
കണ്ണൂർ: സിപിഎമ്മുമായി പിപി ദിവ്യ അകലുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബുദ്ധന്റെ ചങ്ങാട കഥ ഉദ്ധരിച്ച് വൈകാരികവും ദാർശനികവുമായ കുറിപ്പാണ് ദിവ്യ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. ‘എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതല്ല ജീവിതം, വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകം കൂടിയാണ് ജീവിതം’ എന്ന വരികളിലൂടെയുള്ള കുറിപ്പ് ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്.
‘ഓരോ ജീവിതത്തിനും പറയാൻ ഒരു കഥയുണ്ട്… ഓരോ കഥയിലും തിരിച്ചറിയാൻ ഒരു സത്യവും’ എന്ന് തുടങ്ങുന്ന കുറിപ്പിൽ, ജീവിതയാത്രയിൽ ചില മനുഷ്യരെയും ശീലങ്ങളെയും ബന്ധങ്ങളെയും കൃത്യമായ സമയത്ത് യാത്രയാക്കേണ്ടതുണ്ടെന്ന് ദിവ്യ ഓർമിപ്പിക്കുന്നു. നദികടക്കാൻ സഹായിച്ച ചങ്ങാടം പിന്നീട് തലയിലേറ്റി നടക്കുന്നത് ശരിയാണോ എന്ന് ബുദ്ധൻ ശിഷ്യന്മാരോട് ചോദിച്ച കഥയാണ് കുറിപ്പിൽ പ്രധാനമായും പരാമർശിക്കുന്നത്.
ഒരിക്കല്‍ ശരിയെന്ന് തോന്നിയത് എക്കാലവും ശരിയാകണമെന്നില്ല. മറുകരയിലെത്താന്‍ സഹായിച്ചതിനെ ജീവിതകാലം മുഴുന്‍ ചുമന്ന് നടക്കേണ്ടതില്ലെന്നും അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ലെന്നും പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നീതി വൈകും പക്ഷെ, സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ലെന്നും പിപി ദിവ്യ കുറിപ്പില്‍ പറയുന്നു. 'ചില അനുഭവങ്ങള്‍ നമ്മെ തകര്‍ക്കാനല്ല, കൂടുതല്‍ കരുത്തുള്ളവരാക്കാനായിരിക്കാം. ചില വേര്‍പിരിയലുകള്‍ നഷ്ടങ്ങളല്ല; പുതിയ വഴികളിലേക്കുള്ള തുടക്കങ്ങളായിരിക്കാം. എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതല്ല ജീവിതം; വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകം കൂടിയാണ് ജീവിതം' ദിവ്യ കുറിപ്പില്‍ പറയുന്നു.
ഇതേസമയം 'അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം പോരല്ലോ'യെന്ന് പി പി ദിവ്യയുമായി ബന്ധപ്പെട്ട ചോദ്യത്തോട് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പ്രതികരിച്ചു . സിപിഎമ്മുമായി അകലുന്നുവെന്ന സൂചന നല്‍കി പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് മറുപടിയായാണ് കൃഷ്ണദാസിന്റെ പ്രതികരണം. പിപി ദിവ്യ അവരുടെ നിലപാട് വ്യക്തമാക്കുമ്പോള്‍ ബിജെപി പാര്‍ട്ടിയുടെ നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു
ദിവ്യയുടെ കുറിപ്പ്
ഓരോ ജീവിതത്തിനും പറയാൻ ഒരു കഥയുണ്ട്…
ഓരോ കഥയിലും തിരിച്ചറിയാൻ ഒരു സത്യവും.
ജീവിതത്തിന്റെ ഏതോ വഴിത്തിരിവിൽ കണ്ടുമുട്ടിയ മനുഷ്യർ… കടന്നുപോയ സാഹചര്യങ്ങൾ… ഹൃദയത്തിൽ മായാതെ കിടക്കുന്ന ചില ഓർമ്മകൾ… കാലം മായ്ച്ചുകളയാത്ത ചില മുറിവുകൾ… ഇതെല്ലാം മനസ്സിൽ അവശേഷിപ്പിച്ച ചിന്തകളുണ്ട്.
ചില അനുഭവങ്ങൾ ചിരിയുടെ പൂക്കാലം സമ്മാനിച്ചു. ചിലത് കണ്ണീരിന്റെ നനവുള്ള ഓർമ്മകളായി മാറി. മറ്റു ചിലത് മനുഷ്യരെ തിരിച്ചറിയാനും ബന്ധങ്ങളുടെ ആഴം അളക്കാനും സത്യത്തിന്റെയും നീതിയുടെയും വില മനസ്സിലാക്കാനും പഠിപ്പിച്ചു.
അങ്ങനെയിരിക്കെ, അടുത്തിടെ വായിച്ച ഒരു കഥ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ബുദ്ധൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞതായി കേട്ടിട്ടുള്ള ഒരു കഥ…
ഒരു മനുഷ്യൻ യാത്രയ്ക്കിടയിൽ ആഴമേറിയ ഒരു നദിക്കരയിലെത്തി. മറുകരയിലെത്താൻ പാലമില്ല, വള്ളമില്ല, സഹായിക്കാൻ ആരുമില്ല. ഒടുവിൽ അവിടെക്കണ്ട മരത്തടികളും കമ്പുകളും ചേർത്ത് അയാൾ ഒരു ചങ്ങാടമുണ്ടാക്കി. പ്രതിബന്ധങ്ങളെ അതിജീവിച്ച് സുരക്ഷിതമായി മറുകരയിലെത്തി.
തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച ആ ചങ്ങാടത്തോട് അയാൾക്ക് വല്ലാത്ത നന്ദി തോന്നി. അതിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ, ഇനി എവിടെപ്പോയാലും ചങ്ങാടം കൂടെ കൊണ്ടുപോകാൻ അയാൾ തീരുമാനിച്ചു. അങ്ങനെ, യാത്ര സുഗമമാക്കിയ ആ ചങ്ങാടം തലയിലേറ്റി അയാൾ വീണ്ടും യാത്ര തുടർന്നു.
കഥ പറഞ്ഞുതീർത്ത ബുദ്ധൻ ശിഷ്യന്മാരോട് ചോദിച്ചു:
“അയാൾ ചെയ്യുന്നത് ശരിയാണോ?”
ശിഷ്യന്മാർ ഒരേ സ്വരത്തിൽ പറഞ്ഞു: “അല്ല.”
ഒന്ന് ആലോചിച്ചുനോക്കൂ… നമ്മുടെ ജീവിതത്തിലും ഇങ്ങനെയുള്ള ചില ചങ്ങാടങ്ങളില്ലേ?
ഒരിക്കൽ നമ്മെ ചേർത്തുപിടിച്ച ചില ബന്ധങ്ങൾ ഇന്ന് നമ്മെ വേദനിപ്പിക്കുന്നുണ്ടാകാം. ഒരുകാലത്ത് തുണയായിരുന്ന ചില ശീലങ്ങൾ ഇന്ന് നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകുന്നുണ്ടാകാം. ഒരിക്കൽ നമുക്ക് ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ല.
ചിലതിനോട് നാം നന്ദിയുള്ളവരായിരിക്കണം… ചിലതിനെ സ്നേഹത്തോടെ യാത്രയാക്കണം.
നമ്മെ ഒരു കരയിൽനിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; മറിച്ച്, ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്.
ജീവിതത്തിലും അങ്ങനെതന്നെ… ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരു പാഠം പഠിപ്പിക്കാനായിരിക്കാം. ചില അനുഭവങ്ങൾ നമ്മെ തകർക്കാനല്ല, കൂടുതൽ കരുത്തുള്ളവരാക്കാനായിരിക്കാം. ചില വേർപിരിയലുകൾ നഷ്ടങ്ങളല്ല; പുതിയ വഴികളിലേക്കുള്ള തുടക്കങ്ങളായിരിക്കാം.
എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതല്ല ജീവിതം; വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകം കൂടിയാണ് ജീവിതം.
ഇതേസമയം 'സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഒരാളെ മാത്രമല്ല, നിരവധി പേരെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കന്‍മാര്‍ക്കും അതിനകത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ? അതേപോലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്കും നേതാക്കന്‍മാര്‍ക്കും അതിനകത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമോ?. രണ്ട് പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകരെയും നേതാക്കളെയും പ്രതീക്ഷിക്കന്നുണ്ട്. ഞങ്ങളുടെ വാതിലുകള്‍ ഇപ്പോള്‍ തുറന്നിട്ടിരിക്കുകയാണ്. അവര്‍ നിലപാട് വ്യക്തമാക്കുന്നതിനനുസരിച്ച് തങ്ങളും നിലപാട് വ്യക്തമാക്കും'- പികെ കൃഷ്ണദാസ് പറഞ്ഞു