Image

''ഒന്നും മറന്നിട്ടില്ല വിജയാ...'' കോട്ടയത്തെ ഫ്‌ളക്‌സ് ഉയര്‍ത്തിയ ചോദ്യം, പിണറായിയോട് സോഫ്റ്റ് കോര്‍ണറോ..? (എ.എസ് ശ്രീകുമാര്‍)

Published on 19 October, 2026
''ഒന്നും മറന്നിട്ടില്ല വിജയാ...'' കോട്ടയത്തെ ഫ്‌ളക്‌സ് ഉയര്‍ത്തിയ ചോദ്യം, പിണറായിയോട് സോഫ്റ്റ് കോര്‍ണറോ..? (എ.എസ് ശ്രീകുമാര്‍)

രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച് കോട്ടയത്ത് ഉയര്‍ന്ന ഫ്‌ളക്‌സ് ബോര്‍ഡ് കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരുകളിലേക്കും വി.ഡി സതീശന്‍ വിരുദ്ധ പുതിയ രാഷ്ട്രീയ ചര്‍ച്ചകളിലേക്കും വിരല്‍ചൂണ്ടുന്നു. മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേഗത്തിലാക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പുള്‍ ഉയരുന്ന സാഹചര്യത്തിലാണ് കോട്ടയത്ത് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

''നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല... ''ഒന്നും മറന്നിട്ടില്ല വിജയാ... ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാവില്ല ഞങ്ങള്‍ക്ക്...'' എന്നാണ് 'കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍' എന്ന പേരില്‍ സ്ഥാപിച്ച ഫ്‌ളക്‌സില്‍ ഉള്ളത്. ഈ ഫ്‌ളക്‌സും, ഒരാള്‍ മുഖ്യമന്ത്രിക്കെതിരേ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ആരോ ഉണ്ടെന്ന  മന്ത്രി കെ മുരളീധരന്റെ ഇന്നത്തെ കമന്റും ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാവും. കാരണം മുഖ്യമന്ത്രി വി.ഡി സതീശന്റെ കട്ട ഫാനാണ് മുരളീധരന്‍. മുതിര്‍ന്ന നേതാക്കളായ അടൂര്‍ പ്രകാശിനും കെ. സുധാകരനും ഉള്ള മറുപടിയും പരോക്ഷവിമര്‍ശനവുമാണ് മുരളീധരന്റെ വാക്കുകളിലുള്ളത്.

ആണുങ്ങളുടെ സര്‍ക്കാര്‍ എന്ന സുധാകരന്റെ വിമര്‍ശനത്തിന്, ടെസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഞങ്ങളൊക്കെ ടെസ്റ്റ് ചെയ്തുകൊടുക്കാമെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. സി.എം.ആര്‍.എല്‍- എക്സാലോജിക് കേസില്‍ പിണറായി വിജയന് ഇ.ഡി. സമന്‍സ്നല്‍കിയതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍ രംഗത്തെത്തിയത്. ആണുങ്ങളുടെ സര്‍ക്കാരാണെങ്കില്‍ പിണറായി വിജയനെതിരെ നടപടിയുണ്ടാകുമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

അതേസമയം, മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ട കെ.സി വേണുഗോപാലിന്റെ നാവായാണ് യു.ജി.എഫ് കണ്‍വീനറായ അടൂര്‍ പ്രകാശ് പ്രവര്‍ത്തിക്കുന്നതെന്ന പരസ്യമായ വിമര്‍ശനവും കോണ്‍ഗ്രസിലുണ്ടിപ്പോള്‍. ഈ പശ്ചാത്തലത്തിലാണ് മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള നിയമനടപടികളും അതിനോടുള്ള സര്‍ക്കാര്‍ സമീപനവും കോണ്‍ഗ്രസിലെ ആഭ്യന്തര ചര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കിയിരിക്കുന്നത്.

മാസപ്പടി വിവാദം നിയമസഭയിലും പൊതുവേദികളിലും സജീവമായി ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ നിലപാട് കോണ്‍ഗ്രസിലെ ഈ ചര്‍ച്ചയില്‍ നിര്‍ണായകമാണ്. സര്‍ക്കാര്‍ നിലപാടിനെതിരായ മാത്യു കുഴല്‍ നാടന്റെ വിമര്‍ശനത്തിന് കോണ്‍ഗ്രസില്‍ പിന്തുണയേറുകയാണ്. ഉമ്മന്‍ ചാണ്ടിയെ ബലാത്സംഗക്കേസില്‍പ്പെടുത്തിയ ആളാണ് പിണറായിയെന്നും അക്കാര്യം മറക്കണോയെന്നും മാത്യു കുഴല്‍നാടന്‍ ഇന്നലെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചോദിക്കുകയുണ്ടായി. പ്രമാദമായ സോളാര്‍ അഴിമതി അന്വേഷിച്ച ശിവരാജന്‍ കമ്മീഷന് മുന്നില്‍ ഉമ്മന്‍ ചാണ്ടി ഇരിക്കുന്ന ദൃശ്യം ഇപ്പോഴും തന്റെ മനസിലുണ്ടെന്നും അത് മാഞ്ഞുപോയിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചവരെയും അന്ന് വേട്ടയാടിയവരെയും എങ്ങനെ മറക്കാനാകുമെന്നും കുഴല്‍നാടന്‍ തുറന്നടിച്ചു.

വിഷയത്തില്‍ വ്യത്യസ്തമായ നിലപാടാണ് ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം.എല്‍.എയുമായ ചാണ്ടി ഉമ്മന്റേത്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയെന്നും പിതാവിനോട് കാണിച്ചത് തികച്ചും അന്യായമായിരുന്നെന്നും അദ്ദേഹം തുറന്നുപറഞ്ഞു. എങ്കിലും, അതിനുള്ള മറുപടി മറ്റൊരാളെ വേട്ടയാടിക്കൊണ്ടാകരുത് എന്നതാണ് തന്റെ ഉറച്ച നിലപാടെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നിലപാടിനെച്ചൊല്ലി ജിന്റോ ജോണും മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നാഭിപ്രായങ്ങള്‍ പരസ്യമായ ചര്‍ച്ചയിലേക്ക് എത്തിച്ചിരിക്കുകയാണ്. പിണറായി വിജയനെതിരായ ആരോപണങ്ങളില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യരുതെന്ന നിലപാടാണ് ഇവരുടേത്.

ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ വിവാദകാലത്ത് നടന്ന രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം വീണ്ടും ഓര്‍മിപ്പിക്കുകയാണ്. അന്ന് ആരോപണങ്ങളും അന്വേഷണങ്ങളും ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള ആയുധങ്ങളായി ഉപയോഗിച്ചുവെന്നതാണ് അവരുടെ വാദം. അത്തരമൊരു അനുഭവത്തിന്റെ പശ്ചാത്തലത്തില്‍, പിണറായി വിജയനെതിരായ മാസപ്പടി ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്ന സമീപനം എന്തുകൊണ്ട് വ്യത്യസ്തമാണെന്ന ചോദ്യമാണ് ഉയരുന്നത്. അതാണ് കോട്ടയത്തെ ഫ്‌ളക്‌സിന്റെ കാതല്‍.

കോടതിയുടെ ഇടപെടലുകള്‍ക്കു ശേഷവും പിണറായിക്കെതിരായ അന്വേഷണം സംബന്ധിച്ച നടപടികള്‍ വൈകുന്നതായി പൊതുസമൂഹത്തിന് തോന്നുന്ന സാഹചര്യം രാഷ്ട്രീയമായി മുതലെടുക്കാന്‍ ഭരണപക്ഷത്തിന് അവസരം നല്‍കുന്നില്ലേ എന്ന ആശങ്കയും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നു. പ്രതിപക്ഷത്തിന്റെ വിശ്വാസ്യത നിലനിര്‍ത്തണമെങ്കില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലുപരി അവയില്‍ വ്യക്തമായ തുടര്‍നടപടികള്‍ക്കായി സമ്മര്‍ദം ചെലുത്തണമെന്നും വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടുന്ന നേതൃത്വത്തിന്റെ സമീപനത്തെ പിന്തുണയ്ക്കുന്നവര്‍ നിയമപരമായ മുന്‍കരുതലുകളുടെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്.

ഇത്തരത്തില്‍ മാസപ്പടി കേസിലെ സര്‍ക്കാര്‍ സമീപനത്തെക്കുറിച്ചും അതിനോടുള്ള പാര്‍ട്ടി നേതാക്കളുടെ വ്യത്യസ്ത പ്രതികരണങ്ങളെക്കുറിച്ചും കോണ്‍ഗ്രസിനുള്ളില്‍ തന്നെ അമര്‍ഷവും ചര്‍ച്ചകളും പുകയുന്നതിനിടയിലാണ് കോട്ടയത്തെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ശ്രദ്ധേയമാകുന്നത്. ഒരുകാലത്ത് ഉമ്മന്‍ ചാണ്ടി നേരിട്ട രാഷ്ട്രീയ പ്രതിസന്ധികളും വേട്ടയാടലുകളും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇനിയും മറന്നിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ബോര്‍ഡുകളിലൂടെ പുറത്തുവരുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക