
വിത്തിനും
പൂവിനുമിടയിലെ
പുണ്യവേള
അനാവൃതമാക്കട്ടെ
പരമചൈതന്യത്തിന്റെ
മൗനസുഗന്ധം.
ഉദയാസ്തമയം
അറിയാത്ത സൂര്യൻ
വെള്ളിച്ചിരിമൗനം
വിതറട്ടെ
നിന്റെ ഇരുട്ടിനു മീതെ.
ഇറക്കത്തിൽ
കദനമൊ
ഏറ്റത്തിൽ
ആനന്ദമൊ ഇല്ല
തിരകളുടെ
ചടുലഭൈരവനൃത്തത്തിന്
കടൽ ഒരു നീലനിശ്ശബ്ദസാക്ഷിയൊ!
മൗനമില്ലാത്ത
മൗനത്തിലേക്ക്
പതുക്കെ
പ്രവേശിക്കാം
ആ മൗനം നീയും ഞാനും
ദ്വാരപാലകന്മാരുമില്ലാത്ത
സ്വർഗ്ഗമല്ലയൊ!
തീവ്രമായ ആനന്ദത്തെ
നന്നായി വർണ്ണിക്കാനാവുക മൗനത്താൽ മാത്രം
ആകയാൽ ചിലപ്പോഴെങ്കിലും,
പാമ്പ് ഉറയഴിച്ചിടുന്നതു പോലെ,
പദങ്ങൾ ഉപേക്ഷിക്കുവാൻ
കവിയും ശീലിക്കണം.
നിന്നെപ്പോലെ
മൗനവും
ഒരു നിധി !
കണ്ടെത്തുവാൻ
ആയാസപ്പെടുന്നയാളുടെ
കൺവെട്ടത്ത് തന്നെ
ഒളിഞ്ഞിരിക്കുന്നു!!
ഇതെന്തൊരു വിസ്മയം!!