
തങ്ങളകപ്പെട്ട ലോകപാപങ്ങൾ കഴുത്തറ്റം വളർന്ന് ശ്വാസം മുട്ടിച്ചപ്പോഴാണ് ചാക്കുടുത്തും ചാരം പൂശിയും അവർ പ്രായശ്ചിത്തത്തിനൊരുങ്ങിയത്. അതിനായവർ അത്തണുപ്പുകാലത്തും പുറത്തെ കൂടാരത്തിലേക്കെത്തി. അവിടെനിറഞ്ഞ ആത്മീയാഗ്നിയിലവർ ദൈവത്തെ സ്‌തുതിച്ചും സ്തോത്രങ്ങൾ പാടിയും മണിക്കൂറുകൾ പ്രാർത്ഥനാ നിരതരായി. പരുപരുത്ത കൂടാരച്ചരലിൽ മുട്ടിന്മേൽനിന്ന് കൈകൾ വിരിച്ചുയർത്തി പാപങ്ങൾ പൊറുക്കണേയെന്നും യുദ്ധങ്ങൾക്കറുതി വരുത്തണേയെന്നും പ്രാർത്ഥിച്ചു.
പുറത്തെ തണുപ്പിലും അവർക്കൊട്ടും തണുത്തതേയില്ല.
എങ്കിലും പതിയെപ്പതിയെ എല്ലാവർക്കും വിശന്നു തുടങ്ങി. എന്നാൽ ഇനിയും ഭക്ഷണം എത്തിയില്ലെന്ന സത്യം നടത്തിപ്പുകാരനായ ഞാൻ പോലും അന്നേരം മാത്രമാണോർത്തത്. പാചകക്കാരെ വിളിച്ചപ്പോൾ ഒരു ജോലിക്കാരൻ ഭക്ഷണവുമായി പുറപ്പെട്ടിട്ടുണ്ട്, ഒരു പക്ഷേ ട്രാഫിക്കിൽ പെട്ടതാവാം എന്നറിഞ്ഞു. പിന്നീടു വിളിച്ചപ്പൊഴൊന്നും അയാളെ കിട്ടിയതുമില്ല. ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം ശേഖരത്തിലുണ്ടായിരുന്ന മിച്ച ഭക്ഷണവും, ഉപ്പിലിട്ടതും, പങ്കുവച്ച് വിശപ്പകറ്റി. കൂട്ടത്തിൽ ഉണങ്ങിയ പഴങ്ങളും പരിപ്പുകളും തുണയായി. ആ പങ്കുവയ്ക്കലും ദൈവ കൃപയെന്നറിഞ്ഞ് വീണ്ടുമവർ ദൈവത്തെ സ്‌തുതിച്ച് അവരവരുടെ വീടുകളിലേക്കുപോയി
അടിച്ചുവാരലും തൂത്തുതുടയ്‌ക്കലും കഴിഞ്ഞ് കൂടാരവാതിൽ അടയ്ക്കാനൊരുങ്ങവെയാണ് വാതിലിൽ ഒരു പതിഞ്ഞ മുട്ടുകേട്ടത്. എത്തി നോക്കിയപ്പോൾ തണുത്തു വിറച്ച് ഒരു പയ്യൻ. പാതിതുറന്ന വാതിലിലൂടെ അവനൊപ്പം വറുത്ത എണ്ണയുടെയും കറിക്കൂട്ടുകളുടെയും മണവും അകത്തുകടന്നു.
"ഐ...ആം …സോറി, ഐ…ഫെയ്ൽഡ് റ്റു ബ്രിങ് ഇറ്റ് ഓൺ ടൈം … ഐ..ആം സോ സോറി". അവൻ ഒരു പ്രാർത്ഥനപോലെ വിരലുകൾ കോർത്തുപിടിച്ചിരുന്നു. "ഐ വാസ് ലോസ്റ്റ് ആൻഡ് വാസ് വാൻഡറിങ്…..ഐ ആം റിയലി സോറി.." ആ വാക്കുകളുടെ തടസ്സവും ആക്‌സെന്റും “ഞാനൊരു പുതിയ കുടിയേറ്റക്കാരനാണ്” എന്നുറക്കെപ്പറഞ്ഞു.
ഞാനവനെ ഒന്നുനോക്കുകപോലും ചെയ്യാതെ ചോദിച്ചു :
"ദെൻ, വൈ ഡിഡിന്റ് യു കോൾ മി"?
ഭക്ഷണം നേരത്തു കിട്ടാത്തതിലെ അനിഷ്ട്ടം ഞാൻ പ്രായശ്ചിത്തമായി വിട്ടുകളഞ്ഞെങ്കിലും അവന്റെ ന്യായംപറച്ചിൽ എനിക്കത്ര സമ്മതമായില്ല. ആ സംശയം എന്റെ സ്വരത്തിലും ഉണ്ടായിരുന്നു.
“മൈ ഫോൺ ഡിഡിന്റ് വർക്ക്. ഐ വാസ് വാൻഡറിങ് ഫോർ ആൾമോസ്റ്റ് ടു അവേഴ്‌സ്. അവനേതാണ്ട് കരച്ചിലിന്റെ വക്കിലെത്തി പിന്നെയും സോറി പറയുക മാത്രം ചെയ്തു.
“എനിക്കിനിയീ ഭക്ഷണം ആവശ്യമില്ല. ഇതു കൊണ്ട് നിനക്കിഷ്ടമുള്ളതു ചെയ്യാം. ഞാനീ കൂടാരം സൂക്ഷിപ്പുകരൻ മാത്രമാണ്.” എന്നുഞാൻ കയ്യൊഴിഞ്ഞു.
അപ്പഴേക്കും തണുപ്പും കൂടിവന്നു.
ഇനി ഇതെന്നെ ബാധിക്കുന്ന കാര്യമല്ലാന്ന് ഞാൻ ഒരിക്കൽക്കൂടി വ്യക്തമാക്കി: “സോറി, നൗ ഐ ഹാവ് ടു ക്ലോസ് ദി ടെന്റ് ആൻഡ് ഐ ആം ഹെഡിങ് ഹോം”.
ഞാൻ ധൃതിയിൽ പുറത്തിറങ്ങി കൂടാരത്തിന്റെ വാതിലുകൾ വലിച്ചു ചേർത്തുകെട്ടി. അപ്പഴും അവനങ്ങനെ കൈവിരലുകൾ കോർത്തുപിടിച്ച് എനിക്കരികെ നിൽക്കയാണ്. പെട്ടന്ന് ഞാനാ കാലുകൾ കണ്ടു. തവിട്ടുനിറത്തിലുള്ള ചതഞ്ഞ ചെരിപ്പിന്റെ വാറുകൾക്കിടയിലൂടെ പുറത്തേക്കു തള്ളിനിൽക്കുന്ന വിരലുകൾ. ഒരു മിന്നൽപോലെ എന്റെ കാൽവിരലുകളിലൂടെ വല്ലാത്തൊരു തണുപ്പരിച്ചുകയറി. ഞാൻ കാലുകളിളക്കി.
ഒരിക്കൽ തണുപ്പിന്റെ ചില്ലുകൾ തുളച്ചുകയറിയ കാൽവിരലുകൾ “ഞങ്ങൾക്കു തണുക്കുന്നു” എന്നെന്നോടുകരഞ്ഞു. വഴിതെറ്റി ഞാനലഞ്ഞ ഇടങ്ങൾ ഞങ്ങളിവിടുണ്ടെന്നോർമ്മപ്പെടുത്തി. കൈപ്പത്തികൾ കോർത്തുപിടിച്ച് ഞാനെന്നെ ശാസിച്ചതും ശക്തനാക്കിയതും ഞാനോർത്തു.
ടാക്‌സിക്കാലങ്ങളിലെ നെഞ്ചിടിപ്പുകൾ ഞാൻ വീണ്ടുമറിഞ്ഞു!
"ഡോണ്ട് വറി. എനിവേ ഐ ആം നോട്ട് ഇൻ എ റഷ്.
ആഫ്റ്റർ ഓൾ, വൈ ഡു ഐ ഹാവ് ടു റഷ്"!
എനിക്ക് എയർപോർട്ടിലേക്കുള്ള വഴിതെറ്റി, ഫ്ലൈറ്റ് നഷ്ട്ടമായ വൃദ്ധയുടെ അറിവിന്റെ വാക്കുകൾ.
അവരോടു കൂലി വാങ്ങാൻ വിസമ്മതിച്ചപ്പോൾ, തന്റെ പാടചൂടിയ കണ്ണുകൾകൊണ്ടെന്റെ ചതഞ്ഞ ചെരിപ്പിന്റെ വിടവിലൊളിച്ച കാൽവിരലുകളെ കനിവോടെ നോക്കി അവർ തന്ന അധിക തുക. അതിപ്പൊഴും ഒരു നിധിപോലെ എന്റെ ഓർമ്മകളിലുണ്ട്.
ഒരേപോലെ നിസ്സഹായരും അസ്വസ്ഥരുമായ രണ്ടുപേർ.
ഞാനവന്റെ പുറത്തുതട്ടിപ്പറഞ്ഞു.
“ഇറ്റ് ഈസ് ഓക്കെ. യു ഗോ ബാക് നൗ.
ഐ വിൽ ടോക്ക് ടു യുവർ മാനേജർ റ്റുമോറോ.
എനിവേ, സംടൈംസ് വി ഡോണ്ട് ഗെറ്റ് ഗുഡ് റിസപ്ഷൻ ഇൻ ദിസ് ഏരിയ"
മരവിച്ചുനിന്ന അവന്റെ മുഖത്തേക്ക് ഞാനാദ്യമായി നോക്കി. ദൈവമേ.. ഇത്രനേരവും ഞാനാ കണ്ണുകളിൽ നോക്കിയിരുന്നില്ലല്ലോ എന്നെതെന്നെ ഭയപ്പെടുത്തി.
“ഓക്കേ, ഗുഡ് നൈറ്റ്. ഐ വിൽ ടേക്ക് കേർ ഓഫ് ഇറ്റ്" എന്നുപറഞ്ഞ് ഞാൻ വീടിന്റെ ചൂടിലേക്ക് രക്ഷപ്പെട്ടപ്പോഴും പുറത്ത് അവന്റെ വണ്ടിയുടെ വെളിച്ചം എനിക്ക് കാണാമായിരുന്നു.
ഞാൻ വിശുദ്ധ പുസ്‌തകം നിവർത്തി വായന തുടങ്ങി.
അതിനിടയിലും “ദൈവമേ, അവന് ഇനിയും വഴി തെറ്റുമോ? എന്നൊരു ചിന്ത എന്റെ വായനയെ തടയുകയാണ്.
ആ നിസ്സഹായതയിൽ ഞാൻ പതിവുപോലെ പ്രായോഗികതയുടെ ഗുരുവായി.
“അല്ലെങ്കിലും ഏതു ശരി? ഏതു തെറ്റ്? ഞാൻ വെറുമൊരു കൂടാരസൂക്ഷിപ്പുകാരൻ മാത്രം” എന്നൊരു നിസ്സംഗതയിൽ പുസ്‌തകമടച്ച്, വെളിച്ചം കെടുത്തി കണ്ണുകളടച്ചു.
എന്നാൽ എനിക്കുറങ്ങാൻ കഴിഞ്ഞില്ല.
"ഡോണ്ട് വറി....ആഫ്റ്റർ ഓൾ, വൈ ഡു ഐ ഹാവ് ടു റഷ്". ഫ്ലൈറ്റ് നഷ്ട്ടമായ വൃദ്ധയുടെ അറിവിന്റെ വാക്കുകൾ!!
പതിഞ്ഞ ഇടിമുഴക്കംപോലെ അതെന്നെ തൊട്ടുതൊട്ടുവിളിക്കുന്നു.
എനിക്കതു കേൾക്കാതിരിക്കാനായില്ല.
ഞാൻ ഗുരുവചനങ്ങൾ മറന്നു. ഇതാണു ശരിയെന്നറിഞ്ഞ് നാളത്തേയ്ക്കാക്കാതെ ആ പാതിരാത്രയിൽത്തന്നെ ഫോണെടുത്തു!