
വാഷിംഗ്ടൺ: ഫോർട്ട് ഹുഡ് വെടിവെപ്പ് കേസിലെ പ്രതിയും മുൻ യു.എസ് ആർമി സൈക്യാട്രിസ്റ്റുമായ നിദാൽ മാലിക് ഹസന്റെ വധശിക്ഷ തത്സമയ സംപ്രേഷണം ചെയ്യാനുള്ള പദ്ധതി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് നേരത്തെ പ്രഖ്യാപിച്ച ഈ പദ്ധതിക്കെതിരെ വിവിധ രാഷ്ട്രീയ മേഖലകളിൽ നിന്നും മനുഷ്യാവകാശ സംഘടനകളിൽ നിന്നും കടുത്ത എതിർപ്പുയർന്നതിനെത്തുടർന്നാണ് ട്രംപിന്റെ ഇടപെടൽ.
ഭീകരർക്കെതിരെ അമേരിക്ക സ്വീകരിക്കുന്ന കർശന നടപടികൾ ലോകത്തിന് മുന്നിൽ കാണിക്കുന്നത് ഒരു മുന്നറിയിപ്പാകുമായിരുന്നുവെങ്കിലും, ഒരാൾ മരിക്കുന്നത് തത്സമയം കാണാൻ താല്പര്യപ്പെടാത്ത ധാരാളം ആളുകൾ ഉണ്ടെന്ന് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പോസ്റ്റിൽ വ്യക്തമാക്കി.
തത്സമയ സംപ്രേഷണം ഒഴിവാക്കിയെങ്കിലും നിദാൽ ഹസന്റെ വധശിക്ഷ മുൻപ് നിശ്ചയിച്ച തീയതിയിൽ തന്നെ ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ച് നടപ്പാക്കുമെന്ന് ട്രംപ് അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് നേരിട്ട് ഹാജരായി ശിക്ഷാനടപടി കാണാൻ അനുമതിയുണ്ടായിരിക്കും.
2009-ൽ ടെക്സസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ വെടിവെപ്പ് നടത്തി 13 പേരെ കൊലപ്പെടുത്തുകയും 32-ഓളം പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് മുൻ യു.എസ് ആർമി സൈക്യാട്രിസ്റ്റായ നിദാൽ ഹസന് വധശിക്ഷ വിധിച്ചത്.
നിദാൽ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതിന്റെ പദ്ധതിക്കെതിരെ യു.എസ് കോൺഗ്രസിലെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു . വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പോലും പദ്ധതിയുടെ പ്രായോഗികതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
ഡിസംബർ 3-ന് ഉച്ചയ്ക്ക് 1 മണിക്ക്, കൂട്ടക്കൊല നടന്ന അതേ ആർമി പോസ്റ്റിൽ വച്ച് ഹസന്റെ വധശിക്ഷ നടപ്പാക്കുമെന്നാണ് പെന്റഗൺ അറിയിച്ചിരുന്നത്.
വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള ഈ നീക്കം വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, മതനേതാക്കൾ, അന്നത്തെ ആക്രമണത്തിൽ പരിക്കേറ്റ് രക്ഷപ്പെട്ട ചില സൈനികർ എന്നിവരിൽ നിന്നും കടുത്ത അമർഷത്തിന് കാരണമായി.പദ്ധതിയെ എതിർത്തുകൊണ്ട് വിരമിച്ച ഡസൻ കണക്കിന് അഡ്മിറലുകളും ജനറലുകളും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഒപ്പിട്ട തുറന്ന കത്തും പുറത്തുവിട്ടിരുന്നു.