Image

ആദ്യ സീരീസ് റിലീസ് ചെയ്തത് രണ്ട് ദിവസം മുൻപ്: പുതു ജീവിതത്തിലേക്കും കരിയറിലേക്കും കാൽവെച്ച യുവ സംവിധായകന്‍റെ വേർപാടിൽ ഞെട്ടി സിനിമാലോകം

Published on 17 October, 2026
ആദ്യ സീരീസ് റിലീസ് ചെയ്തത് രണ്ട് ദിവസം മുൻപ്: പുതു ജീവിതത്തിലേക്കും കരിയറിലേക്കും കാൽവെച്ച യുവ സംവിധായകന്‍റെ വേർപാടിൽ ഞെട്ടി സിനിമാലോകം

ജിയോ ഹോട്സ്റ്റാറിലൂടെ തരംഗമായി മാറിയ ‘കാപ്പി സ്ക്വാഡ്’ എന്ന വെബ് സീരീസിന്റെ സംവിധായകൻ ബൽരാജ് കളരിക്കൽ നമ്മോട് എന്നെന്നേക്കുമായി വിടപറഞ്ഞു.

വർഷങ്ങളായുള്ള അധ്വാനത്തിനൊടുവിൽ തന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം പ്രേക്ഷകരിലെത്തിയതിന്റെ ആനന്ദം മനസ്സിൽ നിറഞ്ഞുനിൽക്കെയാണ്  ആ സന്തോഷം കെടുത്തി  വിധി ആ യുവപ്രതിഭയെ തട്ടിയെടുത്തത് .

എറണാകുളത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അദ്ദേഹത്തിന്  28 വയസ്സായിരുന്നു പ്രായം. വിവാഹം കഴിഞ്ഞ് ഒരു മാസം തികയുംമുൻപേയുള്ള യുവ സംവിധായകന്റെ അപ്രതീക്ഷിത വിയോഗം സിനിമാ മേഖലയെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.

ഒക്ടോബർ 15നാണ് ബൽരാജ് സംവിധാനം ചെയ്ത ‘കാപ്പി സ്ക്വാഡ്’ ജിയോ ഹോട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. സീരീസിന്റെ നാല് എപ്പിസോഡുകളാണ് ഇതിനകം സ്ട്രീം ചെയ്തത്. 36 എപ്പിസോഡുകളുടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ആദ്യ സ്വതന്ത്ര സംവിധാന സംരംഭത്തിലൂടെ കരിയറിൽ പുതിയൊരു അധ്യായത്തിന് തുടക്കമിട്ട യുവ സംവിധായകന്റെ മരണവാർത്ത പുറത്തുവന്നത് സീരീസ് സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെയാണ്.

എറണാകുളത്തെ ഹോട്ടൽ മുറിയിലാണ് ബൽരാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സീരീസിന്റെ ഷോ ഡയറക്ടർ ശ്രീകാന്ത് മോഹനൊപ്പമായിരുന്നു താമസം. മുറിയുടെ വാതിലിൽ തുടർച്ചയായി മുട്ടിയിട്ടും തുറക്കാതിരുന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

കോട്ടയം മണിമല സ്വദേശിയായ ബൽരാജ് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചുവരികയായിരുന്നു. ‘നിഴൽ’, ‘മധുരം’, ‘ഡാകിനി’ തുടങ്ങി നിരവധി ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ച ശേഷമാണ് ‘കാപ്പി സ്ക്വാഡി’ലൂടെ സ്വതന്ത്ര സംവിധായകനായി എത്തിയത്.

റിനോഷ് ജോർജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹാസ്യ-നാടക പരമ്പരയാണ് ‘കാപ്പി സ്ക്വാഡ്’. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായർ നിർമിക്കുന്ന സീരീസ് സൃഷ്ടിച്ചത് ശ്രീകാന്ത് മോഹനാണ്. റിനോഷിനൊപ്പം അനഘ അജിത്ത്, ദിയ ദീപൻ, ജോയൽ ജോസഫ്, അഭിരാമി ദയാനന്ദൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. യുവതലമുറയുടെ സൗഹൃദവും ജീവിതാനുഭവങ്ങളുമാണ് പരമ്പരയുടെ പ്രമേയം.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബൽരാജിന്റെ വിവാഹം. ആറുവർഷത്തെ പ്രണയത്തിനൊടുവിൽ ആതിരയെ ജീവിതസഖിയാക്കിയ ബൽരാജ്, മണിമല കളരിക്കൽ സുരേഷിന്റെയും സ്മിതയുടെയും മകനാണ് . സോജ സഹോദരിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക