
ഒരു ദശാബ്ദത്തിലേറെയായി ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) അതിന്റെ ശക്തമായ പ്രചാരണ സംവിധാനവും രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താനും ഇന്ത്യൻ രാഷ്ട്രീയത്തിൽ അപ്രസക്തനാക്കാനും സാധ്യമായതെല്ലാം ചെയ്തു. അദ്ദേഹത്തെ ‘പപ്പു’ എന്നു വിളിച്ചു, പ്രസംഗങ്ങളെ പരിഹസിച്ചു, ബുദ്ധിശക്തിയെ ചോദ്യം ചെയ്തു. 150 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ നയിക്കാൻ കഴിവില്ലാത്ത വ്യക്തിയായി അദ്ദേഹത്തെ ചിത്രീകരിക്കാൻ എല്ലാ വഴികളും നോക്കി. ദേശീയ മാധ്യമങ്ങളുടെ വലിയൊരു വിഭാഗം ഈ പ്രചാരണത്തിന് കൂട്ടുനിൽക്കുകയും നിരന്തരമായ പരിഹാസങ്ങൾക്കും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും അദ്ദേഹത്തെ ഇരയാക്കുകയും ചെയ്തു. എന്നാൽ, രാഹുൽ ഗാന്ധി അത്ര എളുപ്പത്തിൽ തളർന്നുപോകുന്ന വ്യക്തിയല്ലെന്ന കാര്യം അവർ മനസ്സിലാക്കിയില്ല. തിരഞ്ഞെടുപ്പുകളിലെ പരാജയങ്ങളും രാഷ്ട്രീയ അപമാനങ്ങളും നിയമനടപടികളിലൂടെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടായിട്ടും അദ്ദേഹം കീഴടങ്ങാൻ തയ്യാറായില്ല. ഇന്ന്, രാഷ്ട്രീയമായി തകർക്കാൻ അവർ ഇത്രയധികം ശ്രമിച്ച അതേ വ്യക്തി, മോഡി ഭരണകൂടത്തെ ശക്തമായി ചോദ്യം ചെയ്യുന്ന ഏറ്റവും വിശ്വാസ്യതയുള്ള ശബ്ദങ്ങളിലൊന്നായി ഉയർന്നുവരികയാണ്. രാഹുൽ ഗാന്ധി മാറിയതുകൊണ്ടു മാത്രമല്ല ഈ മാറ്റം ശ്രദ്ധേയമാകുന്നത്. അദ്ദേഹം ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളിലെ സത്യം കൂടുതൽ ഇന്ത്യക്കാർ ഇപ്പോൾ തിരിച്ചറിയാൻ തുടങ്ങുന്നതുകൊണ്ടുകൂടിയാണ്.
സ്വന്തം പാർട്ടിക്കുള്ളിലെ നേതാക്കൾ ഉൾപ്പെടെ പലരുടെയും ധൈര്യം നഷ്ടപ്പെട്ടതുപോലെ തോന്നിയ സാഹചര്യത്തിലും ഉറച്ച നിലപാടിൽ നിന്ന രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചേ മതിയാകൂ. നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ബിജെപിയുടെ രാഷ്ട്രീയ യന്ത്രം തിരഞ്ഞെടുപ്പ് വിജയങ്ങളുടെയും വലിയ സാമ്പത്തിക വിഭവങ്ങളുടെയും ചോദ്യം ചെയ്യപ്പെടാത്ത മാധ്യമ പിന്തുണയുടെയും കരുത്തിൽ മുന്നേറുമ്പോഴും രാഹുൽ ഗാന്ധി സർക്കാരിന്റെ നയങ്ങളെയും വർധിച്ചുവരുന്ന ഏകാധിപത്യ പ്രവണതകളെയും വിമർശിച്ചുകൊണ്ടിരുന്നു. സ്ഥാപിത രാഷ്ട്രീയ സംവിധാനത്തിനെതിരായ ഒറ്റയാൾ പോരാട്ടമാണ് അദ്ദേഹം നടത്തുന്നതെന്ന് തോന്നിയ സന്ദർഭങ്ങൾ പോലുമുണ്ടായിരുന്നു. നിരവധി കോൺഗ്രസ് നേതാക്കൾ സർക്കാരിനെ പരസ്യമായി നേരിടാൻ മടിച്ചപ്പോൾ മറ്റുചിലർ രാഷ്ട്രീയ ഒത്തുതീർപ്പുകളിലൂടെയോ പാർട്ടി വിട്ടുപോകുന്നതിലൂടെയോ എളുപ്പവഴി തിരഞ്ഞെടുത്തു. എന്നാൽ, രാഹുൽ ഗാന്ധി തൊഴിലില്ലായ്മ, അഴിമതി, സമ്പത്തിന്റെ കേന്ദ്രീകരണം, ജനാധിപത്യ സ്ഥാപനങ്ങളുടെ തുടർച്ചയായ ദുർബലപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നതിൽ വിട്ടുവീഴ്ച ചെയ്തില്ല. അദ്ദേഹത്തിന്റെ എല്ലാ രാഷ്ട്രീയ നിലപാടുകളോടും യോജിക്കണമെന്നില്ല. എങ്കിലും ഈ സാഹചര്യങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ച ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും ചോദ്യം ചെയ്യുക പ്രയാസമാണ്.
രാഹുൽ ഗാന്ധിയെ നിശ്ശബ്ദനാക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ വിമർശനങ്ങളിൽ മാത്രം ഒതുങ്ങിയില്ല. മാനനഷ്ടക്കേസിലെ ശിക്ഷ അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം നഷ്ടപ്പെടാൻ വരെ കാരണമായി. എന്നാൽ, സുപ്രീം കോടതി ശിക്ഷ സ്റ്റേ ചെയ്തതിനെത്തുടർന്ന് അംഗത്വം പുനഃസ്ഥാപിക്കാനുള്ള വഴിയൊരുങ്ങി. നാഷനൽ ഹെറാൾഡ് കേസ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് മേൽ നിഴൽ വീഴ്ത്തിക്കൊണ്ടിരുന്നു. പരാതികളും നിയമനടപടികളും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ പോരാട്ടങ്ങളുടെ ഭാഗമായി. നിയമം അതിന്റെ വഴിക്ക് നീങ്ങണമെന്ന വാദം ശരിയായിരിക്കാം. രാഹുൽ ഗാന്ധി ഉൾപ്പെടെ ആരും നിയമത്തിന് അതീതരാകരുത്. എന്നാൽ, പ്രതിപക്ഷ നേതാക്കൾ ആവർത്തിച്ച് നിയമനടപടികൾ നേരിടുമ്പോൾ തെറ്റായ പ്രവൃത്തികളിൽ ആരോപണവിധേയരായ പല രാഷ്ട്രീയ നേതാക്കളും ഭരണകക്ഷിയിലേക്ക് സ്വാഗതം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ നിയമം എല്ലാവരോടും ഒരേ നീതിയോടെയാണോ പ്രയോഗിക്കപ്പെടുന്നതെന്ന് ജനങ്ങൾക്ക് ചോദിക്കാനുള്ള അവകാശമുണ്ട്. വിമർശനങ്ങളുടെ തീവ്രത കുറയ്ക്കാനോ രാഷ്ട്രീയ ഒത്തുതീർപ്പുകൾ തേടാനോ രാഷ്ട്രീയത്തിൽനിന്ന് പിന്മാറാനോ രാഹുൽ ഗാന്ധിക്ക് കഴിയുമായിരുന്നു. എന്നാൽ, അദ്ദേഹം കൂടുതൽ ശക്തമായി പ്രതികരിക്കാനാണ് തീരുമാനിച്ചത്. എന്റെ അഭിപ്രായത്തിൽ, ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ദേശീയ നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് കാരണമായി തീർന്നത്.
ഭാരത് ജോഡോ യാത്ര അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക വഴിത്തിരിവായിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആസൂത്രിതമായി ഒരുക്കിയ വേദികളിൽനിന്ന് നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടിരുന്നപ്പോൾ രാഹുൽ ഗാന്ധി സാധാരണക്കാർക്കിടയിലൂടെ നടക്കാനും അവരുടെ പരാതികൾ കേൾക്കാനും ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ മനസ്സിലാക്കാനും തീരുമാനിച്ചു. കർഷകർ, തൊഴിലാളികൾ, വിദ്യാർഥികൾ, തൊഴിൽരഹിതരായ യുവാക്കൾ, സ്ത്രീകൾ, ജീവിതച്ചെലവുകൾ താങ്ങാൻ പ്രയാസപ്പെടുന്ന ചെറുകിട വ്യാപാരികൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനു പകരം അവർക്കൊപ്പം നടക്കാനും അവരുടെ വാക്കുകൾ കേൾക്കാനും തയ്യാറാകുന്ന ഒരു നേതാവിൽ അടിസ്ഥാനപരമായി വ്യത്യസ്തമായ എന്തോ ഒന്നുണ്ട്. ബിജെപിയുടെ പ്രചാരണസംവിധാനം സൗകര്യപൂർവം അവഗണിച്ച രാഹുൽ ഗാന്ധിയുടെ മറ്റൊരു വശവും ഈ യാത്ര വെളിപ്പെടുത്തി. ജനങ്ങളുമായി എളുപ്പത്തിൽ ഇടപഴകാനും ക്ഷമയോടെ കേൾക്കാനും വിയോജിക്കുന്നവരുമായി പോലും സംവദിക്കാനും അദ്ദേഹം തയ്യാറായിരുന്നു. രാഷ്ട്രീയ പരിചയമില്ലാത്ത വ്യക്തിയായി ചിത്രീകരിക്കപ്പെട്ടിരുന്ന അദ്ദേഹം ഇന്ത്യയെപ്പോലെ വൈവിധ്യപൂർണമായ ഒരു രാജ്യത്തെ നയിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് അനിവാര്യമായ സഹിഷ്ണുതയും മനുഷ്യരെ മനസ്സിലാക്കാനുള്ള കഴിവും പ്രകടിപ്പിക്കുകയായിരുന്നു.
എന്നാൽ, കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടെ ഇന്ത്യയിൽ സംഭവിച്ച മാറ്റങ്ങൾ പരിശോധിക്കാതെ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ വളർച്ചയെ പൂർണമായി മനസ്സിലാക്കാനാവില്ല. വികസനം, ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ, അഴിമതിയുടെ അവസാനം, യുവതലമുറയ്ക്ക് ശോഭനമായ ഭാവി എന്നിവ വാഗ്ദാനം ചെയ്തുകൊണ്ടാണ് നരേന്ദ്ര മോഡി അധികാരത്തിലെത്തിയത്. കഴിവിനും കഠിനാധ്വാനത്തിനും സംരംഭകത്വത്തിനും അർഹമായ പ്രതിഫലം ലഭിക്കുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇന്ത്യൻ യുവാക്കൾ ഈ വാഗ്ദാനങ്ങളെ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ, ഒരു ദശാബ്ദത്തിലേറെ പിന്നിട്ടപ്പോൾ ഒരു ലളിതമായ ചോദ്യം ഉയരുന്നു: ആ വാഗ്ദാനങ്ങളിൽ എത്രത്തോളം സാധാരണക്കാരായ യുവ ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിച്ചു? ചില മേഖലകളിൽ ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നത് നിഷേധിക്കാനാവില്ല. ആ നേട്ടങ്ങളെ അവഗണിക്കുന്നതും ശരിയല്ല. എന്നിരുന്നാലും, മാന്യമായ ഒരു ജോലി ലഭിക്കാതെ കഴിയുന്ന വിദ്യാസമ്പന്നനായ യുവാവിനോ മകന്റെ വിദ്യാഭ്യാസത്തിനായി ജീവിതസമ്പാദ്യം മുഴുവൻ ചെലവഴിച്ചിട്ടും അവൻ തൊഴിലില്ലാതെ തുടരുന്നത് കാണുന്ന കുടുംബത്തിനോ സാമ്പത്തിക വളർച്ചയുടെ കണക്കുകളും വൻ പ്രഖ്യാപനങ്ങളും വലിയ ആശ്വാസമാകില്ല.
നീറ്റ് പോലുള്ള മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ വ്യവസ്ഥിതിയുടെ നീതിപൂർവകതയിലുള്ള യുവാക്കളുടെ വിശ്വാസത്തെ കൂടുതൽ തകർത്തിട്ടുണ്ട്. വർഷങ്ങളോളം പരീക്ഷകൾക്കായി തയ്യാറെടുക്കുകയും സ്വന്തം യൗവനവും കുടുംബത്തിന്റെ സമ്പാദ്യവും അതിനായി മാറ്റിവയ്ക്കുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് അർഹതയുടെ അടിസ്ഥാനത്തിലായിരിക്കും ഭാവി നിർണയിക്കപ്പെടുകയെന്ന് പ്രതീക്ഷിക്കാൻ അവകാശമുണ്ട്. ക്രമക്കേടുകളോ ചോദ്യപേപ്പർ ചോർച്ചയോ കൃത്രിമത്വങ്ങളോ അവരുടെ ഭാവിയെ നിർണയിക്കുന്ന സാഹചര്യം ഉണ്ടാകരുത്. സംശയാതീതമായി പ്രവർത്തിക്കേണ്ട പരീക്ഷാസംവിധാനം പോലും നീതിപൂർവകമായി പ്രവർത്തിക്കുന്നില്ലെന്ന സംശയം ഉയരുന്നതിനെക്കാൾ നിരാശാജനകമായി മറ്റെന്തുണ്ട്? രാഹുൽ ഗാന്ധി ഈ വിഷയങ്ങൾ ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, പലപ്പോഴും സർക്കാരിന്റെ പ്രതികരണം അദ്ദേഹത്തിന്റെ വിമർശനങ്ങളെ രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് തള്ളിക്കളയുക എന്നതായിരുന്നു. ഇന്ത്യൻ യുവാക്കൾക്കിടയിലെ നിരാശ സാങ്കൽപ്പികമല്ല. അവരുടെ ദൈനംദിന അനുഭവങ്ങളിൽനിന്ന് ഉടലെടുക്കുന്ന യാഥാർഥ്യമാണത്. പ്രസംഗങ്ങളിലൂടെയോ മുദ്രാവാക്യങ്ങളിലൂടെയോ ടെലിവിഷൻ പരസ്യങ്ങളിലൂടെയോ അതിനെ ഇല്ലാതാക്കാനാവില്ല.
വിദേശരാജ്യങ്ങളിലെ അവസരങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ സ്ഥിതിഗതികളെ കൂടുതൽ സങ്കീർണമാക്കുന്നു. പതിറ്റാണ്ടുകളായി ഉന്നതവിദ്യാഭ്യാസത്തിനും തൊഴിൽപരമായ മുന്നേറ്റത്തിനുമായി ആഗ്രഹമുള്ള ഇന്ത്യൻ യുവാക്കൾ അമേരിക്ക, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നോക്കിയിരുന്നത്. എന്നാൽ, കുടിയേറ്റ നിയന്ത്രണങ്ങൾ, വർധിച്ചുവരുന്ന വിദ്യാഭ്യാസച്ചെലവ്, മാറുന്ന സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ കാരണം ആ വഴി കൂടുതൽ ദുഷ്കരമാകുകയാണ്. 1968-ൽ അമേരിക്കയിലെത്തിയ വ്യക്തിയെന്ന നിലയിലും തലമുറകളായി ഇന്ത്യക്കാർ വിദേശത്ത് വിജയകരമായ ജീവിതം കെട്ടിപ്പടുക്കുന്നതു കണ്ടിട്ടുള്ളയാളെന്ന നിലയിലും ഇന്ത്യയിലെ മധ്യവർഗത്തിന്റെ കാഴ്ചപ്പാടുകൾ വികസിപ്പിക്കുന്നതിൽ അന്താരാഷ്ട്ര അവസരങ്ങൾ വഹിച്ച വലിയ പങ്ക് എനിക്ക് തിരിച്ചറിയാനാകും. എന്നാൽ, ഇന്നത്തെ യുവതലമുറയ്ക്ക് അത്തരം അവസരങ്ങൾ പഴയതുപോലെ തുടർന്നും ലഭിക്കുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. നാട്ടിലെ തൊഴിൽസാധ്യതകൾ അനിശ്ചിതത്വത്തിലാകുകയും വിദേശത്തെ അവസരങ്ങൾ ചുരുങ്ങുകയും ചെയ്യുമ്പോൾ നിരാശ സ്വാഭാവികമാണ്. അവരുടെ അഭിലാഷങ്ങൾ പൂവണിയുന്ന ഒരു പുതിയ ഇന്ത്യയാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. എന്നാൽ, തങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വളരെ കുറഞ്ഞ സാധ്യതകളുള്ള ഭാവിയാണോ തങ്ങൾക്ക് ലഭിച്ചിരിക്കുന്നതെന്ന് പലരും ഇപ്പോൾ ചിന്തിച്ചുതുടങ്ങുകയാണ്.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ ഏറ്റവും കൂടുതൽ ലഭിച്ചത് ആർക്കാണെന്ന ചോദ്യവും ആശങ്കാജനകമാണ്. അംബാനി, അദാനി തുടങ്ങിയ വ്യവസായികളുമായി ബന്ധപ്പെട്ട വൻകിട കോർപറേറ്റ് സാമ്രാജ്യങ്ങളുടെ അസാധാരണമായ വളർച്ച പൊതുശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. സാമ്പത്തിക അധികാരത്തിന്റെ കേന്ദ്രീകരണത്തെക്കുറിച്ചും വൻകിട വ്യവസായങ്ങളും രാഷ്ട്രീയ അധികാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രാഹുൽ ഗാന്ധി ആവർത്തിച്ച് ഉന്നയിച്ച ആരോപണങ്ങളാണ് ഇതിൽ പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്. വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെ തള്ളിക്കളയുന്നതിനു പകരം ഈ ആരോപണങ്ങൾ പരിശോധിക്കപ്പെടണം. നിയമാനുസൃതമായ സംരംഭങ്ങളിലൂടെയും ന്യായമായ മത്സരത്തിലൂടെയും സമ്പാദിക്കുന്ന സമ്പത്തിൽ വിജയകരമായ സംരംഭകരോട് ആർക്കും അസൂയ തോന്നേണ്ടതില്ല. എന്നാൽ, ദശലക്ഷക്കണക്കിന് സാധാരണക്കാർ തൊഴിലില്ലായ്മയും വിലക്കയറ്റവും സാമ്പത്തിക അരക്ഷിതാവസ്ഥയും നേരിടുമ്പോൾ സമ്പത്ത് ഏതാനും വ്യക്തികളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ സർക്കാരിന്റെ മുൻഗണനകളെക്കുറിച്ച് ചോദ്യങ്ങൾ ഉയരുക സ്വാഭാവികമാണ്. അന്താരാഷ്ട്ര പട്ടികകളിൽ ഇടംനേടുന്ന ഇന്ത്യൻ ശതകോടീശ്വരന്മാരുടെ എണ്ണംകൊണ്ടുമാത്രം സാമ്പത്തിക വികസനം അളക്കാനാവില്ല. സാധാരണ പൗരന് ഉപജീവനത്തിനുള്ള ന്യായമായ അവസരം ലഭിക്കുന്നുണ്ടോ, മക്കൾക്ക് വിദ്യാഭ്യാസം നല്കാൻ സാധിക്കുന്നുണ്ടോ, സ്വന്തമായി ഒരു വീട് നേടാനാകുന്നുണ്ടോ, അന്തസ്സോടെ ജീവിക്കാനാകുന്നുണ്ടോ എന്നതായിരിക്കണം വികസനത്തിന്റെ യഥാർഥ അളവുകോൽ.
ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നതിലും, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും പ്രവർത്തനത്തെ വിമർശിക്കുന്നതിലും രാഹുൽ ഗാന്ധി അസാധാരണമായ സ്ഥിരത പ്രകടിപ്പിച്ചിട്ടുണ്ട്. വോട്ടർപട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (Special Intensive Revision — SIR) ബന്ധപ്പെട്ട വിവാദങ്ങൾ സുതാര്യതയെക്കുറിച്ചും അർഹരായ വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനെക്കുറിച്ചും ഗൗരവമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. കേരളത്തിൽ വോട്ടർപട്ടികയിലെ വിവരങ്ങൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്ക ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിൽ പലതവണ വോട്ട് ചെയ്തിട്ടുള്ള വ്യക്തിയായിരുന്നിട്ടും ഈ അനുഭവമുണ്ടായി. അതുകൊണ്ട് ഈ വിഷയങ്ങളെ കേവലം രാഷ്ട്രീയ വാദപ്രതിവാദങ്ങളായി ഞാൻ കാണുന്നില്ല. വോട്ട് ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. അർഹരായ പൗരന്മാർ പുറത്താക്കപ്പെടാനുള്ള സാധ്യത സൃഷ്ടിക്കുന്ന ഏതൊരു നടപടിയും സൂക്ഷ്മമായ പൊതുപരിശോധനയ്ക്ക് വിധേയമാകണം. തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ വിശ്വസനീയമായ തെളിവുകളുടെയും നിയമാനുസൃത നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷിക്കണം. എന്നാൽ, പ്രതിപക്ഷം ഉന്നയിക്കുന്നുവെന്ന കാരണത്താൽ മാത്രം അവ തള്ളിക്കളയാനാവില്ല. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ദേശീയ പ്രാധാന്യമുള്ള വിഷയമായി നിലനിർത്തണമെന്ന് നിർബന്ധം പിടിക്കുന്നതിലൂടെ രാഹുൽ ഗാന്ധി അഭിനന്ദനം അർഹിക്കുന്നു. സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പുകൾ നടത്താൻ ചുമതലപ്പെട്ട സ്ഥാപനങ്ങളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടുതുടങ്ങിയാൽ ജനാധിപത്യത്തിനുണ്ടാകുന്ന ആഘാതം വളരെ വലുതായിരിക്കും.
ഇന്ത്യയിലെ യുവതലമുറയിലെ ചില വിഭാഗങ്ങൾക്കിടയിൽ മാറിവരുന്ന രാഷ്ട്രീയ മനോഭാവം എന്നെ പ്രത്യേകമായി ആകർഷിക്കുന്നു. രാഷ്ട്രീയബോധം രൂപപ്പെട്ട കാലം മുതൽ നരേന്ദ്ര മോഡിയെ മാത്രം പ്രധാനമന്ത്രിയായി കണ്ടുവളർന്നവരാണ് ഇന്നത്തെ യുവ വോട്ടർമാരിൽ പലരും. ദേശീയ മഹത്വം, ശക്തമായ നേതൃത്വം, മതാഭിമാനം, സാമ്പത്തിക പരിവർത്തനം എന്നിവയെക്കുറിച്ചുള്ള നിരന്തരമായ പ്രചാരണങ്ങളാണ് അവർ കേട്ടുവളർന്നത്. എന്നാൽ, പ്രായപൂർത്തിയാകുകയും തൊഴിൽജീവിതത്തിലേക്ക് കടക്കുകയും ചെയ്യുമ്പോൾ മുദ്രാവാക്യങ്ങൾ തൊഴിൽ നൽകില്ലെന്നും മതധ്രുവീകരണം സാമ്പത്തിക സുരക്ഷ ഉറപ്പാക്കില്ലെന്നും രാഷ്ട്രീയ പ്രദർശനങ്ങൾ നല്ല ഭരണത്തിന് പകരമാകില്ലെന്നും അവർ തിരിച്ചറിയുകയാണ്. യുവതലമുറ മുഴുവൻ ബിജെപിക്കെതിരെ തിരിഞ്ഞുവെന്ന് കരുതാനാവില്ല. അത്തരമൊരു നിഗമനത്തിലെത്തുന്നതും ശരിയല്ല. എന്നിരുന്നാലും, തങ്ങളുടെ അഭിലാഷങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്ന് കരുതുന്ന യുവാക്കൾക്കിടയിൽ അസംതൃപ്തി വളരുന്നതിന്റെ സൂചനകളുണ്ട്. മുൻതലമുറകളുടെ രാഷ്ട്രീയ വിധേയത്വങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ ഇന്നത്തെ യുവ വോട്ടർമാർക്ക് അത്തരം ബന്ധങ്ങൾ കുറവായിരിക്കാം. അവർ ലഭ്യമായ അവസരങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെ ഈ മാറ്റം ശ്രദ്ധേയമാണ്.
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക ഘട്ടം ഇതാണ്. തൊഴിലില്ലായ്മ, അസമത്വം, സ്ഥാപനങ്ങളുടെ ദുരുപയോഗം, അധികാരത്തിന്റെ അമിതമായ കേന്ദ്രീകരണം എന്നിവയെക്കുറിച്ച് അദ്ദേഹം വർഷങ്ങളായി സംസാരിച്ചുവരികയാണ്. എതിരാളികൾ അദ്ദേഹത്തെ പരിഹസിച്ചു. പൊതുജനങ്ങളിൽ ചിലർ പോലും അദ്ദേഹത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചു. എന്നാൽ, രാഷ്ട്രീയ സാഹചര്യങ്ങൾ മാറുമ്പോൾ പൊതുജനങ്ങളുടെ കാഴ്ചപ്പാടുകളും മാറാറുണ്ട്. ഒരു നേതാവ് മുന്നറിയിപ്പ് നൽകിയിരുന്ന പ്രശ്നങ്ങൾ ജനങ്ങൾ സ്വന്തം ജീവിതത്തിൽ അനുഭവിച്ചുതുടങ്ങുമ്പോൾ നേരത്തെയുണ്ടായിരുന്ന വിലയിരുത്തലുകൾ അവർ പുനഃപരിശോധിച്ചേക്കാം. പൊതുജനാഭിപ്രായം മാറുന്നതായി തോന്നിയതുകൊണ്ട് മാത്രം ഈ വിഷയങ്ങൾ പെട്ടെന്ന് കണ്ടെത്തിയ വ്യക്തിയല്ല രാഹുൽ ഗാന്ധി എന്നതാണ് ഇന്നത്തെ അദ്ദേഹത്തിന്റെ ശക്തി. ഭരണകൂടം അജയ്യമായി തോന്നുകയും വിമർശനങ്ങൾക്ക് രാഷ്ട്രീയമായി വലിയ വില നൽകേണ്ടിവരികയും ചെയ്ത കാലത്തുപോലും അദ്ദേഹം ഈ വിഷയങ്ങൾ ഉന്നയിച്ചിരുന്നു. പരസ്യപ്രചാരണങ്ങളിലൂടെ ഒറ്റരാത്രികൊണ്ട് കെട്ടിപ്പടുക്കാനാവാത്ത വിശ്വാസ്യതയാണ് അത് അദ്ദേഹത്തിന് നൽകുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിന് രാഹുൽ ഗാന്ധി നൽകിയ മറ്റൊരു പ്രധാന സംഭാവന കൂടിയുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിന് ചുറ്റും ക്രമേണ രൂപപ്പെട്ടുവന്ന ഭയത്തിന്റെ അന്തരീക്ഷത്തെ അദ്ദേഹം ചോദ്യം ചെയ്തു. നരേന്ദ്ര മോഡിയെ വിമർശിക്കുന്നത് ഇന്ത്യയെ ആക്രമിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹത്തിന്റെ ചില അനുയായികൾ ചിത്രീകരിച്ചുപോന്നിട്ടുണ്ട്. സർക്കാർ നയങ്ങളെ ചോദ്യം ചെയ്യുന്നത് രാജ്യസ്നേഹമില്ലായ്മയായി പോലും വ്യാഖ്യാനിക്കപ്പെട്ടു. ഏതു ജനാധിപത്യത്തിലും അപകടകരമായ സമീപനമാണിത്. എത്ര ജനപ്രീതിയുള്ളവരോ ശക്തരായവരോ ആയാലും ഇന്ത്യ ഏതൊരു പ്രധാനമന്ത്രിയേക്കാളും രാഷ്ട്രീയ പാർട്ടിയേക്കാളും വലുതാണ്. രാജ്യസ്നേഹത്തിന്റെ കുത്തകാവകാശം ഒരു നേതാവിനുമില്ല. ഒരു സർക്കാരിന്റെയും തീരുമാനങ്ങൾ വിമർശനാതീതമല്ല. ഈ ആശയത്തെ രാഹുൽ ഗാന്ധി നിരന്തരം എതിർത്തിട്ടുണ്ട്. രാഷ്ട്രീയ പ്രതിപക്ഷം ഭരണഘടന നൽകുന്ന ഒരു അവകാശം മാത്രമല്ല, ജനാധിപത്യപരമായ ഉത്തരവാദിത്വം കൂടിയാണെന്ന് അദ്ദേഹം തെളിയിച്ചു. പ്രധാനമന്ത്രിയെ നേരിട്ട് ചോദ്യം ചെയ്തുകൊണ്ട് ബിജെപി അതീവ ശ്രദ്ധയോടെ സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ അജയ്യതയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
എന്നിരുന്നാലും, വിശ്വാസ്യതയുള്ള ദേശീയ നേതാവായി രാഹുൽ ഗാന്ധി ഉയർന്നുവന്നതുകൊണ്ടുമാത്രം കേന്ദ്രത്തിൽ ബിജെപിക്ക് പകരം അധികാരത്തിലെത്താൻ കോൺഗ്രസ് തയ്യാറായിക്കഴിഞ്ഞുവെന്ന് അർഥമില്ല. ഒരു വ്യക്തിയുടെ ജനപ്രീതിയോ സ്ഥിരോത്സാഹമോ മാത്രം അതിന് മതിയാകില്ല. താഴെത്തട്ടിൽ സംഘടനയെ പുനർനിർമിക്കാനും യുവ നേതാക്കളെ പ്രോത്സാഹിപ്പിക്കാനും പാർട്ടിക്കുള്ളിൽ ഉത്തരവാദിത്വബോധം വീണ്ടെടുക്കാനും സാധാരണക്കാരുടെ സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന വ്യക്തമായ നയങ്ങൾ അവതരിപ്പിക്കാനും കോൺഗ്രസിന് കഴിയണം. മറ്റുള്ളവർ ആഭ്യന്തര തർക്കങ്ങളിലും വ്യക്തിപരമായ അധികാരമോഹങ്ങളിലും സ്വന്തം സ്ഥാനങ്ങൾ സംരക്ഷിക്കുന്നതിലും മുഴുകുമ്പോൾ എല്ലാ ഭാരവും രാഹുൽ ഗാന്ധിയുടെ ചുമലിൽ മാത്രം വെച്ചുകൊണ്ട് പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ല. അവകാശബോധവും വിഭാഗീയതയും നിറഞ്ഞ രാഷ്ട്രീയ സംസ്കാരവും പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്ന് ചില കോൺഗ്രസ് നേതാക്കൾ തിരിച്ചറിയണം. അധികാരത്തിലേക്ക് തിരിച്ചുവരാൻ കോൺഗ്രസ് ഗൗരവമായി ആഗ്രഹിക്കുന്നുവെങ്കിൽ സ്വന്തം തെറ്റുകളിൽനിന്ന് പാഠം പഠിച്ചെന്നും രാജ്യത്തിന് നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ട ഒരു ബദൽ നൽകാൻ തയ്യാറാണെന്നും തെളിയിക്കണം.
ഇന്ത്യ നിർണായകമായ ഒരു ഘട്ടത്തിലാണ്. പതിറ്റാണ്ടുകളായി രാജ്യത്തിന്റെ ജനാധിപത്യത്തെ നിലനിർത്തിയ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്. സാമ്പത്തിക അസമത്വം ഗുരുതരമായ പ്രശ്നമായി തുടരുന്നു. തൊഴിലില്ലായ്മ യുവാക്കളെ അലട്ടുന്നു. ചരിത്രപരമായി വൈവിധ്യത്തിൽ അഭിമാനംകൊണ്ടിരുന്ന രാജ്യത്തിന്റെ സാമൂഹിക ഐക്യത്തെ വർഗീയ വിഭജനങ്ങൾ ദുർബലപ്പെടുത്തിയിട്ടുണ്ട്. ബിജെപി സർക്കാരിന് ഇപ്പോഴും വലിയ രാഷ്ട്രീയ പിന്തുണയുണ്ടാകാം. അതിന്റെ സംഘടനാ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്. എന്നാൽ, എത്ര ശക്തമായ രാഷ്ട്രീയ സംവിധാനത്തിനും ജനങ്ങളുടെ പിന്തുണ എന്നെന്നേക്കും നിലനിൽക്കുമെന്ന് കരുതാനാവില്ല. സർക്കാരുകൾക്ക് അന്തിമമായി ലഭിക്കുന്ന വിലയിരുത്തൽ അവ നൽകുന്ന വാഗ്ദാനങ്ങളുടെയോ ജനങ്ങളിൽ ഉണർത്തുന്ന വികാരങ്ങളുടെയോ അടിസ്ഥാനത്തിൽ മാത്രമല്ല. ജനങ്ങളുടെ ജീവിതത്തിൽ കൊണ്ടുവരുന്ന പ്രകടമായ പുരോഗതിയുടെ അടിസ്ഥാനത്തിലുമാണ്.
അതിനാൽ, രാഹുൽ ഗാന്ധി ദേശീയ നേതാവായി ഉയർന്നുവരുന്നതിനെ കൂടുതൽ ഗൗരവത്തോടെ വേണം കാണാൻ. വർഷങ്ങളോളം വ്യക്തിപരമായ പരിഹാസങ്ങളും രാഷ്ട്രീയ തിരിച്ചടികളും നിയമപരമായ വെല്ലുവിളികളും നിരന്തരമായ അപകീർത്തിപ്പെടുത്തൽ ശ്രമങ്ങളും നേരിട്ട വ്യക്തിയാണ് അദ്ദേഹം. രാഷ്ട്രീയത്തിൽനിന്ന് പിന്മാറി സുഖകരമായ സ്വകാര്യജീവിതം നയിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. എന്നാൽ, ശക്തമായ ഒരു സർക്കാരിനെ നേരിടാനും രാജ്യത്തിന്റെ ഭാവിക്ക് പ്രധാനമാണെന്ന് താൻ വിശ്വസിക്കുന്ന വിഷയങ്ങളിൽ ശബ്ദമുയർത്താനും അദ്ദേഹം പ്രയാസകരമായ പാത തിരഞ്ഞെടുത്തു. സ്വന്തം പാർട്ടി പോലും ഏത് ദിശയിലേക്ക് നീങ്ങണമെന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലായിരുന്ന സന്ദർഭങ്ങളുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം പോരാട്ടം തുടർന്നു. അതിലൂടെ സമകാലിക രാഷ്ട്രീയത്തിൽ അപൂർവമായി മാത്രം കാണുന്ന ഒരു ഗുണം അദ്ദേഹം പ്രകടിപ്പിച്ചു: വ്യക്തിപരമായും രാഷ്ട്രീയപരമായും വലിയ വില നൽകേണ്ടിവന്നാലും സ്വന്തം വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കാനുള്ള സന്നദ്ധത.
രാഹുൽ ഗാന്ധിയുടെ ഈ സ്ഥിരോത്സാഹത്തെ കൂടുതൽ വലിയ രാഷ്ട്രീയ നേട്ടമാക്കി മാറ്റാൻ സഹായിക്കുന്ന ദിശയിലേക്ക് ഇപ്പോൾ രാഷ്ട്രീയ അന്തരീക്ഷം നീങ്ങുന്നുണ്ടാകാം. ഇന്ത്യൻ യുവാക്കൾക്കിടയിലെ വർധിച്ചുവരുന്ന ആശങ്കകളും സ്ഥാപനങ്ങളുടെ നീതിപൂർവകതയെക്കുറിച്ചുള്ള ചോദ്യങ്ങളും സാമ്പത്തിക അവസരങ്ങളിലുള്ള അസംതൃപ്തിയും വലിയ രാഷ്ട്രീയ പുനഃക്രമീകരണത്തിനുള്ള സാഹചര്യം സൃഷ്ടിച്ചേക്കാം. ഈ ആശങ്കകളെ രാജ്യത്തിന്റെ പുനരുജ്ജീവനത്തിനായുള്ള വിശ്വാസയോഗ്യമായ പദ്ധതിയുമായി ബന്ധിപ്പിക്കാനും മതം, ജാതി, പ്രദേശം, രാഷ്ട്രീയം എന്നിവയുടെ അതിരുകൾക്കപ്പുറം ജനങ്ങളെ ഒന്നിപ്പിക്കാനും രാഹുൽ ഗാന്ധിക്ക് കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ വിജയസാധ്യത. കോൺഗ്രസിന് സത്യസന്ധവും കാര്യക്ഷമവും ഉത്തരവാദിത്വമുള്ളതുമായ ഭരണം നൽകാൻ കഴിയുമെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തുകയും വേണം. രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ മറ്റൊരു കൂട്ടത്തെ അവതരിപ്പിക്കുന്നതിൽ മാത്രം കോൺഗ്രസ് ഒതുങ്ങരുത്.
രാഷ്ട്രീയപരമായ ആനുകൂല്യങ്ങൾ സ്ഥായിയല്ലെന്ന് മനസ്സിലാക്കാൻ ഇതുവരെയുള്ള ജീവിതത്തിൽനിന്ന് മനസ്സിലാക്കാൻ സാധിച്ച വ്യക്തിയാണ് ഞാൻ. ഒരുകാലത്ത് അജയ്യരെന്ന് കരുതപ്പെട്ട നേതാക്കൾ പരാജയപ്പെട്ടിട്ടുണ്ട്. അപ്രസക്തരെന്ന് മുദ്രകുത്തപ്പെട്ടവർ തിരിച്ചുവന്ന് ചരിത്രത്തിന്റെ ഗതി നിർണയിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ ജനാധിപത്യ അനുഭവത്തിലും ഇത്തരം മാറ്റങ്ങൾക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ യാത്രയും അത്തരമൊരു അധ്യായമായി മാറിയേക്കാം. അദ്ദേഹത്തിന് നേതൃത്വശേഷിയില്ലെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താൻ ബിജെപി വർഷങ്ങളോളം ശ്രമിച്ചു. എന്നാൽ, അതിലൂടെ രാഷ്ട്രീയമായി പാർശ്വവത്കരിക്കാൻ ശ്രമിച്ച വ്യക്തിയുടെ നിശ്ചയദാർഢ്യത്തെ അവർ കുറച്ചുകണ്ടിരിക്കാം.
രാജ്യത്തിന് പുതിയൊരു ദിശ നൽകാനുള്ള അവസരമാണ് ഇപ്പോൾ രാഹുൽ ഗാന്ധിക്കു മുന്നിലുള്ളത്. പ്രത്യേകിച്ച് യുവതലമുറ അർഹിക്കുന്നത് അവരുടെ പ്രശ്നങ്ങളെക്കുറിച്ച് സത്യസന്ധമായി സംസാരിക്കുകയും രാഷ്ട്രീയ മുദ്രാവാക്യങ്ങളെയും കൃത്രിമമായി സൃഷ്ടിക്കുന്ന വിഭജനങ്ങളെയും ആശ്രയിക്കാതെ മുന്നേറാനുള്ള യാഥാർഥ്യബോധമുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്ന നേതൃത്വത്തെയാണ്. ദശലക്ഷക്കണക്കിന് യുവാക്കളുടെ അഭിലാഷങ്ങൾ പാഴാക്കിക്കളയാൻ ഇന്ത്യയ്ക്ക് കഴിയില്ല. അവരുടെ കഴിവുകളും ഊർജവും രാജ്യത്തിന്റെ പുരോഗതിക്ക് കരുത്തുപകരേണ്ടതാണ്. ജനാധിപത്യ സ്ഥാപനങ്ങളെ ആദരിക്കുകയും ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുകയും ന്യായമായ മത്സരത്തെ പ്രോത്സാഹിപ്പിക്കുകയും ശക്തമായ രാഷ്ട്രീയ-സാമ്പത്തിക താൽപര്യങ്ങൾക്കു പകരം സാധാരണ പൗരന്മാരുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്ന ഒരു സർക്കാരാണ് ഇന്ത്യയ്ക്ക് ആവശ്യം.
രാഹുൽ ഗാന്ധിയുടെ ഉയർച്ചയുടെ യഥാർഥ പ്രാധാന്യം ബിജെപിയുടെ അപകീർത്തിപ്പെടുത്തൽ പ്രചാരണത്തെ അതിജീവിച്ചു എന്നതിൽ മാത്രമല്ല. രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്ന ദിശയെ അദ്ദേഹം തുടർച്ചയായി ചോദ്യം ചെയ്തുവെന്നതാണ് അതിന്റെ പ്രാധാന്യം. വർഷങ്ങളോളം മറ്റുള്ളവർ മൗനം പാലിച്ചപ്പോൾ അദ്ദേഹം സംസാരിച്ചു. മറ്റുള്ളവർ പിൻവാങ്ങിയപ്പോൾ അദ്ദേഹം പോരാട്ടം തുടർന്നു. അധികാരത്തിലിരിക്കുന്നവർ ഉത്തരം നൽകാൻ ആഗ്രഹിക്കാത്ത ചോദ്യങ്ങൾ അദ്ദേഹം ഉയർത്തി. ഇന്ന് കൂടുതൽ ഇന്ത്യക്കാർ അദ്ദേഹത്തെ കേൾക്കാൻ തയ്യാറായേക്കാം.
ഒരുകാലത്ത് ‘പപ്പു’ എന്ന് പരിഹസിക്കപ്പെട്ടിരുന്ന വ്യക്തി ഇന്ന് നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ ആധിപത്യത്തെ ഗൗരവമായി വെല്ലുവിളിക്കുന്ന നേതാവായി മാറിയിരിക്കുന്നു. സർക്കാരിനെ മാറ്റുന്നതിൽ അദ്ദേഹം വിജയിക്കുമോ എന്നത് കണ്ടറിയണം. എന്നാൽ, ഒരു കാര്യം ഉറപ്പാണ്: തന്റെ സ്ഥിരോത്സാഹവും ധൈര്യവും കൊണ്ടാണ് രാഹുൽ ഗാന്ധി ദേശീയ രാഷ്ട്രീയ ചർച്ചകളിൽ അർഹമായ സ്ഥാനം നേടിയത്. ഇന്ത്യൻ യുവതലമുറയിലെ വർധിച്ചുവരുന്ന അസംതൃപ്തി അർഥവത്തായ രാഷ്ട്രീയ മാറ്റത്തിനായുള്ള ആവശ്യമായി മാറുകയാണെങ്കിൽ, ആ പരിവർത്തനത്തിന് നേതൃത്വം നൽകാൻ ഏറ്റവും അനുയോജ്യമായ സമയത്ത്, അനുയോജ്യമായ സ്ഥാനത്ത് രാഹുൽ ഗാന്ധി എത്തിയേക്കാം. അത്തരമൊരു അവസരം ഇന്ത്യ അർഹിക്കുന്നു. രാഹുൽ ഗാന്ധി അത് കൈവിടരുത്...