Image

'പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ' ജീവിതത്തിന്റെ നേർക്കാഴ്ച്ചകളായ രചനകൾ (ഉമ)

Published on 20 October, 2026
'പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ' ജീവിതത്തിന്റെ നേർക്കാഴ്ച്ചകളായ രചനകൾ (ഉമ)

കേരളത്തിലെ 44 നദികളിൽ ഒന്ന് മൂവാറ്റുപുഴ ആറാണ്. മൂവാറ്റുപുഴ ആറിന് "പുല്ലാന്തറ" ആറ് എന്നൊരു പേരുണ്ട് എന്നു മനസ്സിലയത് ബന്നി നെച്ചൂറിന്റെ "പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ" വായിച്ചപ്പോഴാണ്.
ബന്നി നെച്ചൂർ വടക്കേ അമേരിക്കൻ എഴുത്തുകാർക്കിടയിലും വായനക്കാർക്കിടയിലും സുപരിചിതനാണ്. മലയാളത്തെയും മലയാള കൃതികളെയും എഴുത്തുകാരെയും ലോകത്തിനുമുന്നിൽ പരിചയപ്പെടുത്താൻ ബന്നി എന്നും മുന്നിൽ തന്നെ ആണ്. 

2022 ൽ വടക്കേ അമേരിക്കയിലെ 65 എഴുത്തുകാരുടെ കഥകൾ സമാഹരിച്ച് "അമേരിക്കൻ കഥക്കൂട്ടം" എന്ന ഒരു കൃതി സ്വന്തം ചെലവിൽ പബ്ലിഷ് ചെയ്ത് മലയാളത്തിനു സംഭാന ചെയ്തു. എഴുത്തുകാരനായ ബന്നി സ്വന്തം എഴുത്തിന് രണ്ടാംസ്ഥാനം മാത്രം നല്കിയെന്ന് എപ്പോഴും തോന്നിയിരുന്നു. 
ഫൊക്കാന സാഹിത്യവിഭാഗത്തിന്റെ ജീവനാഡിയാണ് ബന്നി നെച്ചൂർ. 
വളരെ വർഷങ്ങളായി ഫൊക്കാന സാഹിത്യക്കമ്മിറ്റിയുടെ ചെയർമാനായ ബന്നിയുടെ രചനകൾ പുസ്തകരൂപത്തിൽ വരാനായി കാത്തിരുന്നവരുടെ കൂട്ടത്തിൽ ഒരാളാണ് ഞാനും.

ഒരു കൃതി, നോവലോ, കഥയോ, കവിതയോ, ലേഖനമോ ഏതു തന്നെ ആയാലും അത് വായിച്ച്  മനസ്സിലേക്ക് എത്തുന്നതിലും വേഗം ഓരോ സംഭാഷണവും കാഴ്ചകളായി മനസ്സിലേക്കെത്തിക്കാൻ നാടകത്തിന് കഴിയും.

"പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ"
എന്ന സാഹിത്യസൃഷ്ടിയിലെ ഓരോ സംഭാഷണങ്ങളും അതാണ് വായനക്കാരന് നല്കുന്ന അനുഭവം. 
ഈ ലഘുനാടകസമാഹാരത്തിലെ ഓരോ നാടകങ്ങളും ശരാശരി അമേരിക്കൻ മലയാളി കുടുംബങ്ങളുടെ ആവിഷ്ക്കാരം  ആണ്.

ഈ കൃതിയിലെ മൂന്നു നാടകങ്ങളും പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളെ ആടയാഭരണങ്ങൾ അണിയിച്ച് പൊള്ളയാക്കാതെ സാധാരണക്കാരന്റെ സംസാരഭാഷയിൽ വെളിവാക്കുന്ന സംഭാഷണങ്ങളാൽ സമൃദ്ധമാണ്.
മനസ്സിനെ നോവിക്കുന്നതും വികാരനിർഭരവും ആയ പല സന്ദർഭങ്ങളും സംഭാഷണങ്ങളും ഓരോ രംഗങ്ങളിലും കാണാം. 
ആദ്യ നാടകമായ "അവനെ കല്ലെറിയുക, ക്രൂശിക്കുക" വായിച്ചപ്പോൾ ഓർമ്മയിലേക്കെത്തിയത് വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന നോവലിലെ ജീൻവാൾജീനും ബിഷപ്പുമാണ്.

തിന്മ ചെയ്ത ഒരാളും എല്ലാക്കാലവും തിന്മയിൽ മുങ്ങിമരിക്കേണ്ടവനോ, ആജീവനാന്തം   അപമാനിക്കപ്പെടേണ്ടവനോ, സമൂഹത്തിൽ നിന്ന് ആട്ടിയകറ്റേണ്ടവനോ അല്ല എന്ന തത്വം എഴുത്തുകാരൻ നമ്മെ ഓർമ്മിപ്പിക്കയാണ്. 
ഒരു തിന്മയെങ്കിലും ചെയ്യാത്ത ഒരു പാപം പോലും ചെയ്യാത്ത ഒരാളും ഇല്ലായെന്നും പരോക്ഷമായിത്തന്നെ നമ്മോട് എഴുത്തുകാരൻ കൃതിയിലൂടെ  സംവദിക്കുന്നു.
യേശുദേവന്റെ "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്ന വാക്യം ഇന്നും എത്രത്തോളം പ്രസക്തമാണെന്നും, യേശുദേവന്റെ സ്നേഹവും ത്യാഗവും ദയയും മനുഷ്യനെ നേർവഴിയിലേക്കു നയിക്കാൻ എല്ലാക്കാലവും ആവശ്യമെന്നും എഴുത്തുകാരൻ ഈ കൃതിയിലൂടെ നമ്മോട് പറയുന്നു.
പാപത്തിൽ നിന്നുള്ള മോചനം പ്രായശ്ചിത്തം ആണെന്നും, പശ്ചാത്തപിക്കുന്നവന് ജീവിതദർശനം തന്നെ മാറ്റി കഠിനാദ്ധാനത്തിലൂടെ ഉയർച്ചയിലും നന്മയിലും എത്തിപ്പെടാം എന്ന് തമ്പി എന്ന കഥാപാത്രം കാണിച്ചു തരുന്നു.

പണം ഉണ്ടെങ്കിൽ സ്ഥാനവും പ്രശസ്തിയും ഉണ്ടാവുമെങ്കിലും തെറ്റുകളെ മൂടിവച്ച് മേനി നടിച്ച് നല്ലവരാകാൻ എത്രശ്രമിച്ചാലും തിളങ്ങുന്ന കുപ്പായത്തിനുള്ളിലെ കാപട്യങ്ങളെ പൊളിച്ചടുക്കാൻ ആരെങ്കിലും ഉണ്ടാവും എന്നും റിയൽറ്റർ സാമുവലിന്റെ ഭാര്യ ലീലാമ്മയെ കൊണ്ട് എഴുത്തുകാരൻ പറയിക്കുന്നു. ഓരോരുത്തർക്കും അവരവരിലേക്ക് നോക്കാനും സ്വയം വിലയിരുത്താനും ഉള്ള അവസരം കൂടിയാണ് ഈ കൃതി നല്കുന്നത്.

"മണ്ണ് ചതിക്കില്ല" എന്നും മണ്ണിനെ അറിയുന്നവനെ മണ്ണ് അറിയുന്നു എന്നുമുള്ള സത്യവും നമുക്കിതിൽ കാണാം.

"പെസഹയിലെ പുണ്യാളൻ" എന്ന നാടകത്തിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ നിത്യജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ പരിചിതർ തന്നെ ആണ്. ക്രിസ്ത്യൻ കുടുംബവും പെസഹാവ്യാഴവും, പെസഹാപ്പവും എല്ലാം മനസ്സിൽ തങ്ങി നില്ക്കുന്നതാണ്.
മദ്യം പിശാചാണെന്നും വേദപുസ്തകം തൊട്ട് സത്യം ചെയ്താൽ അത് പാലിക്കും എന്നുമുള്ള വിശ്വാസം. വിശ്വാസം തെറ്റിക്കുമ്പോൾ അമ്മച്ചിയുടെ ശിക്ഷയും ആ വാക്കുകളും. ഇതെല്ലാം നമുക്കു ചുറ്റുമുള്ള പലരെയും ഓർമ്മപ്പെടുത്തുന്നു.

