Image

‘ഗാർഹിക പീഡനം കുടുംബത്തിന്റെ സ്വകാര്യപ്രശ്നമല്ല; സമൂഹം ഇടപെടണം’:ഹസീന മൂപ്പൻ

മീട്ടു റഹ്മത്ത് കലാം Published on 16 October, 2026
‘ഗാർഹിക പീഡനം കുടുംബത്തിന്റെ സ്വകാര്യപ്രശ്നമല്ല; സമൂഹം ഇടപെടണം’:ഹസീന മൂപ്പൻ

സാമ്പത്തികമായി ഉയർന്ന നിലയിലുള്ള കുടുംബങ്ങളിലും ഉന്നത വിദ്യാഭ്യാസവും സാമൂഹിക പദവിയുമുള്ളവർക്കിടയിലും ഗാർഹിക പീഡനം സംഭവിക്കാം. എന്നാൽ കുടുംബത്തിന്റെ അഭിമാനം, മതത്തിന്റെ പേരിലുള്ള തെറ്റായ വ്യാഖ്യാനങ്ങൾ, സാമ്പത്തിക ആശ്രിതത്വം, കുടിയേറ്റവുമായി ബന്ധപ്പെട്ട ഭീതികൾ എന്നിവ പലപ്പോഴും സ്ത്രീകളെ നിശ്ശബ്ദരാക്കുന്നു. സഹായം തേടാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തം ഭാഷയിൽ സംസാരിക്കാനോ വിശ്വസിക്കാവുന്ന ഒരാളോട് മനസ്സുതുറക്കാനോ കഴിയാത്ത സാഹചര്യങ്ങളുമുണ്ട്.

ഈ നിശ്ശബ്ദതയ്ക്കിടയിലാണ് ന്യൂയോർക്കിലെ ലോങ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൊമസ്റ്റിക് ഹാർമണി ഫൗണ്ടേഷൻ (Domestic Harmony Foundation – DHF) പ്രസക്തമാകുന്നത്. ഗാർഹിക പീഡനത്തെ അതിജീവിക്കുന്ന സ്ത്രീകൾക്കും കുടുംബങ്ങൾക്കും പിന്തുണ നൽകുന്നതിനൊപ്പം, ബോധവത്കരണത്തിലൂടെയും യുവജനപരിപാടികളിലൂടെയും ആരോഗ്യകരമായ ബന്ധങ്ങൾ വളർത്തിയെടുക്കാനും സംഘടന ശ്രമിക്കുന്നു.

1992-ൽ ഇസ്‌ലാമിക് സെന്റർ ഓഫ് ലോങ് ഐലൻഡിന്റെ കീഴിൽ ഒരു ചെറിയ കമ്മിറ്റിയായി ആരംഭിച്ച സംരംഭം 2009-ൽ സ്വതന്ത്ര ലാഭേച്ഛയില്ലാത്ത സംഘടനയായി മാറി. കൗൺസലിങ്, മാനസികവും സാമ്പത്തികവുമായ പിന്തുണ, വിദ്യാഭ്യാസത്തിനും തൊഴിൽപരമായ സ്വയംപര്യാപ്തതയ്ക്കുമുള്ള സഹായം എന്നിവയിലൂടെ നിരവധി ജീവിതങ്ങൾക്ക് പുതിയ ദിശ നൽകാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം, ഗാർഹിക പീഡനം സംഭവിച്ചശേഷം സഹായം നൽകുന്നതിൽ മാത്രം ഒതുങ്ങാതെ, ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ചുള്ള അവബോധം യുവതലമുറയിൽ വളർത്താനും DHF ശ്രമിക്കുന്നു.

സംഘടനയുടെ ബോർഡ് ചെയർപേഴ്സൺ ഹസീന മൂപ്പനുമായി നടത്തിയ സംഭാഷണം ഗാർഹിക പീഡനത്തിന്റെ സങ്കീർണതകളിലേക്കും കുടിയേറ്റ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളിലേക്കും സാമൂഹിക ഉത്തരവാദിത്വത്തിന്റെ വിശാലമായ അർഥത്തിലേക്കും വെളിച്ചം വീശുന്നു...

ഡൊമസ്റ്റിക് ഹാർമണി ഫൗണ്ടേഷന്റെ തുടക്കം എങ്ങനെയായിരുന്നു? അത്തരമൊരു സംഘടനയുടെ ആവശ്യകത തിരിച്ചറിയാൻ ഇടയായ സാഹചര്യം എന്താണ്?

1992-ൽ ഇസ്‌ലാമിക് സെന്റർ ഓഫ് ലോങ് ഐലൻഡിന്റെ കീഴിൽ ഒരു ചെറിയ കമ്മിറ്റിയായിട്ടാണ് ഞങ്ങളുടെ പ്രവർത്തനം ആരംഭിച്ചത്. തൊഴിൽപരമായും സാമൂഹിക പരിപാടികളിലൂടെയും പരിചയപ്പെട്ടിരുന്ന ചില പ്രൊഫഷണൽ വനിതകളെ ഒരു സ്ത്രീ സമീപിച്ച് വീട്ടിൽ നേരിടുന്ന പീഡനത്തെക്കുറിച്ച് സഹായം അഭ്യർഥിച്ചതാണ് തുടക്കത്തിന് കാരണമായത്.

സഹായം തേടിയെത്തിയ ആദ്യ വനിത ഈജിപ്തിൽനിന്നുള്ള ഒരു അധ്യാപികയായിരുന്നു. പിന്നീട് ഇന്ത്യയിൽനിന്നും പാകിസ്ഥാനിൽനിന്നുമുള്ള സ്ത്രീകളും സഹായത്തിനായി സമീപിച്ചു. ഡോക്ടർമാർ, മനഃശാസ്ത്ര വിദഗ്ധർ, വീട്ടമ്മമാർ തുടങ്ങി വിവിധ പശ്ചാത്തലങ്ങളിലുള്ള സ്ത്രീകളുടെ കൂട്ടായ്മയായിരുന്നു അത്. എന്നാൽ ഇത്തരമൊരു പ്രശ്നത്തെ എങ്ങനെ സമീപിക്കണമെന്ന കാര്യത്തിൽ തുടക്കത്തിൽ ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.

സാമ്പത്തികമായി മെച്ചപ്പെട്ട പ്രദേശമായതിനാൽ ലോങ് ഐലൻഡിൽ ഗാർഹിക പീഡനം വ്യാപകമായിരിക്കുമെന്ന് പലരും കരുതിയിരുന്നില്ല. ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയുമാണ് ഇത്തരം പ്രശ്നങ്ങളുടെ പ്രധാന കാരണമെന്ന ധാരണയും നിലനിന്നിരുന്നു. എന്നാൽ യാഥാർഥ്യം അതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.

പ്രശ്നത്തിന്റെ യഥാർഥ വ്യാപ്തി മനസ്സിലാക്കുന്നതിനായി ഞങ്ങൾ ഒരു അജ്ഞാത സർവേ നടത്താൻ തീരുമാനിച്ചു. ലഭിച്ച പ്രതികരണങ്ങൾ ആശങ്കാജനകമായിരുന്നു. കൂടുതൽ ക്രമബദ്ധമായ പിന്തുണ ആവശ്യമാണെന്ന് അതിലൂടെ ബോധ്യമായി. അങ്ങനെയാണ് ഇസ്‌ലാമിക് സെന്ററിന്റെ കീഴിൽ ഡൊമസ്റ്റിക് ഹാർമണി കമ്മിറ്റി പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഒരു മതവിഭാഗത്തിൽ ഒതുങ്ങാതെ, വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ള സ്ത്രീകൾക്ക് സഹായം നൽകുന്ന ഡൊമസ്റ്റിക് ഹാർമണി ഫൗണ്ടേഷനായി അത് വളർന്നു.

ആദ്യകാലത്ത് സഹായം തേടിയെത്തുന്നവരെ കൗൺസലർമാരുമായും മനഃശാസ്ത്ര വിദഗ്ധരുമായും ബന്ധിപ്പിക്കുകയായിരുന്നു പ്രധാന പ്രവർത്തനം. അടിയന്തരമായി വീടുവിട്ടിറങ്ങേണ്ടിവരുന്നവർക്ക് ഭക്ഷണത്തിനും മറ്റു അടിസ്ഥാന ആവശ്യങ്ങൾക്കുമായി ചെറിയ സാമ്പത്തിക സഹായവും നൽകി.

കാലക്രമേണ സഹായം തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചു. കൂടുതൽ ഫണ്ടും സ്വതന്ത്രമായ പ്രവർത്തനസംവിധാനവും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ 2009-ൽ സംഘടനയെ സ്വതന്ത്ര ലാഭേച്ഛയില്ലാത്ത സ്ഥാപനമായി രജിസ്റ്റർ ചെയ്തു.

താങ്കൾ എങ്ങനെയാണ് സംഘടനയുടെ പ്രവർത്തനങ്ങളിലേക്ക് എത്തിയത്? ധന
സമാഹരണത്തിനായി മാത്രം എത്തിയ താങ്കളുടെ കാഴ്ചപ്പാടിൽ പിന്നീട് മാറ്റമുണ്ടായതെങ്ങനെയാണ്?

ആദ്യകാലത്ത് ഈ മേഖലയെക്കുറിച്ച് വലിയ അറിവുള്ള വ്യക്തിയായിരുന്നില്ല ഞാൻ. സുവോളജിയായിരുന്നു പഠനവിഷയം. അമേരിക്കയിലെത്തിയശേഷം കുറച്ചുകാലം ബാങ്കിൽ ജോലി ചെയ്തു. പിന്നീട് മക്കളുടെ വളർച്ചയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ജോലിയിൽനിന്ന് മാറിനിന്നു. ഇന്ത്യൻ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലും സാമൂഹിക കൂട്ടായ്മകളിലും ടെന്നീസിലുമൊക്കെയായിരുന്നു അന്നത്തെ പങ്കാളിത്തം.

അങ്ങനെയിരിക്കെയാണ് സംഘടനയുമായി ബന്ധപ്പെട്ട സുഹൃത്തുക്കൾ എന്നെ സമീപിച്ചത്. ഗാർഹിക പീഡനം പോലുള്ള വിഷയങ്ങളിൽ നേരിട്ട് പ്രവർത്തിക്കാനുള്ള പരിശീലനമോ പ്രൊഫഷണൽ യോഗ്യതയോ എനിക്കില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. എന്നാൽ ധനസമാഹരണത്തിനും കൂടുതൽ ആളുകളിലേക്ക് സംഘടനയുടെ പ്രവർത്തനങ്ങൾ എത്തിക്കാനും എന്റെ ബന്ധങ്ങൾ പ്രയോജനപ്പെടുത്താമെന്ന് അവർ പറഞ്ഞു. അങ്ങനെയാണ് ഞാൻ ഈ പ്രവർത്തനങ്ങളുടെ ഭാഗമായത്.

പക്ഷേ, പ്രവർത്തനങ്ങളിൽ സജീവമായതോടെ എന്റെ കാഴ്ചപ്പാട് മാറി. സഹായം തേടിയെത്തിയ സ്ത്രീകളുടെ ജീവിതം അടുത്തറിയുകയും അവരുടെ അനുഭവങ്ങൾ കേൾക്കുകയും ചെയ്തപ്പോൾ, ഞാൻ എന്നെത്തന്നെ അവരുടെ സ്ഥാനത്ത് സങ്കൽപ്പിച്ചു.

വിവാഹശേഷം 1977-ൽ വെറും ഇരുപതാം വയസ്സിലാണ് ഞാനും അമേരിക്കയിലെത്തിയത്. ഇവിടെ സ്വന്തം കുടുംബത്തിന്റെ പിന്തുണ എനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ജോലി ചെയ്യാനും സുഹൃത്തുക്കളെ കാണാനും സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുമുള്ള സ്വാതന്ത്ര്യം ഭർത്താവ് എനിക്ക് നൽകിയിരുന്നു. അതേ സാഹചര്യവും സ്വാതന്ത്ര്യവും മറ്റൊരു സ്ത്രീക്ക് ലഭിച്ചില്ലെങ്കിലോ എന്ന ചിന്ത എന്നെ അസ്വസ്ഥയാക്കി.

എനിക്ക് ലഭിച്ച അവസരങ്ങൾ മറ്റൊരു സ്ത്രീക്ക് നിഷേധിക്കപ്പെടുന്നതു കണ്ടപ്പോൾ, ഇത് കേവലം ഒരു സാമൂഹിക പ്രശ്നമല്ലെന്നും ഒരു വ്യക്തിയുടെ ജീവിതത്തെ മുഴുവൻ മാറ്റിമറിക്കുന്ന അനുഭവമാണെന്നും തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഈ പ്രവർത്തനങ്ങളോടുള്ള എന്റെ പ്രതിബദ്ധത വർധിച്ചത്.

സംഘടനയുടെ ഇടപെടൽ ഒരാളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയ അനുഭവം പങ്കുവയ്ക്കാമോ?
ആദ്യകാലത്ത് സഹായം തേടിയെത്തിയ ഈജിപ്ഷ്യൻ വനിതയുടെ ജീവിതം തന്നെ വലിയൊരു ഉദാഹരണമാണ്. അവർ ഈജിപ്തിൽ അധ്യാപികയായിരുന്നു. കഴിവും ബുദ്ധിശക്തിയും കലാപരമായ അഭിരുചിയുമുള്ള വ്യക്തി. എന്നാൽ വിവാഹശേഷം അമേരിക്കയിലെത്തിയതോടെ അവരുടെ ജീവിതം നിയന്ത്രിക്കപ്പെടാൻ തുടങ്ങി.

പുറത്തുപോകാനും സുഹൃത്തുക്കളെ കണ്ടെത്താനും ഇംഗ്ലീഷ് പഠിക്കാനുമൊന്നും ഭർത്താവ് അനുവദിച്ചില്ല. രണ്ടു കുട്ടികളെ വളർത്തുന്ന വീട്ടമ്മ എന്ന നിലയിലേക്ക് അവരുടെ ജീവിതം ചുരുങ്ങി. പിന്നീട് ഭർത്താവ് തനിക്ക് അവർ അനുയോജ്യയല്ലെന്ന് പറഞ്ഞ് മറ്റൊരു ബന്ധത്തിലേക്ക് കടന്നു. അതോടെ ആ ബന്ധത്തിൽ തുടരാൻ കഴിയില്ലെന്ന നിലയിലേക്ക് അവർ എത്തി.

ഭാഷ അറിയില്ല, സ്വന്തം കുടുംബം അടുത്തില്ല, സാമ്പത്തിക സ്വാതന്ത്ര്യമില്ല. അത്തരമൊരു സാഹചര്യത്തിൽ സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കുക എത്ര പ്രയാസകരമാണെന്ന് ചിന്തിച്ചുനോക്കൂ. എന്നിട്ടും അവർ ധൈര്യം സംഭരിച്ച് ഇസ്‌ലാമിക് സെന്റർ ഓഫ് ലോങ് ഐലൻഡിലെ വനിതകളെ സമീപിച്ചു.

ഞങ്ങളുടെ പിന്തുണ ലഭിച്ചതോടെ വിവാഹബന്ധത്തിൽനിന്ന് പുറത്തുകടക്കാൻ അവർക്ക് ധൈര്യം ലഭിച്ചു. പിന്നീട് കോളജിൽ ചേർന്ന് പഠനം തുടർന്നു. സാമ്പത്തിക സഹായവും സ്കോളർഷിപ്പും ഉൾപ്പെടെയുള്ള പിന്തുണയോടെ സാമൂഹിക പ്രവർത്തനരംഗത്ത് ബിരുദാനന്തര യോഗ്യത നേടി. ആർട്ട് തെറാപ്പിയിലും പരിശീലനം നേടി.

തുടർന്ന് അവർ സാമൂഹിക പ്രവർത്തകയായി ജോലി ചെയ്യുന്നതിനൊപ്പം ഞങ്ങളുടെ സംഘടനയുടെ പ്രവർത്തനങ്ങളിലും പങ്കാളിയായി. ഗാർഹിക പീഡനത്തെ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും ആർട്ട് തെറാപ്പി നൽകുന്നതിലും സജീവമായി.

ഒരു ഘട്ടത്തിൽ മറ്റുള്ളവരുടെ സഹായം ആവശ്യമായിരുന്ന വ്യക്തി പിന്നീട് മറ്റുള്ളവർക്ക് തുണയാകുന്ന നിലയിലേക്ക് വളർന്നു. അതാണ് ഞങ്ങളുടെ പ്രവർത്തനത്തിന്റെ യഥാർഥ ലക്ഷ്യം. ഒരാൾക്ക് താൽക്കാലിക സഹായം നൽകുക മാത്രമല്ല, സ്വന്തം കാലിൽ നിൽക്കാനും ആത്മവിശ്വാസത്തോടെ ജീവിതം പുനർനിർമിക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്.

കുടിയേറ്റ സമൂഹങ്ങളിൽ ഗാർഹിക പീഡനം പുറത്തുപറയാൻ സ്ത്രീകൾ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്?

ഇതിന് പല കാരണങ്ങളുണ്ട്. മതം, സംസ്കാരം, ഭാഷ, സാമ്പത്തിക സാഹചര്യം, കുടുംബത്തിന്റെ സമീപനം, കുടിയേറ്റവുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവയെല്ലാം ഇതിൽ പങ്കുവഹിക്കുന്നു.

പല സ്ത്രീകൾക്കും അമേരിക്കയിൽ സ്വന്തം കുടുംബത്തിന്റെ പിന്തുണയുണ്ടാകില്ല. ഭാഷ അറിയാത്തവർക്ക് സുഹൃത്തുക്കളെ കണ്ടെത്താനും സഹായം തേടാനും ബുദ്ധിമുട്ടാണ്. ചിലരുടെ പാസ്‌പോർട്ടും ഗ്രീൻ കാർഡും മറ്റു പ്രധാന രേഖകളും പങ്കാളി കൈവശംവയ്ക്കും. പ്രശ്നം പുറത്തുപറഞ്ഞാൽ കുടിയേറ്റ പദവി നഷ്ടപ്പെടുമെന്നോ നാട്ടിലേക്ക് തിരിച്ചയക്കുമെന്നോ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്.

മതത്തിന്റെ പേരിൽ തെറ്റായ ധാരണകൾ പ്രചരിപ്പിക്കപ്പെടുന്നതും പ്രശ്നം സങ്കീർണമാക്കുന്നു. കുടുംബജീവിതത്തിൽ സ്ത്രീ എല്ലാം സഹിക്കണമെന്നോ പുരുഷന് എന്തും അനുവദനീയമാണെന്നോ ഉള്ള വ്യാഖ്യാനങ്ങൾ ചിലരെ നിശ്ശബ്ദരാക്കുന്നു. മതത്തിന്റെ യഥാർഥ സന്ദേശത്തെക്കാൾ അധികാരം നിലനിർത്തുന്നതിനായി അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് ഇവിടെ പ്രശ്നം.

സാമ്പത്തിക ആശ്രിതത്വവും വിദ്യാഭ്യാസപരമായ പരിമിതികളും ചിലരുടെ സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു. വിദേശത്തുള്ള വിവാഹബന്ധങ്ങൾക്കായി മക്കളെ തയ്യാറാക്കുമ്പോൾ വരന്റെ യഥാർഥ സ്വഭാവവും ജീവിതസാഹചര്യവും മനസ്സിലാക്കാൻ കുടുംബങ്ങൾ വേണ്ടത്ര ശ്രമിക്കാത്ത സംഭവങ്ങളുമുണ്ട്. അമേരിക്കയിലെ ജീവിതം മെച്ചപ്പെട്ടതായിരിക്കുമെന്ന പ്രതീക്ഷയിൽ വിവാഹം കഴിപ്പിക്കുന്ന മാതാപിതാക്കൾക്ക് പലപ്പോഴും മകളുടെ യഥാർഥ സാഹചര്യം മനസ്സിലാക്കാൻ കഴിയാതെ പോകുന്നു.

എന്നാൽ ഒരു കാര്യം വ്യക്തമാക്കണം: ഗാർഹിക പീഡനം ഒരു പ്രത്യേക മതത്തിന്റെയോ രാജ്യത്തിന്റെയോ സാമ്പത്തിക വിഭാഗത്തിന്റെയോ മാത്രം പ്രശ്നമല്ല. വിവിധ സമൂഹങ്ങളിൽ വ്യത്യസ്ത രൂപങ്ങളിൽ അത് സംഭവിക്കാം. അതിനെ നേരിടാൻ ഓരോ സമൂഹവും സ്വന്തം പ്രശ്നങ്ങളെ സത്യസന്ധമായി അംഗീകരിക്കണം.

മുസ്‌ലിം സമൂഹത്തിൽ ആരംഭിച്ച DHF പിന്നീട് മറ്റു സമൂഹങ്ങളിലേക്കും വ്യാപിച്ചതെങ്ങനെയാണ്?
സംഘടനയുടെ തുടക്കം ഇസ്‌ലാമിക് സെന്റർ ഓഫ് ലോങ് ഐലൻഡിലായതിനാൽ ആദ്യകാലത്ത് മുസ്‌ലിം വനിതകളായിരുന്നു പ്രധാനമായും സഹായം തേടിയെത്തിയത്. എന്നാൽ പിന്നീട് മറ്റു മതവിഭാഗങ്ങളിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നുമുള്ള സ്ത്രീകളും സമീപിക്കാൻ തുടങ്ങി.

മതസ്ഥാപനങ്ങൾ ചിലർക്ക് വലിയ ആശ്വാസത്തിന്റെ ഇടമാണ്. എന്നാൽ മറ്റു ചിലർക്ക് അവിടേക്ക് കടന്നുചെന്ന് സ്വന്തം കുടുംബപ്രശ്നങ്ങൾ തുറന്നുപറയാൻ മടിയുണ്ടാകും. അതുകൊണ്ടുതന്നെ സഹായം ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പരിധിയിൽ ഒതുങ്ങരുതെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.

ഇന്ന് ഞങ്ങളുടെ സേവനങ്ങൾ തേടിയെത്തുന്നവരുടെ കാര്യത്തിൽ മതമോ ദേശീയതയോ അടിസ്ഥാനമാക്കിയുള്ള വ്യത്യാസമില്ല. സഹായം ആവശ്യമുള്ളവരിലേക്ക് എത്തുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

ഇവിടെ മറ്റൊരു വെല്ലുവിളിയുമുണ്ട്. ഗാർഹിക പീഡനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സ്വന്തം സമൂഹത്തിന്റെ പേരിന് കളങ്കമുണ്ടാകുമെന്ന ആശങ്ക ചിലർക്കുണ്ട്. ഒരു സമൂഹത്തിൽനിന്നുള്ള അതിജീവിത സ്വന്തം അനുഭവം പങ്കുവെച്ചാൽ ആ സമൂഹത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നതുപോലെ കാണുന്നവരുമുണ്ട്.

എന്നാൽ ഒരു പ്രശ്നം പുറത്തുപറയുന്നതിലൂടെ സമൂഹത്തിന്റെ അഭിമാനം നഷ്ടപ്പെടുന്നില്ല. മറിച്ച്, അതിനെ അംഗീകരിച്ച് പരിഹരിക്കാനുള്ള ധൈര്യമാണ് ഒരു സമൂഹത്തെ ശക്തിപ്പെടുത്തുന്നത്.

ഗാർഹിക പീഡനത്തെ അതിജീവിക്കുന്നവർക്ക് DHF നൽകുന്ന പിന്തുണയുടെ പ്രധാന മേഖലകൾ ഏതൊക്കെയാണ്?

കൗൺസലിങ്, ഗ്രൂപ്പ് സെഷനുകൾ, മാനസിക പിന്തുണ, ആവശ്യമായ സാമൂഹിക സേവനങ്ങളിലേക്കുള്ള വഴികാട്ടൽ എന്നിവയാണ് പ്രധാന മേഖലകൾ. അടിയന്തര സഹായം ആവശ്യമായവരുടെ സാഹചര്യത്തിനനുസരിച്ച് അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സാമ്പത്തിക സഹായവും നൽകാറുണ്ട്.

ഗ്രൂപ്പ് സെഷനുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പീഡനം നേരിടുന്ന ഒരാൾക്ക് താൻ മാത്രമാണ് ഇത്തരമൊരു അനുഭവത്തിലൂടെ കടന്നുപോകുന്നതെന്ന് തോന്നാം. പ്രത്യേകിച്ച് ഭാഷ അറിയാത്തവർക്കും സുഹൃത്തുക്കളില്ലാത്തവർക്കും ഈ ഏകാന്തത വേദനാജനകമാണ്. എന്നാൽ സമാന അനുഭവങ്ങളുള്ളവരുമായി സംസാരിക്കുമ്പോൾ പരസ്പരം കരുത്തുപകരാൻ കഴിയും. ചിലർ മറ്റുള്ളവർക്ക് ജോലി കണ്ടെത്താൻ സഹായിക്കും; ചിലർക്ക് സ്വന്തം പ്രശ്നങ്ങളെ പുതിയൊരു കാഴ്ചപ്പാടിൽ മനസ്സിലാക്കാനും സാധിക്കും.

വിദ്യാഭ്യാസവും തൊഴിൽപരമായ യോഗ്യതകളും നേടാനുള്ള സഹായവും ഞങ്ങൾ നൽകാറുണ്ട്. ഉദാഹരണത്തിന്, ഇന്ത്യയിൽ ഫാർമസി പഠിച്ച ഒരാൾക്ക് അമേരിക്കയിൽ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിനായി ആവശ്യമായ പരീക്ഷകൾക്കോ കോഴ്സുകൾക്കോ സാമ്പത്തിക പിന്തുണ വേണ്ടിവരാം. അത്തരം സാഹചര്യങ്ങളിൽ സാധ്യമായ സഹായങ്ങൾ കണ്ടെത്താൻ ശ്രമിക്കും.

എന്നാൽ എല്ലാവരെയും ദീർഘകാലം സംഘടനയെ ആശ്രയിച്ച് ജീവിക്കുന്നവരാക്കുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം. സ്വന്തം ജീവിതം മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തികമായി സ്വയംപര്യാപ്തരാകാനും ആത്മവിശ്വാസത്തോടെ തീരുമാനങ്ങളെടുക്കാനും അവർക്ക് കഴിയണം.

നിയമസഹായത്തിന്റെ കാര്യത്തിൽ വലിയ വെല്ലുവിളികളുണ്ട്. അമേരിക്കയിലെ നിയമനടപടികൾ ചെലവേറിയതും സമയമെടുക്കുന്നതുമാണ്. സാമ്പത്തികശേഷിയുള്ള പങ്കാളിക്ക് മികച്ച അഭിഭാഷകരെ നിയമിക്കാൻ കഴിയുമ്പോൾ മറുവശത്തുള്ള സ്ത്രീക്ക് അതേ അവസരങ്ങൾ ലഭിക്കണമെന്നില്ല. കുട്ടികളുടെ സംരക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ സങ്കീർണമാകാം.

ഓരോരുത്തരുടെയും സാഹചര്യത്തിനനുസരിച്ച് ലഭ്യമായ നിയമ-സാമൂഹിക സേവനങ്ങളിലേക്ക് അവരെ നയിക്കേണ്ടത് അത്യാവശ്യമാണ്. സഹായം നൽകുമ്പോൾ അവരുടെ സുരക്ഷയ്ക്കും വ്യക്തിഗത ആവശ്യങ്ങൾക്കും പ്രഥമ പരിഗണന നൽകണം.

പീഡനം സംഭവിച്ചശേഷം സഹായം നൽകുന്നതിനു പുറമേ, അത് തടയാനുള്ള പ്രവർത്തനങ്ങൾക്കും DHF പ്രാധാന്യം നൽകുന്നുണ്ട്. യുവജനപരിപാടികളെക്കുറിച്ച് വിശദീകരിക്കാമോ?
ഞങ്ങളുടെ പ്രവർത്തനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സമ്മർ ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സമ്മർ യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം. ഏകദേശം 13 മുതൽ 19 വയസ്സുവരെയുള്ള യുവാക്കളെ ലക്ഷ്യമിട്ടുള്ള ഈ പരിപാടി പതിമൂന്ന്–പതിനാലു വർഷത്തോളമായി തുടരുന്നു.

ആരോഗ്യകരമായ ബന്ധങ്ങൾ, ആത്മാഭിമാനം, ആത്മവിശ്വാസം, സഹപാഠികളിൽനിന്നുള്ള സമ്മർദം, ബുള്ളിയിങ്, ലഹരിവസ്തുക്കളുടെ ഉപയോഗം, നേതൃത്വഗുണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇതിലൂടെ ചർച്ച ചെയ്യുന്നു. ബന്ധങ്ങളിൽ തിരിച്ചറിയേണ്ട മുന്നറിയിപ്പ് സൂചനകളെക്കുറിച്ചുള്ള 'റെഡ് ഫ്ലാഗ്സ്' ബോധവത്കരണ പരിപാടികളും കോളജ് തലത്തിലുള്ള പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമാണ്.

ചെറുപ്പത്തിൽ രൂപപ്പെടുന്ന മനോഭാവങ്ങൾ പിന്നീട് മാറ്റുക എളുപ്പമല്ല. അതുകൊണ്ട് കൗമാരപ്രായത്തിൽത്തന്നെ പരസ്പര ബഹുമാനം, വ്യക്തിസ്വാതന്ത്ര്യം, ഉത്തരവാദിത്വം, ആരോഗ്യകരമായ ബന്ധങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കണം.

കുട്ടികൾ വളരുന്ന വീട്ടിലെ അന്തരീക്ഷവും നിർണായകമാണ്. മാതാപിതാക്കൾ തമ്മിൽ എങ്ങനെ സംസാരിക്കുന്നു, അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ പരിഹരിക്കുന്നു, വീട്ടുജോലികൾ എങ്ങനെ പങ്കിടുന്നു, സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നെല്ലാം കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്. കുടുംബത്തിൽ കാണുന്ന പെരുമാറ്റമാണ് പലപ്പോഴും അവരുടെ ആദ്യപാഠം.

യുവാക്കളെ നിയന്ത്രിക്കുന്നതിലുപരി അവർക്ക് ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ പങ്കുവയ്ക്കാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്. പ്രണയം, വിവാഹം, ലൈംഗികത, പരസ്പര സമ്മതം, ബന്ധങ്ങളിലെ ഉത്തരവാദിത്വം തുടങ്ങിയ വിഷയങ്ങൾ സംസാരിക്കാൻ പാടില്ലാത്തവയാണെന്ന സമീപനം മാറണം. തുറന്ന സംഭാഷണങ്ങളുടെ അഭാവം കുട്ടികളെ ആശയക്കുഴപ്പത്തിലേക്കും തെറ്റായ വിവരങ്ങളെ ആശ്രയിക്കുന്ന സാഹചര്യങ്ങളിലേക്കും നയിക്കാം.

വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ കുറയ്ക്കാൻ കുടുംബങ്ങൾക്കും മത-സാമൂഹിക സ്ഥാപനങ്ങൾക്കും എന്തു ചെയ്യാനാകും?

വിവാഹപൂർവ കൗൺസലിങ്ങിന് വലിയ പ്രാധാന്യമുണ്ട്. വിവാഹം എന്നത് രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നതുമാത്രമല്ല; അവരുടെ പ്രതീക്ഷകളും ഉത്തരവാദിത്വങ്ങളും ജീവിതശൈലികളും പരസ്പരം മനസ്സിലാക്കേണ്ട ബന്ധവുമാണ്.

പ്രത്യേകിച്ച് കുടിയേറ്റസമൂഹങ്ങളിൽ വിവാഹശേഷമുള്ള അമേരിക്കൻ ജീവിതം എങ്ങനെയായിരിക്കുമെന്ന് യുവാക്കൾക്ക് വ്യക്തമായ ധാരണയുണ്ടാകണം. ജോലി, സാമ്പത്തിക ഉത്തരവാദിത്വങ്ങൾ, കുട്ടികളുടെ വളർച്ച, വീട്ടുജോലികളുടെ പങ്കുവെക്കൽ, വ്യക്തിപരമായ സ്വാതന്ത്ര്യം, കുടുംബാംഗങ്ങളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങൾ വിവാഹത്തിനു മുമ്പുതന്നെ ചർച്ച ചെയ്യണം.

ഒരു വ്യക്തി പ്രൊഫഷണൽ ജീവിതം തിരഞ്ഞെടുക്കുമ്പോൾ ജോലിയുടെ സ്വഭാവമനുസരിച്ച് സമയവും ഉത്തരവാദിത്വങ്ങളും മാറും. ഡോക്ടർമാരെപ്പോലെ രാത്രിയിലും ജോലി ചെയ്യേണ്ടിവരുന്നവരുണ്ട്. അത്തരം സാഹചര്യങ്ങളിൽ പങ്കാളികൾ പരസ്പരം മനസ്സിലാക്കുകയും ഉത്തരവാദിത്വങ്ങൾ പങ്കിടുകയും വേണം. ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ബാധകമാണ്.

മതനേതാക്കൾക്കും ഈ രംഗത്ത് നിർണായക പങ്കുണ്ട്. കുടുംബങ്ങൾ ആദ്യം സമീപിക്കുന്നത് പലപ്പോഴും സ്വന്തം ബന്ധുക്കളെയോ മതനേതാക്കളെയോ ആയിരിക്കും. അപ്പോൾ 'ക്ഷമിക്കൂ, എല്ലാം ശരിയാകും' എന്നു മാത്രം പറയുന്നത് മതിയാകില്ല. പീഡനത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിയാനും ആവശ്യമായ വിദഗ്ധസഹായത്തിലേക്ക് വ്യക്തികളെ നയിക്കാനും അവർക്കു കഴിയണം.

ഇസ്‌ലാമിക് സെന്റർ ഓഫ് ലോങ് ഐലൻഡുൾപ്പെടെ വിവിധ മത-സാമൂഹിക കൂട്ടായ്മകളുമായി ഞങ്ങൾ ബോധവത്കരണത്തിനായി പ്രവർത്തിക്കുന്നുണ്ട്. മതപ്രഭാഷണങ്ങളിലും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്.

ഗാർഹിക പീഡനം തടയുന്നത് ഒരു സംഘടനയുടെ മാത്രം ഉത്തരവാദിത്വമല്ല. കുടുംബങ്ങളും മതസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹവും ഒരുമിച്ച് ഏറ്റെടുക്കേണ്ട ദൗത്യമാണത്.

സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ പങ്കിടുന്നതിനെക്കുറിച്ചും താങ്കൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പുതുതലമുറയിലെ കുടുംബങ്ങളിൽ എന്തെല്ലാം മാറ്റങ്ങളാണ് ആവശ്യം?

സ്ത്രീകൾ തൊഴിൽ ചെയ്യുന്നതും സാമ്പത്തികമായി സ്വതന്ത്രരാകുന്നതും വളരെ പ്രധാനമാണ്. എന്നാൽ സമത്വം എന്നത് സ്ത്രീക്ക് ജോലി ചെയ്യാനുള്ള അവസരം ലഭിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. വീട്ടിലെ ഉത്തരവാദിത്വങ്ങൾ പങ്കിടുന്നതിലും പരസ്പരം ബഹുമാനിക്കുന്നതിലും അതുണ്ടാകണം.

പല കുടുംബങ്ങളിലും സ്ത്രീകൾ ജോലിക്കുപോകുകയും വീട്ടിലെത്തിയശേഷം പാചകം, കുട്ടികളുടെ പരിചരണം, മറ്റു വീട്ടുജോലികൾ എന്നിവയുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുകയും ചെയ്യുന്നു. പുരുഷന്മാർ വീട്ടുജോലികളിൽ പങ്കാളികളാകാത്ത സാഹചര്യങ്ങളും കാണാം. എല്ലാ കുടുംബങ്ങളെയും ഒരുപോലെ വിലയിരുത്താനാവില്ലെങ്കിലും ഇത്തരം അസമത്വങ്ങൾ കുട്ടികളുടെ മനസ്സിലും സ്വാധീനം ചെലുത്തും.

കുട്ടികൾക്ക് മാതാപിതാക്കൾ ഉപദേശം നൽകുന്നതിലുപരി മാതൃകയാകണം. ഭക്ഷണം കഴിച്ചശേഷം സ്വന്തം പാത്രം മാറ്റിവയ്ക്കുന്നതുപോലുള്ള ചെറിയ കാര്യങ്ങളിൽനിന്നുതന്നെ ഉത്തരവാദിത്വം പഠിപ്പിക്കാം. പാചകം ചെയ്യുന്നതും വീട്ടുജോലികൾ ചെയ്യുന്നതും പുരുഷന്റെ അന്തസ്സിന് കുറവല്ലെന്ന് ആൺകുട്ടികൾ മനസ്സിലാക്കണം. അതുപോലെ പെൺകുട്ടികൾക്കും സ്വന്തം തീരുമാനങ്ങളെടുക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും അവസരം ലഭിക്കണം.

എന്നാൽ കുടുംബജീവിതം അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ചുള്ള ഏകപക്ഷീയമായ കണക്കുകൂട്ടലല്ല. പരസ്പരം വിട്ടുവീഴ്ച ചെയ്യാനും മനസ്സിലാക്കാനും കഴിയണം. സ്ത്രീകൾ പങ്കാളിയുടെ കുടുംബബന്ധങ്ങളെ ബഹുമാനിക്കുകയും അവരുടെ തൊഴിൽസമ്മർദങ്ങൾ മനസ്സിലാക്കുകയും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനും ആരോഗ്യകരമായ വിനോദങ്ങളിൽ ഏർപ്പെടാനുമുള്ള ആവശ്യങ്ങളെ പരിഗണിക്കുകയും വേണം. ഇതേ ബഹുമാനവും പരിഗണനയും പുരുഷന്മാരിൽനിന്നും സ്ത്രീകൾക്ക് ലഭിക്കണം. വിജയകരമായ ദാമ്പത്യത്തിന്റെ അടിസ്ഥാനം പരസ്പര ധാരണയും കൊടുക്കൽവാങ്ങലുമാണ്.

മാതാപിതാക്കൾ കുട്ടികളുമായി പല വിഷയങ്ങളും തുറന്നുപറയണം. അവരുടെ പ്രായത്തിനും സാഹചര്യത്തിനും അനുയോജ്യമായി ശരീരത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും വൈകാരികമായ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കണം. ചോദ്യങ്ങൾ ചോദിക്കാൻ കഴിയാത്ത കുടുംബങ്ങളിൽ കുട്ടികൾ ആവശ്യമായ അറിവ് മറ്റിടങ്ങളിൽനിന്ന്, പലപ്പോഴും തെറ്റായ ഉറവിടങ്ങളിൽനിന്ന്, തേടേണ്ടിവരും.

ഗാർഹിക പീഡനത്തിനെതിരായ പ്രവർത്തനങ്ങൾക്ക് പൊതുസമൂഹത്തിൽനിന്ന് എത്രത്തോളം പിന്തുണ ലഭിക്കുന്നുണ്ട്?

ധനസമാഹരണമാണ് ഞങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. വിശക്കുന്നവർക്ക് ഭക്ഷണം നൽകാനോ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സഹായം തേടാനോ പോയാൽ പലരും സന്തോഷത്തോടെ മുന്നോട്ടുവരും. എന്നാൽ ഗാർഹിക പീഡനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ചിലർക്ക് അസ്വസ്ഥത തോന്നും. പരിപാടികളിൽ പങ്കെടുക്കാനും സംഭാവന നൽകാനും മടിക്കുന്നവരുമുണ്ട്.

ഇത് പലപ്പോഴും സമൂഹത്തിന്റെ അഭിമാനവുമായി ബന്ധപ്പെട്ട ആശങ്കകളിൽനിന്നാണ് ഉണ്ടാകുന്നത്. സ്വന്തം സമുദായത്തിൽ ഇത്തരം പ്രശ്നങ്ങളുണ്ടെന്ന് പുറത്തറിയരുതെന്നാണ് ചിലർ കരുതുന്നത്. എന്നാൽ അതിജീവിതകളുടെ അനുഭവങ്ങൾ മറച്ചുവെച്ചാൽ പ്രശ്നം ഇല്ലാതാകില്ല.

വിവിധ രാജ്യങ്ങളിൽനിന്നുള്ള അതിജീവിതകൾ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച പരിപാടികളിൽ ചിലർ ആ അനുഭവങ്ങളെ സ്വന്തം സമൂഹത്തിനെതിരായ വിമർശനമായി കണ്ടിട്ടുണ്ട്. ഒരു വ്യക്തിയുടെ അനുഭവത്തെ മുഴുവൻ സമൂഹത്തിന്റെ പ്രതിനിധാനമായി കാണുന്നത് ശരിയല്ല. അതേസമയം, ഒരു സമൂഹത്തിൽ പ്രശ്നമുണ്ടെങ്കിൽ അത് തുറന്നുപറയുകയും പരിഹാരത്തിനായി പ്രവർത്തിക്കുകയും വേണം.

സംഘടനയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ പണം മാത്രമല്ല, സമയം ചെലവഴിക്കാൻ തയ്യാറുള്ള ആളുകളും ആവശ്യമാണ്. കൂടുതൽ സന്നദ്ധപ്രവർത്തകരെയും യുവാക്കളെയും സംഘടനയുടെ ഭാഗമാക്കേണ്ടതുണ്ട്.

അടുത്ത അഞ്ചുവർഷത്തേക്കുള്ള DHF-ന്റെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
സംഘടനയുടെ പ്രവർത്തനങ്ങൾ സുസ്ഥിരമായി മുന്നോട്ടുകൊണ്ടുപോകുകയും അടുത്ത തലമുറയുടെ നേതൃത്വത്തിലേക്ക് ഉത്തരവാദിത്വം കൈമാറുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇപ്പോൾ ഞങ്ങൾക്ക് ഓഫീസും ജീവനക്കാരും ബോർഡും പ്രവർത്തനസമിതിയുമുണ്ട്. എന്നാൽ ദീർഘകാലമായി സംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ചുവരുന്നവരിൽ പലരും പ്രായമായിക്കൊണ്ടിരിക്കുകയാണ്.

ഒരു സംഘടനയുടെ ഭാവി അതിന്റെ സ്ഥാപകരുടെ പ്രവർത്തനത്തിൽ മാത്രം ആശ്രയിച്ചിരിക്കരുത്. പുതിയ തലമുറയിലെ ആളുകൾ സംഘടനയുടെ ലക്ഷ്യങ്ങൾ മനസ്സിലാക്കുകയും അതിനായി സമയം ചെലവഴിക്കുകയും നേതൃത്വം ഏറ്റെടുക്കുകയും വേണം.

ദീർഘകാലമായി പ്രവർത്തിച്ചിരുന്ന ഒരു സംഘടനയ്ക്ക് പുതിയ നേതൃത്വം അതേ പ്രതിബദ്ധതയോടെ മുന്നോട്ടുവരാത്തതിനെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്ന ഉദാഹരണം എനിക്കറിയാം. അതുകൊണ്ട് സംഘടനയുടെ തുടർച്ച ഉറപ്പാക്കുക എന്നത് ഭരണപരമായ ആവശ്യം മാത്രമല്ല; ഞങ്ങളെ ആശ്രയിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഭാവിയുമായി ബന്ധപ്പെട്ട കാര്യമാണ്.

ലോങ് ഐലൻഡിൽ സർക്കാർ സഹായങ്ങളും മറ്റു വിഭവങ്ങളും ലഭിക്കുന്നതിൽ പരിമിതികളുണ്ട്. അതിനാൽ സമൂഹത്തിന്റെ പിന്തുണ വളരെ പ്രധാനമാണ്. കൂടുതൽ ആളുകളിലേക്ക് ഞങ്ങളുടെ പ്രവർത്തനങ്ങൾ എത്തിക്കുകയും പുതിയ സന്നദ്ധപ്രവർത്തകരെയും ദാതാക്കളെയും പങ്കാളികളെയും കണ്ടെത്തുകയും വേണം.

രണ്ടാം തലമുറയിലെ ഇന്ത്യൻ-അമേരിക്കൻ യുവാക്കൾ വിദ്യാഭ്യാസത്തിലും തൊഴിൽരംഗത്തും വലിയ നേട്ടങ്ങൾ കൈവരിച്ചവരാണ്. അവർക്ക് കഴിവും വിഭവങ്ങളുമുണ്ട്. സാമൂഹിക സംഘടനകളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുള്ള താൽപര്യം വളർത്തിയെടുക്കാൻ കഴിഞ്ഞാൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകും.

ഗാർഹിക പീഡനം അനുഭവിക്കുന്നവരോടും സാമൂഹിക സേവനരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവതലമുറയോടും താങ്കൾക്ക് എന്താണ് പറയാനുള്ളത്?

ഗാർഹിക പീഡനം അനുഭവിക്കുന്ന ഒരാളോട് ആദ്യം പറയാനുള്ളത്, നിങ്ങൾ ഒറ്റയ്ക്കല്ല എന്നതാണ്. സഹായം തേടുന്നത് കുടുംബത്തെ തകർക്കാനുള്ള ശ്രമമല്ല. സ്വന്തം സുരക്ഷയും മാന്യതയും സംരക്ഷിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്.

പലപ്പോഴും വർഷങ്ങളോളം പീഡനം സഹിച്ചശേഷമാണ് ഒരാൾ സഹായം തേടാൻ തയ്യാറാകുന്നത്. അതിനാൽ അവരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ ക്ഷമയും കരുതലും കാണിക്കണം. എന്തുകൊണ്ട് നേരത്തേ പുറത്തുപറഞ്ഞില്ലെന്നോ എന്തുകൊണ്ട് ആ ബന്ധത്തിൽ തുടർന്നെന്നോ ചോദിച്ച് അവരെ കുറ്റപ്പെടുത്തരുത്. പീഡനത്തിൽനിന്ന് പുറത്തുകടക്കാനുള്ള തീരുമാനം പലർക്കും വൈകാരികമായും സാമ്പത്തികമായും സാമൂഹികമായും ഏറെ സങ്കീർണമാണ്.

സ്ത്രീകളാണ് ഗാർഹിക പീഡനത്തെ അതിജീവിക്കുന്നവരിൽ ഭൂരിഭാഗമെങ്കിലും പുരുഷന്മാരും ഇത്തരം പീഡനങ്ങൾ നേരിടുന്നുണ്ട്. അവരുടെ എണ്ണം താരതമ്യേന കുറവായിരിക്കാം. എന്നാൽ അവരുടെ അനുഭവങ്ങളും ഗൗരവത്തോടെ കാണണം. ദക്ഷിണേഷ്യൻ കുടിയേറ്റ സമൂഹങ്ങളിൽ പ്രായമായവർക്കെതിരായ പീഡനവും അവഗണനയും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇവയും കൂടുതൽ ബോധവത്കരണവും സാമൂഹിക ഇടപെടലും ആവശ്യപ്പെടുന്ന വിഷയങ്ങളാണ്.

സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളവർ വിശ്വസിക്കാവുന്ന ഒരാളെയോ അനുയോജ്യമായ സഹായസംഘടനയെയോ സമീപിക്കണം. ഓരോരുത്തരുടെയും സാഹചര്യം വ്യത്യസ്തമായതിനാൽ വ്യക്തിഗത പിന്തുണയും സുരക്ഷിതമായ ആസൂത്രണവും ആവശ്യമാണ്.

സമൂഹത്തോടും എനിക്ക് ഒരു അഭ്യർഥനയുണ്ട്. ഗാർഹിക പീഡനം എന്ന വിഷയം അസ്വസ്ഥതയുണ്ടാക്കുന്നു എന്ന കാരണത്താൽ അതിൽനിന്ന് ഒഴിഞ്ഞുമാറരുത്. പ്രശ്നം കേൾക്കാനും അതിജീവിതകളെ കുറ്റപ്പെടുത്താതെ പിന്തുണയ്ക്കാനും തയ്യാറാകണം. 'കുടുംബത്തിന്റെ അഭിമാനം' എന്ന പേരിൽ അവരുടെ വേദനയെ നിശ്ശബ്ദമാക്കരുത്.

യുവതലമുറയോട് പറയാനുള്ളത്, സാമൂഹിക സേവനം വലിയ പദവികൾ വഹിക്കുന്നവർക്കോ സാമ്പത്തികശേഷിയുള്ളവർക്കോ മാത്രമുള്ളതല്ല എന്നാണ്. നിങ്ങളുടെ സമയം, അറിവ്, കഴിവ്, ബന്ധങ്ങൾ എന്നിവ മറ്റൊരാളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ ഉപയോഗിക്കാം. ഒരു സംഘടനയിൽ സന്നദ്ധപ്രവർത്തകനാകുന്നതും ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുന്നതും മറ്റൊരാളുടെ അനുഭവം വിധിയെഴുതാതെ കേൾക്കുന്നതും പ്രധാനമാണ്.

ഞങ്ങളുടെ പ്രവർത്തനങ്ങളുടെ ലക്ഷ്യം പീഡനത്തെ അതിജീവിക്കുന്നവരെ സഹായിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഭാവിയിൽ ഇത്തരം അനുഭവങ്ങൾ കുറയുന്ന ഒരു സമൂഹം സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ആഗ്രഹം. അതിന് കുടുംബങ്ങളിലും വിദ്യാലയങ്ങളിലും മതസ്ഥാപനങ്ങളിലും സാമൂഹിക സംഘടനകളിലും മാറ്റം വേണം. ആ മാറ്റം ഓരോരുത്തരുടെയും സമീപനത്തിൽനിന്നാണ് ആരംഭിക്കേണ്ടത്.

ഗാർഹിക പീഡനം ഒരു കുടുംബത്തിന്റെ അടച്ചിട്ട വാതിലുകൾക്കുള്ളിൽ ഒതുങ്ങുന്ന സ്വകാര്യപ്രശ്നമല്ല. ഒരാളുടെ സുരക്ഷയും സ്വാതന്ത്ര്യവും അന്തസ്സും ചോദ്യം ചെയ്യപ്പെടുമ്പോൾ സമൂഹത്തിന് അതിൽ ഉത്തരവാദിത്വമുണ്ട്. നിശ്ശബ്ദതയ്ക്കു പകരം പിന്തുണയും കുറ്റപ്പെടുത്തലിനു പകരം കരുതലും തിരഞ്ഞെടുക്കുമ്പോഴാണ് യഥാർഥ മാറ്റം സാധ്യമാകുന്നത്.
 

‘ഗാർഹിക പീഡനം കുടുംബത്തിന്റെ സ്വകാര്യപ്രശ്നമല്ല; സമൂഹം ഇടപെടണം’:ഹസീന മൂപ്പൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക