Image

ഫോമാ 2026-'28 ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഷിക്കാഗോയില്‍ പ്രൗഢഗംഭീരമായി; സ്വപ്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് പ്രസിഡന്റ് ബിജു തോണിക്കടവില്‍

Published on 20 October, 2026
ഫോമാ 2026-'28 ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഷിക്കാഗോയില്‍ പ്രൗഢഗംഭീരമായി; സ്വപ്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് പ്രസിഡന്റ് ബിജു തോണിക്കടവില്‍

ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം പകരാന്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) 2026-2028 ഭരണസമിതിയുടെ സ്ഥാനാരോഹണവും പ്രവര്‍ത്തനോദ്ഘാടനവും ഷിക്കാഗോയില്‍ പ്രൗഢഗംഭീരമായി നടന്നു. ഒക്ടോബര്‍ 17 ശനിയാഴ്ച ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടന്ന ചടങ്ങ് ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മലയാള സിനിമാതാരം സരയൂ മോഹന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ. എം. ആനന്ദ് പ്രകാശ്, സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ വെരി റവ. ഫാ. തോമസ് കടുകപ്പിള്ളി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഹൂസ്റ്റണില്‍ നടന്ന ഒന്‍പതാമത് ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ദേശീയ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതോടെ ഔദ്യോഗിക തുടക്കമായത്.

പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റായി ബിജു തോണിക്കടവില്‍ ചുമതലയേറ്റു. പോള്‍ പി. ജോസ് ജനറല്‍ സെക്രട്ടറിയായും പ്രദീപ് നായര്‍ ട്രഷററായും സാമുവല്‍ മാത്യു വൈസ് പ്രസിഡന്റായും ഡോ. മഞ്ജു പിള്ള ജോയിന്റ് സെക്രട്ടറിയായും ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ജോയിന്റ് ട്രഷററായും ചുമതലയേറ്റു. ജനറല്‍ ബോഡിയില്‍ ഫോമാ ജുഡീഷ്യറി ചെയര്‍മാന്‍ ബെന്നി വാച്ചാച്ചിറ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കും റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥാനാരോഹണത്തിന് ശേഷം തുടര്‍ന്ന ജനറല്‍ ബോഡിയില്‍ പുതിയ ട്രഷറര്‍ പ്രീ ബജറ്റ് അവതരിപ്പിച്ചു.

സത്യപ്രതിജ്ഞയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ പുതിയ പ്രസിഡന്റ് ബിജു തോണിക്കടവില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പോള്‍ പി. ജോസ് സ്വാഗതം ആശംസിച്ചു. ഫോമയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലെ നിര്‍ധന കുടുംബങ്ങള്‍ക്കായി 20 വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന 'ഫോമാ 20-20 ഹൗസിങ് പ്രോജക്ട്', 20 നിര്‍ധന വനിതകളുടെ സമൂഹവിവാഹം എന്നിവയുള്‍പ്പെടെയുള്ള കര്‍മപരിപാടികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ നടപ്പാക്കുമെന്ന് പ്രസിഡന്റ് ബിജു തോണിക്കടവില്‍ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയ്ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനരീതിയിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഐക്യവും സംഘടനയുടെ സേവനമേഖലയും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് പുതിയ ഭരണസമിതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുക, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രതിമാസ ഓണ്‍ലൈന്‍ സംഗമങ്ങള്‍ നടത്തുക തുടങ്ങിയ പദ്ധതികളും പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനപദ്ധതിയിലുണ്ട്. 60 വയസ്സിനു മുകളിലുള്ളവര്‍ക്കായി യോഗ, വിനോദം, ആരോഗ്യോപദേശം എന്നിവ ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ അവരുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.

കേരളവും അമേരിക്കയും തമ്മിലുള്ള സംരംഭക-വ്യവസായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള 'ബിസിനസ് ബിയോണ്ട് ബോര്‍ഡേഴ്‌സ്' പദ്ധതിക്കും പ്രാധാന്യം നല്‍കും. സംരംഭകത്വ വികസനത്തിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായകമായ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിക്കും. ദേശീയ കണ്‍വന്‍ഷന്‍ നാലു ദിവസത്തില്‍നിന്ന് അഞ്ചു ദിവസമായി വിപുലീകരിക്കുക, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക ദിനം ഉള്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും പുതിയ നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ട്. സാമൂഹിക സേവനം, കുടുംബശാക്തീകരണം, ആരോഗ്യം, മാനസിക ക്ഷേമം, കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും ഭരണസമിതി പ്രത്യേക പരിഗണന നല്‍കും.

സമ്മേളനത്തില്‍ 2024-2026 കാലഘട്ടത്തിലെ ഫോമാ സുവനീറിന്റെ പ്രകാശനം ചീഫ് എഡിറ്റര്‍ അച്ചന്‍കുഞ്ഞ് മാത്യു മുഖ്യാതിഥിയായ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ. എം. ആനന്ദ് പ്രകാശിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. 'ഫോമാ 20-20 ഹൗസിങ് പ്രോജക്ടി'ന്റെ ആദ്യ ചെക്ക് ന്യൂ എംപയര്‍ റീജിയന്റെ മുന്‍ ആര്‍.വി.പി  പി.ടി തോമസ് പ്രസിഡന്റ് ബിജു തോണിക്കടവിലിന് നല്‍കി. തുടര്‍ന്ന് അദ്ദേഹത്തെ ആദരിച്ചു.

ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബേബി മണക്കുന്നേലും പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സംസാരിച്ചു.  പ്രവര്‍ത്തനോദ്ഘാടനത്തിനു മുന്നോടിയായി ഒക്ടോബര്‍ 16 വെള്ളിയാഴ്ച വൈകിട്ട് ആറിന് 'ഫോമാ ഇന്നലെ, ഇന്ന്, നാളെ' എന്ന പേരില്‍ സൗഹൃദസംഗമവും സംഘടിപ്പിച്ചു. ഫോമയുടെ മുന്‍ പ്രസിഡന്റുമാര്‍, മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ദേശീയ നേതാക്കള്‍, ഡെലിഗേറ്റുകള്‍, പ്രവര്‍ത്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ പങ്കെടുത്ത സംഗമം സംഘടനയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവിപരിപാടികളെക്കുറിച്ച് ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുമുള്ള വേദിയായി.

ഒക്ടോബര്‍ 17-ന് ഉച്ചകഴിഞ്ഞ് നടന്ന ജനറല്‍ ബോഡിക്കുശേഷം സോഷ്യല്‍ അവറും സ്ഥാനാരോഹണച്ചടങ്ങും കലാപരിപാടികളും അരങ്ങേറി. ചിക്കാഗോ മണവാളന്‍സ് അവതരിപ്പിച്ച നൃത്തം, സംഗീതം, ഹാസ്യപരിപാടികള്‍, മലയാളം സ്‌കിറ്റുകള്‍ എന്നിവ ഉള്‍പ്പെട്ട കലാവിരുന്ന് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഫോമാ സെന്‍ട്രല്‍ റീജിയന്റെ ഭാരവാഹികളാണ് ഈ പരിപാടി ഗംഭീര വിജയമാക്കിത്തീര്‍ത്തത്. ഫോമാ ജോയിന്റ് ട്രഷററും സെന്‍ട്രല്‍ റീജിയന്‍ മുന്‍ വൈസ് പ്രസിഡന്റുമായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ പുതിയ ആര്‍.വി.പി രഞ്ജന്‍ എബ്രഹാം, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജിതേഷ് ചുങ്കത്ത്, പ്രിന്‍സ് ഈപ്പന്‍, വിമന്‍സ് ഫോറം റപ്പ് ആഗ്‌നസ് മാത്യു, യൂത്ത് റപ്പ് കാള്‍വിന്‍ കാവലയ്ക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടിയുടെ സംഘാടനം.

ഫോമയുടെ വിവിധ റീജിയനുകളില്‍നിന്നുള്ള ഭാരവാഹികള്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, അംഗസംഘടനാ പ്രതിനിധികള്‍, കുടുംബാംഗങ്ങള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പുതിയ ആശയങ്ങളും ജനക്ഷേമ പദ്ധതികളും സാമൂഹിക പ്രതിബദ്ധതയും മുന്‍നിര്‍ത്തി അമേരിക്കന്‍ മലയാളി സമൂഹത്തെ കൂടുതല്‍ ശക്തമായി ഒന്നിപ്പിക്കാനും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുമുള്ള പ്രതിജ്ഞയോടെയാണ് പുതിയ ഭരണസമിതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ നന്ദി പ്രകാശിപ്പിച്ചു.
 

Join WhatsApp News
malayalee 2026-10-20 21:05:04
recently there was a function for FOKANA and there was 4 christan priest were there and yesterday there was an another function for FOMA and there was two christan priest were there. what is this is FOCANA and FOCA assocaiation If these two association representing malayalees then all religious priest should be there or none of the religious people will be there. This is my opinion
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക