
കൊച്ചി: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിൽ മോചിതനായി. അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരിക്ക് ലഭിച്ച തടവുശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ചതോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയിൽ ജസ്റ്റിസ് എ ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്. കോട്ടയം വിജിലൻസ് പ്രത്യേക കോടതി വിധിച്ച ശിക്ഷാവിധിക്കെതിരെ തച്ചങ്കരി നൽകിയ അപ്പീൽ ഹർജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.
അനധികൃത സ്വത്തുസമ്പാദനക്കേസിൽ സെപ്റ്റംബർ 17 നാണ് കോട്ടയം എൻക്വയറി കമ്മീഷണർ ആൻഡ് വിജിലൻസ് സ്പെഷ്യൽ ജഡ്ജി തച്ചങ്കരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പിന്നാലെ നാല് വർഷം തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയുമായിരുന്നു.