
മാസപ്പടി കേസില് മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയുടെ ചുമരില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമന്സ് പതിപ്പിച്ചതോടെ സി.പി.എം കടുത്ത പ്രതിരോധത്തിലായി. ഒക്ടോബര് 23-ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി. ഓഫീസില് ചോദ്യം ചെയ്യലിന് പിണറായി വിജയന് ഹാജരാകണമെന്നാണ് നിര്ദേശം. എന്നാല്, നിശ്ചിത ദിവസം ഹാജരാകാതെ നിയമപരമായ പ്രതിരോധം ശക്തമാക്കാന് പിണറായി ഒരുങ്ങുന്നതെന്നാണ് റിപ്പോര്ട്ടുകള്. നിയമസഭാ സമ്മേളനം ഒക്ടോബര് 29 വരെ തുടരുന്നതിനാല് ഹാജരാകാന് കഴിയില്ലെന്നറിയിക്കുന്നതിനൊപ്പം, ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കാര്യവും ഇ.ഡിയെ അറിയിക്കാനാണ് നീക്കം. കോടതിയില്നിന്ന് വ്യക്തമായ ഇടക്കാല ആശ്വാസം ലഭ്യമാക്കുകയാണ് ലക്ഷ്യം.
തപാല്മാര്ഗം സമന്സ് അയയ്ക്കുന്നതിനുപകരം ഉദ്യോഗസ്ഥര് നേരിട്ടെത്തി വീടിന്റെ ചുമരില് പതിപ്പിച്ചത് ശ്രദ്ധേയമായ നടപടിയാണ്. സമന്സ് കൈമാറുന്നതുമായി ബന്ധപ്പെട്ട തര്ക്കങ്ങള് ഒഴിവാക്കി അത് ഔദ്യോഗികമായി ലഭ്യമാക്കിയെന്ന് ഉറപ്പുവരുത്താനാണ് ഈ നടപടി. അതേസമയം, മുന് മുഖ്യമന്ത്രിയുടെ വസതിയില് ഇ.ഡി. നേരിട്ടെത്തിയതും സമന്സ് ചുമരില് പതിപ്പിച്ചതും സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിത സംഭവമാണ്. കേന്ദ്ര അന്വേഷണ ഏജന്സികളുടെ നടപടികളെ രാഷ്ട്രീയ പകപോക്കലായി ചിത്രീകരിക്കുന്ന സി.പി.എം നിലപാടിനും അഴിമതിക്കേസുകളില് ഉന്നതര്ക്ക് പ്രത്യേക പരിഗണന ലഭിക്കരുതെന്ന വാദത്തിനും ഈ സംഭവം പുതിയ രാഷ്ട്രീയ ആയുധമാകും.
എന്നാല്, മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്സ് കേസ് രജിസ്റ്റര് ചെയ്യാന് ഹൈക്കോടതി നിര്ദേശിച്ചതിനെതിരായ നിയമനടപടികള് സുപ്രീംകോടതിയില് തുടരുകയാണ്. കേസിന്റെ നിയമസാധുത, അന്വേഷണ നടപടികളുടെ അടിസ്ഥാനം, തുടര്നടപടികള്ക്കെതിരായ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലായിരിക്കും പിണറായിയും പാര്ട്ടിയും പ്രതിരോധം കേന്ദ്രീകരിക്കുക. കേന്ദ്ര ഏജന്സികളെ ഉപയോഗിച്ച് തങ്ങളെ വേട്ടയാടുന്നുവെന്ന ആരോപണം സി.പി.എം ദേശീയതലത്തില് ഉയര്ത്താനാണ് സാധ്യത. കേസിനെ വ്യക്തിപരമായ അഴിമതി ആരോപണമായി മാത്രം കാണാതെ കേന്ദ്ര-സംസ്ഥാന അധികാര ബന്ധങ്ങളുടെയും ഫെഡറല് സംവിധാനത്തിന്റെയും പ്രശ്നമായി അവതരിപ്പിക്കാനും പാര്ട്ടി ശ്രമിച്ചേക്കും.
നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി അസൗകര്യം അറിയിക്കുക, ആവശ്യമായ രേഖകള് സംബന്ധിച്ച നിലപാട് വ്യക്തമാക്കുക, പരമോന്നത കോടതിയില് നിന്ന് ഇടക്കാല സംരക്ഷണം തേടുക തുടങ്ങിയ മാര്ഗങ്ങളാണ് ഇനി പിണറായിയുടെ മുന്നിലുള്ളത്. എന്നാല്, ഹാജരാകാനുള്ള നിര്ദേശം തുടര്ച്ചയായി അവഗണിച്ചാല് അത് അറസ്റ്റിലാവും കലാശിക്കുക.
പിണറായിയുടെ മകള് വീണ തൈക്കണ്ടിയിലിന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് സേവനമൊന്നും ചെയ്യതെ കരിമണല് കര്ത്തയുടെ സി.എം.ആര്.എല്ലിന് ഐ.ടി കണ്സള്ട്ടന്സി സേവനങ്ങളുടെ പേരില് ലഭിച്ച പണമിടപാടുകളില് ക്രമക്കേടും അനധികൃത പണമിടപാടുകളും നടന്നുവെന്നതാണ് കേസ്. സി.എം.ആര്.എല്. നല്കിയ പണം മുഖ്യമന്ത്രി യായിരിക്കെ പിണറായി വിജയന് അനധികൃതമായി കരിമണല് കടത്തുന്നതിലുള്ള കൈക്കൂലിയാണെന്ന് അന്വേഷണ ഏജന്സി തെളിവ് തഹിതം കമ്ടെത്തിയിട്ടുണ്ട്. എന്നാല് ആരോപണങ്ങള് പിണറായി വിജയനും കുടുംബവും നിഷേധിച്ചിട്ടുണ്ട്.
ഹൈക്കോടതി നിര്ദേശത്തെത്തുടര്ന്ന് വിജിലന്സ് ആന്ഡ് ആന്റി കറപ്ഷന് ബ്യൂറോ കേസ് രജിസ്റ്റര് ചെയ്തതിനു പിന്നാലെയാണ് ഇ.ഡി. അന്വേഷണം ശക്തമാക്കിയത്. വിജിലന്സ് അന്വേഷണവും കള്ളപ്പണം വെളുപ്പിക്കല് നിരോധന നിയമപ്രകാരമുള്ള ഇ.ഡി. അന്വേഷണവും രണ്ട് ദിശയിലാണ് നീങ്ങുന്നത്. അതേസമയം പിണറായിക്കും കുടുംബത്തിനും എത്രകാലം പിടിച്ചുനില്ക്കാനാകുമെന്ന താണ് ഇപ്പോള് ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അറസ്റ്റില്നിന്നോ മറ്റ് നിര്ബന്ധിത നടപടികളില്നിന്നോ സുപ്രീംകോടതിയില് നിന്ന് ഇടക്കാല സംരക്ഷണം ലഭിച്ചാല് അദ്ദേഹത്തിന് നിയമപരമായ പ്രതിരോധത്തിന് കൂടുതല് സമയം ലഭിക്കും. അതിന് സാധ്യതയില്ല.
ഇപ്പോഴത്തെ സമന്സിന് മറുപടി നല്കുന്നുണ്ടോ, ഹാജരാകാന് കഴിയാത്തതിന്റെ കാരണം നിയമപരമായി ബോധ്യപ്പെടുത്താനാകുമോ, അന്വേഷണ ഉദ്യോഗസ്ഥര് ആവശ്യപ്പെടുന്ന രേഖകള് ഹാജരാക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള് ഇനി നിര്ണായകമാകും. അന്വേഷണത്തില് ലഭിക്കുന്ന തെളിവുകളുടെ സ്വഭാവം. സാമ്പത്തിക ഇടപാടുകളുടെ രേഖകള്, പണമൊഴുക്കിന്റെ വിവരങ്ങള്, ബന്ധപ്പെട്ട വ്യക്തികളുടെ മൊഴികള് എന്നിവയില്നിന്ന് എന്താണ് തെളിയിക്കാനാകുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും കേസിന്റെ ഭാവി. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സംശയങ്ങള്ക്ക് വിശ്വസനീയമായ വിശദീകരണം നല്കാനാകുന്നില്ലെങ്കില് സി.പി.എം നേരിടാന് പോകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള് ഗൗരവമായിരിക്കും.
മാസപ്പടി കേസില് പിണറായി വിജയന് മുന്നിലുള്ളത് അന്വേഷണത്തെ നേരിടുക എന്നതിലുപരി നിയമപരമായ അവകാശങ്ങള് സംരക്ഷിച്ചുകൊണ്ട് ആരോപണങ്ങള്ക്ക് മറുപടി നല്കുക എന്ന വെല്ലുവിളിയാണ്. ഒക്ടോബര് 23-ന് അദ്ദേഹം ഇ.ഡി. ഓഫീസില് ഹാജരാകുമോ എന്നതിനെക്കാള് പ്രധാനപ്പെട്ടത്, ഹാജരാകാതിരുന്നാല് അതിന് എന്ത് നിയമപരമായ വിശദീകരണം നല്കുന്നു എന്നതും കോടതിയില്നിന്ന് എന്ത് ആശ്വാസം ലഭിക്കുന്നു എന്നതുമാണ്. നിയമപോരാട്ടത്തിലൂടെ സമയം നേടാന് അദ്ദേഹത്തിന് കഴിഞ്ഞേക്കാം. എന്നാല്, അതിനെ അനിശ്ചിതകാലത്തേക്കുള്ള സംരക്ഷണമായി കാണാനാവില്ല. അന്വേഷണത്തിന്റെ വേഗം, കോടതികളുടെ ഇടപെടല്, തെളിവുകളുടെ ശക്തി, സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതിരോധം എന്നിവ ചേര്ന്നായിരിക്കും ഈ കേസിന്റെ ഗതി നിര്ണയിക്കുക.
മുറിവേറ്റ സിംഹമാണ് ഇ.ഡി. മാസപ്പടി കേസുമായി ബന്ധപ്പെട്ട് 2026 മെയ് മാസത്തില് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്, കണ്ണൂരിലെ വസതി എന്നിവയുള്പ്പെടെ 12 ഇടങ്ങളില് ഇ.ഡി ഒരേസമയം റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങള് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്ത്തകര് തടഞ്ഞ് തകര്ക്കുയുകയും അവരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പാര്ട്ടി പ്രവര്ത്തകര്ക്കെതിരെ കേസെടുക്കുകയും ചെയ്യുകയുണ്ടായി. അക്രമികളില് നിന്ന് രക്ഷനേടാനായി ഇ.ഡി ഉദ്യോഗസ്ഥര് തമ്പാന്നൂര് പോലീസ് സ്റ്റേഷനില് അഭയം പ്രാപിക്കുകയാണുണ്ടായത്. അതിനാല് ഇ.ഡിയുടെ ഭാഗത്തുനിന്ന് വേഗത്തിലുള്ള കടുത്ത നടപടികളായിരിക്കും ഉണ്ടാവുക.