
ന്യൂഡൽഹി: അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. എപ്സ്റ്റീനുമായി പുരി സ്വകാര്യ കൂടിക്കാഴ്‌ച നടത്തിയെന്ന ആരോപണവും ഇരുവരും ഒരുമിച്ചുള്ളതെന്ന് അവകാശപ്പെടുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതുമാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. കോൺഗ്രസ്, മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) തുടങ്ങിയ പാർട്ടികളിലെ നേതാക്കളാണ് വിഷയത്തിൽ ചോദ്യങ്ങളുമായി രംഗത്തെത്തിയത്.
എപ്സ്റ്റീനുമായി തനിക്ക് സ്വതന്ത്രമായോ സ്വകാര്യമായോ കൂടിക്കാഴ്‌ചകളുണ്ടായിട്ടില്ലെന്ന പുരിയുടെ മുൻ പ്രസ്‌താവനകളെ പ്രതിപക്ഷ നേതാക്കൾ ചോദ്യം ചെയ്‌തു. പ്രചരിക്കുന്ന ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി വിശദീകരണം നൽകണമെന്നാണ് ഇവരുടെ ആവശ്യം.
ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്താണ് ഹർദീപ് സിങ് പുരിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. എപ്സ്റ്റീനുമായി പുരി കൂടിക്കാഴ്‌ച നടത്തിയതിൻ്റെ ഉദ്ദേശ്യം എന്താണെന്നും ആരുടെ സന്ദേശവുമായാണ് അദ്ദേഹം എത്തിയതെന്നും റാവുത്ത് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടിയാണോ മന്ത്രി സന്ദേശം കൈമാറിയതെന്നും അദ്ദേഹം സംശയം ഉന്നയിച്ചു.
വിഷയം രാജ്യത്തുടനീളം ചർച്ച ചെയ്യപ്പെടുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും റാവുത്ത് അവകാശപ്പെട്ടു. എക്‌സിലുടെയായിരുന്നു അദ്ദേഹം കേന്ദ്രമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്. മോദി സർക്കാരിലെ ഒരു മന്ത്രി എപ്സ്റ്റീനുമായി ഒറ്റയ്ക്ക് കൂടിക്കാഴ്‌ച നടത്തിയെന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ, കൂടിക്കാഴ്‌ചയുടെ ലക്ഷ്യവും അതിൻ്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും വ്യക്തമാക്കണമെന്നാണ് റാവുത്തിൻ്റെ നിലപാട്.
എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നതോടെ പുരിയുടെ മുൻ വിശദീകരണങ്ങൾ വീണ്ടും ചർച്ചയാകുകയാണെന്നും റാവുത്ത് പറഞ്ഞു. പുരിയും എപ്സ്റ്റീനും ഒരുമിച്ചുള്ളതായി അവകാശപ്പെടുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും അവയിൽ മേശപ്പുറത്ത് ഗ്ലാസുകളും മറ്റ് വസ്‌തുക്കളും കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.