
നാഗ്പൂർ: ഫ്രാൻസ്, അൽബേനിയ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലുണ്ടായ ഭരണ അട്ടിമറികളും സംഘർഷങ്ങളും മുൻനിർത്തി, ഇന്ത്യയിലും ഭരണമാറ്റത്തിനായി ആസൂത്രിത നീക്കങ്ങൾ നടക്കുന്നുവെന്ന മുന്നറിയിപ്പുമായി ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. നാഗ്പൂരിൽ ആർ.എസ്.എസിന്റെ വാർഷിക വിജയദശമി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വളർച്ച തങ്ങളുടെ ആഗോള മേധാവിത്വത്തിന് ഭീഷണിയാകുമെന്ന് ഭയപ്പെടുന്ന വിദേശ ശക്തികളും, അധികാരം ലക്ഷ്യമിടുന്ന ചില സ്വാർത്ഥ രാഷ്ട്രീയ നേതാക്കളുമാണ് ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്ക് പിന്നിലെന്നും രാജ്യത്തിന്റെ ക്രമങ്ങളെയും സാംസ്കാരിക മൂല്യങ്ങളെയും തകർക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണമാറ്റത്തിലൂടെ സമൂല മാറ്റമുണ്ടാകുമെന്ന വാദം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിൽ സമരങ്ങളും പ്രതിഷേധങ്ങളും സ്വാഭാവികമാണെങ്കിലും അവയുടെ ലക്ഷ്യം പ്രശ്നപരിഹാരമായിരിക്കണമെന്നും വിദ്വേഷം പടർത്തുന്നതാകരുതെന്നും മോഹൻ ഭാഗവത് ഓർമ്മിപ്പിച്ചു. ജനക്ഷേമം മുൻനിർത്താതെ വെറും രാഷ്ട്രീയ നേട്ടങ്ങൾക്കായി സമരങ്ങളെ വഴിതിരിച്ചുവിടുമ്പോൾ അത് സമൂഹത്തിൽ വിള്ളലുണ്ടാക്കുന്ന ആയുധമായി മാറുകയാണ്. വികാരങ്ങൾ എത്ര തീവ്രമായാലും ഭരണഘടനാപരമായ അതിരുകൾ ലംഘിക്കരുത്. ആരോഗ്യകരമായ പൊതുസംവാദങ്ങളും മാന്യമായ പെരുമാറ്റരീതികളും കാത്തുസൂക്ഷിക്കാൻ രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും സമരക്കാരും ഒരുപോലെ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ മാധ്യമങ്ങളിലൂടെ എത്തുന്ന നിയന്ത്രണങ്ങളില്ലാത്ത ഉള്ളടക്കങ്ങൾ യുവതലമുറയെ വഴിതെറ്റിക്കുന്നതിൽ ആർ.എസ്.എസ് മേധാവി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പ്രത്യേകിച്ച് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വഴി പ്രചരിക്കുന്ന ദോഷകരമായ ഉള്ളടക്കങ്ങൾ തടയാൻ കേന്ദ്ര സർക്കാർ ഉചിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകളുടെ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞ് നിരവധി വിദേശരാജ്യങ്ങൾ സോഷ്യൽ മീഡിയകൾക്ക് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്ന ഇക്കാലത്ത് ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേചനാധികാരം യുവതലമുറ വളർത്തിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.