Image

വീട്ടുകാര്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ ഓസ്‌ട്രേലിയയില്‍നിന്നെത്തി, സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ അപകടം; കൃപയെ മരണം തട്ടിയെടുത്തത് പിറന്നാള്‍ തലേന്ന്

Published on 22 October, 2026
 വീട്ടുകാര്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ ഓസ്‌ട്രേലിയയില്‍നിന്നെത്തി, സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ അപകടം; കൃപയെ മരണം തട്ടിയെടുത്തത് പിറന്നാള്‍ തലേന്ന്

പാമ്പാടി: നവംബര്‍ 22-ന് കൃപയുടെ 25-ാം പിറന്നാള്‍ ദിനമാണ്. എന്നാല്‍, പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ കൃപ മടങ്ങി. ഓസ്ട്രേലിയയില്‍ എം.എ. സൈക്കോളജിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി കൃപ. എ.സി.സി.എ. പഠനം വിജയകരമായി പൂര്‍ത്തിയാക്കി ആഷ്‌ലി. ഇരുവരും ഉറ്റ സുഹൃത്തുക്കള്‍. മരണത്തിലും അവര്‍ തനിച്ചായില്ല. അവധിക്കായി ഓസ്‌ട്രേലിയയില്‍നിന്ന് വീട്ടുകാര്‍ക്കായി സര്‍പ്രൈസായി സഹോദരനൊപ്പം നാട്ടിലെത്തിയ കൃപ, പ്രിയസുഹൃത്തായ ആഷ്‌ലിയെയും കൂട്ടി സ്‌കൂട്ടറില്‍ യാത്ര ചെയ്യവെയാണ് ഇരുവരെയും മരണം കവര്‍ന്നത്. സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞുനിന്ന രണ്ട് യുവജീവിതങ്ങള്‍ ഒരു നിമിഷംകൊണ്ട് പൊലിഞ്ഞുപോയതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും നാടും.


കൃപയുടെ ഓസ്‌ട്രേലിയയിലുള്ള സഹോദരന്‍ നാട്ടില്‍ പോരുവാന്‍ ടിക്കറ്റ് എടുത്തപ്പോള്‍ കൃപയും ഒപ്പം പോന്നതാണ്. രണ്ട് ദിവസമായി സുഹൃത്തുക്കള്‍ ഒരുമിച്ച് യാത്രയില്‍ ആയിരുന്നു. കൃപ നാട്ടിലെത്തിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. കൂട്ടുകാരി ആഷ്‌ലിക്കൊപ്പം മറ്റൊരു കൂട്ടുകാരിയെ കാണാന്‍ പുറപ്പെട്ടതായിരുന്നു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. കൂട്ടുകാരികള്‍ ഒന്നിച്ചുള്ള യാത്ര അവസാനയാത്രയായി മാറിയത് ആര്‍ക്കും വിശ്വസിക്കാനായിട്ടില്ല. നാടിന്റെ മുഴുവന്‍ പ്രതീക്ഷകളുമായി പറന്നുയരാന്‍ തയ്യാറെടുത്ത രണ്ട് യുവജീവിതങ്ങളുടെ അവിചാരിത വിയോഗം ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.


പാമ്പാടി ബ്ലോസം വാലി ചൈല്‍ഡ് ഡിവലപ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കടവുംഭാഗത്തിന്റെ മകള്‍ കൃപ മെറിന്‍ കുര്യാക്കോസ് (24), വട്ടക്കാവുങ്കല്‍ വി.വി. തോമസിന്റെ മകള്‍ ആഷ്ലി ആന്‍ തോമസ് (25) എന്നിവരാണ് മരിച്ചത്.പാമ്പാടി ഭാഗത്തുനിന്ന് സുഹൃത്തായ ആഷ്ലിയുടെ സ്‌കൂട്ടറില്‍ കാനത്തുള്ള കൂട്ടുകാരിയെ കാണാന്‍ പോകുന്നതിനിടയിലാണ് അപകടം. റോഡില്‍ സംസാരിച്ചുകൊണ്ടിരുന്ന കാല്‍നടയാത്രക്കാരെ ഇടിക്കാതിരിക്കാന്‍ മുന്‍പേപോയ കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് പിന്നാലെ എത്തിയ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

നിയന്ത്രണംവിട്ട് മറിഞ്ഞ സ്‌കൂട്ടറും യാത്രക്കാരും കട്ടപ്പന തങ്കമണി റൂട്ടിലോടുകയായിരുന്ന 'സി.എം.എസ്' ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മണര്‍കാട് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

കൃപയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ ഏഴിന് വീട്ടിലെത്തിക്കും. അമ്മ: അനിത കുര്യന്‍, മണര്‍കാട് തൊട്ടിയില്‍ കുടുംബാംഗം. സഹോദരന്‍: കിരണ്‍ ജേക്കബ് കുര്യന്‍ (ഓസ്‌ട്രേലിയ). സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് കടവുംഭാഗം സെയ്ന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍. ആഷ്ലി ആന്‍ തോമസിന്റെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് വീട്ടിലെത്തിക്കും. അമ്മ: മേരി തോമസ്. സഹോദരന്‍: ആല്‍വിന്‍ വി. തോമസ്. സംസ്‌കാരം വെള്ളിയാഴ്ച 10.30-ന് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം മീനടം സെയ്ന്റ് ജോര്‍ജ് (ഉണക്കപ്ലാവ്) ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക