
വാഷിങ്ടൺ: എൻജിനീയറിങ് രംഗത്തെ ‘നൊബേൽ പുരസ്കാരം’ എന്നറിയപ്പെടുന്ന ജോൺ ഫ്രിറ്റ്സ് മെഡലിന് ഇന്ത്യൻ അമേരിക്കൻ എൻജിനീയറും ദക്ഷിണ കാലിഫോർണിയ സർവകലാശാലയിലെ (USC) പ്രൊഫസറുമായ അസാദ് എം. മദ്നി അർഹനായി. 2026-ലെ പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്.
സങ്കീർണമായ സംവിധാനങ്ങളുടെ രൂപകൽപ്പനയിലും വിവിധ ശാസ്ത്രശാഖകളെ സംയോജിപ്പിച്ചുള്ള എൻജിനീയറിങ് ഗവേഷണത്തിലും നൽകിയ നൂതന സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. USC-യുടെ സിസ്റ്റംസ് ആർക്കിടെക്ചറിങ് ആൻഡ് എൻജിനീയറിങ് പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയാണ് മദ്നി.
മനുഷ്യപുരോഗതിക്ക് നിർണായക സംഭാവനകൾ നൽകിയ എൻജിനീയറിങ് രംഗത്തെ പ്രമുഖരെ ആദരിക്കുന്നതിനായി 1902-ൽ സ്ഥാപിച്ച പുരസ്കാരമാണിത്. തോമസ് എഡിസൺ, അലക്സാണ്ടർ ഗ്രഹാം ബെൽ, ക്ലോഡ് ഷാനൻ, ഗോർഡൻ മൂർ, ആൻഡ്രൂ വിറ്റർബി, ഇലോൺ മസ്ക് തുടങ്ങിയവർ മുൻകാലങ്ങളിൽ ഈ ബഹുമതിക്ക് അർഹരായിട്ടുണ്ട്.
സങ്കീർണമായ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്ന രീതിയിൽ മാറ്റം വരുത്താൻ മദ്നിയുടെ ഗവേഷണങ്ങൾക്ക് കഴിഞ്ഞതായി USC പ്രസിഡന്റ് ബിയോങ്-സൂ കിം പറഞ്ഞു. അദ്ദേഹത്തിന്റെ നൂതന ചിന്തയും ഗവേഷണ മികവും സമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈയിൽ വളർന്ന മദ്നി സെന്റ് മേരീസ് ഹൈസ്കൂളിലും സെന്റ് സേവ്യേഴ്സ് കോളജിലുമാണ് പഠിച്ചത്. 1962-ൽ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി നടത്തിയ ചന്ദ്രയാത്രാ പ്രസംഗമാണ് എയ്റോസ്പേസ് രംഗത്തേക്ക് തിരിയാൻ പ്രചോദനമായതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
1965-ൽ എൻജിനീയറിങ് പഠനത്തിനായി അമേരിക്കയിലെത്തിയ അദ്ദേഹം കാലിഫോർണിയ സർവകലാശാലയിലെ ലോസ് ആഞ്ചലസ് ക്യാമ്പസിൽ (UCLA) നിന്ന് 1968-ൽ ബിരുദവും 1971-ൽ മാസ്റ്റേഴ്സ് ബിരുദവും 1978-ൽ ഡോക്ടറേറ്റും നേടി.
റോക്ക്വെൽ ഇന്റർനാഷനലിൽ പ്രവർത്തിച്ച കാലത്ത് നാസയുടെ സ്പേസ് ഷട്ടിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. ഷട്ടിലിന്റെ നാവിഗേഷൻ സംവിധാനം പരിശോധിക്കുന്നതിനുള്ള മാതൃകാധിഷ്ഠിത സാങ്കേതികരീതികൾ വികസിപ്പിക്കുന്നതിലും പങ്കുവഹിച്ചു. പിന്നീട് പെർസെപ്ട്രോണിക്സിൽ ഗവേഷണത്തിന് നേതൃത്വം നൽകി. 1994-ൽ ഇന്റലിജന്റ് സിസ്റ്റംസ് ടെക്നോളജി എന്ന സ്ഥാപനം ആരംഭിച്ചു. 2009-ലാണ് USC-യിൽ ചേർന്നത്.
അമേരിക്കൻ നാഷണൽ അക്കാദമി ഓഫ് എൻജിനീയറിങ്ങിലെ അംഗമായ മദ്നിക്ക് ഗോർഡൻ പ്രൈസ്, ഐഇഇഇ സൈമൺ റാമോ മെഡൽ, എഎസ്എംഇ സ്പിരിറ്റ് ഓഫ് സെന്റ് ലൂയിസ് മെഡൽ തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. എൻജിനീയറിങ്, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ USC-യിൽ വിവിധ അക്കാദമിക് ചുമതലകളും അദ്ദേഹം വഹിക്കുന്നു.