Image

സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ മിഷൻ ദശവത്സരാഘോഷം പ്രൗഢഗംഭീരമായി ആഘോഷിച്ചു

Published on 18 October, 2026
സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ മിഷൻ ദശവത്സരാഘോഷം പ്രൗഢഗംഭീരമായി ആഘോഷിച്ചു

ബുക്കാനൻ, ന്യൂയോർക്ക്: ഹഡ്സൺ വാലിയിലെ സിറോ മലബാർ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ മിഷന്റെ പത്താം വാർഷികാഘോഷം ഒക്ടോബർ 10 ശനിയാഴ്ച യോർക്ക്‌ടൗൺഹൈറ്റ്സിലെ സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2966 ക്രോംപോണ്ട് റോഡ്) വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു.

2016 ഏപ്രിൽ മൂന്നിന് ഏതാനും കുടുംബങ്ങളുടെ കൂട്ടായ്മയായി ചിക്കാഗോ സിറോ മലബാർ രൂപതയുടെ കിഴിൽ ആരംഭിച്ച സെന്റ് ജോസഫ് മിഷൻ, ഇന്ന് ഹഡ്സൺ വാലിയിലെ മലയാളി കത്തോലിക്കാ കുടുംബങ്ങളുടെ ആത്മീയവും സാംസ്കാരികവുമായ ജീവിതത്തിൽ സുപ്രധാന സ്ഥാനമാണ് വഹിക്കുന്നത്. വിശ്വാസവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം, പരസ്പരസ്നേഹത്തിലും സഹകരണത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ കഴിഞ്ഞ പത്ത് വർഷത്തിനിടെ മിഷന് സാധിച്ചു.

മിഷൻ ഡയറക്ടർ റവ. ഫാ. റോയ്സൺ മേനോലിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നടന്ന വാർഷികാഘോഷങ്ങൾക്ക് പരമ്പരാഗത ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തുടക്കമായി. പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ വിശിഷ്ടാതിഥികളായ വൈദികർക്കൊപ്പം മുൻ ട്രസ്റ്റിമാരും നിലവിലെ ട്രസ്റ്റിമാരും സി.സി.ഡി. പ്രിൻസിപ്പൽ ജിജോ വാളിയംപ്ലാക്കലും ചേർന്ന് നിലവിളക്ക് തെളിയിച്ചു.

മിഷൻ ഡയറക്ടർ റവ. ഫാ. റോയ്സൺ മേനോലിക്കൽ സ്വാഗതപ്രസംഗം നടത്തി. ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് വടാന ഉദ്ഘാടനപ്രസംഗം നിർവഹിച്ചു. ബുക്കാനൻ സെന്റ് ക്രിസ്റ്റഫർ ആൻഡ് സെന്റ് പാട്രിക് ചർച്ച് പാസ്റ്റർ റവ. ഡോ. ജോർജ് ഊണ്ണൂണ്ണി അധ്യക്ഷപ്രസംഗം നടത്തി. മിഷന്റെ തുടക്കത്തിനായീ സുപ്രധാന പങ്കുവഹിച്ച അന്തരിച്ച ഫാ.ജോസ് കണ്ടത്തിക്കുടിയെ ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു.

മിഷന്റെ വളർച്ചയ്ക്കും ആത്മീയ പുരോഗതിക്കും നിർണായകമായ നേതൃത്വം നൽകിയ റവ. ഫാ. റോയ്സൺ മേനോലിക്കലിന്റെ സമർപ്പിത സേവനവും ദീർഘവീക്ഷണവും പത്തുവർഷത്തെ ഈ വിജയയാത്രയുടെ അടിത്തറയായി നിലകൊള്ളുന്നു. 

വാർഷികാഘോഷത്തിന്റെ തുടക്കത്തിൽ മിഷനിലെ ഏറ്റവും മുതിർന്ന അംഗമായ ജോസഫ് വെളിയത്തും ഏറ്റവും ഇളയ അംഗങ്ങളിൽ ഒരാളായ മിഷേൽ അശോകും ചേർന്ന് അവതരിപ്പിച്ച പ്രത്യേക സ്കിറ്റ് ശ്രദ്ധേയമായി. സി.സി.ഡി. വിഭാഗത്തിലെ കൊച്ചുകുട്ടികൾ മിഷന്റെ രൂപീകരണവും പത്തുവർഷത്തെ വിശ്വാസയാത്രയും ചരിത്രാവതരണത്തിലൂടെ അവതരിപ്പിച്ചു. തലമുറകളെ ഒന്നിപ്പിച്ച ഈ അവതരണം സദസ്സിന് ഹൃദ്യമായ അനുഭവമായി.

മിഷന്റെ രൂപീകരണം മുതൽ ഇന്നുവരെയുള്ള വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ മുൻ ട്രസ്റ്റിമാരെയും നിലവിലെ ട്രസ്റ്റിമാരെയും വാർഷികാഘോഷ വേദിയിൽ പ്രത്യേകം ആദരിച്ചു. മുൻ ട്രസ്റ്റിമാരായ ജോമോൻ കാച്ചപ്പിള്ളി, സെൽവിൻ പനംതാനം, ജെയിംസ് മുണ്ടാടൻ, ജോഷി തെള്ളിയാങ്കൽ, ജോൺ പൗലോസ്, ജോയി ആലപ്പാട്ട്, ബെന്നി പാറയ്ക്കൽ, ജോഷി വാളിയംപ്ലാക്കൽ, തോമസ് തരകൻപറമ്പിൽ എന്നിവരെയും നിലവിലെ ട്രസ്റ്റിമാരായ ജെയിംസ് വെളിയത്ത്, ബോബി വണ്ടാനത്തും എന്നിവരെയും ആദരിച്ചു.


പത്താം വാർഷികത്തിന്റെ സ്മരണയ്ക്കായി തയ്യാറാക്കിയ പ്രത്യേക സുവനീറിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.

ജോഷി വാളTയംപ്ലാക്കൽ, ഹാനോഷ് പണിക്കർ, തോമസ് തരകൻപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സുവനീർ കമ്മിറ്റിയാണ് പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകിയത്. ആഘോഷപരിപാടികൾക്ക് പിന്തുണ നൽകിയ സ്പോൺസർമാരെയും അഭ്യുദയകാംക്ഷികളെയും ചടങ്ങിൽ ആദരിച്ചു.

പത്താം വാർഷികാഘോഷത്തിന്റെ പ്രധാന ആകർഷണമായി മാറിയത് മിഷനിലെ കുട്ടികളും യുവജനങ്ങളും വനിതകളും പുരുഷന്മാരും കുടുംബങ്ങളും ഒരുമിച്ചൊരുക്കിയ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളായിരുന്നു. കേരളത്തിൻെ സമ്പന്നമായ പൈതൃകവും മലയാളി സമൂഹത്തിന്റെ കലാസാംസ്കാരിക തനിമയും വിളിച്ചോതിയ മാർഗംകളി, നൃത്താവിഷ്കാരങ്ങൾ, ഗാനാലാപനങ്ങൾ, കുടുംബാംഗങ്ങളുടെ കൂട്ടായ കലാപ്രകടനങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് പ്രത്യേക മാറ്റുകൂട്ടി. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരേ വേദിയിൽ അണിനിരന്നത് മിഷന്റെ ഐക്യത്തിന്റെയും തലമുറകൾ തമ്മിലുള്ള ആത്മബന്ധത്തിന്റെയും മനോഹരമായ പ്രതിഫലനമായി.
അനിത ജോസഫിന്റെയും റിയ അലക്സിന്റെയും നേതൃത്വത്തിലും ഏകോപനത്തിലുമാണ് സാംസ്കാരിക പരിപാടികൾ ഒരുക്കിയത്. കലാപരിപാടികളുടെ വിജയത്തിനായി പരിശ്രമിച്ച പരിശീലകരുടെയും കലാകാരന്മാരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ പ്രവർത്തനം ആഘോഷങ്ങളെ അവിസ്മരണീയമാക്കി. പരിപാടികൾക്ക് മാസ്റ്റേഴ്സ് ഓഫ് സെറിമണി ആയത് യൂത്ത് മെമ്പർമാരായ ടാനിയ ആലപ്പാട്, ആൻ കാച്ചപ്പിള്ളി, ജെയ്‌ന വാളിയംപ്ലാക്കൽ എന്നിവരായിരുന്നു. അമേരിക്കൻ മണ്ണിൽ വളരുന്ന പുതുതലമുറയ്ക്ക് കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ക്രൈസ്തവ പാരമ്പര്യവും പരിചയപ്പെടുത്തുന്നതിനുള്ള മികച്ച വേദിയായി വാർഷികാഘോഷം മാറി.
മിഷന്റെ നിലവിലെ ട്രസ്റ്റിമാരായ ജെയിംസ് വെളിയത്തും, ബോബി വണ്ടാനത്തും ചേർന്ന് നന്ദിപ്രകാശനം നടത്തി.

പത്താം വാർഷികാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച വൈദികർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, മുൻ ട്രസ്റ്റിമാർ,  വിവിധ കമ്മിറ്റികൾ, ഫുഡ് കമ്മിറ്റി, സുവനീർ കമ്മിറ്റി, സാംസ്കാരിക പരിപാടികളുടെ സംഘാടകർ,  സ്റ്റേജ് കമ്മിറ്റി, സന്നദ്ധപ്രവർത്തകർ, സ്പോൺസർമാർ, യുവാക്കൾ, മിഷനിലെ എല്ലാ കുടുംബാംഗങ്ങൾ എന്നിവർക്കും അവർ നന്ദി അറിയിച്ചു.

പത്തുവർഷത്തെ വിശ്വാസയാത്രയുടെ ഓർമകൾ പുതുക്കുന്നതിനൊപ്പം, വരുംതലമുറകൾക്കായി കൂടുതൽ ശക്തമായ ആത്മീയവും, സംകാരികവും പ്രത്യാശനിര്ഭരവുമായ അടിത്തറ പാകിക്കൊണ്ടാണ് ആഘോഷങ്ങൾ സമാപിച്ചത്. ഇതേ തുടർന്നുള്ള വിഭവസമൃദ്ധ സ്‌നേഹവിരുന്നിൽ എല്ലാവരും പങ്കുചേർന്നു.

വിശ്വാസത്തിൽ വേരൂന്നി, സ്നേഹത്തിൽ വളർന്ന്, ഐക്യത്തിൽ മുന്നേറുന്ന സെന്റ് ജോസഫ് മിഷന്റെ പത്തുവർഷത്തെ യാത്ര ഹഡ്സൺ വാലിയിലെ മലയാളി സിറോ മലബാർ കത്തോലിക്കാ സമൂഹത്തിന് അഭിമാനകരമായ ഒരു നാഴികക്കല്ലായി മാറി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക