
മനുഷ്യരും
ജീവജാലങ്ങളും
സസ്യങ്ങളും
വൃക്ഷലതാദികളും
മരങ്ങളുമില്ലാത്ത കാലത്ത്,
രാവിലെ എണീറ്റ്
പല്ലുതേച്ചു കുളിച്ചു
മുടിചീകിവെക്കുമ്പോൾ;
ദൈവവീടിന്റെ മുറ്റത്ത്
ദൈവം ഒരു കളിപ്പാട്ടം പോലെ
പ്രപഞ്ചത്തെ ഉരുട്ടിക്കളിക്കുന്നത്,
അത്ഭുതത്തോടെ നോക്കിനിന്നു-
കാലം.
പിന്നീടെപ്പോഴോ
ദൈവം വളർന്നു ചെറുതായി,
പ്രപഞ്ചത്തിനപ്പുറത്തുള്ള
ദൈവമുറ്റത്തെ കസേരയിലിരുന്ന്
പ്രപഞ്ചം ഉരുട്ടിയും കോട്ടിയും പരത്തിയും,
ജീവന്റെ വിത്തുകൾ
ഓരോന്നോരോന്നായി വാരിവിതറി
സന്തോഷവാനാകുന്നതും;
കാലം വളർന്നു വലുതായപ്പോൾ
കണ്ടുനിന്നു.
വസന്തം വന്ന്
പലതരം പൂക്കൾ വിരിഞ്ഞ്,
പുള്ളിച്ചിറകുകളുള്ള പൂമ്പാറ്റകൾ
പാറിക്കളിക്കുമ്പോൾ;
ദൈവം കാലത്തെ വിളിച്ചുണർത്തി
ഭൂമിയുടെ ആകാശത്തിലേക്ക് പറഞ്ഞുവിട്ടു.
ആകാശത്തെത്തിയ കാലം,
നൂറ്റാണ്ടുകളേറെയെടുത്ത്
മഴമേഘങ്ങളുമായി കൂട്ടുചേർന്ന്
ഭൂമിയെ നനച്ചുവളർത്തി;
മുടിനരച്ചു പല്ലുപോയി
ദൈവം വരാത്ത ഭൂമിയിൽ,
വെറുതെ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
കൂടെ ആമേൻ പറയാൻ,
ഇപ്പോൾ ഭൂമിയും മഴമേഘങ്ങളും
ഞാനുമുണ്ട്.
_____________