Image

കേരള നർമ്മവേദി യുഎസ്എ യുടെ 'ചിരിയോ ചിരി പൊട്ടിച്ചിരി' തേൻ മഴയായി കുളിർമഴയായി പെയ്തിറങ്ങി

എ.സി.ജോർജ് Published on 16 October, 2026
കേരള നർമ്മവേദി യുഎസ്എ യുടെ  'ചിരിയോ ചിരി പൊട്ടിച്ചിരി' തേൻ മഴയായി കുളിർമഴയായി പെയ്തിറങ്ങി

ഹൂസ്റ്റൻ : കേരള നർമ്മവേദി യുഎസ്എ ഒക്ടോബർ 10, വൈകുന്നേരം , മിസോറി സിറ്റിയിലുള്ള അപ്‌നാ ബസാർ ഹാളിൽ  " ചിരിയോ ചിരി പൊട്ടിച്ചിരി" എന്ന പേരിൽ സംഘടിപ്പിച്ച ചിരി അരങ്ങ് യാതൊരു തരത്തിലുള്ള ഔപചാരിതകളോ, പ്രോട്ടോക്കോളുകളോ ഇല്ലാതെ വെറും നർമ്മത്തിൽ മാത്രം ചാലിച്ചെടുത്ത ഒരു ജനകീയ പരിപാടിയായി പെയ്തിറങ്ങി. തുടക്കം മുതൽ യാതൊരു ഗ്യാപ്പും ഇല്ലാതെ ബഹുഭൂരിപക്ഷം സദസ്യരും ഓരോരുത്തരായി  വേദിയിൽ വന്നു സ്വന്തം ജീവിതാനുഭവങ്ങളും അമളികളും തമാശരൂപെണ പറഞ്ഞു. 

സന്നിഹിതരായ  ചില ദമ്പതികൾ പരസ്പരം  ഞോണ്ടിയും  ട്രോൾ ചെയ്തും സംസാരിച്ചപ്പോൾ അതൊരു മധുര നൊമ്പരക്കാറ്റായി വീശിയടിച്ചു. അനേകം ചിരി അരങ്ങുകൾ അവതരിപ്പിച്ചിട്ടുള്ള, ഫ്ലോറിഡയിൽ നിന്നെത്തിയ പ്രശസ്ത എഴുത്തുകാരൻ ശ്രീ രാജു മൈലപ്രയുടെ നർമ്മത്തിൽ  പൊതിഞ്ഞ വാക്കുകളും വാചകങ്ങളും ഏവർക്കും ചിരിക്കാനും ചിന്തിക്കാനും അവസരം നൽകി. സദസ്സിൽ നിന്ന് ഓരോരുത്തരായി എഴുന്നേറ്റു വന്നു വാക്കുകളും വാചകങ്ങളും ആംഗ്യങ്ങളും കൊണ്ട് ചിരിയുടെ മാല പടക്കത്തിനു തന്നെ തീ കൊളുത്തി എന്ന് പറയാം. ചിരിക്കാൻ മടി കാണിക്കുന്ന ഏതു  മലയാളിയെയും അക്ഷരാർത്ഥത്തിൽ കിറിക്കറ്റു  കുത്തിപോലും ചിരിപ്പിച്ചു എന്ന് ചിലർ അവിടെ അഭിപ്രായപ്പെടുകയുണ്ടായി. പൊതുവേ ഗൗരവക്കാരായ ശ്വാസം പിടിച്ചിരിക്കുന്ന ചില മലയാളികളെയും ആ  അഭിപ്രായം രസിപ്പിച്ചു.

അമേരിക്കൻ മലയാളികളുടെ ദിനചര്യകളെയും, ജീവിത മുഹൂർത്തങ്ങളെയും ഇവിടത്തെ കൊച്ചു കൊച്ചു സംഘടനകളുടയും, മെഗാ സംഘടനകളുടെയും പ്രവർത്തനത്തെയും പ്രവർത്തകരെയും ആധാരമാക്കി നർമ്മത്തിലും, ആക്ഷേപഹാസ്യ ഭാവത്തിലും പറഞ്ഞ കൊച്ചു കൊച്ചു കഥകളും വിവരണങ്ങളും ഏവരെയും കുട കുട ചിരിപ്പിച്ചു. നാട്ടിലുള്ള രാഷ്ട്രീയ നേതാക്കളെയും, അമേരിക്കയിൽ സന്ദർശനത്തിന് എത്തുന്ന ചോട്ടാ  ബഡാ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മത നേതാക്കളെ, തോളിൽ കയറ്റിയും, പൊക്കിയെടുത്തും,  അലങ്കരിച്ച ലോറിയിൽ കയറ്റിയും, കൊട്ടു കുരവ  ചെണ്ടമേളം, താലപ്പൊലിയേന്തിയ പെൺ കൺമണികൾ അകമ്പടിയോടെ, തൊണ്ട  തൊരപ്പൻ മുദ്രാവാക്യങ്ങളുമായി എതിരേൽക്കുന്ന രംഗങ്ങളെ പറ്റി ഒക്കെ ചിലർ ആക്ഷേപ ഹാസ്യ രൂപേണ വാചകങ്ങൾ ഫിറ്റ് ചെയ്തു വിതറിയപ്പോൾ എങ്ങനെ ചിരിക്കാതിരിക്കും. അതുപോലെ നാട്ടിലും അമേരിക്കയിലും, സ്വന്തം പണം മുടക്കി തയ്യാറാക്കി, വെക്കുന്ന അല്ലെങ്കിൽ വെപ്പിക്കുന്ന സ്വന്തം ഫോട്ടോ കട്ടൗട്ടുകൾ, ഫ്ലക്സ് ബോർഡുകൾ, അതിലെ ഉചിതവും അനുചിതവും അനുഗ്രഹീതവും ആയ പാണന്റെ  പുകഴ്ത്തു പാട്ടുകൾ.  പിന്നെ വിവിധതരത്തിലും നിറത്തിലും പൊന്നാടകളും, ബഹുമതി പത്രങ്ങളും, സർട്ടിഫിക്കറ്റുകളും  കൂട്ടത്തിൽ ചിലരുടെ പട്ടി ഷോകളെ പറ്റി ഒക്കെ ഉള്ള തമാശ  രൂപത്തിലുള്ള നിർദോഷ വാചക  കസർത്തുകൾ ഏവരെയും ചിരിയുടെ മായാലോകത്തേക്ക് കൊണ്ടുപോയി.

ഭാര്യയുടെ മേൽ ഭർത്താവിന് സന്ദേഹം, ഭാര്യക്കു ഭർത്താവിൻറെ മേൽ സന്ദേഹം, പരസ്പരം പിടിപെട്ടാൽ രക്ഷപ്പെടാനുള്ള പ്രതിവിധികൾ, കുറുക്കുവഴികൾ, മാജിക്കുകൾ അല്ലെങ്കിൽ നാട്ടുമരുന്നുകൾ എല്ലാംകൊണ്ടും ഈ സായംസന്ധ്യ ചിരിയുടെയും പൊട്ടിച്ചിരിയുടെയും, നർമ്മ നിർഭരമായ ഒരു വേദിയായി പരിലസിച്ചു. സംഘാടക വാളണ്ടിയർ സമിതിയിൽപ്പെട്ട എ.സി.ജോർജ് നർമ്മ ഭാഷയിൽ അവതരിപ്പിച്ച ലഘുവായ ആമുഖത്തിന് ശേഷം നർമ്മവേദിയിലേക്ക് സ്വതന്ത്രമായി ഓരോരുത്തർ അവരുടെ പൊടിക്കൈകളുമായി കടന്നു വരികയായിരുന്നു.

പരിപാടികൾക്കിടയിൽ ജോൺ മാത്യു എഴുതിയ " Ages Never End" എന്ന ഇംഗ്ലീഷ് നോവൽ ശ്രീ രാജു മൈലപ്രാക്കു നൽകി പ്രകാശനം ചെയ്തതും ആകർഷകമായി.

ജോർജ് പുത്തൻകുരിശ്, പൊന്നുപിള്ള, ജോസഫ് പോന്നോലി, ടി. എൻ.സാമുവൽ, തോമസ് ചെറുകര, ജോൺ മാത്യു, ബോബി മാത്യു,   തോമസ് ഓലിയാൻകുന്നേൽ, ആൻഡ്രൂസ് ജേക്കബ്, നാരായണൻ നായർ, വിജി നായർ, മാത്യു സക്കറിയാ, ജോളി സക്കറിയ, ഷാജി എഡ്‌വേർഡ്‌, സിൽവിയ ഫെയ്‌സൽ, ജെയിംസ് ചാക്കോ മുട്ടുങ്ങൽ, നൈനാൻ മാത്തുള്ള, പുഷ്പ മൈലപ്ര, റോയി തോമസ് തിയോടിക്കൽ, ജോസഫ് ജോസഫ്, അമ്മിണി ജോസഫ്, ചാർലി പടനിലം, ജോസഫ് തച്ചാറ, ജോൺ പി. ചാക്കോ, എസ്. കെ. ചെറിയാൻ, എബ്രഹാം തോമസ്, മേരിക്കുട്ടി തോമസ്, ജോസഫ് ജേക്കബ്, ഫ്രാൻസിസ് ജോസഫ്, മേഴ്സി തോമസ്, ജോർജ് സാമുവൽ, അബ്ദുൽ പനയിൽ, ജോഷി തേവർ മഠം, എ.സി.ജോർജ്  തുടങ്ങിയവർ നർമ്മവേദി ചിരിയങ്ങിൽ സജീവമായി പങ്കെടുത്തു.

 

കേരള നർമ്മവേദി യുഎസ്എ യുടെ  'ചിരിയോ ചിരി പൊട്ടിച്ചിരി' തേൻ മഴയായി കുളിർമഴയായി പെയ്തിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക