
സാന്‍ ഹോസെ , കാലിഫോര്‍ണിയ : ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ ട്രോഫി യും ലൂക്കാച്ചന്‍ മെമ്മോറിയല്‍ ട്രോഫി യും ഈ വര്‍ഷം കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി ദേശീയ ചാമ്പ്യന്മാരായി. പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് നു ഇത് അഭിമാന നിമിഷം . വ്യക്തിഗത ബഹുമതികളായ എം വി പി , ബെസ് റ്റ് സെറ്റെര്‍ , ബെസ് റ്റ് ഒഫന്‍സീവ് പ്ലയെര്‍ , ബെസ് റ്റ് ഡിഫന്‍സീവ് പ്ലയെര്‍ എന്നിവയും ബ്ലാസ്റ്റേഴ്സ് അംഗങ്ങള്‍ക്ക് ലഭിച്ചു.
ക്ലബ്ബിന്റെ പത്ത് വര്‍ഷത്തെ പ്രയാണത്തെക്കുറിച്ച് പ്രസിഡന്റ് ആന്റണി ഇല്ലിക്കാട്ടില്‍ തന്റെ വികാര നിര്‍ഭരമായ പ്രസംഗത്തില്‍ വിവരിച്ചു. വോളിബോളിലൂടെ യുവതലമുറയെ വളര്‍ത്തിയെടുക്കുക എന്ന ലളിതമായ ലക്ഷ്യത്തോടെയാണ് ഈ സംഘടന ആരംഭിച്ചതെന്ന് ഇല്ലിക്കാട്ടില്‍ പറഞ്ഞു. ഒരു സാധാരണ സ്വപ്നത്തില്‍ നിന്നും തുടങ്ങി, യുവപ്രതിഭകളെ വളര്‍ത്തിയെടുക്കുന്ന മുന്‍നിര ക്ലബ്ബായും കമ്മ്യൂണിറ്റിയുടെ അഭിമാനമായും മാറിയ ക്ലബ്ബിന്റെ വളര്‍ച്ചയെ അദ്ദേഹം പ്രസംഗത്തില്‍ അനുസ്മരിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ കൊച്ചുകുട്ടികള്‍ മുതല്‍ കോളേജ് കളിക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും വരെ തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ ക്ലബ്ബ് മികച്ച അവസരങ്ങള്‍ നല്‍കി. ക്ലബ്ബിന്റെ പത്ത് വര്‍ഷത്തെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയെയും ഈ വര്‍ഷത്തെ മികച്ച കായിക നേട്ടങ്ങളെയും അഭിനന്ദിച്ചു.
ഈ ചരിത്രപരമായ വിജയങ്ങള്‍ സാധ്യമാക്കാന്‍ ഒപ്പം നിന്ന കളിക്കാര്‍ക്കും പരിശീലകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇല്ലിക്കാട്ടില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇവ കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സിന്റെ മാത്രം നേട്ടങ്ങളല്ല; മറിച്ച് നമ്മുടെ മുഴുവന്‍ സമൂഹത്തിന്റെയും നേട്ടങ്ങളാണ്,' സ്‌പോണ്‍സര്‍മാര്‍ക്കും വോളന്റിയര്‍മാര്‍ക്കും കമ്മ്യൂണിറ്റിക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

ഈ ചരിത്രപ്രധാനമായ സീസണിനു ശേഷം പുതിയ നേതൃത്വം ചുമതലയേറ്റു. പ്രസിഡന്റ് കായേല്‍ തെക്കേക്ക്, വൈസ് പ്രസിഡന്റ് സൈമണ്‍ ഇല്ലിക്കാട്ടില്‍, ചെയര്‍മാന്‍ പ്രേമ തെക്കെക്, സെക്രട്ടറി രാജു വര്‍ഗീസ് ട്രഷറര്‍ ബിജു മാത്യു എന്നിവരുടെ നേത്ര്യത്വത്തില്‍ ഇനിയും ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കുതിക്കും. പുതിയ ബോര്‍ഡ് അംഗങ്ങളെയും മുന്‍ പ്രസിഡന്റ് ആന്റണി ഇല്ലിക്കാട്ടില്‍ അഭിനന്ദിച്ചു. ക്ലബ്ബിന്റെ ഒരുമയും യുവപ്രതിഭകളെ വളര്‍ത്തുക എന്ന പ്രധാന ലക്ഷ്യവും കാത്തുസൂക്ഷിച്ചുകൊണ്ട്, പുതിയ ആശയങ്ങളോടെയും ഊര്‍ജ്ജത്തോടെയും ക്ലബ്ബിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ പുതിയ ടീമിന് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് എന്നത് വെറുമൊരു വോളിബോള്‍ ക്ലബ്ബ് മാത്രമല്ല. അത് ഒരു കുടുംബമാണ്, ഒരു കമ്മ്യൂണിറ്റിയാണ്, നമ്മള്‍ ഒന്നിച്ച് പടുത്തുയര്‍ത്തിയ ഒരു പാരമ്പര്യമാണ്. ഞാന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറുകയായിരിക്കാം, എന്നാല്‍ കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ഞാന്‍ ഒരിക്കലും അകന്നുപോകില്ല,'' കളിക്കാര്‍ക്കും പുതിയ നേതൃത്വത്തിനും തന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കിക്കൊണ്ട് ഇല്ലിക്കാട്ടില്‍ വ്യക്തമാക്കി. ആന്റണി ഇല്ലിക്കാട്ടില്‍ , ടോം വടുതല , ടോമി പഴയംപിള്ളി, ജോസ്‌കുട്ടി മഠത്തില്‍, ബിജു പുളിക്കല്‍ എന്നിവരായിരുന്നു ഇതുവരെ ബ്ലാസ്റ്റേഴ്സ് ക്ലബ് നു ചുക്കാന്‍ പിടിച്ചവര്‍.
വിജയികളെയും സ്പോണ്‍സര്‍ മാരെയും ആദരിക്കുന്ന ചടങ്ങില്‍ വിവിധ മലയാളി സംഘടനകളി ലെ നേതാക്കന്മാര്‍ സന്നിഹിതരായിരുന്നു . സുനില്‍ വര്‍ഗീസ് , പത്മപ്രിയ പാലോട്ട്, മേരീദാസന്‍ ജോസഫ്, ജോണ്‍ പോള്‍ വര്‍ക്കി, നൗഫല്‍ കാച്ചപ്പിള്ളി , ഗോപകുമാര്‍, സുജിത് എന്നീ ഒട്ടനവധി നേതാക്കന്മാര്‍ ചടങ്ങില്‍ പങ്കെടുത്തു. ഏവരും ക്ലബിന് എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തു ആശംസകള്‍ അര്‍പ്പിച്ചു.