Image

ശരത്ക്കാലസുന്ദര ഗീതങ്ങൾ (സരോജ വർഗ്ഗീസ്)

Published on 18 October, 2026
ശരത്ക്കാലസുന്ദര ഗീതങ്ങൾ (സരോജ വർഗ്ഗീസ്)

ശരത്ക്കാലത്തെപ്പറ്റി ഇ -മലയാളിയിൽ വന്ന ലേഖനം വളരെ പുതിയ അറിവുകൾ നൽകുന്നതും കൗതുകമുണർത്തുന്ന വിവരങ്ങൾ അടങ്ങിയതുമായിരുന്നു.  പ്രകൃതിക്ക് താളങ്ങളും രാഗങ്ങളും ഉണ്ടെന്നുള്ളത്  വളരെ ജിജ്ഞാസ ഉണർത്തി. ഓരോ ഋതുക്കൾക്കും ഓരോ രാഗങ്ങൾ. ആ രാഗങ്ങളിൽ ചിട്ടപ്പെടുത്തി സംഗീതജ്ഞർ  പാട്ടുകൾ ഉണ്ടാക്കുന്നു. എനിക്ക് ഗാനങ്ങൾ കേൾക്കുന്നത് ഇഷ്ടമാണെങ്കിലും അതിന്റെ താളവും രാഗങ്ങളും  ഒന്നുമറിയില്ല.എന്നാൽ ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന ഒരു ഗാനം ശരത്കാല ഋതുവമായി ബന്ധപ്പെട്ടതാണെന്നു കണ്ടു. "ഇന്നലെ മയങ്ങുമ്പോൾ, ഒരു മണിക്കിനാവിന്റെ" വായനക്കാരുടെ ഓർമ്മ പുതുക്കാനായി ആ ഗാനം പൂർണ്ണമായി താഴെ കൊടുക്കുന്നു.

ഇന്നലെ മയങ്ങുമ്പോൾ - ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
(ഇന്നലെ... )

മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിൻ മണം പോലെ
ഓർക്കാതിരുന്നപ്പോൾ - ഒരുങ്ങാതിരുന്നപ്പോൾ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓമനേ നീയെന്റെ അരികിൽ വന്നു
ഓമനേ നീയെന്റെ അരികിൽ വന്നു
(ഇന്നലെ... )

പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
(ഇന്നലെ... )

വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന
വാസന്തചന്ദ്രലേഖ എന്നപോലെ
വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന
വാസന്തചന്ദ്രലേഖ എന്നപോലെ
മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ
മാടിവിളിക്കാതെ നീ വന്നു
മാടി വിളിക്കാതെ നീ വന്നു
(ഇന്നലെ... )

ഇന്നലെ മയങ്ങുമ്പോൾ' എന്ന ഈ ഗാനം  1967-ൽ പുറത്തിറങ്ങിയ 'അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന മലയാള സിനിമയിലെ അതിമനോഹരമായ ഒരു പ്രണയഗാനമാണ്. രചന: പി. ഭാസ്കരൻ., സംഗീതം: എം.എസ്. ബാബുരാജ്  ആലാപനം: കെ.ജെ. യേശുദാസ്,  രാഗം: യമുനാ കല്യാണി (ഹിന്ദുസ്ഥാനിയിൽ യമൻ കല്യാൺ). സുധീറിന്റെ ലേഖനത്തിൽ ഈ രാഗം ശരത്കാല ഋതുവുമായി ബന്ധപ്പെട്ടതാണെന്നു പറയുന്നു.

മലയാളികളുടെ പ്രിയ കഥാകാരൻ പാറപ്പുറത്തിന്റെ ഏറ്റവും പ്രശസ്തമായ നോവലുകളിലൊന്നാണ് "അന്വേഷിച്ചു; കണ്ടെത്തിയില്ല".. കുടുംബത്തെ രക്ഷിക്കാൻ വേണ്ടി സ്വന്തം സുഖങ്ങൾ ത്യജിച്ച് മധ്യവർഗ്ഗ കുടുംബങ്ങളിലെ മൂത്ത പെൺകുട്ടികൾ കന്യാസ്ത്രീയായോ/നേഴ്സായോ  ജീവിതം തിരഞ്ഞെടുക്കുന്ന പ്രമേയം പാറപ്പുറത്ത് അദ്ദേഹത്തിന്റെ പല നോവലുകളിലും ഉപയോഗിച്ചിട്ടുണ്ട്. അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന നോവലിലെ പ്രധാന കഥാപാത്രം  നേഴ്സാണ്.ആതുരസേവനരംഗത്ത് ജോലി ചെയ്തിരുന്ന ഞാനും എന്റെ കൂട്ടുകാരികളും  ഒരുമിച്ച് കണ്ട സിനിമയാണ് ഇത്. അതുകൊണ്ട് ഈ സിനിമയും അതിലെ രംഗങ്ങളും ഓർമ്മയിൽ താങ്ങി നിൽക്കുന്നു. പോരാത്തതിന് സിനിമ പറയുന്ന കഥ ഒരു നേഴ്സിന്റെയാണെന്നുള്ളതും അതെല്ലാം ഓർക്കാൻ  കാരണമാണ്. ഈ സിനിമയിൽ കെ ആർ വിജയ ആണ് മുഖ്യകഥാപാത്രമായ   നേഴ്‌സായി അഭിനയിക്കുന്നത്. 

ഈ സിനിമയിലെ ഒരു പ്രേമരംഗത്താണ് ഈ ഗാനം നമ്മൾ കേൾക്കുന്നത്. ഓരോ വരിയും പ്രണയസുരഭിലവും ശ്രവണമധുരവുമാണ്.  ഇതിലെ നായകന്റെ മനസ്സിലേക്ക്  പ്രതീക്ഷിക്കാതെ കടന്നുവരുന്ന സുന്ദരിയായ നേഴ്സ് സൂസമ്മയെ പറ്റി  അദ്ദേഹം പാടുന്നതാണ് സന്ദർഭം. തന്റെ പ്രണയാഭിലാഷങ്ങൾ അതിലോലമായ ഭാവത്തോടെ അദ്ദേഹം പാടുന്നു.  നായകൻ രാത്രി ഉറങ്ങി കിടക്കുമ്പോൾ ഒരു പൊന്നിൻ ചിലമ്പൊലി കേൾക്കുന്നു. ഒരു സ്വപ്നം പോലെ, വിശ്വസിക്കാനാവാതെ. 
പിന്നെ പറയുന്ന വരികളിൽ  പറയുന്നത് ആ ചിലമ്പൊലി മധുമാസത്തിലെ ആദ്യം വിരിയുന്ന മാതളപ്പൂമൊട്ടിൻ മണം പോലെ അനുഭവപ്പെട്ടെന്നാണ്. ഓർക്കാപ്പുറത്ത് ചിലങ്ക ചാർത്തിയ ആ പാദങ്ങൾ   അദ്ദേഹത്തിന്റെ അരികിൽ എത്തി എന്നാണ്. പിന്നെയും അവളെ വർണ്ണിക്കുന്നു. അവൾ പൗർണ്ണമി സന്ധ്യകളിൽ പാലാഴി നീന്തിവരുന്ന വിണ്ണിലെ വെണ്മുകിൽ കൊടിപോലെ എന്ന്. പി ഭാസ്കരൻ മാഷുടെ ലളിത സുന്ദരമായ  ആകർഷണമായ വരികൾ.  ഓർമ്മകളുടെ തമ്പുരു മീട്ടി അവൾ ഏതോ പൊന്നിൻ കിനാവിൽ അദ്ദേഹത്തിന്റെ അരികിൽ വന്നുവെന്ന ഭാവന. പ്രണയാർദ്രമായ മനസ്സുകളെ ഹർഷോന്മാദമാക്കുന്ന വരികളുടെ   മാന്ത്രിക  ശക്തി.

ആകാശത്തിന്റെ ഇരുളിൽ വഴിതെറ്റി വന്ന വസന്തചന്ദ്രിക പോലെ,  മൂടുപടം അണിഞ്ഞ മൂകസാങ്കല്പ്പം പോലെ   അവൾ വിളിക്കാതെ അരികിൽ എത്തി. ശരത്കാല ചന്ദ്രികയും, തണുത്ത കാറ്റും, രാവിന്റെ നിശ്ശബ്ദതയും ഈ പാട്ടിന്റെ രാഗവും വളരെ ആസ്വാദകരമാണ്. വാസ്തവത്തിൽ നമുക്ക് ചുറ്റും എത്രയോ മനോഹരമായ കാഴ്ചകൾ അരങ്ങേറുന്നു. ജീവിതായോധനത്തിൽ അല്ലെങ്കിൽ ശാരീരികമായ അസുഖങ്ങളാൽ  നമ്മൾ അവ നഷ്ടപെടുത്തുന്നു. എന്നാൽ അതെല്ലാം അറിയുകയും അതിനെ നമ്മോട് ചേർക്കുകയും ചെയ്യുമ്പോൾ ഒരു പക്ഷെ മാനസികോല്ലാസം ലഭിക്കുമെന്ന് തന്നെ  പറയാം. എനിക്ക് ഗാനങ്ങൾ പ്രിയതരങ്ങൾ ആയതുകൊണ്ട് ഞാൻ അതിന്റെ അർഥം രാഗത്തെക്കാൾ കൂടുതൽ ശ്രദ്ധിക്കാറുണ്ട്. രാഗങ്ങളെക്കുറിച്ച് അറിവുള്ളവർ വിരളമായിരിക്കാം. ഈ ഗാനത്തിലെ ഓരോ വരിയിലും ഭാഷയുടെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്നു. പാടുന്നത് നമ്മുടെ ഗാനഗന്ധറ്വൻ യേശുദാസ് ആകുമ്പോൾ കേട്ടാലും മതിവരാത്ത ഗാനമാകുന്നു.

രാഗങ്ങളെക്കുറിച്ച് നമ്മൾ മനസ്സിലാക്കണമെന്ന ലേഖനം ഇത്രയും കുത്തിക്കുറിക്കാൻ പ്രചോദനമായി. ഗാനങ്ങൾ കേൾക്കുന്നത് രോഗങ്ങളെ അകറ്റാനും, ഉള്ള രോഗങ്ങൾക്ക് ശാന്തി പകരാനും കഴിയുമെന്ന്  ശാസ്ത്രം പോലും സമ്മതിച്ചിട്ടുള്ളതാണ്. ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ എന്തെങ്കിലും എഴുതാൻ കഴിയുന്നു.
*****
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക