Image

വിസ്മയങ്ങൾ തിളയ്ക്കുന്ന യെല്ലോസ്റ്റോൺ (സ്വാതി ബാബു)

Published on 18 October, 2026
വിസ്മയങ്ങൾ തിളയ്ക്കുന്ന യെല്ലോസ്റ്റോൺ (സ്വാതി ബാബു)

അമേരിക്കയുടെ വിശാലമായ ഭൂപ്രകൃതിയിലൂടെ സഞ്ചരിക്കുമ്പോൾ പ്രകൃതി നമ്മെ വിസ്മയിപ്പിക്കുന്ന പല കാഴ്ച്ചകളും സമ്മാനിക്കാറുണ്ട്. ആകാശം മുട്ടി നിൽക്കുന്ന പർവ്വതനിരകൾ, പച്ചപ്പണിഞ്ഞ താഴ്വാരങ്ങൾ, മഞ്ഞ് പുതച്ച മലകൾ, പഞ്ചാരമണലുള്ള കടൽത്തീരങ്ങൾ, ചരിത്രം ഉറങ്ങുന്ന ഗുഹകൾ……എന്നാൽ ഭൂമിയുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന വിസ്മയകാഴ്ചകൾ കാണണമെങ്കിൽ യാത്ര  യെല്ലോസ്റ്റോണിലേക്കായിരിക്കണം. ഉറങ്ങി കിടക്കുന്ന ഒരു അഗ്നിപർവതത്തിൻ്റെ  മടിത്തട്ടിൽ പ്രകൃതി ഒരുക്കിയ  അത്ഭുതലോകമാണ്  യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്. ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനമായ യെല്ലോസ്റ്റോൺ, വ്യോമിംഗ്, മൊണ്ടാന,ഐഡഹോ എന്നീ സംസ്ഥാനങ്ങളിലായി ഏകദേശം രണ്ടര മില്യൺ ഏക്കറോളം വ്യാപിച്ചു കിടക്കുന്നു. ചൂടുവെള്ളം ചീറ്റുന്ന ഗീസറുകൾ, ആവി പറക്കുന്ന ചൂടുനീരുറവകൾ, തിളയ്ക്കുന്ന നീലത്തടാകങ്ങൾ, മനോഹരമായ താഴ്വാരങ്ങൾ തുടങ്ങി നിരവധി പ്രകൃതിദത്ത കാഴ്ചകളുടെ ഒരു കലവറയാണ് യെല്ലോസ്റ്റോൺ  നാഷണൽ പാർക്ക്.

അപ്പർ ഗീസർ ബേസിനിലെ ഒരു കാഴ്ച

യെല്ലോസ്റ്റോണിൻ്റെ  ഭൂമിശാസ്ത്രപരമായ  പ്രത്യേകതകൾ

യെല്ലോസ്റ്റോൺ പാർക്കിലേക്ക് കയറുന്ന നിമിഷം മുതൽ മണ്ണിൽ നിന്നുയരുന്ന വെള്ളപുകചുരുളുകളുടെ ദൃശ്യങ്ങൾ യാത്രക്കാരെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോകും. ഭൂമിക്കടിയിലെ അതിശക്തമായ ചൂടിൽ വെള്ളം തിളച്ചു നീരാവിയായി ഉയരുന്നതാണ് ഈ തീപുക പോലെയുള്ള കാഴ്ചകൾ. ഹൈഡ്രോതെർമൽ  സവിശേഷതകളാണ് യെല്ലോസ്റ്റോണിൻ്റെ മുഖ്യപ്രത്യേകത. രണ്ടര മില്യൺ വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു വലിയ അഗ്നിപർവ്വതസ്ഫോടനത്തിൻ്റെ അവശിഷ്ടമായ വിശാലമായ കാൽഡറായിലാണ് ഇന്നത്തെ യെല്ലോസ്റ്റോൺ സ്ഥിതിചെയ്യുന്നത്. യെല്ലോസ്റ്റോണിൻ്റെ ഉപരിതലത്തിനു താഴെ ഭൂമിയുടെ ആഴങ്ങളിൽ ഭീമാകാരമായ ഒരു മാഗ്മസംഭരണവ്യവസ്ഥ ഉണ്ട്. ഇതിൽ നിന്നുണ്ടാകുന്ന തീക്ഷണമായ ചൂട് ഈ പ്രദേശത്തെ നിരന്തരം സജീവമാക്കികൊണ്ടിരിക്കുന്നു. ഈ ഭൂഗർഭചൂടാണ് യെല്ലോസ്റ്റോണിൻ്റെ ഹൈഡ്രോതെർമൽ സവിശേഷതകൾക്ക് പിന്നിലെ കാരണശക്‌തി. യെല്ലോസ്റ്റോണിൻ്റെ സൗന്ദര്യത്തിനടിയിൽ മറ്റൊരു ലോകം ഒളിഞ്ഞിരിക്കുകയാണ്.  ഉള്ളറകളിൽ കത്തിജ്വലിക്കുന്ന തീക്ഷ്ണ അഗ്നിശക്തി ഉഗ്രരൂപം പൂണ്ട ഒരു ഭൂഗർഭലോകം.

ഓൾഡ് ഫെയ്ത്ത്ഫുൾ ഗീസറിനു മുന്നിൽ ഒരു കുടുംബ ചിത്രം

യെല്ലോസ്റ്റോൺ പാർക്കിൽ പ്രധാനമായും നാല് തരത്തിലുള്ള ഹൈഡ്രോതെർമൽ സവിശേഷതകൾ കാണാം. ഗീസറുകൾ (geysers), ചൂടുനീരുറവകൾ (hot springs), മഡ് പൊട്ടുകൾ (mud pots) ,ഫ്യൂമെറോളുകൾ (fumaroles) തുടങ്ങിയവയാണവ. ഭൂമിക്കടിയിലെ ഉഷ്‌ണജലം സമ്മർദ്ദം മൂലം ശക്‌തിയായി മുകളിലേക്ക് പൊട്ടിത്തെറിക്കുന്ന ഉറവകളാണ് ഗീസറുകൾ അഥവാ ഉഷ്ണജലധാരകൾ. ചൂട് ഭൂഗർഭജലം ഭൂമിയുടെ ഉപരിതലത്തിൽ എത്തി കെട്ടികിടക്കുന്ന നീരുറവകളാണ് ഹോട്ട് സ്പ്രിങ്ങുകൾ. ചൂടും അമ്ലതയും നിറഞ്ഞ ഭൂഗർഭജലം പാറകളെ ലയിപ്പിക്കുന്നതിലൂടെ ഉത്ഭവിക്കുന്ന ചെളിയിലൂടെ ഭൂഗർഭവാതകങ്ങൾ പുറത്തേക്കു വരുന്ന പ്രതിഭാസമാണ് മഡ് പൊട്ടുകൾ. ഭൂമിക്കടിയിലെ ചൂടിൽ നിന്ന് ഉത്ഭവിക്കുന്ന നീരാവിയും വാതകങ്ങളും പുറത്തേക്കു വരുന്ന ചെറിയ ദ്വാരങ്ങളാണ് ഫ്യൂമെറോളുകൾ. ഇത്തരം ഭൂതാപസവിശേഷതകൾ കേന്ദ്രീകൃതമായി കാണപ്പെടുന്ന മേഖലകളെ ബേസിനുകൾ എന്നാണ് പറയുന്നത്. അപ്പർ ഗീസർ ബേസിൻ (upper geyser basin), മിഡ്‌വേ ഗീസർ ബേസിൻ (midway geyser basin), നോറിസ് ഗീസർ ബേസിൻ (norris geyser basin), ലോവർ ഗീസർ ബേസിൻ (lower geyser basin), തുടങ്ങി പത്തോളം ചെറുതും വലുതുമായ ബേസിനുകൾ യെല്ലോസ്റ്റോൺ പാർക്കിലുണ്ട്.

ഗ്രാൻഡ് പ്രിസ്മാറ്റിക് സ്പ്രിങ്

അപ്പർ ഗീസർ ബേസിൻ : തീയും നീരും ചേർന്ന വിസ്മയലോകം

യെല്ലോസ്റ്റോണിലെ ഏറ്റവും പ്രശസ്തമായ ഭൂതാപപ്രദേശങ്ങളിലൊന്നാണ് അപ്പർ ഗീസർ ബേസിൻ. ലോകത്തിലെ ഏറ്റവും കൂടുതൽ സജീവഗീസറുകളുള്ള ഈ ബേസിനിലെ മുഖ്യ ആകർഷണം ഓൾഡ് ഫെയ്ത്ഫുൾ (old faithful) ഗീസറാണ്. ആയിരകണക്കിന് വർഷങ്ങളായി ഈ ഗീസർ ഓരോ തൊണ്ണൂറുമിനിറ്റിലും പൊട്ടിത്തെറിക്കുന്നു എന്നുള്ളത് അത്ഭുതമുളവാക്കുന്നു. അഞ്ചു മിനിട്ടോളം നീണ്ടു നിൽക്കുന്ന ഓരോ പൊട്ടിത്തെറിയിലും നൂറ്റമ്പതോളം അടി ഉയരത്തിൽ ഏകദേശം മുപ്പത്തിരണ്ടായിരം ലിറ്റർ വരെ ചുട്ടുതിളയ്ക്കുന്ന വെള്ളം പുറന്തള്ളപ്പെടുന്നു എന്നാണ് കണക്ക്. ഓരോ പൊട്ടിത്തെറിക്ക് ശേഷവും അടുത്ത പൊട്ടിത്തെറി ഉണ്ടാകുന്ന പ്രവചന സമയം ഇവിടുത്തെ വിസിറ്റർ സെന്ററിൽ പ്രദർശിപ്പിച്ചിട്ടുണ്ടാകും. പ്രകൃതി ഒരുക്കുന്ന ഈ കലാപ്രകടനം കാണാൻ ചുറ്റും കൂടി നിൽക്കുന്ന കാണികളെ നിരാശപ്പെടുത്താതെ നിശ്ചിത ഇടവേളകളിൽ വളരെ കൃത്യമായി തന്നെ പൊട്ടിത്തെറിച്ചു വിശ്വാസയോഗ്യമായതിനാലാണ് ഓൾഡ് ഫെയ്ത്ഫുൾ എന്ന പേര് വന്നത്. ഈ ഗീസറിൽ നിന്നുണ്ടാകുന്ന നീരാവിയുടെ ചൂട് മുന്നൂറ്റിഅമ്പതു ഡിഗ്രിക്ക് മുകളിലാണത്രെ. അതുകൊണ്ടു തന്നെ സന്ദർശകർക്ക് വളരെ ദൂരെ നിന്ന് മാത്രമേ ഇത് കാണുവാൻ അനുവാദമുള്ളു.

മിഡ്‌വേ ഗീസർ ബേസിനിലെ ഒരു ചൂടുനീരുറവ 

ഓൾഡ് ഫെയ്ത്ഫുൾ കൂടാതെ ഡെയ്സി, ഗ്രാൻഡ് ,കാസിൽ, റിവർ സൈഡ്  തുടങ്ങി നാനൂറോളം ഗീസറുകൾ ഈ പ്രദേശത്തുണ്ട്. ഓരോ ഗീസറും പൊട്ടിത്തെറിക്കുന്ന ഉയരം, ദൈർഖ്യം ,ഇടവേള ഇവ വ്യത്യസ്തമാണ്. മരപ്പലകകൾ കൊണ്ട് ഉയർത്തി കെട്ടിയ നടപ്പാതകളിലൂടെ നടന്നു സഞ്ചാരികൾക്കു ഇവിടുത്തെ കാഴ്ചകൾ അടുത്ത് കാണാനുള്ള സംവിധാനമുണ്ട് . എമറാൾഡ് പൂൾ  , ഓപാലിസെന്റ് പൂൾ, റെയിൻബോ പൂൾ  തുടങ്ങിയ ഹോട്ട് സ്പ്രിങ്ങുകൾ ഉൾപ്പെട്ട ബ്ലാക്ക് സാൻഡ് ബേസിനും സഫയർ  പൂൾ ,    ജൂവൽ ഗീസർ,  ഷെൽ സ്പ്രിങ് ഉൾപ്പെട്ട ബിസ്ക്കറ്റ് ബേസിനും അപ്പർ ഗീസർ ബേസിനിന്റെ ഭാഗമാണ്. പേരുകൾ പോലെ തന്നെ മനോഹരവും നിറപ്പകിട്ടാർന്നതുമാണ് ഇവിടുത്തെ ഓരോ കാഴ്ചകളും.

നോറിസ്  ബേസിനിലെ ഒരു കാഴ്ച

മിഡ്‌വേ ഗീസർ ബേസിൻ : വർണ്ണങ്ങൾ വിരിയുന്ന ചൂടുനീരുറവകൾ

യെല്ലോസ്റ്റോണിൻ്റെ പേരിനൊപ്പം ഏറ്റവും കൂടുതൽ ഓർമിക്കപെടുന്ന കാഴ്ചകളിലൊന്നാണ് ഗ്രാൻഡ് പ്രിസ്മാറ്റിക് സ്പ്രിങ്. അമേരിക്കയിലെ ഏറ്റവും വലുതും ലോകത്തിലെ മൂന്നാമത്തേതുമായ ഈ ഹോട്ട് സ്പ്രിങ് മിഡ്‌വേ ഗീസർ ബേസിനിലാണുള്ളത്. ഒരു ഫുട്ബോൾ മൈതാനത്തേക്കാൾ വലുപ്പമുണ്ടിതിന്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു വലിയ  വർണ്ണസ്പടികം ഉണ്ടാക്കിയ മഴവില്ല് പോലെ  മനോഹരമാണീ ചൂടുനീരുറവ .ഇതിൻ്റെ നീലനിറമുള്ള മധ്യഭാഗവും ചുറ്റുമുള്ള പച്ച ,മഞ്ഞ ,ഓറഞ്ച് ,ചുവപ്പു നിറങ്ങളിലുള്ള വള യങ്ങളും സഞ്ചാരികൾക്കു ഒരു  വർണ്ണവിരുന്നൊരുക്കുന്നു. ധാതു സമ്പന്നമായ ഇവിടുത്തെ ജലത്തിന് ചുറ്റും വ്യത്യസ്ത താപനിലകളിൽ വളരുന്ന സൂക്ഷ്മജീവികളാണ് ഈ വർണവൈവിധ്യത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. ടർകോയിസ് പൂൾ, എക്സൽസിർ പൂൾ, ഓപൽ പൂൾ തുടങ്ങിയ മറ്റു ചൂടുനീരുറവകളും ഒക്കെ ചേർന്നു അപൂർവ വർണ്ണവിസ്മയങ്ങളുടെ മാസ്മരികകാഴ്ചയാണ് മിഡ്‌വേ ഗീസർ ബേസിൻ ഒരുക്കുന്നത്.

സ്റ്റീമ് ബോട്ട് ഗീസർ

നോറിസ്  ഗീസർ ബേസിൻ: ഭൂമിക്കടിയിലെ ചൂടിൻ്റെ സാമ്രാജ്യം

യെല്ലോസ്റ്റോൺ പാർക്കിലെ ഏറ്റവും ചൂട് കൂടുതലുള്ളതും സജീവവുമായ ഭൂതാപമേഖലകളിലൊന്നാണ് നോറിസ്  ഗീസർ ബേസിൻ. അത് കൊണ്ട് തന്നെ ഗീസറുകളും ചൂടുനീരുറവകളും മഡ് പോട്ടുകളും ഫ്യൂമേറോളുകളും ഇവിടെ ധാരാളമായി കാണാം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗീസറായ സ്റ്റീമ് ബോട്ട് ഗീസർ ഇവിടെയാണുള്ളത്. ഇത് പൊട്ടിത്തെറിക്കുമ്പോൾ വെള്ളവും നീരാവിയും ഏകദേശം നൂറുമീറ്ററിലധികം ഉയരത്തിൽ വരെ എത്തുമത്രേ. നോറിസ്  ഗീസർ ബേസിനിൻ്റെ ഒരു വശത്തുള്ള പോർസലിൻ ബേസിനിൽ വെള്ള സിലിക്കനിക്ഷേപങ്ങൾ നിറഞ്ഞ വിശാലമായ ഭൂപ്രദേശം കാണാം.നീല ,പച്ച,മഞ്ഞ നിറങ്ങളിലുള്ള ചൂടുവെള്ളകുളങ്ങളും എല്ലായിടത്തും നിന്നും ഉയരുന്ന നീരാവിയും ചേർന്ന് മറ്റൊരു ഗ്രഹത്തിലെത്തിയതു പോലെയുള്ള അനുഭവം സൃഷ്ടിക്കുന്നു.

പോർസലിൻ ഗീസർ ബേസിൻ

ഭൂമിയുടെ നെഞ്ചിൽ പ്രകൃതി എന്ന ചിത്രകാരൻ ഒരുക്കിയ ചിത്രപ്പണികളാണ് ആർട്ടിസ്റ്റിക് പെയിന്റ് പോട്ടിൽ (artistic paint pot) കാണാനാകുന്നത്. ഇവിടെ ചുവപ്പ്, തവിട്ട് ,ഇളം പിങ്ക് ,ചാരനിറങ്ങളിലായി ചെളി കുമിളകളായി പൊങ്ങി വരുന്ന കാഴ്ച്ചകൾ കൗതുകമുളവാകുന്നു.  ഭൂമിക്കടിയിലെ ചൂട് ,വെള്ളം, വാതകങ്ങൾ, പാറകളുടെ രാസഘടന ഇവ ചേർന്നാണ് ഈ അപൂർവ ഭൂപ്രകൃതി രൂപപ്പെടുന്നത്. പ്രകൃതി നിറങ്ങളുടെ വർണക്കൂട്ടുകൾ  തീർക്കുന്ന ഇവിടം ഒരു ജീവിക്കുന്ന ചിത്രപടം പോലെ തോന്നും.

എമറാൾഡ് സ്പ്രിങ്

ലോവർ  ഗീസർ ബേസിൻ: നിറങ്ങളുടെയും ശബ്ദങ്ങളുടെയും ഗന്ധങ്ങളുടെയും സംഗമം
യെല്ലോസ്റ്റോണിലെ ഏറ്റവും വലുപ്പമേറിയ ഗീസർ ബേസിനാണ് ലോവർ ഗീസർ ബേസിൻ. നീരുറവകൾ, ഗീസറുകൾ, ചെളിക്കുളങ്ങൾ, ആവിപറക്കുന്ന ചതുപ്പുനിലങ്ങൾ എന്നിവ പുൽമേടുകൾക്കും തുറന്ന പ്രദേശങ്ങൾക്കുമിടയിൽ പറന്നു കിടക്കുന്നു.സെലെസ് സ്പ്രിങ്ങും ഫൗണ്ടെൻ ഗീസറും ലെതർ പൂളും ഒക്കെ ചേർന്നു ഒരു സുന്ദരലോകം തന്നെ ഇവിടെയുണ്ട്. ഇവിടുത്തെ ഫൗണ്ടെൻ പെയിന്റ് പോട്ട് (fountain paint pot) പ്രകൃതിദത്ത ചിത്രപ്പണികളുടെ ഒരു ഉദാഹരണമാണ്. മഞ്ഞ, തവിട്ട്, ചുവപ്പ് ചാരനിറങ്ങളിലായി തിളച്ചുമറിയുന്ന ചെളികുളങ്ങൾ ഇവിടെ കുമിളകൾ ഉയർത്തുന്നു. ചില ചെളിക്കുളങ്ങൾ നേർത്തതും വെള്ളം കലർന്നതായിരിക്കും .മറ്റ്‌ ചിലത് കട്ടിയുള്ള ചെളി കുമിളകളോടെ ഉയർന്നു പൊങ്ങും പോലെ കാണപ്പെടുന്നു. ചെളികുമിളകളുടെ വിചിത്രശബ്ദവും സൾഫറിൻ്റെ ഗന്ധവും വ്യത്യസ്തമായ ഒരു അനുഭവം സൃഷ്ടിക്കുന്നു. ഭൂമി ഇവിടെ നിശ്ചലമല്ല. അത് ശ്വസിക്കുകയും തിളയ്കുകയും പൊട്ടിത്തെറിക്കുകയും ഒക്കെ ചെയുന്ന ഒരു സജീവ ലോകമാണ്. മണ്ണും വെള്ളവും വായുവും തീയും കഥാപാത്രങ്ങൾ ആയ എത്ര വിസ്മയകരമായ നാടകങ്ങളാണ് ഭൂമിക്കടിയിൽ അരങ്ങേറുന്നതല്ലേ!

ഫൗണ്ടെൻ പെയിന്റ് പോട്ട്

മഡ് വോൾകാനോ പ്രദേശം: ചെളിയുടെയും നിഗൂഢതകളുടെയും ലോകം

യെല്ലോസ്റ്റോണിലെ മഡ് വോൾകാനോ പ്രദേശം കൗതുകം മാത്രമല്ല ഭീതിയും ജനിപ്പിക്കുന്നു. ഇവിടുത്തെ ചെളിക്കുളങ്ങളിൽ നിന്ന് കുമിളകൾ തുടർച്ചയായി ഉയരുന്നത് കാണാം.ഹൈഡ്രജൻ സൾഫൈഡ് പോലെയുള്ള വാതകങ്ങളുടെ രൂക്ഷഗന്ധം അഗ്നിപർവതത്തിന്റെ സാന്നിധ്യം നമ്മെ ഓർമിപ്പിക്കുന്നു. ഗുഹയ്ക്കുള്ളിൽ നിന്ന് ചൂടുവെള്ളവും നീരാവിയും ഒരു വലിയ ശബ്ദത്തോടൊപ്പം പുറത്തേക്കു വരുന്ന ഡ്രാഗൺ മൗത്ത് സ്പ്രിങ് (dragon mouth spring) ഒരു അത്ഭുതകാഴ്ചയാണ്. ഒരു സാങ്കല്പിക ഡ്രാഗൺ എവിടെയോ ഒളിച്ചിരുന്നു ഗർജ്ജിക്കുന്ന പോലെ തോന്നി പോകും. പ്രകൃതിശക്‌തികൾക്ക്  പല രൂപങ്ങളും ഭാവങ്ങളും ഉണ്ടെന്നു ഈ പ്രദേശം നമ്മെ ഓർമിപ്പിക്കുന്നു.

മഡ് വോൾകാനോ പ്രദേശം

മാമോത്ത് ഹോട്ട് സ്പ്രിങ്സ്: വെണ്ണക്കല്ലിൽ ഒഴുകിയിറങ്ങിയ വെള്ളച്ചാട്ടം

പ്രകൃതിയുടെ ശില്പചാതുര്യം കണ്ടറിയുവാൻ മാമോത്ത് ഹോട്ട് സ്പ്രിങ്ങിലെത്തണം. ദൂരെ നിന്ന് നോക്കുമ്പോൾ മഞ്ഞുമലനിരകളാണെന്നു  തോന്നിപ്പിക്കുന്ന ഇവ, അടുത്തെത്തുമ്പോൾ വെള്ള, മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ പടിപടിയായി കാണപ്പെടുന്ന പാറക്കെട്ടുകളാണെന്നു മനസിലാകും. വെണ്ണക്കല്ല് കൊണ്ട് നിർമിച്ച ഭീമാകാരമായൊരു വെള്ളച്ചാട്ടത്തിൻ്റെ പ്രതീതി ജനിപ്പിക്കും. ആയിരകണക്കിന് വർഷങ്ങളായുള്ള ചുണ്ണാമ്പുകല്ല് നിക്ഷേപത്തിലൂടെ രൂപം കൊണ്ടവയാണിവ. മനുഷ്യ ഭാവനകൾക്കും കരവിരുതിനും അതീതമായ പ്രകൃതിശക്‌തികളുടെ ശില്പവൈഭവമാണ് ഈ രൂപങ്ങളിൽ തെളിയുന്നത്. ഇവിടുത്തെ രൂപങ്ങൾ സ്ഥിരമായ ഒന്നല്ല. വെള്ളത്തിൻ്റെ ഒഴുക്കിലും  ധാതുക്കളുടെ ശേഖരത്തിലും  ഉണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ചു ഇവയുടെ രൂപവും മാറാം. കാലത്തിൻ്റെ ഒപ്പു പതിഞ്ഞ ഈ പ്രകൃതിശില്പങ്ങളിൽ  അനേകായിരം വർഷങ്ങളുടെ  ഭൂമിശാസ്ത്രചരിത്രമാണ് തുറന്നു വെച്ചിരിക്കുന്നത്.

മാമോത്ത് ഹോട്ട് സ്പ്രിങ്സ്

യെല്ലോസ്റ്റോണിൻ്റെ ശാന്തസൗന്ദര്യം 

മനോഹരമായ താഴ്വാരങ്ങളും പുൽമേടുകളും പർവ്വതങ്ങളും നദികളും വെള്ളച്ചാട്ടങ്ങളും കിടങ്ങുകളുമുള്ള ഒരു ശാന്തരൂപം കൂടി യെല്ലോസ്റ്റോണിനുണ്ട്. യെല്ലോസ്റ്റോണിൻ്റെ പേരിലെ 'യെല്ലോ' എന്ന നിറം ചേർന്നതിൻ്റെ ഭംഗി മനസിലാക്കാൻ ഗ്രാൻഡ് കാന്യോൻ ഓഫ് യെല്ലോസ്റ്റോൺ (Grand canyon of Yellowstone) കാണണം. മഞ്ഞ നിറമുള്ള പാറകൾ, ഏകദേശം ഇരുപത്തിനാലു മൈൽ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ മലയിടുക്ക്  യെല്ലോസ്റ്റോൺ നദിയുടെ നീണ്ടകാലത്തെ ഒഴുക്കും ദ്രവീകരണവും കൊണ്ട് രൂപപ്പെട്ടതാണ്. ക്യാൻയോണിൻ്റെ ഭിത്തിയിലെ മഞ്ഞയും ഓറഞ്ചും സ്വർണ നിറവും കലർന്ന വർണങ്ങൾ പ്രകൃതി തൻ്റെ ക്യാൻവാസിൽ ഒരുക്കിയ ഒരു  മനോഹര പെയിന്റിംഗ് ആയി മാറുന്നു.ആർട്ടിസ്റ്റ് പോയിന്റ് എന്ന വ്യൂപോയിന്റിൽ നിന്ന് ക്യാൻയോണിന്റെ സൗന്ദര്യവും ദൂരെയുള്ള  ലോവർ ഫാൾസ് വെള്ളച്ചാട്ടത്തിൻ്റെ കാഴ്ചയും ഒരേ ഫ്രെമിൽ ആസ്വദിക്കാം.
യെല്ലോസ്റ്റോണിലെ വിശാലമായ താഴ്വാരങ്ങളായ ലമാർ  വാലിയും  ഹൈഡൻ വാലിയും വന്യജീവികളുടെ പറുദീസയാണ്. ഭീമാകാരന്മാരായ കാട്ടുപോത്തുകളും കരടികളും മാൻകൂട്ടങ്ങളും ഇവിടെ സ്വതന്ത്രവിഹാരം നടത്തുന്നു. യെല്ലോസ്റ്റോണിൽ കാണുന്ന ഓരോ കാഴ്ചയും പരസ്പരം ബന്ധപെട്ടു കിടക്കുന്ന ഒരു വലിയ പ്രകൃതിവ്യവസ്ഥയുടെ ഭാഗമാണെന്നു മനസ്സിലാക്കുമ്പോൾ പ്രകൃതിയോടുള്ള നമ്മുടെ ഏകാത്മബോധവും ഉത്തരവാദിത്വബോധവും വർധിക്കുമെന്നുള്ളത് സത്യം.

ഗ്രാൻഡ് കാന്യോൻ ഓഫ് യെല്ലോസ്റ്റോൺ

മടങ്ങുമ്പോൾ മനസ്സിൽ ബാക്കിയാകുന്നത്

യെല്ലോസ്റ്റോണിൽ നിന്ന് മടങ്ങുമ്പോൾ മനസ്സിൽ ബാക്കിയാകുന്നത് മനോഹരമായ കാഴ്ചകളുടെ ഓർമ്മകൾ മാത്രമല്ല.നമ്മുടെ ഭൂമിയുടെ ഉള്ളറകളിലെ ശക്‌തിയുടെയും കാലത്തിൻ്റെ ക്ഷമയെയും കുറിച്ചുള്ള തിരിച്ചറിവാണ് .

ഭാരതീയദർശനത്തിലെ പഞ്ചഭൂത സങ്കൽപം ഇവിടെ വെറും തത്ത്വചിന്തയല്ല. കണ്ണ് കൊണ്ട് കാണാനും മനസ്സ് കൊണ്ട് അനുഭവിക്കാനും കഴിയുന്ന സാക്ഷ്യമാണ്. ഭൂമി ഇവിടെ ശാന്തഭാവത്തിലും രൗദ്രഭാവത്തിലും വിളങ്ങുന്നു. ജലം നിറങ്ങളുടെ മായാലോകം തീർക്കുന്നു.അഗ്നി തൻ്റെ ശക്തിസ്വരൂപത്തിൽ സാന്നിധ്യം അറിയിക്കുന്നു. ചൂടിൻ്റെ സ്പർശനമേറ്റ വായുവിൻ്റെ ചലനം നൃത്തചുവടുകളാകുന്നു. അതിരുകളില്ലാത്ത ആകാശം ഈ ദൃശ്യചാരുതകൾക്കു വിശാലമായ ഒരു മേൽക്കൂര കെട്ടി സാക്ഷിയാകുന്നു. ഭൂമിയുടെ ആഴങ്ങളിൽ നിന്ന് ആകാശത്തിൻ്റെ അനന്തതയിലേക്ക് നീളുന്ന പ്രകൃതിയുടെ കളരിയിൽ യെല്ലോസ്റ്റോൺ വർണ്ണവിസ്മയ കാഴ്ചകളുടെ വാതിൽ തുറന്നു സഞ്ചാരികളെ കാത്തിരിക്കുന്നു.

സ്വാതി ബാബു
(അമേരിക്കയിലെ മിനിസോട്ട  യൂണിവേഴ്സിറ്റിയിൽ ഗവേഷകയാണ് ലേഖിക)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക