
സ്പോര്ട്സ് അതോറിറ്റി ഓഫ് കേരളം നിലവില് വരുന്നതോടെ കേരള സംസ്ഥാന സ്പോര്ട്സ് കൗണ്സിലും സ്പോര്ട്സ് യുവജനകാര്യ ഡയറക്ടറേറ്റും ഇല്ലാതാകും. കേരളത്തിലെ സ്പോര്ട്സ് ഭരണം ഒരു ഏകോപന സംവിധാനത്തിനു കീഴില് കൊണ്ടുവരികയാണ് സര്ക്കാര് ലക്ഷ്യമിടുന്നത്. നിലവില് രണ്ടു തലങ്ങളിലായാണ് സ്പോര്ട്സ് വികസനം. ഡയറക്ട്റേറ്റ് ഓഫ് സ്പോര്ട്സ് ആന്ഡ് യൂത്ത് അഫയേഴ്സ് ആണ് സര്ക്കാര് പദ്ധതികളും അടിസ്ഥാന സൗകര്യ വികസനവും നിയന്ത്രിക്കുന്നത്. സ്പോര്ട്സ് ഹോസ്റ്റലുകളും പരിശീലകരും കായികതാരങ്ങളും സ്പോര്ട്സ് കൗണ്സിലിന്റെ ഭാഗമാണ്.
സ്പോര്ട്സ് ഭരണം രണ്ടു വിഭാഗങ്ങളായി നടക്കുന്നതിനാല് പല കാര്യങ്ങളിലും ഏകോപനമില്ലാതെ വരുന്നു. മാത്രമല്ല ഫണ്ട് അനുവദിക്കുന്നതിലും പ്രശ്നങ്ങള് നേരിടുന്നു. സംസ്ഥാനത്തെ കായിക വികസന പദ്ധതികളെയും കളിക്കാരുടെ പരിശീലനത്തെയും അവര്ക്കുള്ള സഹായങ്ങളെയുമെല്ലാം ഇതു ബാധിക്കുന്നു.
കായികതാരങ്ങള് നിരന്തരമായി നല്കിയ പരാതികളുടെയും വര്ഷങ്ങളായി കേരള സ്പോര്ട്സ് കൗണ്സിലുമായി ബന്ധപ്പെട്ടു നടന്ന അഴിമതികളുടെയും ബാക്കി പത്ര മാണ് സര്ക്കാരിന്റെ പുതിയ നീക്കം. കായിക താരങ്ങളും പരിശീലകരുമൊക്കെ ഇതിനെ സ്വാഗതം ചെയ്യുമ്പോള് യു.ഡി.എഫിലെ ചില നേതാക്കന്മാര്, പ്രത്യേകിച്ച് കോണ്ഗ്രസുകാര് ആണ് ഇതിനെതിരെ രംഗത്തുള്ളത്. 10 വര്ഷം തുടര്ച്ചയായി ഇടതുമുന്നണി കേരളം ഭരിച്ചതിനാല് യു.ഡി.എഫുകാരായ കായിക സംഘാടകര്ക്ക് അവസരങ്ങള് കിട്ടിയില്ല. യു.ഡി.എഫ് സര്ക്കാര് അധികാരത്തില് മടങ്ങിയെത്തിയപ്പോള് കേരള സ്പോര്ട്സ് കൗണ്സില് തലപ്പത്തും ഭരണസമിതിയിലുമൊക്കെ കയറിപ്പറ്റാന് ആഗ്രഹിച്ചിരുന്നവരാണ് പ്രതിഷേധിക്കുന്നത്.
സ്പോര്ട്സ് അതോറിറ്റി ഓഫ് കേരളം വരുമ്പോള് രാഷ്ട്രീയ നിയമനങ്ങള് ഒഴിവാകും. സംസ്ഥാന സ്പോര്ട്സ് മന്ത്രിയാകും തലപ്പത്ത്. ഉപദേശക-ഭരണ സമിതിയായി വരുന്ന ജനറല് കമ്മിറ്റിയില് കായികതാരങ്ങളും കായികരംഗത്തെ വിദഗ്ധരും(സ്പോര്ട്സ് സയന്സ് ഉള്പ്പെടെ) ഒക്കെയാകും ഉള്പ്പെടുക. ഇവരോടൊപ്പം സ്പോര്ട്സ്, നിയമം, ധനം, പൊതുവിദ്യാഭ്യാസ സെക്രട്ടറിമാരായ ഐ.എ.എസ്. ഉദ്യോഗസ്ഥരും ഉള്പ്പെടും.
ഉത്തേജകം, വ്യാജ സര്ട്ടിഫിക്കറ്റുകള്, മറ്റു പരാതികള് എന്നിവ പരിശോധിക്കുവാന് സ്പോര്ട്സ് ട്രിബ്യൂണലും രൂപവല്ക്കരിക്കും. വിരമിച്ച ഹൈക്കോടതി ജഡ്ജിയാകും തലപ്പത്ത്. കായികവികസനം ആഗ്രഹിക്കുന്നവരൊക്കെ പുതിയ സംവിധാനത്തെ സ്വാഗതം ചെയ്യും; പ്രത്യേകിച്ച് കായികതാരങ്ങളും പരിശീലകരും.
അഴിമതി ഒഴിവാകും എന്ന പ്രതീക്ഷയുണ്ട്. കേന്ദ്ര ഫണ്ടുകളൊക്കെ ദുര്വിനിയോഗം ചെയ്തതായ ഒട്ടേറെ പരാതികള് അന്വേഷണത്തിലാണ്. കോടിക്കണക്കിനു രൂപ വിലവരുന്ന കായികോപകരണങ്ങള് ആവശ്യക്കാരില് എത്താതെ കെട്ടി ക്കിടന്നു നശിച്ചു. പല സ്റ്റേഡിയങ്ങളും പരിശീലന കേന്ദ്രങ്ങളും നശിച്ചു. ഒരു കാലത്ത് ഇന്ത്യന് സ്പോര്ട്സില് നിര്ണ്ണായക ശക്തിയായിരുന്ന കേരളം ഏറെ പിന്നാക്കം പോയി. ഇതില് നിന്നെല്ലാമുള്ള മോചനമാണ് വേണ്ടത്.
1954-ല് ജി.വി.രാജ തിരുവിതാംകൂര്-കൊച്ചി സ്പോര്ട്സ് കൗണ്സില് രൂപവല്ക്കരിച്ചത് (1956 ല് കേരള സംസ്ഥാന സ്പോര്ട്സ് കൗണ്സില് ആയി) വ്യക്തമായ സ്പോര്ട്സ് വികസന കാഴ്ചപ്പാടോടെയാണ്; എന്നാല് മാറിമാറി വന്ന സര്ക്കാരുകള് ഇഷ്ടക്കാരെ നേതൃസ്ഥാനങ്ങളില് ഇരുത്തി കൊടുകാര്യസ്ഥതയ്ക്കു കൂട്ടുനിന്നു. ഒടുവില് അത് സര്ക്കാരിന്റെ ചില ബോര്ഡുകളും കോര്പ്പറേഷനുകളും പോലെ രാഷ്ട്രീയക്കാരുടെ കേന്ദ്രമായി മാറി; അഴിമതി കൊടികുത്തിവാണു. ഇനി അത് അനുവദിക്കരുത്. മാററം അനിവാര്യമാണ്.