മൂന്നാമത്തെ നാടകമായ "കാണിക്ക"യിൽ ഹൃദയനിർഭരമായ പല രംഗങ്ങളും ഉണ്ട്. പിതൃ സ്വത്ത് ഭാഗം വയ്ക്കുമ്പോൾ അതിൽ ഏറ്റവും വിലപ്പെട്ടതായി തോമാച്ചൻ വിലമതിക്കുന്നതും, അന്യദേശത്ത് പിതാവിന്റെ സാന്നിദ്ധ്യം ഇല്ലാതെ കഴിയുന്ന അനുജന് ഹൃദയം പകുത്തുനല്കുമ്പോലെ കൊടുക്കുന്നതും ആയ പിതാവിന്റെ ലൂബാ വാച്ചും ആ രംഗങ്ങളും മനസ്സിൽ വല്ലാത്ത ഭാരം നിറയ്ക്കുന്നു. 'മരിച്ചുപോയ എന്റെ അച്ചായന്റെ ചങ്കാണെടീ ഇതിൽ മിടിക്കുന്നെ' എന്നു പറയുന്നിടത്ത് പിതൃപുത്രബന്ധത്തിന്റെ ആഴം നമുക്ക് മനസ്സിലാക്കിത്തരുന്നു.
അമേരിക്കയിലാണെങ്കിലും ആഗ്രഹിക്കുന്ന ജീവിതരീതിക്കുള്ള വരുമാനം ഇല്ലാതെ ഭർത്താവിനോട് കെട്ടിക്കൊണ്ടുവന്നതിന്റെയും, പഠിപ്പിച്ച് ഉയർന്ന ജോലിനേടിക്കൊടുത്തതിന്റെയും കണക്കു പറയുന്ന ഭാര്യ. ഒരു ശരാശരി അമേരിക്കൻ മലയാളിയുടെ കഷ്ടപ്പാടും പൊങ്ങച്ചവും എല്ലാം ഓരോ നാടകങ്ങളിലും നമുക്ക് കാണാം.

അത്യാർത്തിയോടെ കുടുംബസ്വത്ത് കിട്ടുമ്പോൾ കിച്ചൺ റീമോഡൽ ചെയ്യണം, പുതിയ ബ്ലാക് പോർഷ് കാർ വാങ്ങണം എന്നൊക്കെ പലവിധമോഹങ്ങളിൽ പെട്ട് വരുന്ന ആലീസ്.
ഒടുവിൽ ഭാഗം വയ്പിൽ കൈ നിറയെ കാശു കിട്ടിയപ്പോൾ കണ്ണു മഞ്ഞളിക്കുന്ന ആലീസിനോട് നമുക്ക് കിച്ചൺ റീമോഡൽ ചെയ്യണ്ട, ഈ കാശുകൊണ്ട് റീമോഡൽ ചെയ്യുന്ന ആ അടുക്കളയിൽ നമ്മൾ കുക്കുചെയ്യാൻ പോകുന്നത് വല്യേട്ടന്റെ ചങ്കും കരളും ആയിരിക്കും. ആലീ.. നീയെന്നെ കെട്ടിയിട്ടിരിക്കുന്ന ഈ ചങ്ങല.. ഈ ഗ്രീൻകാർഡ് ... നീയിതുപിടിച്ചോളൂ.. എന്നു പറയുന്നിടത്ത് വല്യേട്ടന്റെ അദ്ധ്വാനത്തിന്റെ വിഹിതം ആഗ്രഹിച്ചത് തനിക്കർഹതയില്ലാത്തതാണെന്ന കുറ്റബോധം അയാളെ എത്രത്തോളം ആഴത്തിൽ മുറുവേല്പിക്കുന്നു എന്ന് മനസ്സിലാക്കിത്തരുന്നു.

അദ്ധ്വാനത്തിന്റെ ഫലം ഉടയോന് മാത്രമല്ല കടിയാനുകൂടി അവകാശപ്പെട്ടതാണെന്നും, നമ്മുടെ മനസ്സമാധാനത്തോടെയുള്ള ജീവിതത്തിനും ആവശ്യം സ്വാർത്ഥതക്കപ്പുറം 
അതിജീവത്തിന് കഷ്ടപ്പെടുന്നവരോടുള്ള കാരുണ്യം ആണെന്നും ബന്നി നെച്ചൂർ തന്റെ കൃതിയിലൂടെ വായനക്കാരനോടു പറയുന്നു.

ബന്നി നെച്ചൂരിന്റെ കൃതികൾ വായനാനുഭവം തരുന്നതും സാഹിത്യലോകത്തിന് മുതൽക്കൂട്ടും ആണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക