
ഹരിപ്പാട്: 30 വയസ്സുള്ള യുവതിയുടെ ഏഴാമത്തെ പ്രസവത്തിനു പിന്നാലെ ആറാം പ്രസവത്തിലെ രണ്ടുവയസ്സുള്ള ആണ്‍കുഞ്ഞ് പോഷകാഹാരക്കുറവുമുലം മരിച്ചു. കുപ്പിപ്പാല്‍ തൊണ്ടയില്‍ക്കുടുങ്ങി മരിച്ചതായാണ് അച്ഛന്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍, ആവശ്യത്തിനു ഭക്ഷണം കിട്ടാത്തതും പോഷകാഹാരക്കുറവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.
മറ്റൊരു ആണ്‍കുട്ടിയും നേരത്തേ സമാനരീതിയില്‍ മരിച്ചിരുന്നു. നാലു പെണ്‍കുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. അമ്മയും ഏഴാമത്തെ ആണ്‍കുട്ടിയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.
കാര്‍ത്തികപ്പള്ളി സ്വദേശികളായ ദമ്പതിമാരുടെ മകനാണു മരിച്ചത്. ഈ കുടുംബം തൃക്കുന്നപ്പുഴയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു.
ബന്ധുക്കളുമായി കാര്യമായ അടുപ്പമില്ല. കഴിഞ്ഞദിവസം യുവതിക്കു പ്രസവസമ്പന്ധമായ അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. വെള്ളിയാഴ്ച പ്രസവിച്ചു.
ശനിയാഴ്ച രാവിലെയാണ് വീട്ടില്‍ അച്ഛന്റെ പരിചരണത്തിലായിരുന്ന കുട്ടി മരിച്ചത്. നാട്ടുകാര്‍ ദുരൂഹതയാരോപിച്ചതിനാല്‍ മൃതദേഹം
വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
കുമാരപുരത്തെ വഴിയോരത്ത് ഷീറ്റ് കെട്ടി താമസിക്കുന്നതിനിടെ ആറുമാസം മുന്‍പ് നാട്ടുകാര്‍ ഇടപെട്ട് അമ്മയ്ക്കും മക്കള്‍ക്കും പത്തനാപുരം ഗാന്ധിഭവന്‍ അഭയം നല്‍കിയതാണ്. ദിവസങ്ങള്‍ക്കുശേഷം അവിടന്ന് മടങ്ങി.