
ലോസ് ഏഞ്ചലസിൽ കുടിയേറ്റക്കാർക്കെതിരെ നടത്തിയ റെയ്ഡുകളിലെ അതിക്രമത്തിന്റെ പേരിൽ പോലീസ് ചീഫ് ജിം മക്ഡോണലിനെ നീക്കം ചെയ്യണമെന്നു സിറ്റി കൗൺസിൽ അംഗവും മേയർ സ്ഥാനാർഥിയുമായ നിത്യാ രാമൻ ആവശ്യപ്പെട്ടു. മേയർ കാരൻ ബാസുമായി നടത്തിയ ടെലിവിഷൻ ഡിബേറ്റിലാണ് രാമൻ ഈ ആവശ്യം ഉന്നയിച്ചത്.
ബാസ് പ്രതികരിച്ചത് 2028 ഒളിംപിക്സിനു മുൻപായി പോലീസ് ചീഫിനെ മാറ്റുന്നത് സേനയെ താറുമാറാക്കും എന്നാണ്.
അമിതാധികാരവും അതിക്രമവും ശീലമാക്കിയ ഐസിനെ ലോസ് ഏഞ്ജലസ് പോലീസ് സംരക്ഷിക്കയാണെന്നു രാമൻ കുറ്റപ്പെടുത്തി. "കുടിയേറ്റ സമൂഹങ്ങളുടെ ഹൃദയത്തിൽ ഭീതി വിതയ്ക്കുകയാണ്."
താൻ മേയറായാൽ മക്ഡോണലിനെ നീക്കം ചെയ്യുമെന്നു രാമൻ പറഞ്ഞപ്പോൾ ബാസ് പറഞ്ഞത് അതിനെക്കുറിച്ചൊന്നും രാമന് അറിയില്ല എന്നാണ്. "നഗരം നിത്യാ രാമന് ഏല്പിച്ചു കൊടുക്കാവുന്ന സമയമല്ല ഇത്."
പാലിസെയ്ഡ്സ് കാട്ടുതീ മൂലം നഗരത്തിൽ കനത്ത നാശം ഉണ്ടായപ്പോൾ മേയറെ കണ്ടില്ലെന്നു രാമൻ ആരോപിച്ചു. "അത് വിശ്വാസം അർപ്പിച്ചവർക്കു പ്രതിസന്ധി ആയിരുന്നു."
നഗരത്തിനു തന്നെ ഏറ്റവും ആവശ്യമുള്ളപ്പോൾ ഇവിടെ ഇല്ലാതിരുന്നതിൽ അഗാധമായ ഖേദമുണ്ടെന്നു ബാസ് പറഞ്ഞു.
ഇരുവരെയും വീഴ്ത്തിക്കളയുന്ന യാതൊന്നും ഡിബേറ്റിൽ ഉണ്ടായില്ലെന്നു മാധ്യമങ്ങൾ വിലയിരുത്തി. രാമന്റെ ഇടതുപക്ഷ ബന്ധം ബാസ് പരാമർശിച്ചില്ല. എന്നാൽ 'ലോസ് ഏഞ്ജലസ് ടൈംസ്' ബാസിനു മുൻതുക്കം നൽകി.
അതേ സമയം, കൽഷി വിപണിയിൽ രാമന്റെ സാധ്യത 55ൽ നിന്ന് 57% ആയി ഉയർന്നു. ബാസ് 43ലേക്കു താഴുകയും ചെയ്തു.
സർവേകളിൽ രാമൻ മുന്നിട്ടു നിൽക്കുമ്പോൾ 33% പേർ തീരുമാനം എടുത്തിട്ടില്ല എന്നായിരുന്നു വിലയിരുത്തൽ. ആ വിഭാഗം എങ്ങോട്ടു മറിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അന്തിമ ഫലം.
Indian-American Councilmember seeks LAPD chief's exit over ICE raids