
ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം തടഞ്ഞ് സുപ്രീംകോടതി. ഒറ്റ ദിവസം കൊണ്ട് എഫ്‌ഐആര്‍ ഇട്ടു, ഇത്ര അടിയന്തര പ്രാധാന്യം എന്തെന്ന് ജസ്റ്റീസ് മോഹന ചോദിച്ചു. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി, ഹര്‍ജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.
ഹൈക്കോടതിയുടെ ഭാഗത്തുനിന്ന്പിഴവുണ്ടായിട്ടുണ്ടെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പരസ്പര വിരുദ്ധ കാര്യങ്ങളാണുള്ളതെന്നുംജസ്റ്റിസ് ജോയ് മാല ബാഗ്ചി ചൂണ്ടിക്കാട്ടി. ഇ.ഡിയ്ക്കും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.അധികാര പരിധി കടക്കരുത് എന്ന് ഇ.ഡിയോട് സുപ്രീം കോടതി വ്യക്തമാക്കി.
വിജിലന്‍സ് കേസെടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയന്‍, ടി. വീണ, റിയാസ് ഉള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കുകയായിരുന്നു. ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി. മോഹ്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ പിണറായിയുടെ അറസ്റ്റിന് സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂതറ ചൂണ്ടിക്കാട്ടിയിരുന്നു. പിണറായി വിജയന് 82 വയസ്സ് ആയെന്നും അതിനാല്‍ ഇന്നുതന്നെ കേസ് പരിഗണിച്ച് ഇടക്കാല സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എല്ലാ ബെഞ്ചുകളിലും കേസുകളുടെ ബാഹുല്യം ആണെന്നും, അതിനാല്‍ അടുത്ത ആഴ്ച പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഈ അപ്പീലുകളില്‍ വാദം കേള്‍ക്കുന്ന കാര്യം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു.
സി.എം.ആര്‍.എല്‍.-എക്‌സലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ കേരള ഹൈക്കോടതിയുടെ വിധി ഉണ്ടായത് വ്യാഴാഴ്ചയാണ്. ഇതിനെതിരെ വെള്ളിയാഴ്ച പുലര്‍ച്ചെ 1.34-ന് ആണ് പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ഇ.ഡി. കൈമാറിയ വിവരങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പര്യാപ്തമല്ല, ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാന്‍ ആകില്ല, സി.എം.ആര്‍.എല്ലിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നതിനായി പണം ലഭിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍, എന്ത് ആനുകൂല്യമാണ് നല്‍കിയതെന്ന് വ്യക്തമാക്കുന്നില്ല. ആരാണ് ഈ
ആനുകൂല്യം ആവശ്യപ്പെട്ടത്, എപ്പോഴാണ് അത് നല്‍കിയത്, ഏതെങ്കിലും പണമിടപാടുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയില്‍ പിണറായി വിജയനും മറ്റ് ഹര്‍ജിക്കാരും ഉന്നയിച്ച പ്രധാന വാദങ്ങള്‍.