Image

ഇന്ത്യക്കാർക്ക് നേരെ വെറുപ്പിന്റെ വെടിയുണ്ടകൾ! നാം ഇവിടെ സുരക്ഷിതമല്ലേ? (ശ്രീകുമാർ ഉണ്ണിത്താൻ)

ശ്രീകുമാർ ഉണ്ണിത്താൻ Published on 15 October, 2026
ഇന്ത്യക്കാർക്ക് നേരെ വെറുപ്പിന്റെ വെടിയുണ്ടകൾ! നാം ഇവിടെ  സുരക്ഷിതമല്ലേ? (ശ്രീകുമാർ ഉണ്ണിത്താൻ)

അമേരിക്ക സ്വപ്നങ്ങളുടെ നാടാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷക്കണക്കിന് മനുഷ്യർ മെച്ചപ്പെട്ട ജീവിതവും സുരക്ഷിതമായ ഭാവിയും തേടിയെത്തുന്ന രാജ്യം. ജാതിയും മതവും വർണവും ഭാഷയും മറികടന്ന് എല്ലാവർക്കും ഒരുപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന ജനാധിപത്യത്തിന്റെ പ്രതീകം.

അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന ചില സംഭവങ്ങൾ   ഷിക്കാഗോയിൽ നടന്നത് ഈ ചോദ്യത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു. വ്യക്തികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ മാത്രമല്ല, ഇന്ത്യൻ വംശജർ ആരാധിക്കുന്ന ക്ഷേത്രങ്ങൾക്കുനേരെയുള്ള ഭീഷണികളും ആക്രമണപദ്ധതികളും ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷാബോധത്തെത്തന്നെ ചോദ്യം ചെയ്യുന്നു.

ഷിക്കാഗോയ്ക്ക് സമീപമുള്ള ഇല്ലിനോയിയിലെ ഒറോറയിലുള്ള ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന വാർത്ത പുറത്തുവന്നപ്പോൾ ഇന്ത്യൻ സമൂഹം ഒന്നാകെ അമ്പരന്നു പോയി . ഒരു ആരാധനാലയത്തിനുനേരെയുള്ള ഭീഷണി എന്നതിലുപരി, ഇന്ത്യൻ വംശജരെ കൂട്ടത്തോടെ ലക്ഷ്യമിടാനുള്ള വിദ്വേഷത്തിന്റെ സൂചനയായാണ് ഈ സംഭവം പലരും കണ്ടത്. ഷൂട്ടറുടെ ലക്ഷ്യം ഇന്ത്യൻ സമൂഹത്തെ ആയിരുന്നു എന്നതാണെന്ന് വ്യക്തം.

പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, പത്തൊമ്പതുകാരനായ അലക്സാണ്ട്രോസ് പപോരാകിസ് ഒറോറയിലെ ക്ഷേത്രത്തിൽ കൂട്ടവെടിവയ്പ് നടത്താനുള്ള പദ്ധതി തയ്യാറാക്കിയതായി ആരോപിക്കപ്പെട്ടു. ഇന്ത്യക്കാരെ കൊല്ലാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ഇയാളുടെ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

'എന്തിനാണ് ഞാൻ പോരാടുന്നത്; ഒറോറ ഷൂട്ടേഴ്സ് മാനിഫെസ്റ്റോ' എന്ന തലക്കെട്ടിലുള്ള എട്ടുപേജുള്ള രേഖയിൽ ജൂതർ, ഇന്ത്യക്കാർ, ആഫ്രിക്കൻ അമേരിക്കക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കെതിരായ കടുത്ത വംശീയ വിദ്വേഷം പ്രകടിപ്പിച്ചിരുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തതായി വാർത്തകൾ പറയുന്നു. അവരൊക്കെ ശരിക്കും മനുഷ്യരല്ല (subhuman) എന്നതായിരുന്നു അയാളുടെ നിലപാട്.

ക്ഷേത്രത്തിൽ ആക്രമണം നടത്താനുള്ള നീക്കത്തെക്കുറിച്ച്  ടാക്കോ ബെൽ  ഫാസ്റ്റ് ഫുഡ് സ്റ്റോറിലെ സഹപ്രവർത്തകരിൽ ഒരാൾ പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് അധികൃതർ ഇടപെട്ടു. പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽനിന്ന് തോക്കുകളും മാഗസീനുകളും വെടിയുണ്ടകളും കണ്ടെത്തി.

സമയോചിതമായ പൊലീസ് ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്നത് ആശ്വാസകരമാണ്. എന്നാൽ അതോടൊപ്പം ഉയരുന്ന ചോദ്യം അതിലും ഗൗരവമുള്ളതാണ്. ഒരു ക്ഷേത്രത്തിൽ അല്ലെങ്കിൽ പള്ളികളിൽ പ്രാർഥിക്കാനെത്തുന്ന സാധാരണക്കാരെ കൂട്ടക്കൊല ചെയ്യണമെന്ന ചിന്ത ഒരു യുവാവിന്റെ മനസ്സിൽ എങ്ങനെ രൂപപ്പെടുന്നു?

ഒരു മനുഷ്യനെ കൊല്ലാൻ തീരുമാനിക്കുന്നതിനു മുമ്പ് അയാൾ മറ്റൊരു മനുഷ്യനെ മനുഷ്യനായി കാണുന്നത് അവസാനിപ്പിക്കുന്നു. വിദ്വേഷത്തിന്റെ ഏറ്റവും അപകടകരമായ ഘട്ടം ഇതാണ്. മനുഷ്യന് മാനുഷത്യമില്ലാതെ ആവുന്ന അവസ്ഥ.

അമേരിക്കയിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരുന്നുവെന്ന ആശങ്ക സമൂഹമാധ്യമങ്ങളിലും ഇന്ത്യൻ സംഘടനകളുടെ ചർച്ചകളിലും ശക്തമാണ്. എന്നാൽ ഈ ആശങ്കയെ കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതുണ്ട്. എല്ലാ ആക്രമണങ്ങളും വംശീയ വിദ്വേഷത്തിന്റെ പേരിൽ നടക്കുന്നവയല്ല. അതേസമയം, വംശീയതയോ മതവിദ്വേഷമോ കുടിയേറ്റവിരുദ്ധ മനോഭാവമോ പ്രേരണയായ സംഭവങ്ങളെ അവഗണിക്കാനും കഴിയില്ല.

അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഇന്ന് വളരെ വിപുലമാണ്. ഡോക്ടർമാർ, എൻജിനീയർമാർ, ശാസ്ത്രജ്ഞർ, ഐടി വിദഗ്ധർ, ചെറുകിട സംരംഭകർ, വിദ്യാർഥികൾ, തൊഴിലാളികൾ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യക്കാർ സജീവമാണ്. സ്വന്തം അധ്വാനത്തിലൂടെ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ കൈവരിച്ച ഈ സമൂഹം അമേരിക്കയുടെ വളർച്ചയിലും നിർണായക പങ്കുവഹിക്കുന്നു. ഇന്ന് അമേരിക്കയിൽ ഏറ്റവും കൂടുതൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് ഇന്ത്യക്കാർ.

എന്നാൽ ഈ വളർച്ചയ്ക്കൊപ്പം ചില ഇടങ്ങളിൽ അസൂയയും അപരത്വബോധവും കുടിയേറ്റവിരുദ്ധ ചിന്തകളും വളരുന്നുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. വിദേശത്തുനിന്നെത്തുന്നവർ തൊഴിലവസരങ്ങൾ പിടിച്ചെടുക്കുന്നു, പ്രാദേശിക സംസ്കാരത്തെ മാറ്റുന്നു, രാജ്യത്തിന്റെ വിഭവങ്ങളിൽ പങ്കുപറ്റുന്നു എന്നിങ്ങനെയുള്ള തെറ്റായ ധാരണകൾ ചിലരിൽ ശക്തിപ്പെടാം.

ചിലരുടെ കുറ്റകൃത്യങ്ങളുടെ പേരിൽ ഒരു ജനവിഭാഗത്തെ   മുഴുവൻ കുറ്റപ്പെടുത്തുവാനും കഴിയില്ല,  ഒരു രാജ്യത്തെ മുഴുവൻ ജനതയുടെയും നിലപാടായി ചിത്രീകരിക്കുന്നതും ശരിയല്ല.

ഒരു ക്ഷേത്രം അല്ലെങ്കിൽ പള്ളി  എന്നത് കല്ലും കോൺക്രീറ്റുംകൊണ്ട് നിർമിച്ച കെട്ടിടം മാത്രമല്ല. പ്രവാസികൾക്ക് അത് സ്വന്തം നാടിന്റെ ഓർമയാണ്. കുട്ടികൾക്ക് സ്വന്തം സംസ്കാരം പരിചയപ്പെടാനുള്ള ഇടമാണ്. പ്രായമായവർക്ക് ആശ്വാസമാണ്. കുടുംബങ്ങൾക്കും സമാന ചിന്താഗതിക്കാർക്കും  ഒത്തുചേരാനുള്ള കേന്ദ്രമാണ്. പല സാംസ്കാരിക പരിപാടികളും ഭാഷാപഠനവും സേവനപ്രവർത്തനങ്ങളും പലപ്പോഴും ഇത്തരം സ്ഥാപനങ്ങളെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്.

അതിനാൽ ഒരു ക്ഷേത്രത്തെയോ അല്ലെങ്കിൽ പള്ളിയേയോ  ആക്രമിക്കാൻ പദ്ധതിയിടുന്നത് ഒരു കെട്ടിടത്തെ മാത്രം ലക്ഷ്യമിടുന്നതല്ല. അവിടെ ഒത്തുചേരുന്ന മനുഷ്യരുടെ സുരക്ഷാബോധത്തെയും അവരുടെ സ്വത്വത്തെയും വിശ്വാസത്തെയും ഭയപ്പെടുത്താനുള്ള ശ്രമമായും നമുക്ക്  അനുഭവപ്പെടാം.

എല്ലാ വിദ്വേഷപ്രസംഗങ്ങളും  അപകടകരമായ മുന്നറിയിപ്പുകളാണ്. വിദ്വേഷം ആദ്യം വാക്കുകളിലൂടെ വരുന്നു. പിന്നെ അത് ഭീഷണികളായി മാറാം. ചില സന്ദർഭങ്ങളിൽ അതേ വിദ്വേഷം ആയുധങ്ങളുമായി തെരുവിലിറങ്ങുകയും ചെയ്യാം. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങളെ വ്യക്തിപരമായ മാനസികപ്രശ്നമായി മാത്രം ചുരുക്കിക്കാണാതെ, അവയ്ക്ക് പിന്നിലുള്ള ആശയപരമായ സ്വാധീനങ്ങളും സാമൂഹിക സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്.

അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഭയത്തിൽ കഴിയേണ്ടവരല്ല. എന്നാൽ സുരക്ഷയെക്കുറിച്ച് ജാഗ്രത പുലർത്തേണ്ട സമയമാണിത്. ഇന്ത്യൻ വംശജരെ ലക്ഷ്യമിടുന്ന വിദ്വേഷത്തിന് യാതൊരു ന്യായീകരണവുമില്ലെന്ന് ഉറച്ച ശബ്ദത്തിൽ നമുക്ക് പറയുവാനും കഴിയണം. നമ്മളുടെ ശബ്ധം അമേരിക്കൻ സമൂഹത്തിൽ മുഴങ്ങി കേൾക്കുകയും വേണം.

ക്ഷേത്രങ്ങളും, പള്ളികളും , സാംസ്കാരിക സ്ഥാപനങ്ങളും പ്രാദേശിക പൊലീസുമായി ആശയവിനിമയം ശക്തിപ്പെടുത്തണം. സംശയാസ്പദമായ ഭീഷണികൾ ലഭിച്ചാൽ അവ അധികൃതരെ അറിയിക്കണം. വംശീയ ആക്രമണങ്ങൾ നേരിടുന്നവർക്ക് പരാതി നൽകാനും നിയമസഹായം തേടാനും ആവശ്യമായ പിന്തുണ സാമുഹ്യ   സംഘടനകൾ ഉറപ്പാക്കണം.

വിദ്വേഷത്തിന്റെ ലക്ഷ്യം ഇന്ന് ഇന്ത്യക്കാരായിരിക്കാം; നാളെ മറ്റൊരു സമൂഹമായിരിക്കാം. ഒരു വിഭാഗത്തിന്റെ സുരക്ഷയെക്കുറിച്ച് മൗനം പാലിക്കുന്നത് മറ്റൊരു വിഭാഗത്തിന്റെ സുരക്ഷയും ഉറപ്പാക്കുന്നില്ല.

ഒറോറയിലെ ക്ഷേത്രത്തെ ലക്ഷ്യമിട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണപദ്ധതി നമ്മെ ഓർമിപ്പിക്കുന്നത് ഒരു വലിയ സത്യമാണ്, അക്രമം സംഭവിച്ചശേഷം അനുശോചനം രേഖപ്പെടുത്തുന്നതിനെക്കാൾ പ്രധാനമാണ് അത് സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നത്.

ഇന്ത്യക്കാർ അമേരിക്കയിൽ അതിഥികളായി മാത്രം ജീവിക്കുന്നവരല്ല. ഈ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും സ്വന്തം അധ്വാനത്തിലൂടെ പങ്കുവഹിക്കുന്നവരാണ്. മറ്റേതൊരു പൗരനെയും പോലെ സുരക്ഷിതമായി ജീവിക്കാനും ആരാധിക്കാനും ജോലി ചെയ്യാനും അവർക്കും അവകാശമുണ്ട്.

അമേരിക്കയ്ക്ക് ഇന്ന് വേണ്ടത് കൂടുതൽ വിദ്വേഷമല്ല; കൂടുതൽ നീതിയാണ്. കൂടുതൽ ഭയമല്ല; കൂടുതൽ സുരക്ഷയാണ്. കൂടുതൽ വിഭജനമല്ല; മനുഷ്യരെ ഒന്നിപ്പിക്കുന്ന ധൈര്യമാണ്.

ആ ധൈര്യം സമൂഹത്തിനും ഭരണകൂടത്തിനും ഓരോ പൗരനും ഉണ്ടാകണം. അതുണ്ടെങ്കിൽ മാത്രമേ സ്വപ്നങ്ങളുടെ നാട് എല്ലാവരുടെയും സുരക്ഷിതമായ വീടായി തുടരുകയുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക