
ന്യൂഡൽഹി: കാഴ്ചക്കാരെ കൂട്ടാനും വൈറലാകാനും സ്വന്തം ഭാര്യയെ വളർത്തുനായയുടെ പാത്രത്തിൽനിന്ന് വെള്ളം കുടിപ്പിച്ച പ്രമുഖ യൂട്യൂബർ സൗരവ് ജോഷിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അതിരൂക്ഷമായ ജനരോഷം. കുടുംബാംഗങ്ങൾക്കൊപ്പം നടത്തിയ 'ട്രൂത്ത് ആൻഡ് ഡെയർ' ഗെയിമിനിടെയാണ് ഭാര്യ അവന്തിക ഭട്ടിനോട് സൗരവ് ഈ വിചിത്രവും അപമാനകരവുമായ വെല്ലുവിളി നടത്തിയത്. ഒക്ടോബർ 13-ന് യൂട്യൂബിൽ പങ്കുവെച്ച വ്ലോഗിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കാട്ടുതീപോലെ പടർന്നതോടെ സൗരവിനെതിരെ വ്യാപക വിമർശനമുയരുകയാണ്.
വളർത്തുനായ ഓറിയോയ്ക്ക് വെള്ളം നൽകുന്ന പാത്രത്തിൽനിന്ന് കുടിക്കണമെന്നായിരുന്നു ഭാര്യയോട് സൗരവിന്റെ ആവശ്യം. ഇത് കേട്ട് ഞെട്ടിയ അവന്തിക ആദ്യം വിസമ്മതിച്ചെങ്കിലും, ഒരു കവിൾ മാത്രം കുടിച്ചാൽ മതിയെന്നും വെള്ളം ശുദ്ധമാണെന്നും പറഞ്ഞ് കുടുംബാംഗങ്ങളുടെയും മക്കളുടെയും മുന്നിൽവെച്ച് സൗരവ് നിർബന്ധിക്കുകയായിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ അവന്തിക നായയുടെ പാത്രത്തിൽനിന്ന് വെള്ളം കുടിക്കാൻ നിർബന്ധിതയായി. വിനോദത്തിന്റെ പേരിൽ സ്വന്തം ഭാര്യയുടെ അന്തസ്സിനെ പരസ്യമായി തകർക്കുന്ന ഇത്തരം പ്രവണതകൾ സാധാരണവൽക്കരിക്കപ്പെടുന്നത് ഞെട്ടലുളവാക്കുന്നതാണെന്ന് നെറ്റിസൺസ് രൂക്ഷമായി പ്രതികരിച്ചു.
വിമർശനം കൈവിട്ടുപോയതോടെ ന്യായീകരണവുമായി സൗരവ് രംഗത്തെത്തിയെങ്കിലും രോഷം അടങ്ങിയിട്ടില്ല. പാത്രം നന്നായി കഴുകി വൃത്തിയാക്കിയതാണെന്നും അതിലൊഴിച്ച വെള്ളം ശുദ്ധമായിരുന്നെന്നുമായിരുന്നു വിശദീകരണം. തങ്ങൾക്ക് വളർത്തുനായ കുടുംബാംഗത്തെപ്പോലെയാണെന്നും പാത്രങ്ങൾ പങ്കിടുന്നതിൽ പ്രശ്നമില്ലെന്നും അവകാശപ്പെട്ട സൗരവ്, ഭാവിയിൽ ഇതിലും കടുത്ത വെല്ലുവിളികൾ നൽകുമെന്നും കൂട്ടിച്ചേർത്തു. എന്നാൽ, മാപ്പപേക്ഷിക്കുന്നതിന് പകരം ധിക്കാരപൂർവം ന്യായീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങൾ വ്ലോഗർക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ്.