Image

അനില ബേബിയുടെ വിചാരണ നടപടികള്‍ നിര്‍ത്തിവച്ചു; മാനസിക ശേഷി പരിശോധിക്കാന്‍ രണ്ട് ഡോക്ടര്‍മാര്‍; കേസ് ഡിസംബര്‍ 18-ലേക്ക് മാറ്റി

Published on 17 October, 2026
അനില ബേബിയുടെ വിചാരണ നടപടികള്‍ നിര്‍ത്തിവച്ചു; മാനസിക ശേഷി പരിശോധിക്കാന്‍ രണ്ട് ഡോക്ടര്‍മാര്‍; കേസ് ഡിസംബര്‍ 18-ലേക്ക് മാറ്റി

മില്‍പിറ്റസ്: മലയാളി യുവതികളായ അഞ്ജന ഹരിയെയും ആന്‍ മേരി മാത്യുവിനെയും കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ അനില ബേബിയുടെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിചാരണ നേരിടാനുള്ള പ്രതിയുടെ മാനസിക ശേഷിയെക്കുറിച്ച് പ്രതിഭാഗം സംശയം ഉന്നയിച്ചതിനെത്തുടര്‍ന്ന്, മാനസികാവസ്ഥ വിലയിരുത്താന്‍ രണ്ട് ഡോക്ടര്‍മാരെ നിയോഗിക്കാന്‍ സാന്താ ക്ലാര കൗണ്ടി സുപ്പീരിയര്‍ കോടതി ഉത്തരവിട്ടു. കേസ്  ഡിസംബര്‍ 18-ന് വീണ്ടും പരിഗണിക്കും. നിലവില്‍ പ്രതിയുടെ കുറ്റവിചാരണയ്ക്കുള്ള മാനസിക ശേഷി സംബന്ധിച്ച നിയമ പ്രശ്‌നത്തിലാണ് കോടതിയുടെ ശ്രദ്ധ. ഡിസംബര്‍ 18-ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചശേഷം കോടതി സ്വീകരിക്കുന്ന തീരുമാനമായിരിക്കും കേസിന്റെ തുടര്‍നടപടികളെ നിര്‍ണയിക്കുക.

ഒക്ടോബര്‍ 16-ന് രാവിലെ സാന്താ ക്ലാര കൗണ്ടി സുപ്പീരിയര്‍ കോടതിയിലെ ഡിപ്പാര്‍ട്ട്മെന്റ് 24-ല്‍ ജഡ്ജി മേഗന്‍ പിയാനോയുടെ മുമ്പാകെയാണ് കേസ് പരിഗണിച്ചത്. പ്രതിയുടെ അഭിഭാഷകന്‍ ഷോണ്‍ എം. ജോര്‍ജ്, കാലിഫോര്‍ണിയ പീനല്‍ കോഡ് സെക്ഷന്‍ 1368 പ്രകാരം വിചാരണ നേരിടാനുള്ള പ്രതിയുടെ മാനസിക ശേഷിയെക്കുറിച്ച് സംശയം ഔദ്യോഗികമായി കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്റെ ഈ നിലപാടിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. തുടര്‍ന്നാണ് ക്രിമിനല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും പ്രതിയുടെ മാനസികാവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി രണ്ട് ഡോക്ടര്‍മാരെ നിയോഗിക്കാനും കോടതി തീരുമാനിച്ചത്.

ഡോക്ടര്‍മാര്‍ പ്രതിയെ പരിശോധിച്ച് അവരുടെ വിലയിരുത്തലുകളും കണ്ടെത്തലുകളും അടങ്ങിയ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുന്നതിനായി കേസ് ഡിസംബര്‍ 18 വെള്ളിയാഴ്ച വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരുമെന്ന് അഭിഭാഷകന്‍ ഷോണ്‍ എം. ജോര്‍ജ് അറിയിച്ചു. വിചാരണ നേരിടാനുള്ള മാനസിക ശേഷി സംബന്ധിച്ച നിയമപരമായ പരിശോധനയാണിത്. പ്രതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്നതുമാത്രമല്ല, തനിക്കെതിരായ കേസിന്റെ സ്വഭാവവും കോടതി നടപടികളും മനസ്സിലാക്കാനും അഭിഭാഷകനുമായി ആശയവിനിമയം നടത്തി സ്വന്തം പ്രതിരോധത്തില്‍ സഹകരിക്കാനും നിലവില്‍ കഴിയുന്നുണ്ടോ എന്നതും വിലയിരുത്തലില്‍ പ്രധാനമാണ്.

പ്രതിഭാഗം സംശയം ഉന്നയിച്ചതുകൊണ്ടുമാത്രം അനില ബേബി വിചാരണ നേരിടാന്‍ അയോഗ്യയാണെന്ന് അര്‍ഥമില്ല. ഡോക്ടര്‍മാരുടെ പരിശോധനാ റിപ്പോര്‍ട്ടുകളും തുടര്‍ന്നുള്ള കോടതി നടപടികളുമാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാകുക. 2026 ഓഗസ്റ്റ് 28-ന് നടന്നതായി ആരോപിക്കപ്പെടുന്ന രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് അനില ബേബിക്കെതിരെ കേസുള്ളത്. മില്‍പിറ്റസില്‍ അഞ്ജന ഹരിയും സാന്‍ഹോസെയില്‍ ആന്‍ മേരി മാത്യുവും കൊല്ലപ്പെട്ട സംഭവങ്ങളിലാണ് അന്വേഷണം നടന്നത്. സാന്താ ക്ലാര കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് സെപ്റ്റംബര്‍ എട്ടിന് അനില ബേബിക്കെതിരെ രണ്ട് കൊലക്കുറ്റങ്ങള്‍ ചുമത്തിയിരുന്നു.
 

Join WhatsApp News
Sudhir Panikkaveetil 2026-10-17 12:39:47
നാട്ടിലായാലും ഇവിടെയായാലും ഒരാൾ കൊല ചെയ്യുന്നു. വക്കീലന്മാർ കൊലയാളിയെ രക്ഷിക്കുന്നു. ഷെയ്ഖ്സ്ഫിയർ പറഞ്ഞത് ഓർക്കുക. അങ്ങനെ ചെയ്യാൻ പറ്റിയാൽ ഈ ലോകത്ത് കുറ്റങ്ങൾ കുറയും. "The first thing we do, let's kill all the lawyers" in his play Henry VI, Part 2 (Act IV, Scene 2).
Sunil 2026-10-17 13:32:13
Sudhir, every one is innocent unless and until found guilty by a court of law. An innocent should not be punished even if a thousand guilty escapes. Attorneys are a necessary evil.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക