Image

ഫോമാ 2026-'28 ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനത്തിന് വര്‍ണാഭമായ പരിപാടികളോടെ ഒരുങ്ങി ഷിക്കാഗോ

എ.എസ് ശ്രീകുമാര്‍ Published on 15 October, 2026
ഫോമാ 2026-'28 ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനത്തിന് വര്‍ണാഭമായ പരിപാടികളോടെ ഒരുങ്ങി ഷിക്കാഗോ

ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം പകരാന്‍ ഫോമാ 2026-2028 കാലയളവിലേക്കുള്ള ദേശീയ നേതൃത്വത്തിന്റെ സ്ഥാനാരോഹണവും പ്രവര്‍ത്തനോദ്ഘാടനവും വര്‍ണാഭമായ പരിപാടികളോടെ വിന്‍ഡി സിറ്റിയായ ഷിക്കാഗോയില്‍ അരങ്ങേറുകയാണ്. ഒക്ടോബര്‍ 17-ാം തീയതി ശനിയാഴ്ച വൈകിട്ട് അഞ്ചിന് ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത മലയാള സിനിമാതാരം സരയൂ മോഹന്‍ മുഖ്യാതിഥിയാകും.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ. എം. ആനന്ദ് പ്രകാശ്, സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ വെരി റവ. ഫാ. തോമസ് കടുകപ്പിള്ളി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഹൂസ്റ്റണില്‍ നടന്ന ഒന്‍പതാമത് ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വത്തിന്റെയും മറ്റ് പ്രധാന പദവികളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതോടെ ഔദ്യോഗിക തുടക്കമാകുന്നത്.

പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രസിഡന്റായി ബിജു തോണിക്കടവിലിനൊപ്പം പോള്‍ പി. ജോസ് ജനറല്‍ സെക്രട്ടറിയും പ്രദീപ് നായര്‍ ട്രഷററും സാമുവല്‍ മാത്യു വൈസ് പ്രസിഡന്റും ഡോ. മഞ്ജു പിള്ള ജോയിന്റ് സെക്രട്ടറിയും ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ജോയിന്റ് ട്രഷററുമായി ചുമതലയേല്‍ക്കും.  ഫോമാ ജുഡീഷ്യറി ചെയര്‍മാന്‍ ബെന്നി വാച്ചാച്ചിറ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കും ആര്‍.വി.പിമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

ഒക്ടോബര്‍ 16 വെള്ളിയാഴ്ച വൈകിട്ട് ആറിന് ഫോമയുടെ മുന്‍ പ്രസിഡന്റുമാരും മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും ദേശീയ നേതാക്കളും ഡെലിഗേറ്റുകളും പ്രവര്‍ത്തകരും സുഹൃത്തുക്കളും ഒത്തുചേരുന്ന 'ഫോമാ ഇന്നലെ, ഇന്ന്, നാളെ' എന്ന സൗഹൃദ സംഗമം നടക്കും. സംഘടനയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കാനും വര്‍ത്തമാനകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും ഭാവിയുടെ ദിശ നിര്‍ണയിക്കാനുമുള്ള സുപ്രധാന വേദിയായിരിക്കും ഈ സംഗമം. ഒക്ടോബര്‍ 17-ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജനറല്‍ ബോഡിയും വൈകിട്ട് അഞ്ചിന് സോഷ്യല്‍ അവറും തുടര്‍ന്ന് സ്ഥാനാരോഹണച്ചടങ്ങും കലാപരിപാടികളുമാണ് നടക്കുക. പ്രവേശനം സൗജന്യമാണ്.

സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് ചിക്കാഗോ മണവാളന്‍സ് അവതരിപ്പിക്കുന്ന നൃത്തം, സംഗീതം, ഹാസ്യപരിപാടികള്‍, മലയാളം സ്‌കിറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന കലാവിരുന്നും അരങ്ങേറും. 'എന്റര്‍ടെയ്ന്‍മെന്റ് അറ്റ് ഇറ്റ്‌സ് ബെസ്റ്റ്' എന്ന പേരിലുള്ള പരിപാടി ഇനാഗുറേഷന്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. ഫോമായുടെ 2026-2028 പ്രവര്‍ത്തനകാലയളവില്‍ സാമൂഹിക സേവനം, യുവജന പങ്കാളിത്തം, കുടുംബ ശാക്തീകരണം, ആരോഗ്യ-മാനസിക ക്ഷേമം, സംരംഭകത്വം, കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കാനാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം.

ഫോമയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് 2028-ല്‍ കേരളത്തിലെ നിര്‍ധന കുടുംബങ്ങള്‍ക്കായി 20 വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന 'ഫോമാ 20-20 ഹൗസിങ് പ്രോജക്ട്' പ്രധാന പദ്ധതിയായി വിഭാവനം ചെയ്തിട്ടുണ്ട്. 20 നിര്‍ധന വനിതകളുടെ സമൂഹ വിവാഹവും അജണ്ടയിലുണ്ട്. കൂടാതെ  വിദ്യാര്‍ഥകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുക, 60 വയസ്സിനു മുകളിലുള്ളവര്‍ക്കായി യോഗ, വിനോദം, ആരോഗ്യോപദേശം എന്നിവ ഉള്‍പ്പെടുത്തി പ്രതിമാസ ഓണ്‍ലൈന്‍ സംഗമങ്ങള്‍ നടത്തുക തുടങ്ങിയവയും പ്രവര്‍ത്തനപദ്ധതികളുടെയുടെ ഭാഗമാണ്.

കേരളവും അമേരിക്കയും തമ്മിലുള്ള സംരംഭക-വ്യവസായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള 'ബിസിനസ് ബിയോണ്ട് ബോര്‍ഡേഴ്   സ്' പദ്ധതിക്കും പ്രാധാന്യം നല്‍കും. ഫോമാ ദേശീയ കണ്‍വന്‍ഷന്‍ നാലില്‍നിന്ന് അഞ്ചു ദിവസമാക്കി വിപുലീകരിക്കുകയും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക ദിവസം മാറ്റിവയ്ക്കുകയും ചെയ്യുകയെന്ന ആശയവും പുതിയ നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ട്.

പ്രവര്‍ത്തനോല്‍ഘാടനത്തിന് ആതിഥേയത്വം വഹിക്കുന്ന ഫോമാ സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി ജോണ്‍സണ്‍ കണ്ണൂക്കാടന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ഫോമാ മുന്‍ പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍, വിവിധ അംഗസംഘടനകളുടെ പ്രതിനിധികള്‍, ഫോമായുടെ അഭ്യുദയകാംക്ഷികള്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുതിയ ആശയങ്ങളും സാമൂഹിക പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിച്ച് അമേരിക്കന്‍ മലയാളി സമൂഹത്തെ കൂടുതല്‍ ശക്തമായി ഒന്നിപ്പിക്കുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക