
അതിർത്തി കടന്നുള്ള വൻതോതിലുള്ള മയക്കുമരുന്ന് കടത്തിന് സുരക്ഷാ ഏജൻസികളുടെ പരിശോധന ശക്തമായതോടെ ഇന്ത്യയിൽത്തന്നെ മയക്കുമരുന്ന് നിർമാണം വ്യാപിപ്പിക്കാൻ മെക്സിക്കൻ മയക്കുമരുന്ന് സംഘങ്ങൾ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഡൽഹിയിലും നോയിഡയിലും വാടകവീടുകൾ രഹസ്യ നിർമാണകേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നതായി അധികൃതർ അറിയിച്ചു.
മെക്സിക്കോയിലെ ശക്തവും അക്രമപ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധവുമായ ‘കാർട്ടൽ ഡി ജാലിസ്കോ ന്യൂ ജനറേഷൻ’ (CJNG) സംഘമാണ് ഇന്ത്യയിൽ പ്രാദേശികമായി മയക്കുമരുന്ന് നിർമാണം നടത്താൻ നീക്കം നടത്തുന്നതെന്നാണ് വിവരം. ഇന്ത്യയിലുള്ള സംഘാംഗങ്ങളോട് വാടകവീടുകൾ കണ്ടെത്തി അവ രഹസ്യ നിർമാണകേന്ദ്രങ്ങളാക്കി മാറ്റാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഇന്ത്യയെ വലിയ മയക്കുമരുന്ന് വിപണിയായാണ് സംഘം കാണുന്നത്. ഇന്ത്യൻ ഏജൻസികൾ നടത്തിയ നിരവധി വൻ മയക്കുമരുന്ന് വേട്ടകൾക്കു പിന്നാലെ, വലിയ ചരക്കുകൾ അതിർത്തി കടത്തിക്കൊണ്ടുവരുന്നതിലെ അപകടസാധ്യത കുറയ്ക്കുകയാണ് പ്രാദേശിക നിർമാണത്തിലൂടെ ലക്ഷ്യമിടുന്നത്.
നിർമാണകേന്ദ്രങ്ങൾ ഒരുക്കുന്നതിനുള്ള പണം മെക്സിക്കോയിൽനിന്ന് ക്രിപ്റ്റോകറൻസി വഴി ദുബായിലേക്ക് കൈമാറുകയും തുടർന്ന് ഹവാല ഇടപാടുകളിലൂടെ ഇന്ത്യയിലെത്തിക്കുകയും ചെയ്യുന്നതായാണ് അധികൃതർ നൽകുന്ന വിവരം. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ വീടുകൾ വാടകയ്ക്കെടുത്ത് പ്രവർത്തനം നടത്തുന്നത് അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനാണെന്നും റിപ്പോർട്ടിൽ പറയുന്നു.
രഹസ്യ നിർമാണകേന്ദ്രങ്ങൾ പരിസ്ഥിതിക്കും ഭീഷണിയാണ്. നിർമാണത്തിനിടെ ഉണ്ടാകുന്ന രാസമാലിന്യങ്ങൾ സംസ്കരിക്കാതെ പുറന്തള്ളുന്നത് അഴുക്കുചാലുകൾ, ജലാശയങ്ങൾ, മണ്ണ് എന്നിവ മലിനമാക്കാൻ ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയിലെ മയക്കുമരുന്ന് വിപണിയിൽ മെക്സിക്കൻ കാർട്ടലുകൾ താരതമ്യേന പുതിയ സാന്നിധ്യമാണ്. സിന്തറ്റിക് മയക്കുമരുന്നുകളുടെ നിർമാണത്തിന് ആവശ്യമായ രാസവസ്തുക്കൾക്കായി ആദ്യഘട്ടത്തിൽ ചൈനയെ ആശ്രയിച്ചിരുന്ന സംഘങ്ങൾ, ഫെന്റനൈൽ, മെത്താംഫെറ്റമിൻ എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കർശനമായതോടെ ഇന്ത്യയിലേക്ക് പ്രവർത്തനം മാറ്റിയതായാണ് അധികൃതർ പറയുന്നത്.
ന്യൂഡൽഹിയുടെയും ഗ്രേറ്റർ നോയിഡയുടെയും പരിസരങ്ങളിലാണ് ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. മുംബൈയിലും സംഘത്തിന് ബന്ധങ്ങളുണ്ടെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.