
ന്യുയോർക്ക്: വാർത്തകൾക്കപ്പുറം സമൂഹത്തിന്റെ ചിന്തകളെയും കാലത്തിന്റെ മാറ്റങ്ങളെയും അടയാളപ്പെടുത്തുന്ന മാധ്യമപ്രവർത്തന മികവിന് ആദരമൊരുക്കി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. കേരളത്തിലെ ശ്രദ്ധേയ മാധ്യമ പുരസ്കാരരാവായി വിശേഷിപ്പിക്കപ്പെടുന്ന മാധ്യമശ്രീ, മാധ്യമരത്ന പുരസ്കാര വിതരണ ചടങ്ങിൽ മാധ്യമരംഗത്തെ പ്രതിഭകളെ ആദരിക്കുമെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് രാജു പള്ളത്ത് അറിയിച്ചു.
മാധ്യമശ്രീ ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും മാധ്യമരത്ന ജേതാവിന് 50,000 രൂപയും പ്രശംസാഫലകവുമാണ് സമ്മാനിക്കുക. പുരസ്കാരങ്ങൾക്കായി നവംബർ 30 വരെ നാമനിർദേശം സമർപ്പിക്കാം.
മാധ്യമപ്രവർത്തനത്തിലെ സമഗ്ര സംഭാവനയ്ക്കു പുറമെ, അച്ചടി, ഓൺലൈൻ മാധ്യമങ്ങളിലെ മികച്ച വാർത്താ കവറേജ്, ഫീച്ചറുകൾ, ന്യൂസ് ഫോട്ടോ എന്നിങ്ങനെ പുരസ്കാരങ്ങൾ സമ്മാനിക്കും.
ടെലിവിഷൻ വിഭാഗത്തിൽ വാർത്താ അവതാരകൻ/അവതാരക, അന്വേഷണാത്മക വാർത്ത എന്നിവയും പുരസ്കാരത്തിനായി പരിഗണിക്കും.
ഓൺലൈൻ മാധ്യമങ്ങളിലെ ലേഔട്ടിനും അവതരണത്തിനും യുവ മാധ്യമപ്രവർത്തകനും പ്രത്യേക അംഗീകാരം നൽകും.
അച്ചടി, ദൃശ്യ മാധ്യമരംഗങ്ങളിൽ മികവ് തെളിയിച്ചവരുടെ പ്രവർത്തനമികവിനൊപ്പം മാധ്യമരംഗത്തിന് നൽകിയ സംഭാവനകളും പരിഗണിച്ചാണ് മാധ്യമശ്രീ, മാധ്യമരത്ന പുരസ്കാരജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
പ്രശസ്ത മാധ്യമപ്രവർത്തകരും വിദഗ്ധരും അടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. മലയാള മനോരമ എഡിറ്റോറിയൽ മുൻ ഡയരക്ടർ തോമസ് ജേക്കബ്, പ്രശസ്ത കാൻൻസർ രോഗ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. എം.വി. പിള്ള, മുതിർന്ന മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ ജോസ് പനച്ചിപ്പുറം എന്നിവരാണ് ജൂറി അംഗങ്ങൾ
2027 ജനുവരി എട്ടിന് വൈകിട്ട് അഞ്ചിന് കൊച്ചിയിലെ ഗോകുലം പാർക്ക് ഹോട്ടൽ കൺവൻഷൻ സെന്ററിലാണ് പുരസ്കാരദാനം. മാധ്യമ, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
മാധ്യമപ്രവർത്തകർക്ക് സ്വന്തമായോ മറ്റുള്ളവർ മുഖേനയോ നാമനിർദേശങ്ങൾ സമർപ്പിക്കാം. ഇതിനായി www.indiapressclub.org/nominationഎന്ന വെബ്സൈറ്റിലെ ഓൺലൈൻ ഫോം പൂരിപ്പിക്കണം. അനുബന്ധ പത്രവാർത്തകൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവയും ഓൺലൈനായി അപ്ലോഡ് ചെയ്യാം. നവംബർ 30-നകം ലഭിക്കുന്ന നാമനിർദേശങ്ങൾ മാത്രമേ പരിഗണിക്കൂ.
കൂടുതൽ വിവരങ്ങൾക്ക് :
രാജു പള്ളത്ത് (732) 429-9529, അനിൽ ആറന്മുള (713) 882-7272,
ജയൻ ജോസഫ് (215) 744-7242
വിശദവിവരങ്ങൾക്ക് "ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഔദ്യോഗിക വെബ്സൈറ്റ്" (https://www.indiapressclub.org/) സന്ദർശിക്കാം.