
കൊച്ചി:നെടുമ്പാശേരി വാഹനാപകടത്തില് കാര്യങ്ങള് നിയമപരമായി മുന്നോട്ടുപോകട്ടെയെന്ന് പ്രതി സുഹൈലിന്റെ മാതാവ് നൂഹ സജീവ്. സത്യം പുറത്തുവരട്ടെെയന്നും മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമെന്നും നൂഹ ഇന്സ്റ്റഗ്രാമില് പങ്കുവച്ച വിഡിയോയില് പറഞ്ഞു. തങ്ങളാൽ ആവുന്ന എല്ലാ പിന്തുണയും ആ കുടുംബങ്ങള്ക്ക് നൽകുമെന്നും നൂഹ വ്യക്തമാക്കി. വിഷയം നിയമപരമായി മുന്നോട്ടുപോകട്ടെയെന്നും സത്യസന്ധമായി അന്വേഷിക്കപ്പെടട്ടെയെന്നും നൂഹ പറയുന്നു. യഥാർഥ വാർത്തകൾ മാത്രം പുറത്തുവരട്ടെ, എന്നാൽ സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് നിരവധി അടിസ്ഥാനരഹിതമായ വാർത്തകളും പ്രചാരണങ്ങളും നടക്കുന്നുണ്ടെന്നും ഇത് തങ്ങളുടെ കുടുംബത്തെയും ഭാവിയെയും ഗുരുതരമായി ബാധിക്കുന്നുവെന്നും നൂഹ പറഞ്ഞു.
‘ഞങ്ങളും നാല് പേർ അടങ്ങുന്ന ഒരു സാധാരണ കുടുംബമാണ്. ഒരു അമ്മയെന്ന നിലയിൽ എന്റെ കുഞ്ഞിനെക്കുറിച്ചുള്ള ആശങ്കയും ഒരുവശത്തുണ്ട്, അതേസമയം മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടതിന്റെ വേദന മറുവശത്തുമുണ്ട്. ഈ നിസ്സഹായാവസ്ഥ മനസ്സിലാക്കി തങ്ങൾക്കും കുടുംബത്തിനും കുറച്ച് സ്വകാര്യത നൽകണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു’ നൂഹ പറയുന്നു. തെറ്റായ പ്രചാരണങ്ങള് ഒഴിവാക്കണമെന്നും, സാധാരണ മനുഷ്യരായ തന്നെയും കുടുംബത്തെയും ഈ വിവാദങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും അഭ്യർഥിച്ചുകൊണ്ടാണ് നൂഹ വിഡിയോ അവസാനിപ്പിക്കുന്നത്.
നൂഹയുടെ വാക്കുകള്: ‘കഴിഞ്ഞദിവസം നടന്ന അപകടത്തിൽ ഒരു അമ്മ എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും എനിക്ക് പറയാനുള്ള കുറച്ച് കാര്യങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്. അതായത് നമ്മൾക്ക് നഷ്ടപ്പെട്ടത് മൂന്ന് വിലപ്പെട്ട കുഞ്ഞുങ്ങളുടെ ജീവിതമാണ്. ആ മൂന്ന് കുഞ്ഞുങ്ങളോടുള്ള അനുശോചനം ഞാൻ അറിയിക്കുന്നു. അതോടൊപ്പം തന്നെ അവരുടെ വീട്ടിലെ തീരാ ദുഃഖം എനിക്കറിയാം. കാരണം മക്കളെ നമ്മൾ ഇത്രയും സ്നേഹത്തോടുകൂടി വളർത്തി വലുതാക്കി അവരുടെ ഒരുപാട് സ്വപ്നങ്ങളുമായിട്ട് നമ്മൾ മുന്നോട്ടുപോകുമ്പോൾ ഇടയ്ക്ക് വെച്ച് അവർ നഷ്ടപ്പെടുന്ന വേദന എന്ന് പറഞ്ഞാൽ നമ്മൾക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറം ആണെന്ന് എനിക്കറിയാം. ഒരു ഓരോ കുഞ്ഞു നഷ്ടപ്പെടുമ്പോൾ ഒരു അമ്മയുടെ വേദന അല്ലെങ്കിൽ അവരുടെ അച്ഛന്റെ വേദനയൊക്കെ മനസ്സിലാക്കുന്ന വ്യക്തിയാണ് ഞാൻ.
എന്റെ ഒരു വാക്കുകൾ കൊണ്ടൊന്നും അവരുടെ തീരാദുഃഖത്തിന് ഒരു കുറവും വരില്ല എന്ന് എനിക്കറിയാം. പക്ഷേ എന്നാലും ഞാൻ കുഞ്ഞുങ്ങളുടെ വീട്ടുകാരോടും കുഞ്ഞുങ്ങളോടുമുള്ള അനുശോചനം ഞാൻ രേഖപ്പെടുത്തുകയാണ്. ഈ അപകടത്തിനോടനുബന്ധിച്ച സംഭവങ്ങൾ അതിനോടനുബന്ധിച്ച ആളുകൾ അന്വേഷിക്കട്ടെ. നിയമപരമായി മുന്നോട്ടുപോകട്ടെ. എല്ലാം സത്യസന്ധമായി മാത്രം നടക്കട്ടെ. സത്യമായ വാർത്ത മാത്രം പുറത്തുവരട്ടെ എന്ന് മാത്രമാണ് ഞാൻ ഇതിൽ ആഗ്രഹിക്കുന്നത്.
