Image

പരിശുദ്ധ പിതാവിന്റെ നിലവിലെ ആരോഗ്യനില സംബന്ധിച്ച് പരിശുദ്ധ സിംഹാസനം നൽകുന്ന അറിയിപ്പ്

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ് Published on 15 October, 2026
പരിശുദ്ധ പിതാവിന്റെ നിലവിലെ ആരോഗ്യനില സംബന്ധിച്ച് പരിശുദ്ധ സിംഹാസനം നൽകുന്ന അറിയിപ്പ്

 

ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഒക്ടോബർ 13 ചൊവ്വാഴ്ച നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം റോമിലെ പോളിക്ലിനിക് ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലുള്ള മുറിയിൽ തുടരുന്ന ലിയോ പതിനാലാമൻ പാപ്പായുടെ നിലവിലെ ആരോഗ്യനില സംബന്ധിച്ച്, ഡോക്ടർ ലൂയിജി കർബോണെയും പ്രൊഫ. സ്തേഫനോ മർഗരിത്തോറയും ചേർന്ന് നൽകിയ വിവരങ്ങൾ ഒക്ടോബർ 14 ബുധനാഴ്ച ഉച്ചകഴിഞ്ഞ് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് മാധ്യമപ്രവർത്തകർക്കായി പുറത്തുവിട്ടു.

കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം, മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് പരിശുദ്ധ പിതാവിന്റെ രക്തപരിശോധനകൾ നടത്തുകയും നെഞ്ചിന്റെ എക്സ്റേ എടുക്കുകയും ചെയ്തു. "ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആരോഗ്യനില സാധാരണ രീതിയിൽ പുരോഗമിക്കുന്നുവെന്നാണ് പരിശോധനാഫലങ്ങൾ സ്ഥിരീകരിക്കുന്നതെന്ന്" ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയയുടെ സ്വഭാവത്തിന് അനുസൃതമായി പരിശോധനാഫലങ്ങളിലെ മൂല്യങ്ങളെല്ലാം സാധാരണ നിലയിലാണെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

ഇതുകൂടാതെ, "പരിശുദ്ധ പിതാവ് ശ്വസനസംബന്ധിയായ ഫിസിയോതെറാപ്പി ആരംഭിച്ചുവെന്നും, മുറിയിൽ നടക്കാൻ തുടങ്ങിയെന്നും" വത്തിക്കാൻ പ്രെസ് ഓഫീസ്, മെഡിക്കൽ വൃത്തങ്ങളെ അധികരിച്ച് പ്രസ്താവിച്ചു. പാപ്പാ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിച്ചുവെന്നും, സാധാരണ ഭക്ഷണക്രമത്തിലേക്ക് മടങ്ങിയെത്തിയെന്നും പ്രെസ് ഓഫീസ് വ്യക്തമാക്കി.

ലിയോ പതിനാലാമൻ പാപ്പാ "പ്രതീക്ഷിച്ചിരുന്നതുപോലെ, ശാസ്ത്രക്രിയനാന്തരം ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും" പരിശുദ്ധ സിംഹാസനം അറിയിച്ചു.    

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക