
കൊച്ചി: കടന്നുവന്ന രാഷ്ട്രീയ വഴികൾ ആരും മറന്നുപോകരുതെന്നും രാഷ്ട്രീയത്തിൽ എല്ലാവരും ഒരേ അച്ചിൽ വാർത്തതുപോലെയല്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആർഎൽ–എക്സാലോജിക് കേസ് സംബന്ധിച്ച് മുൻപ് പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. പൊതുവേദിയിൽ രാഷ്ട്രീയപരമായ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും സർക്കാരുമായി ബന്ധപ്പെട്ട നിലപാടുകൾ പറയേണ്ട പാർട്ടി വേദിയിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കമുള്ളവർ പങ്കെടുത്ത വേദിയിൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിട്ടുണ്ടെന്നും അവർ ശ്രദ്ധാപൂർവം കേൾക്കുകയും അവരുടെ ഭാഗം വിശദീകരിക്കുകയും ചെയ്തതിനെ തികച്ചും ജനാധിപത്യപരമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയത്തിൽ ഓരോരുത്തരുടെയും പ്രകൃതത്തെയും പ്രതികരണങ്ങളെയും രൂപപ്പെടുത്തുന്നത് അവർ കടന്നുപോയ കഠിനമായ അനുഭവങ്ങളാണെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി. എസ്എഫ്ഐയുടെയും ഐസയുടെയും കോട്ടയായ ജെഎൻയു ക്യാമ്പസിലടക്കം സംഘടന പ്രവർത്തനം നടത്തിയാണ് താൻ വന്നതെങ്കിൽ, സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ കേന്ദ്രമായ കണ്ണൂരിൽ ചുറ്റുമുള്ള സഹപ്രവർത്തകരുടെ ജീവൻ നഷ്ടപ്പെടുന്നത് നേരിൽക്കണ്ട് പോരാടിയ നേതാവാണ് കെ. സുധാകരൻ. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾക്ക് തീവ്രത കൂടുന്നത്. മാസപ്പടി കേസിൽ സമാനമായ പ്രതിസന്ധികളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോയ കാര്യമാണ് മുൻപ് ഓർമിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിണറായി വിജയൻ സർക്കാർ വേട്ടയാടിയ ചരിത്രം കോൺഗ്രസ് പ്രവർത്തകർക്ക് ഒരിക്കലും മറക്കാനാവില്ലെന്നും കുഴൽനാടൻ പറഞ്ഞു. അധികാരം ദുരുപയോഗം ചെയ്ത് ഉമ്മൻചാണ്ടിയെപ്പോലൊരു നേതാവിനെ ലോകത്തിനു മുന്നിൽ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യുകയായിരുന്നു. ജസ്റ്റിസ് ശിവരാജൻ കമ്മീഷന് മുന്നിൽ ഉമ്മൻചാണ്ടി ഇരിക്കുന്ന ചിത്രം ഇന്നും കാണുമ്പോൾ വലിയ വൈകാരിക വിഷമമുണ്ടാക്കും. ഒരു തെറ്റും ചെയ്യാത്ത ജനപ്രിയനായ ഒരു നേതാവിനെ നിയമപരമായ നടപടികളുടെ പേരിൽ വിചാരണ ചെയ്തത് അധികാരം കൈയിലുണ്ടായിരുന്നതുകൊണ്ടാണ്. അന്നത്തെ ഭരണാധികാരികൾ വരുത്തിവെച്ച ആ കൊടുംവേദന അത്രയെളുപ്പം മറക്കാൻ കഴിയില്ലെന്നും മാത്യു കുഴൽനാടൻ തുറന്നടിച്ചു.