
(ഫ്റെഡെറിക്കോ ഗാർസിയ ലോർക്ക എന്ന വിശ്രുത സ്പാനിഷ് കവി (1898-1936) സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിന്റെ തുടക്കത്തിൽ, ജനറൽ ഫ്രാങ്കോയുടെ ആജ്ഞപ്രകാരം മുപ്പത്തെട്ടാം വയസ്സിൽ വധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഒരു കവിതയാണ് 'ദി റൈഡേഴ്സ് സോങ്ങ്'. ലോർക്കയുടെ ഏറ്റവും നല്ലതെന്ന് പറയുന്ന കവിതകളിൽ ഒരു പക്ഷെ ഇത് പെടുത്തപ്പെടുകയില്ലെങ്കിലും ലോർക്കയുടെ ജീവിതം അവസാനിച്ചതെങ്ങിനെയെന്ന് ഓർക്കുമ്പോൾ ഇത് നമ്മെ കൂടുതൽ സ്പർശിക്കുന്നു.)
കൊർഡൊബ
അകലെ, തനിയെ
കറമ്പൻ കുതിര, പൂർണ്ണ ചന്ദ്രൻ,
ജീനിസ്സഞ്ചിയിൽ ഒലീവുകൾ,
വഴിയറിയാമെങ്കിലും എത്തുകയില്ല
ഞാൻ ഒരിക്കലും കൊർഡൊബയിൽ.
സമതലത്തിലൂടെ കാറ്റിലൂടെ;
കറമ്പൻ കുതിര, ചുവന്ന ചന്ദ്രൻ.
മൃത്യു എന്നെ കാത്തിരിക്കുന്നു,
കൊർഡൊബയിലെ കോട്ടകളിൽ.
കൊർഡൊബ
അങ്ങകലെ, തനിയെ.
ഇതെത്ര നീണ്ട വഴി!
ഹാ, എന്റെ ധീരൻ കുതിര!
ഹാ, കൊർഡൊബയിൽ എത്തും മുൻപേ
എന്നെ കാത്തുനില്ക്കുന്ന മൃത്യു!