സോഷ്യല് മീഡിയയിൽ ഈ ഒരു കാര്യം ഒരുപാട് ചർച്ചചെയ്യപ്പെടുന്നുണ്ട് എന്ന് എനിക്കറിയാം. എല്ലാവർക്കും ദേഷ്യവും വിദ്വേഷവുമൊക്കെ ഞങ്ങളോട് തോന്നും എന്നൊക്കെ എനിക്കറിയാം. പക്ഷേ ഇത്രയും ദുഷ്കരമായ ഒരു അവസ്ഥയിൽ കുറച്ച് സ്വകാര്യത എനിക്കും എന്റെ കുടുംബത്തിനും നൽകണം എന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. കാരണം ഞങ്ങളും ഒരു സാധാരണ മനുഷ്യരാണ്. നാല് പേർ അടങ്ങുന്ന ഒരു കുടുംബമാണ് എന്റേത്. പല കാര്യങ്ങളും ചർച്ചചെയ്യപ്പെടുമ്പോഴും അടിസ്ഥാനരഹിതമായ വാർത്തകള് പ്രചരിക്കുമ്പോഴും ഞങ്ങൾ ഒരു മനുഷ്യരാണ് അല്ലെങ്കിൽ ഞാൻ ഒരു അമ്മയാണ് എന്നുള്ള കാര്യം നിങ്ങൾ പരിഗണിക്കണം.എന്റെ കുഞ്ഞിന്റെ ഭാവി അല്ലെങ്കിൽ എന്റെ കുഞ്ഞിനെക്കുറിച്ചുള്ള ആശങ്ക എനിക്കൊരു സൈഡിൽ ഉണ്ട്. അതേപോലെ തന്നെ അതുപോലുള്ള മൂന്ന് കുഞ്ഞുങ്ങളുടെ ജീവിതം നഷ്ടപ്പെട്ട വിഷമവും എനിക്കുണ്ട്. ഇതിൽ രണ്ടിനുടേയും ഇടയിലാണ് ഞാൻ പോകുന്നത്.
എന്റെ കുഞ്ഞ് നഷ്ടപ്പെട്ട വേദന, എന്റെ കുഞ്ഞിനെപ്പറ്റിയുള്ള, എന്റെ കുഞ്ഞ് നാളെ എന്താകും എന്ന് ആലോചിച്ചിട്ടുള്ള വിഷമം അതിനോടൊപ്പം തന്നെ ആ മൂന്ന് ജീവൻ പോയ വിഷമം. ഇതിനിടയ്ക്ക് എന്ത് പറയണം, എന്ത് ചെയ്യണം പോലും എനിക്കറിയില്ല. ഇത്രയും ദിവസം എനിക്ക് എഴുന്നേറ്റ് ഇരിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയായിരുന്നു. അത്രയും ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയിൽ കൂടിയാണ് കടന്നുപോകുന്നത്. അതുപോലെ തന്നെ ഈ ഒരു സംഭവത്തോട് അനുബന്ധിച്ച് ഒരു അമ്മ എന്ന നിലയിലും ഒരു സംരംഭക എന്ന നിലയിലും ആ കുടുംബത്തോടുള്ള പിന്തുണ ഞാനും എന്റെ കുടുംബവും അറിയിക്കുകയാണ്. ഞങ്ങൾ ഉള്ളടത്തോളം കാലം ആ കുടുംബത്തെ എന്നും ഞങ്ങൾ പിന്തുണക്കും എന്ന് ഞാൻ അറിയിക്കുകയാണ്.
ആരുടെയും വേദന കുറച്ചുകാണിക്കാനോ കൂട്ടിക്കാണിക്കാനോ ഒന്നുമല്ല, എന്റെ നിസ്സഹായ അവസ്ഥയാണ്. ഞങ്ങൾക്ക് നാലുപേർക്ക് ഇനിയൊരു ജീവിതമുണ്ട്. ഞങ്ങളെ എല്ലാവരെയും പറ്റി പറയുന്ന ഈ വാർത്ത നിങ്ങൾ ഓരോരുത്തരും പ്രചരിപ്പിക്കുമ്പോൾ ഓർക്കുക. നിങ്ങളെപ്പോലെ തന്നെ സാധാരണ മനുഷ്യനാണ് ഞാൻ. അല്ലെങ്കിൽ ഒരു സാധാരണ ഒരു അമ്മയാണ് ഞാൻ. എല്ലാവരെയും പോലെയുള്ള കുടുംബമാണ്. അതുകൊണ്ട് നിങ്ങൾ പറഞ്ഞ് പ്രചരിപ്പിക്കുന്ന ഓരോ കാര്യങ്ങളിൽ നിന്ന് ഞങ്ങളെ ഒഴിവാക്കി തരണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്’