നു.

ആ ചരിത്രത്തിലേക്കാണ് 1970-ൽ തീ പടർന്നു കേറിയത്.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ തീ ഈ ദേവാലയത്തിന്റെ മേൽക്കൂരയും അകത്തളങ്ങളും മരനിർമ്മിതികളും വിഴുങ്ങിക്കളഞ്ഞു. തീയുടെ താണ്ഡവം അവസാനിച്ചപ്പോൾ അവശേഷിച്ചത് ചുട്ടുപഴുത്ത കൽമതിലുകൾ മാത്രം.

പുറത്തെ ചരിത്രപ്പലകയിൽ നിന്ന് വായിച്ചറിഞ്ഞ വിവരങ്ങളുടെ നൊമ്പരവുമായി ആ നിശ്ശബ്ദതയിലേക്കു മെല്ലെ നടന്നുകയറി.

വാതിൽക്കൽ, തീപിടിത്തത്തിൽ ഉരുകിപ്പോയ പള്ളിമണിയുടെ അവശേഷിപ്പുകൾ സൂക്ഷിച്ചുവെച്ചിരിക്കുന്നു. അതിലേക്ക് നോക്കി നിന്നപ്പോൾ, ഒരുകാലത്ത് ആ പ്രദേശത്തെ ജനങ്ങളെ പ്രാർത്ഥനയ്ക്കും ആഘോഷങ്ങൾക്കും ദുഃഖവാർത്തകൾക്കും ഒരുപോലെ വിളിച്ചുണർത്തിയിരുന്ന ആ ഗംഭീര മണിനാദമാണ് മനസ്സിലേക്കെത്തിയത്. തീയിൽ ഉരുകിപ്പോയ ശേഷവും ആ മണി ഉപേക്ഷിക്കാതെ സൂക്ഷിച്ചുവെച്ച അവരുടെ ആദരവിനെ കണ്ടപ്പോൾ, അതിന്റെ കയറിൽ പിടിച്ചു വലിച്ചിരുന്ന കപ്യാരെയും ഞാൻ ഓർത്തുപോയി.  ആ മണിയുടെ ശബ്ദം നാട്ടുകാർ കേൾക്കാറുണ്ടായിരുന്നത് അദ്ദേഹത്തിന്റെ കൈകളിലൂടെയായിരിക്കുമല്ലോ...

വിശാലമായ ഒരു നാടകശാലയെ ഓർമ്മിപ്പിക്കുന്ന, എന്നാൽ കുരിശിന്റെ ആകൃതിയിൽ രൂപകൽപ്പന ചെയ്ത ആ ദേവാലയത്തിനകത്തേക്ക് ഞങ്ങൾ മെല്ലെ നടന്നു കയറി. പള്ളിയുടെ മേൽക്കൂരയെ തീ വിഴുങ്ങിയപ്പോൾ ആകാശം തന്റെ ചിറകു വിടർത്തി അതിന്റെ മേൽക്കൂരയായി.  കാറ്റ് ചുട്ടു പഴുത്ത കൽമതിലുകൾക്ക് ആശ്വാസമായി...  

ഞങ്ങൾ എത്തുമ്പോൾ പടിഞ്ഞാറോട്ട് ചായുന്ന സൂര്യവെളിച്ചം കൽമതിലുകൾക്കിടയിലൂടെ അകത്തേക്ക് കൈനീട്ടുന്നുണ്ടായിരുന്നു. കാലം നിശ്ചലമാക്കിയ പള്ളിയെ തന്റെ ചിത്രപ്പലകയാക്കി, അനേകം ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു....  നിശ്ശബ്ദതയെ കൂട്ടുപിടിച്ച് വെളിച്ചം വരച്ച ആ നിഴൽച്ചിത്രങ്ങൾക്ക് കാലം മൗനസാക്ഷിയായി...

അൾത്താരയ്ക്കു പിന്നിലെ പടിക്കെട്ടുകൾ ഇറങ്ങി ചെല്ലുമ്പോൾ, ഒരു ചെറിയ അഴികളിട്ട വാതിലാണ്. അടഞ്ഞു കിടക്കുന്ന ആ വാതിലിനപ്പുറത്തു സെമിത്തേരിയുടെ ഒരു ഭാഗമാണ് കാണുക. അഴികളിലൂടെ ഒരു ചെറു കാറ്റ് ഞങ്ങളെ തഴുകി മെല്ലെ കടന്നു പോയി. പോയ കാലത്തിൽ നിന്നാരോ കാറ്റായി കഥ പറയാൻ എത്തിയതാണോ എന്നൊരു നിമിഷം തോന്നി!

പള്ളിയിൽ നിന്നു പുറത്തിറങ്ങിയാൽ  ഇടതുവശത്തും പിന്നിലുമായി സെമിത്തേരി നീണ്ടു പരന്നു കിടക്കുന്നു. അതിൽ നിറയെ ഒരു കാലഘട്ടത്തിന്റെ കഥകളും പേറി ഉറങ്ങുന്ന മനുഷ്യർ... മറ്റൊരു നൂറ്റാണ്ടിൽ നിന്നെത്തിയ ഞങ്ങൾ, അവർക്കു മുന്നിൽ നിശബ്ദരായി നിന്നു...

തൊട്ടപ്പുറത്തെ ചോളപ്പാടങ്ങൾക്കു മുകളിലൂടെ ഒരു പറ്റം കിളികൾ പറന്നകലുന്നു... സായന്തന സൂര്യൻ അസ്തമിക്കാൻ തയ്യാറെടുക്കുന്നു...  

ഇന്ന് ഈ കൽമതിലുകൾ ഒരു തകർന്ന ദേവാലയത്തിന്റെ അവശിഷ്ടങ്ങളല്ല, മറിച്ച്  കാലത്തെ അതിജീവിച്ച ഒരു ചരിത്രത്തിന്റെ നിശ്ശബ്ദ സാക്ഷികളാണ്.തീയിൽ കരിഞ്ഞ  പള്ളി പൊളിച്ചു മാറ്റാതെ സംരക്ഷിച്ച, വരും തലമുറയ്ക്കു ചരിത്രം വായിച്ചറിയാനായി സംരക്ഷിച്ച ആ സമൂഹത്തോട് മനസ്സിൽ നന്ദി പറഞ്ഞുകൊണ്ടാണ് ഞങ്ങൾ അവിടെ നിന്നിറങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക