
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര് അപകടത്തില് മൂന്നുപേര് മരിച്ച കേസിലെ പ്രതി സുഹൈല് സജീവ് മുടി പറ്റെവെട്ടി പുതിയ മേക്കോവറില്. കോടതിയില് ഹാജരാക്കാന് കൊണ്ടുവന്നപ്പോള്, പ്രതി തലമുടി പറ്റെ വെട്ടി തിരിച്ചറിയാന് പോലും സാധിക്കാത്ത രീതിയിലായിരുന്നു. കാക്കനാട്ടെ ബോസ്റ്റല് സ്കൂളില് നിന്നാണ് സുഹൈലിനെ കോടതിയില് ഹാജരാക്കിയത്.
മുടി വെട്ടാന് ആരും നിര്ബന്ധിച്ചിട്ടില്ലെന്നും, താന് സ്വയം വെട്ടിയതാണെന്നും സുഹൈല് വ്യക്തമാക്കിയതായി ബോസ്റ്റല് സ്കൂള് അധികൃതര് അറിയിച്ചു. അന്തേവാസികള്ക്ക് പൊതുവായ ഉപയോഗത്തിനായി നല്കിയിട്ടുള്ള ട്രിമ്മര് ഉപയോഗിച്ചാണ് സുഹൈല് മുടി വടിച്ചത്. രൂപത്തിലും ശരീരഭാഷയിലും വന്ന മാറ്റം മൂലം ഒറ്റനോട്ടത്തില് സുഹൈലിനെ ആര്ക്കും പെട്ടെന്ന് തിരിച്ചറിയാന് കഴിഞ്ഞിരുന്നില്ല.
നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രധാന പ്രതി സുഹൈല് സജീവിനെതിരെ കുറ്റകരമായ നരഹത്യ വകുപ്പാണ് ചുമത്തിയിട്ടുള്ളത്. പത്തൊന്പതുകാരനായ പ്രതി സുഹൈല് സജീവിനു മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് എക്സൈസ് വകുപ്പ് സസ്പെന്ഡ് ചെയ്തിട്ടുണ്ട്. 23 വയസില് താഴെ പ്രായമുള്ള പ്രതിക്ക് മദ്യം നല്കിയതിന്റെ പേരിലാണ് നടപടി. സുഹൈലും കൂട്ടുകാരും മൂന്ന് ബാറുകളില് നിന്നും മദ്യപിച്ചതായി അന്വേഷണത്തില് കണ്ടെത്തിയിരുന്നു
സംഭവത്തില് പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കനത്ത സുരക്ഷയിലാണ് 19കാരനായ പ്രതി സുഹൈലുമായി പൊലീസ് അപകടസ്ഥലത്ത് അടക്കം തെളിവെടുപ്പ് നടത്തിയത്. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതി. ക്വിക്ക് റെസ്പോണ്സ് ടീമിന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. എറണാകുളം റൂറല് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില് അന്വേഷണം നടത്തുന്നത്.
ആലുവ ഡിവൈഎസ്പിയായ ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളില് വിശദമായ തെളിവെടുപ്പ് നടത്തുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. അഞ്ച് മണിക്ക് പ്രതിയെ കോടതിയില് ഹാജരാക്കും. ഇതിനുള്ളില് പരമാവധി തെളിവുകള് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. അപകടം നടന്നതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക് ആലുവയിലെ ആശുപത്രിയിലെത്തിച്ച പ്രതിക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായ സാഹചര്യത്തിലാണ് സുരക്ഷ കടുപ്പിച്ചിരിക്കുന്നത്. മാത്രമല്ല കേസ് അട്ടിമറിക്കാനുള്ള ശ്രമം ആരോപിച്ച് രാഷ്ട്രീപാര്ട്ടികള് പ്രതിഷേധം സംഘടിപ്പിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്.
ഒന്നാം പ്രതി സുഹൈലും രണ്ടാം പ്രതി നിനവും സംഭവം നടന്ന ദിവസം ഉച്ചമുതല് തന്നെ മദ്യപിക്കാന് ആരംഭിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും ആദ്യം വൈറ്റിലയിലെ ബാറില് കയറി അമിതമായി മദ്യപിച്ചിരുന്നു. പിന്നീട് വൈകീട്ട് പാലാരിവട്ടത്തെ ബാറിലും നെടുമ്പാശ്ശേരിയിലെ ആഢംബര ഹോട്ടലില് വച്ച് പുലര്ച്ചെ വരെയും മദ്യപിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. പരമാവധി തെളിവുകള് ശേഖരിച്ച് പ്രതികള്ക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള മുന്കരുതലുകളാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. മുഖ്യപ്രതി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് ജാമ്യാപേക്ഷ നല്കിയിട്ടുണ്ട്. കഴിഞ്ഞദിവസം കസ്റ്റഡി അപേക്ഷയില് വാദം നടന്ന സാഹചര്യത്തില് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന വാദം പ്രതിഭാഗം ഉയര്ത്തിയപ്പോള് കോടതി കസ്റ്റഡി കാലാവധി അവസാനിച്ച് തിരികെ എത്തുമ്പോള് പരിഗണിക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന കാറില് നിന്നുള്ള സാമ്പിള്, അപകടസ്ഥലത്തെ മണ്ണിന്റെ സാമ്പിള്, ഇരകളുടെ സാമ്പിള് എന്നിവ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു
സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു. മൂന്ന് ബാറുകളുടെ ലൈസന്സ് ആണ് സസ്പെന്ഡ് ചെയ്തത്. വൈറ്റില ദയ, പാലാരിവട്ടം മണ്സൂണ് എംപ്രസ് , നെടുമ്പാശ്ശേരി കോര്ട്ട് യാര്ഡ് ബൈ മാരിയറ്റ് ബാറുകള്ക്കെതിരെയാണ് നടപടി. അന്വേഷണ വിധേയമായയാണ് ലൈസന്സ് സസ്പെന്ഡ് ചെയ്തത്. തുടര് നടപടികള്ക്ക് എക്സൈസ് കമ്മീഷണര് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന് പുറത്തിറങ്ങും.
സസ്പെന്ഡ് ചെയ്ത മൂന്ന് ബാറുകളിലും പ്രതി എത്തുന്നതും മദ്യപിച്ചതും എക്സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില് ഇക്കാര്യം വ്യക്തമാണെന്നും എക്സൈസ് പ്രതികരിച്ചു. 19കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നല്കിയതിനാണ് കേസ്. കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി. പ്രായപൂര്ത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചുവെന്ന കുറ്റത്തിനും പ്രതിക്കെതിരെ എക്സൈസ് കേസെടുത്തിരുന്നു. രണ്ടുവര്ഷം തടവും 5,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് എക്സൈസിന്റെയും പൊലീസിന്റെയും തീരുമാനം.
ഞായറാഴ്ച പുലര്ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില് സുഹൈല് സജീവ് ഓടിച്ച മിനി കൂപ്പര് കാര് മൂന്നുപേര് സഞ്ചരിച്ചിരുന്ന സ്കൂട്ടറില് ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര് അപകടത്തില് തല്ക്ഷണം മരിച്ചിരുന്നു. പ്രതി സുഹൈല് സജീവ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്ക്കെതിരെ മനപൂര്വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയില് യുവാവ് മൂന്ന് ബാറുകളില്ക്കയറി മദ്യപിച്ചിരുന്നു. ഇതിന്റെ വീഡിയോയും മൊബൈലില് ചിത്രീകരിച്ചു. സുഹൃത്തിനെ വിമാനത്താവളത്തില് നിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് പ്രതിയെത്തിയത്. വിമാനം എത്തുന്ന സമയം 2.40 ആയതിനാല് വീണ്ടും ബാറുകളില് പോയി മദ്യപിച്ചിരുന്നു.