Image

റയൽ മാഡ്രിഡ് മേരികുളത്ത്; തുടക്കം കുറിച്ചതു എം.ഒ.മത്തായി (കുര്യൻ പാമ്പാടി)

Published on 18 October, 2026
റയൽ  മാഡ്രിഡ് മേരികുളത്ത്; തുടക്കം കുറിച്ചതു എം.ഒ.മത്തായി (കുര്യൻ  പാമ്പാടി)

ഇടുക്കി ജില്ലയിൽ  കുട്ടിക്കാനത്തിനും  കട്ടപ്പനയ്ക്കും ഇടയിലുള്ള മേരികുളത്തെ സെന്റ് മേരീസ് ഹയർ സെ ക്കണ്ടറി സ്കൂളിന് അഭിമാനിക്കാൻ ഏറെ! സ്‌പെയിനിലെ മാഡ്രിഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റയൽ മാഡ്രിഡ് ഫുട് ബോൾ ക്ലബ്ബിന്റെ പരിശീലനത്തിനു തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഏക വിദ്യാലയമാണ് സെന്റ് മേരീസ്.

സ്പാനിഷിൽ റോയൽ എന്നർത്ഥമുള്ള റയൽ മാഡ്രിഡ് ഫൗണ്ടേഷൻ ലോകമാസകലം നടത്തുന്ന കായിക പരിശീലനത്തിന്റെ ഭാഗമാണ് മേരികുളത്തെ കോച്ചിങ്.  അഞ്ചു മുതൽ 17 വരെ പ്രായമുള്ള 60 ആൺകുട്ടികൾക്കും 60 പെൺകുട്ടികൾക്കും ജേഴ്‌സിയും ഷൂസും ആഴചയിൽ നാല് ദിവസത്തെ പരിശീലനത്തിനിടയിൽ ചായയും പലഹാരവും വരെ ഫൗണ്ടേഷൻ നൽകുന്നു.

മേരികുളം സെന്റ് മേരീസ് സ്‌കൂളിലെ റയൽ മാഡ്രിഡ്  ടീം

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‍ബോളർ  എന്ന നിലയിൽ അഞ്ചു തവണ ബാലൻ ഡി ഓർ കിരീടം നേടിയിട്ടുള്ള ക്രിസ്ത്യൻ റൊണാൾഡോ ആണ് റയൽ മാഡ്രിഡിന്റെ അഭിമാന താരം. ഒമ്പതു സീസണുകളിൽ റയൽ മാഡ്രിഡിനു വേണ്ടികളിച്ച അദ്ദേഹം  450 മാച്ചുകളിൽ 450 ഗോൾ നേടി.

2017ൽ പദ്ധതിക്ക് സ്‌കൂൾ തെരഞ്ഞെടുക്കപെട്ട വേളയിൽ സ്‌പെയിനിൽ നിന്നുള്ള പരിശീലകർ സ്‌കൂളിൽ എത്തിയിരുന്നു. ഇപ്പോൾ ഫൗണ്ടേഷന്റെ  പരിശീലനം  ലഭിച്ച സ്‌കൂൾ കായികാധ്യാപകൻ ബിനു തോമസ് ഉൾപ്പെടെ മൂന്നുപേരാണ്  ട്രെയിനിങ് നൽകുന്നത്. മറ്റു രണ്ടു പേർ  റെജിൻ  രഘു, എമിലി.

റയൽ മാഡ്രിഡ് ഫൗണ്ടേഷൻ പ്രതിനിധി റോസ റോൺഗാൾ

കാഞ്ഞിരപ്പള്ളി  സിറോമലബാർ രൂപതയുടെ കീഴിലുള്ള സ്‌കൂളാണ് സെന്റ് മേരീസ്. പ്രൈമറി യുപി, ഹൈ, ഹയർ സെക്കണ്ടറികളിലായി രണ്ടായിരം പേർ പഠിക്കുന്നു. റയൽ മാഡ്രിഡ് സ്‌പോൺസർഷിപ് എത്തിയ  കാലത്ത്  റവ. സഖറിയ  ഇല്ലിക്കമുറിയിൽ ആയിരുന്നു  മാനേജർ.  ഇന്ന് സ്‌കൂളുകളുടെ കോർപ്പറേറ്റ് മാനേജർ റവ. ഡൊമിനിക് അയലൂപ്പറമ്പിൽ. സ്‌കൂളിന്റെ നേട്ടത്തിൽ ഇരുവരും അഭിമാനം കൊള്ളുന്നു.

പ്രൈമറി ഹെഡ്മിസ്ട്രസ് ബിന്ദു സെബാസ്റ്റിയൻ, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ തെരേസ് ജോസ് FCC, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ജോസ് സെബാസ്റ്റിയൻ എന്നിവർ സ്‌കൂളിന്റെ സർവതോമുഖവളർച്ചയിൽ അഭിമാനവിജ്രുംഭിതരാണ്.  

 2026ൽ പരിശീലനം നേടുന്ന സെന്റ്‌മേരീസ്  ടീം

റവ. ഇല്ലിക്കമുറിയിൽ  ഇപ്പോൾ കോരുത്തോട് സെന്റ് ജോർജ് പള്ളി വികാരിയാണ്. കായികമത്സര  രംഗത്തു ഉജ്ജ്വല നേട്ടങ്ങൾ കൈവരിച്ച അനേകം പേരുടെ മാതൃവിദ്യാലയം കോരുത്തോട് സികെഎം ഹയർസെക്കണ്ടറി സ്‌കൂൾ  തൊട്ടടുത്ത്. തന്റെ ഇടവകയിൽ നിന്നും  ചുറ്റുപാടിൽ നിന്നും കുറഞ്ഞത് 1200 പേർക്ക് ജോലി നേടാൻ  സ്‌കൂളും അവിടത്തെ അധ്യാപകൻ ദ്രോണാചാര്യ തോമസ് മാഷും ഇടയാക്കിയിട്ടുണ്ടെന്നു റവ.ഇല്ലിക്കമുറിയിൽ ഓർമ്മിപ്പിച്ചു.

അഞ്ജു ബോബി ജോർജ്, ഷൈനി വിത്സൺ, ജോസഫ് എബ്രഹാം, ജിൻസി ഫിലിപ്പ്, മോളി ചാക്കോ, സി.എസ്.  മുരളീധരൻ തുടങ്ങിയ അന്തർദേശീയ താരങ്ങളെ സൃഷ്ട്ടിച്ച സ്‌കൂളാണ് കോരുത്തോട്ടിലേത്.  ഇപ്പോൾ ആ കാറ്റേറ്റ് കഴിയുന്ന ആറടി ഉയരമുള്ള ഇല്ലിക്കമുറിയിൽ നല്ലൊരു ബാസ്കറ്റ്ബോൾ കളിക്കാരനാണ്.

സ്‌കൂളിലെ ബിനുവും റെജിനും സ്പാനിഷ്  കോച്ച് മിഗ്വേൽ ഏഞ്ചലിനൊപ്പം  

സഹ്യസാനുക്കളുടെ നിഴലിൽ 1979ൽ പ്രൈമറിയായി തുടങ്ങിയ വിദ്യാലയമാണ് സെന്റ് മേരീസ്. അവിടെ യുപി വിഭാഗത്തിൽ ഡ്രിൽ ആൻഡ് ഡ്രോയിങ് അദ്ധ്യാപകനായി സേവനം ചെയ്ത എം.ഒ.  മത്തായി  അടിത്തറ പാകിയ കായികപരിശീലനം ഇത്രത്തോളം എത്തുമെന്ന് ആരും സ്വപ്നം കണ്ടിരിക്കാനിടയില്ല. എൺപത്തിമൂന്നു തികഞ്ഞ മത്തായി സാർ സ്കൂളിനടുത്ത് മാട്ടുക്കട്ടയിൽ ഒരേക്കറിൽ വീടുവച്ചു താമസിക്കുന്നു.  പൂച്ചെടികൾ നിറഞ്ഞ വീട്. നിറയെ അദ്ദേഹം സൃഷ്ട്ടിച്ച ചിത്രങ്ങൾ, ശിൽപ്പങ്ങൾ.

എച്എസ്എസ്: റവ. അയലൂപ്പറമ്പിൽ, ഇല്ലിക്കമുറിയിൽ; പ്രധമാധ്യാപകർ ബിന്ദു, ജോസ്‌കുട്ടി, തെരേസ്, ജോസ്

മാവേലിക്കര രാജ രവി വർമ്മ ഫൈൻ ആർട്സ്  സ്‌കൂളിൽ (ഇന്നത് കോളേജ് ആണ്)  ചിത്രകല പഠിച്ച  മത്തായി, നിരവധി കായിക താരങ്ങളെ വാർത്തെടുത്ത കരിക്കാട്ടൂർ സിസിഎം സ്‌കൂളിൽ പഠിക്കുന്നകാലത്ത്  അത്ലറ്റിക്സ്, വോളിബോൾ, ഫുട്ബോൾ ഉൾപ്പെടെ ജില്ലാ മത്സരങ്ങളിൽ  20 ട്രോഫികൾ വരെ നേടിയ ചരിത്രമുണ്ട്.   ഇടുക്കി ജില്ലാ വോളിബോൾ ടീമിൽ അംഗമായിരുന്നു. സെന്റ് മേരീസിൽ ജോലി ചെയ്യുന്ന നാളുകളിൽ  സ്‌കൂളിൽ നാടക ട്രൂപ്പിനെ ഒരുക്കൂട്ടി ട്രോഫികൾ നേടി.

മാവേലിക്കരെ പഠിക്കുന്നകാലത്തു ജോസ്പ്രകാശ് മുതൽ പേർ  അഭിനയിച്ച പിതൃഭവനം എന്ന പ്രൊഫഷണൽ നാടക ട്രൂപ്പിൽ അംഗമായി നാടൊട്ടുക്ക് സഞ്ചരിച്ചു. പാറപ്പുറം എഴുതി പി. ഭാസ്കരൻ ഗാനങ്ങൾ രചിച്ച് യേശുദാസ് സംഗീതം നൽകിയ നാടകം. മാവേലിക്കര പൊന്നമ്മയുടെ മകൾ മകൾ മായയും എറണാകുളം വസന്ത കോകിലവും അഭിനയിച്ചു. അന്ന് മത്തായിക്ക് പ്രായം 19.

സ്‌കൂളിൽ കായികാഭ്യാസനത്തിനു തുടക്കം കുറിച്ച എം.ഒ.മത്തായി (എഐ ചിത്രം)

എസ്ഐയുടെ റോളിൽ ജോസ് പ്രകാശിനെഅറസ്റ് ചെയ്യന്ന റോളിൽ തകത്തുവാരി. "ഇതാണ് ഞങ്ങളുടെ പിതൃഭവനം, ഇതാണ് ഞങ്ങളുടെ സുഖസദനം," എന്ന അവതരണഗാനം അദ്ദേഹം മറന്നിട്ടില്ല. ഒടുവിൽ ജോസ് പ്രകാശ് നിർബന്ധിച്ച് യുവനടനെ തിരികെ സ്‌കൂളിലേക്ക് പറഞ്ഞയച്ചു: പഠിത്തം  കഴിഞ്ഞിട്ടു  മതി എല്ലാം.

പഠിച്ചു  പല സ്‌കൂളുകളിൽ ജോലിയായി. മേരികുളത്തു മൂന്നു പതിറ്റാണ്ടു ജോലി ചെയ്തു. ഡോ. മേരികുട്ടിയെ  വിവാഹം ചെയ്തു.  അവർ ആ ഗ്രാമത്തിൽ പ്രാക്ടീസ് ചെയ്തു ആയിരങ്ങൾക്കു തുണയായി. റിട്ടയർ ചെയ്തു 30 വർഷത്തിന് ശേഷം സെന്റ് മേരീസ് എൽപി സ്‌കൂളിനോടുള്ള  സ്നേഹാതിരേകം പ്രകടിപ്പിക്കാൻ 2023ൽ മത്തായി സാറിനു വീണ്ടും അവസരം ഉണ്ടായി.

മാട്ടുക്കട്ട സീനിയേഴ്സ് ക്ലബ് അംഗങ്ങളുമൊത്ത്, ചുറ്റിനും സ്വന്തം പെയിന്റിങ്ങുകൾ

സ്‌കൂൾ kuttikal കാർത്തിക്ക്, കീർത്തിക്ക് എന്നീ  സഹോദരങ്ങൾ സൈക്കിൾ വാങ്ങാൻ സ്വരൂപിച്ചിരുന്ന പണം സ്‌കൂളിലെ മറ്റൊരു കുട്ടിയുടെ അമ്മയുടെ ക്യാൻസർ ചികിത്സക്ക് സംഭാവന ചെയ്തതായി അദ്ദേഹം അറിഞ്ഞു. ഹെഡ്മിസ്ട്രസ് ബിന്ദു സെബാസ്ത്യൻ കുട്ടികളെയും മാതാപിതാക്കളെയും കൂട്ടി എത്തിയപ്പോൾ  ഒരു പുതുപുത്തൻ സൈക്കിൾ വാങ്ങി സമ്മാനിച്ചുകൊണ്ടു  അദ്ദേഹം അവരെ അദ്‌ഭുതപ്പെടുത്തി.

അഭിനേതാവിനു ഇടുക്കി കലാകാരൻമാരുടെ ആദരം

മൂന്നു മക്കൾ-ഡൊണാൾഡ്, റിച്ചാർഡ്‌, ഡീലിയ. പിതാവിനെപ്പോലെ മാവേലിക്കര  രാജാരവിവർമ്മ കോളജിൽ പഠിച്ചിറങ്ങി ശില്പകലയിലും ഒപ്പം സംഗീതത്തിലും ശോഭിച്ച റിച്ചാർഡ്  2020ൽ അന്തരിച്ചു.  ചിറ്റൂർ സംഗീത കോളജിൽ നിന്ന് ബിരുദം നേടിയ ഡീലിയ വീണ പ്രവീണയാണ്‌. സംഗീത അദ്ധ്യാപികയും.

കീർത്തിക്കിനും കാർത്തിക്കിനും മത്തായിവക സൈക്കിൾ, ഒപ്പം പ്രിൻസിപ്പൽ ബിന്ദു

ഡോ. ഡൊണാൾഡ്‌ മാത്യു  ലബ്ധപ്രതിഷ്ടനായ ഗാനരചയിതാവും ഗായകനും സംഗീത സംവിധായകനുമാണ്. പല സിനിമകൾക്കു സംഗീതം പകർന്നു.  86-87ൽ പൂർവവിദ്യാലയമായ  മേരികുളം സെന്റ്  മേരീസ്  ഹൈസ്‌കൂളിനെക്കുറിച്ച് ഒരു സംഗീതശിൽപ്പം  ചെയ്തു-"ഓർമകളേ തിരികെ വരൂ.." ഒഎൻവിയുടെ " ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം" പോലെ  രചന, ശബ്ദം, സംഗീതം, അഭിനയം, സംവിധാനം-എല്ലാം ഡൊണാൾഡ്.  മനോഹരം! 

മത്തായി, ഡോ. മേരിക്കുട്ടി, മകൻ ഡോ. ഡൊണാൾഡ്, ഭാര്യ ഡാർലിൻ, മക്കൾ
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക