
ന്യൂയോർക്ക്: അമേരിക്കയിലെ ഇല്ലിനോയിയിൽ നവരാത്രി ആഘോഷങ്ങൾക്കിടെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവയ്പ് നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ യുവാവ് അറസ്റ്റിലായതിനു പിന്നാലെ, സംഭവത്തെ അപലപിച്ച് ഹിന്ദു, ഇന്ത്യൻ സംഘടനകൾ രംഗത്ത്. ക്ഷേത്രങ്ങൾക്കും വിശ്വാസികൾക്കും നേരെയുള്ള ഭീഷണികൾ ഗൗരവമായി കാണണമെന്നും സുരക്ഷ ശക്തമാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
ചിക്കാഗോയിൽനിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള അറോറയിലെ ഹിന്ദു ക്ഷേത്രമായിരുന്നു ആക്രമണപദ്ധതിയുടെ ലക്ഷ്യമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. സഹപ്രവർത്തകന്റെ വിവരത്തെത്തുടർന്ന് ബുധനാഴ്ചയാണ് അലക്സാൻഡ്രോസ് പാപൊറാക്കിസ് (19) എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. സ്വയം വെള്ളക്കാരുടെ മേധാവിത്വത്തിൽ വിശ്വസിക്കുന്ന നവനാസിയാണെന്ന് വിശേഷിപ്പിച്ചിരുന്ന ഇയാൾ, ശനിയാഴ്ച ക്ഷേത്രത്തിൽ കൂട്ടവെടിവയ്പ് നടത്താൻ ശ്രമിച്ചെങ്കിലും തോക്ക് പ്രവർത്തനരഹിതമായതിനെത്തുടർന്ന് രക്ഷപ്പെട്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
ക്ഷേത്രങ്ങളും ഭക്തരും അതീവ ജാഗ്രത പാലിക്കണമെന്ന് ഹിന്ദു മന്ദിർ എംപവർമെന്റ് കൗൺസിൽ (HMEC) അഭ്യർഥിച്ചു. സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും സംഘടന നിർദേശിച്ചു. ആരാധനയ്ക്കും ആഘോഷങ്ങൾക്കും സേവനപ്രവർത്തനങ്ങൾക്കുമായി ഒത്തുചേരുന്ന സമൂഹം വിദ്വേഷത്തിനെതിരെ ഐക്യത്തോടെ നിലകൊള്ളണമെന്നും ഭയരഹിതമായി ആരാധന നടത്താനുള്ള അവകാശം സംരക്ഷിക്കണമെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കയിലെ ഇന്ത്യക്കാരുടെയും ഇന്ത്യൻ വംശജരുടെയും വിഷയങ്ങളിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് (FIIDS) സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കുമെതിരായ വിദ്വേഷം ഓൺലൈൻ പ്രചാരണങ്ങളിലും രാഷ്ട്രീയ വാചാടോപങ്ങളിലും ഒതുങ്ങുന്നില്ലെന്നും അത് സമൂഹത്തിനും ആരാധനാലയങ്ങൾക്കും നേരെയുള്ള യഥാർഥ ഭീഷണികളായി മാറാമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
ഹിന്ദു ആരാധനാലയങ്ങൾക്കെതിരായ ഭീഷണികൾ ഗൗരവത്തോടെ കാണണമെന്ന് കോയലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (CoHNA) അധികൃതരോടും ജനപ്രതിനിധികളോടും ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളുടെ സുരക്ഷ വർധിപ്പിക്കുകയും ഹിന്ദു വിരുദ്ധ വിദ്വേഷത്തെ വ്യക്തമായി അപലപിക്കുകയും വേണമെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. ക്ഷേത്രങ്ങളും സമുദായ സംഘടനകളും നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ പുനഃപരിശോധിക്കണമെന്നും സംശയകരമായ പ്രവർത്തനങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും CoHNA അഭ്യർഥിച്ചു.
അറസ്റ്റിലായ യുവാവിന്റെ സഹപ്രവർത്തകനാണ് പൊലീസിന് വിവരം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചിക്കാഗോയിൽനിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള പാലറ്റൈനിലെ വീട്ടിൽനിന്ന് പ്രതിയെ പിടികൂടി. വീട്ടിൽനിന്ന് ഒരു റൈഫിൾ, നൂറുകണക്കിന് വെടിയുണ്ടകൾ, വെള്ളക്കാരുടെ മേധാവിത്വത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളുള്ള തന്ത്രപ്രധാന സൈനിക വസ്ത്രം എന്നിവ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ രണ്ടു വർഷമായി കൂട്ടവെടിവയ്പിനുള്ള ആസൂത്രണം നടത്തിയിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കുമെതിരെ വിദ്വേഷം നിറഞ്ഞ കുറിപ്പുകളും ഇയാളുടെ പക്കൽനിന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. നിരവധി പേരെ കൊലപ്പെടുത്തിയശേഷം സ്വയം മരിക്കാനായിരുന്നു പദ്ധതിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിച്ചു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ 30 വരെ കസ്റ്റഡിയിൽ വിട്ടു.
അമേരിക്കയിലെ ഹിന്ദു വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായും സംഘടനകൾ ചൂണ്ടിക്കാട്ടി. എഫ്ബിഐയുടെ കണക്കുകൾ പ്രകാരം ഹിന്ദുക്കൾക്കെതിരായതായി റിപ്പോർട്ട് ചെയ്യപ്പെട്ട വിദ്വേഷ കുറ്റകൃത്യങ്ങൾ 2024-ലെ 25-ൽനിന്ന് കഴിഞ്ഞ വർഷം 32 ആയി ഉയർന്നു.
ഒക്ടോബർ 3-ന് ഒഹായോയിലെ റിച്ച്മണ്ട് ഹൈറ്റ്സിലുള്ള ശ്രീ സ്വാമിനാരായൺ വഡ്താൽ ധാം ക്ഷേത്രത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് പുതിയ സംഭവം. പ്രാർഥനയ്ക്കായി പുരോഹിതരും ഭക്തരും ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന സമയത്ത് കല്ലുകൾ എറിഞ്ഞ് ആക്രമണം നടത്തിയിരുന്നു. തുടർച്ചയായ സംഭവങ്ങൾ അമേരിക്കയിലെ ഹിന്ദു ആരാധനാലയങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കിയിരിക്കുകയാണ്.