Image

Comfort Maple - മേപ്പിൾ മുത്തശ്ശി (കുഞ്ഞൂസ്)

Published on 16 October, 2026
Comfort Maple -  മേപ്പിൾ മുത്തശ്ശി (കുഞ്ഞൂസ്)

വാരാന്ത്യയാത്രയുടെ മടക്കത്തിലാണ് ഇത്തവണ മേപ്പിൾ മുത്തശ്ശിയെ കാണാൻ പോയത്. അതെ, മേപ്പിൾ മുത്തശ്ശി!

ഏകദേശം 500 വർഷം പഴക്കമുള്ള ഈ ഷുഗർ മേപ്പിൾ മരം, കാനഡയിലെ ഏറ്റവും പഴക്കമുള്ള മേപ്പിൾ മരങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. ഞങ്ങൾ അവിടെയെത്തുമ്പോൾ, തണുപ്പുള്ള തെക്കൻ കാറ്റും സായാഹ്നസൂര്യന്റെ ഇളംചൂടും മുത്തശ്ശിയോടു കിന്നാരം പറഞ്ഞിരിക്കുന്ന വൈകുന്നേരമായിരുന്നു. അപ്പോഴും മുത്തശ്ശിയെ ചുറ്റിപ്പരന്നുകിടക്കുന്ന കൃഷിയിടത്തിൽ ചാലു കീറുന്ന ധൃതിയിലായിരുന്നു ആ മൂന്നു പണിക്കാർ. ഞങ്ങളോടു കുശലം പറയുന്നതിനിടയിലും അവരുടെ ശ്രദ്ധ പണിയിൽത്തന്നെയായിരുന്നു.

ഓരോ ഋതുവിലും മുത്തശ്ശിയെ കാണാൻ ചെല്ലുന്നത് ഞങ്ങളുടെ പതിവാണ്. അതാവും ഞങ്ങളെ കണ്ടതും മുത്തശ്ശി കുലുങ്ങിച്ചിരിച്ചത്! കാറ്റിലാടുന്ന ഓറഞ്ചും ചുവപ്പും ഇലകൾ വെയിലേറ്റു തിളങ്ങി. ഒരു ഭാഗത്ത് ഇളവെയിലിൽ നൃത്തംവെക്കുന്ന ഓറഞ്ചിലകൾ... മറുഭാഗത്ത് പുഞ്ചിരി തൂകിനിൽക്കുന്ന ചുവപ്പും പച്ചയും നിറങ്ങൾ. ഒരേ മരത്തിൽ വെയിലിന്റെയും തണലിന്റെയും വ്യത്യസ്ത ഭാവങ്ങൾ!

ലോറ സെക്കോർഡിന്റെ സഹോദരിയുടെ ഭർത്താവായ മേജർ ഡേവിഡ് സെക്കോർഡിന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമി 1816-ൽ കംഫർട്ട് കുടുംബത്തിന്റെ കൈവശമായി. ആ പ്രദേശത്താണ് ഈ മേപ്പിൾ മരം സ്ഥിതി ചെയ്യുന്നത്. ഒരിക്കൽ വനമായിരുന്ന ആ പ്രദേശം മെല്ലെ കൃഷിയിടങ്ങളായും ജനവാസകേന്ദ്രങ്ങളായും മാറി. ഇതിനെല്ലാം സാക്ഷിയായി മേപ്പിൾ മുത്തശ്ശി തലയുയർത്തിനിന്നു.

ഈ മാറ്റങ്ങൾക്കിടയിലും മുത്തശ്ശിമരത്തെ സംരക്ഷിക്കണമെന്ന തോന്നൽ ആ കുടുംബത്തിലെ ചിലർക്കുണ്ടായി. അങ്ങനെയാണ് 1961 ഏപ്രിൽ 30-ന് എഡ്ന എലീനർ കംഫർട്ട്, തന്റെ സഹോദരനായ ഏൾ കംഫർട്ടിന്റെ (Earl Comfort) സ്മരണയ്ക്കായി, മരവും അതിനു ചുറ്റുമുള്ള അര ഏക്കറോളം സ്ഥലവും നയാഗ്ര പെനിൻസുല കൺസർവേഷൻ അതോറിറ്റിക്കു  കൈമാറിയത്. അങ്ങനെ ഈ പഴയ വൃക്ഷവും അതിനു ചുറ്റുമുള്ള സ്ഥലവും സംരക്ഷിക്കപ്പെട്ടു. കംഫർട്ട് കുടുംബത്തിന്റെ പേരിൽ ഈ മരം കംഫർട്ട് മേപ്പിൾ എന്നറിയപ്പെടുകയും ചെയ്തു.

വർഷങ്ങളായി നിരവധി മിന്നലാക്രമണങ്ങളും പ്രതികൂല കാലാവസ്ഥകളും അതിജീവിച്ച മരമാണിത്. പ്രായാധിക്യം മൂലമുണ്ടായ കേടുപാടുകൾ പരിഹരിക്കാനും മരത്തിന്റെ നിലനിൽപ്പ് ഉറപ്പാക്കാനും ഘടനാപരമായ താങ്ങുകൾ ഉൾപ്പെടെയുള്ള സംരക്ഷണനടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2000-ൽ ഒന്റാരിയോ ഹെറിറ്റേജ് ആക്ട് പ്രകാരം പൈതൃകവൃക്ഷമായി ഔദ്യോഗിക അംഗീകാരവും ലഭിച്ചു.

കാലത്തിന്റെ എത്രയോ മാറ്റങ്ങൾ കണ്ട ഈ മുത്തശ്ശി ഇന്നും അവിടെ നിൽക്കുന്നു. ഓരോ ഋതുവിലും പുതിയ നിറങ്ങളും ഭാവങ്ങളുമായി. അടുത്ത തവണ ചെല്ലുമ്പോൾ മുത്തശ്ശിയുടെ വേഷം എന്തായിരിക്കുമെന്ന ആകാംക്ഷയോടെ ഞങ്ങൾ അവിടെ നിന്നു മടങ്ങി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക