
കോഴിക്കോട്: കോഴിക്കോട് തൊട്ടില്പാലം മൊയിലോത്തറ സര്ക്കാര് ഗവ. എല്.പി സ്കൂളിലെ അധ്യാപികയായ കെ. അനുമോളെ കാണാതായ സംഭവത്തില് ശുഭപര്യവസാനം. കാണാതായി 12 ദിവസത്തിനുശേഷം പാലക്കാട്ടുനിന്നും കണ്ടെത്തിയ അധ്യാപികയെ കോടതിയില് ഹാജരാക്കിയപ്പോള് കുടുംബത്തോടൊപ്പം പോകാന് താല്പ്പര്യമെന്ന് അറിയിച്ചു. തൊട്ടില്പാലത്ത് നിന്നും കാണാതായ അനുമോളെ കല്ലാച്ചി മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. കുടുംബത്തോടൊപ്പം പോകാനാണു താല്പര്യമെന്നു അറിയിച്ചതിനെ തുടര്ന്നാണ് മാതാപിതാക്കള്ക്കും ഭര്ത്താവിനും കുട്ടികള്ക്കുമൊപ്പം വിട്ടയച്ചത്. കാണാതായി പന്ത്രണ്ടാം ദിവസം പാലക്കാട് കസബ പൊലീസ് സ്റ്റേഷന് പരിധിയില് നിന്നുമാണ് അനുമോളെയും ഒപ്പമുണ്ടായിരുന്ന അബ്ദുള് സമദിനെയും പൊലീസ് കണ്ടെത്തിയത്.
കഴിഞ്ഞ അഞ്ചിനാണ് മൊയിലോത്തറ എല്.പി സ്കൂള് അധ്യാപികയായ അനുമോളെ ദുരൂഹ സാഹചര്യത്തില് കാണാതാകുന്നത്. രാവിലെ സ്കൂളിലേക്ക് പോയ ഇവര് പിന്നീട് ഫോണ് സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. സ്കൂളില് നിന്നും മകളെ ഓട്ടോയില് കയറ്റിവിട്ട ശേഷമായിരുന്നു ഇവര് പോയത്. വടകര തോടന്നൂര് സ്വദേശിയായ അബ്ദുള് സമദിനൊപ്പമാണ് അധ്യാപിക പോയതെന്ന് കുടുംബം അന്നേ പൊലീസില് പരാതി നല്കിയിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് കസബ പൊലീസ് സ്റ്റേഷന് പരിധിയിലെ പുതുശേരിയില് വീട് വാടകയ്ക്കെടുത്ത് ദമ്പതികളായി ഇവര് താമസിക്കുകയാണെന്ന് വ്യക്തമായത്.
പോലീസ് പിടിയിലാകാതിരിക്കാന് ഫോണുകള് പൂര്ണ്ണമായും ഒഴിവാക്കിയ ഇവര്, വിവിധയിടങ്ങളില് വെച്ച് അപരിചിതരുടെ ഹോട്ട്സ്പോട്ട് വഴി വൈഫൈ ഉപയോഗിച്ചാണ് വാട്സ്ആപ്പ് വഴി ബന്ധപ്പെട്ടിരുന്നത്. മാഹിയിലും കാസര്കോട്ടുമെല്ലാം ഇവര് ഇത്തരത്തില് മാറി മാറി താമസിച്ചു. ഒടുവില് അബ്ദുള് സമദ് തന്റെ സുഹൃത്തിനെ വിളിക്കാന് ഉപയോഗിച്ച പുതിയ സിം കാര്ഡും, തുടര്ന്ന് എടുത്ത മറ്റൊരു സിമ്മും സൈബര് സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് പാലക്കാട്ടെ രഹസ്യകേന്ദ്രത്തില് നിന്നും ഇരുവരേയും പൊലീസ് കസ്റ്റഡിയില് എടുത്തത്. തുടര്ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില് വൈദ്യപരിശോധന പൂര്ത്തിയാക്കി നാദാപുരം ഡിവൈ.എസ്.പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയും കൗണ്സിലിങ് നല്കുകയും ചെയ്തു.
പത്തുവര്ഷം മുന്പ് ഗുരുതരമായ കരള് രോഗം ബാധിച്ച് മരണത്തിന്റെ വക്കിലെത്തിയ അനുമോള്ക്ക് തന്റെ കരളിന്റെ ഒരു ഭാഗം പകുത്തുനല്കിയത് ഭര്ത്താവ് സുഭാഷായിരുന്നു. അന്നത്തെ ജനകീയ കൂട്ടായ്മയുടെയും മാധ്യമങ്ങളുടെയും സഹായത്തോടെയാണ് ആ ശസ്ത്രക്രിയ വിജയകരമായി പൂര്ത്തിയാക്കിയത്. അങ്ങനെ ജീവന് തിരിച്ചുകിട്ടിയ ശേഷമാണ് അനുമോള് കഠിനാധ്വാനം ചെയ്ത് പി.എസ്.സി പരീക്ഷ ജയിച്ച് സര്ക്കാര് അധ്യാപികയായത്. സന്തോഷത്തോടെ കഴിഞ്ഞുവരുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങള് ഉണ്ടായത്.
നിരവധി അടിപിടി കേസുകളിലും സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികളിലും പ്രതിയായ അബ്ദുള് സമദിന്റെ കെണിയില് അനുമോള് പെടുകയായിരുന്നു എന്നാണ് കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. അനുമോളുടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കാനാണ് ഇയാള് ഒപ്പം കൂട്ടിയതെന്നും സംശയമുയര്ന്നിരുന്നു.
ശനിയാഴ്ച രാവിലെയാണു അനുമോളെയും അബ്ദുള് സമദിനെയും പൊലീസ് കസ്റ്റഡിയില് എടുത്തത്. വ്യാഴാഴ്ച കുടുംബം നല്കിയ ഹേബിയസ് കോര്പ്പസ് ഹര്ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു പൊലീസ് നീക്കം.
അനുമോളെയും സമദിനെയും കാണാതായെന്ന വിവരം പുറത്തുവന്നതിനു പിറകെ സമദിന്റെ കുടുംബം വടകര പൊലീസില് പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് ഇയാളെ കാണാനില്ലെന്നു കാണിച്ചു പൊലീസ് കേസെടുത്തിരുന്നു. ഈ കേസില് ഹാജരാക്കുന്നതിനായി സമദിനെ വടകര കോടതിയിലും അനുമോളെ കല്ലാച്ചി കോടതിയിലും ഒരേ സമയം ഹാജരാക്കുകയായിരുന്നു. ഇരുവരും ഒരു കോടതിയില് ഹാജരായി ഒന്നിച്ചു പോകാനാണു തീരുമാനമെന്നു പറയുന്ന സാഹചര്യം ഇതോടെ ഒഴിവാക്കി.
അനുമോളുടെ പ്രായമായ അച്ഛന്, അമ്മ, ഭര്ത്താവ്, മക്കള് എന്നിവരെയും കല്ലാച്ചി കോടതിയിലെത്തി. തുടര്ന്നാണ് കുടുംബത്തോടൊപ്പം പോകാനാണു താല്പര്യമെന്ന് അനുമോള് അറിയിച്ചത്. സമദിനെ വടകര കോടതിയും കുടുംബത്തോടൊപ്പം വിട്ടയച്ചു.